UPDATES

സിനിമ

എന്റെ മകന്‍ എന്നെപ്പോലെയാകരുതെന്നാണ് പ്രാര്‍ത്ഥന: സഞ്ജയ് ദത്ത്

മയക്കുമരുന്നിന്റെ ലഹരിയില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും സഞ്ജയ് യുവാക്കളോട്‌

ജീവിതം മയക്കുമരുന്നുകളുടെയും നിയമപ്രശ്‌നങ്ങളുടെയും കുരുക്കിലായി പോയ തനിക്ക് ഒരു അച്ഛനെന്ന നിലയില്‍ തന്റെ മകന്‍ തന്നെ പോലെയാകരുതെന്നാണ് പ്രാര്‍ത്ഥനയെന്ന് സഞ്ജയ് ദത്ത്. ബോളിവുഡിലെ വിഖ്യാത താരങ്ങളായിരുന്ന സുനില്‍ ദത്തിന്റെയും നര്‍ഗീസിന്റെയും മകന്റെ ജീവിതം മയക്കുമരുന്നിനോടുള്ള അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാനും നിയമക്കുരുക്കിലുമെല്ലാമായുള്ള പോരാട്ടമായിരുന്നു.

1993ല്‍ 250 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്ത് ജയില്‍വാസം അനുഷ്ഠിച്ചത്. ഇന്ത്യ ടുഡേയുടെ മൈന്‍ഡ് റോക്‌സ് യൂത്ത് സമ്മിറ്റില്‍ അദ്ദേഹം തന്റെ ലഹരി വിമുക്തിയെക്കുറിച്ച് പറഞ്ഞു. പ്രശസ്തനായ പിതാവുമായി സ്വയം താരതമ്യം ചെയ്യുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനാണ് മൂന്ന് മക്കളുടെ പിതാവായ അദ്ദേഹം സ്വയംവിമര്‍ശനാത്മക മറുപടി നല്‍കിയത്.

ഷഹ്‌റാന്‍ എന്ന മകനും ത്രിഷാല, ഇഖ്ര എന്നീ പെണ്‍മക്കളുമാണ് സഞ്ജയ്ക്കുള്ളത്. ‘എന്റെ അച്ഛന്‍ ഞങ്ങളെ സാധാരണ കുട്ടികളായാണ് വളര്‍ത്തിയത്. എന്നെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ അയച്ചു. ഞാന്‍ അവിടെയാണ് രൂപപ്പെട്ടത്. എന്റെ മക്കളെയും അങ്ങനെയാണ് വളര്‍ത്തുന്നത്. ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. സംസ്‌കാരത്തെക്കുറിച്ചും വേലക്കാരാണെങ്കില്‍ പോലും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടതിനെക്കുറിച്ചും അവരെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്റെ ഒരേയൊരു പ്രാര്‍ത്ഥന എന്റെ മകന്‍ എന്നെ പോലെ ആകരുതെന്നാണ്’. സഞ്ജയ് പറയുന്നു.

ഒരു പിതാവെന്ന നിലയില്‍ തന്റെ അച്ഛന്‍ പോയ വഴികളിലൂടെ സഞ്ചരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു. മുന്നാഭായ് എംബിബിഎസ് എന്ന ചിത്രത്തിലാണ് അച്ഛനും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. സുനില്‍ ദത്തിന്റെ മകനായിട്ടും താന്‍ എങ്ങനെ ജയിലിലെത്തിയെന്ന് ഒരിക്കല്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് സഞ്ജയ് പറയുന്നു.

അതേസമയം തന്റെ അമ്മ തന്നില്‍ യാതൊരു കുറ്റവും കണ്ടെത്തിയിരുന്നില്ലെന്ന് 58കാരനായ സഞ്ജയ് ദത്ത് പറയുന്നു. ‘എല്ലാ അമ്മമാരും ഇങ്ങനെയാണ്. മക്കളില്‍ ഒരു തെറ്റും അവര്‍ കണ്ടെത്തില്ല. സഞ്ജു ഇങ്ങനെ ചെയ്‌തെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല’. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ ഹൃദയംകൊണ്ട് ചിന്തിരിക്കരുതെന്നും തലച്ചോര്‍ ഉപയോഗിക്കുന്നതാണ് പ്രധാനമെന്നും സഞ്ജയ് ദത്ത് പറഞ്ഞു. എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കണം. മോശമായ ഒരു സൗഹൃദവും സൂക്ഷിക്കരുത്. ഈ നാടിന്റെ നിയമം അനുസരിച്ച് ജീവിക്കണം. ഇതൊക്കെ പാലിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കുട്ടികളോട് ഉപദേശിച്ചു.

താന്‍ ആയുധം കൈവശം വച്ചെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും സഞ്ജയ് വ്യക്തമാക്കി. കോളേജ് കാലഘട്ടത്തിലാണ് താന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതില്‍ അടിമപ്പെട്ടതോടെ എന്റെ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ നഷ്ടമായി. മയക്കുമരുന്നുകളില്ലാത്ത ജീവിതം വ്യത്യസ്തമാണെന്ന് എനിക്കിപ്പോള്‍ തിരിച്ചറിയാനാകുന്നുണ്ട്. ജീവിതത്തിന് ഉന്നതമായ മൂല്യം നല്‍കൂ, അത് കുടുംബത്തിനും നിങ്ങളുടെ തൊഴിലിനും സമര്‍പ്പിക്കൂ. അതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. മയക്കുമരുന്നുകള്‍ ഒരു എളുപ്പത്തിലുള്ള രക്ഷപ്പെടലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓമംഗ് കുമാറിന്റെ ഭൂമി എന്ന ചിത്രമാണ് സഞ്ജയ് അടുത്തതായി അഭിനയിക്കാനിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍