UPDATES

സിനിമ

ഗോവയില്‍ നിന്ന് തിരുവനന്തപുരത്തെത്തുമ്പോള്‍; സിനിമാപ്രദര്‍ശനം മാത്രമല്ല ചലച്ചിത്ര മേളകള്‍

സിനിമകളുടെ തിരഞ്ഞെടുപ്പിലും, ജനാധിപത്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഗോവയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്.

ഗോവയിലും തിരുവന്തപുരത്തും ചലച്ചിത്രമേളകളുടെ കൊടിയിറങ്ങിയിരിക്കുന്നു. സംഘാടനത്തിലും നടത്തിപ്പിലും തിരഞ്ഞെടുപ്പുകളിലും പ്രേക്ഷക പങ്കാളിത്തത്തിലുമെല്ലാം ഇരുമേളകള്‍ക്കുമിടയില്‍ വലിയ അന്തരമുണ്ട്. ഗോവയിലെ മേള സ്വയം അടയാളപ്പെടുന്നത് അച്ചടക്കമുള്ള പ്രേക്ഷക സമൂഹം നിശബ്ദരായി ക്യൂ നില്‍ക്കുന്നത് മുതല്‍, എ.കെ 47 തോക്കേന്തിയ കാവല്‍ക്കാരുടെ കര്‍ശന ദേഹപരിശോധന വരെയുള്ള കാഴ്ചകളാലാണ്. രണ്ടു വര്‍ഷം മുന്‍പ് ഗജേന്ദ്ര ചൗഹാനെ FTII മേധാവിയായി അവരോധിച്ച സംഭവത്തില്‍  പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഫെസ്റ്റിവല്‍ വേദിയില്‍ കൈകാര്യം ചെയ്ത രീതിയിലൂടെ, അവിടുത്തെ ചലച്ചിത്രോല്‍സവം ഏതു തരം മൂല്യബോധങ്ങളെയാണ് പിന്‍പറ്റുന്നതെന്ന് വ്യക്തമാക്കിയിരുന്നു. IFFK കുറേയെങ്കിലും വ്യത്യസ്തമാവുന്നത് ഗോവയിലെ അടിച്ചേല്‍പ്പിച്ച അച്ചടക്കത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായി, തുറന്ന ചര്‍ച്ചകളുടെയും, പ്രതിഷേധങ്ങളുടെയും, കൂടിച്ചേരലുകളുടെയും വേദിയായി മാറാന്‍ അതിനു സാധിക്കുന്നത് കൊണ്ടാണ്. ഈ വര്‍ഷത്തെ രണ്ടു ചലച്ചിത്ര മേളകളെയും താരതമ്യം ചെയ്യുമ്പോള്‍, സിനിമകളുടെ നിലവാരത്തില്‍ ഗോവയെക്കാള്‍ ഒരുപടി മുന്നില്‍ IFFK ആണെന്ന് കൂടി നിസ്സംശയം പറയാന്‍ സാധിക്കും.

ബാഹുബലി മുതല്‍ ജെയിംസ് ബോണ്ട്‌ വരെ

സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തരത്തിലുള്ള നിലവാരമില്ലായ്മ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗോവന്‍ മേളയുടെ പ്രത്യേകതയാണ്. ബോളിവുഡ് സിനിമകളെ അമിതമായി പ്രോത്സാഹിപ്പിക്കുമ്പോള്‍, പ്രാദേശിക സിനിമകള്‍ പലതും അവഗണിക്കപ്പെടുകയാണ്. മേളയെ ടൂറിസത്തിന്‍റെ ആകര്‍ഷണങ്ങളിലൊന്നാക്കി മാറ്റാനുള്ള തിടുക്കത്തില്‍, സിനിമകളുടെ നിലവാരം സംഘാടകര്‍ക്കൊരു വിഷയമല്ലാതായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കൊറിയന്‍ ഹൊറര്‍ സിനിമകളുടെ ഒരു പാക്കേജിലൂടെയാണ് IFFI കാണികളെ അമ്പരപ്പിച്ചത്. ആ രാജ്യത്തെ കച്ചവട സിനിമകളുടെ ഗണത്തില്‍ മാത്രം പെടുത്താവുന്ന പല ചിത്രങ്ങള്‍ക്കും മേളയില്‍ രണ്ടോ, മൂന്നോ സ്ക്രീനിംഗ് വീതമുണ്ടായിരുന്നു. ഈ വര്‍ഷം ആരും ചിരിച്ചു പോവുന്ന ‘ജെയിംസ് ബോണ്ട്‌ റെട്രോസ്പെക്ടിവ്’ അവതരിപ്പിച്ചു കൊണ്ട് IFFI സ്വയം പരിഹാസ്യരായി. ഏതു വിഭാഗം കാണികള്‍ക്കായാണ് ഇത്തരം തിരഞ്ഞെടുപ്പുകളെന്നും, ലോകം ശ്രദ്ധിക്കുന്ന ഒരു മേളയെ ഈ വിധം അപഹാസ്യമാക്കുന്നത് എന്തിനാണെന്നും സംഘാടകര്‍ക്ക് സ്വയം ചിന്തിക്കാവുന്നതാണ്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ‘ബാഹുബലി’ ഉള്‍പ്പെടുത്തിക്കൊണ്ട് കച്ചവട സിനിമയോടുള്ള അഭേദ്യമായ കൂറ് IFFI ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

ഈ റിപ്പബ്ലിക്കിന്റെ ജനാധിപത്യ ഭാവനയുടെ അതിര്‍ത്തി നിങ്ങള്‍ എവിടെ വരയ്ക്കും?

കേന്ദ്രസര്‍ക്കാറിന്‍റെ അനാവശ്യമായ ഇടപെടലുകളാണ് IFFI തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ഒരു കാരണം. കേട്ടുകേഴ്വിയില്ലാത്ത വിധം കേന്ദ്രമന്ദ്രാലയം നേരിട്ടിടപെട്ട് ‘എസ്.ദുര്‍ഗ’, ‘ന്യൂഡ്‌’ എന്നീ ചിത്രങ്ങളെ മേളയില്‍ നിന്ന് പിന്‍വലിക്കുകയും, തുടര്‍ന്ന് ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്നിടത്തോളം ആ വിഷയത്തെ കൊണ്ടു ചെന്നെത്തിക്കുകയുമായിരുന്നു. സംഘപരിവാറിന്‍റെ മധ്യകാല സദാചാര ബോധം നേരിട്ട് ആവിഷ്കാര സ്വാതന്ത്രത്തെ തടസ്സപെടുത്തിയ ഈ സംഭവം സമാനതകളില്ലാത്തതാണ്. കോടതി ഇടപെട്ടപ്പോള്‍ അവസാന നിമിഷം വരെ ‘എസ്. ദുര്‍ഗ’ പ്രദര്‍ശിപ്പിച്ചേക്കുമെന്ന പ്രതീതിയുണ്ടായെങ്കിലും, തങ്ങളുടെ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ എത്ര ആഴത്തിലേക്കും അധ:പതിക്കാന്‍ മടിയില്ലെന്ന് അധികാരികള്‍ തെളിയിച്ചപ്പോള്‍, സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ഫെസ്റ്റിവല്‍ വേദിയില്‍ പരസ്യമായി പ്രതിഷേധിക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

തിരുവന്തപുരത്ത് ‘ന്യൂഡ്‌’ പ്രദര്‍ശിപ്പിക്കുനതിനെക്കുറിച്ചും ചെറിയ തെറ്റിദ്ധാരണകളുണ്ടായിരുന്നു. മൂന്നു തവണ സ്ക്രീനിംഗ് അവസാന നിമിഷം മാറ്റി വച്ചതിലുള്ള പ്രതിഷേധം പ്രേക്ഷകരില്‍ പ്രകടമായി. റിസര്‍വേഷന്‍ സൗകര്യത്തിനായി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇടയ്ക്ക് പണി മുടക്കിയതും, കാണികളില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിരുന്നു. IFFI-ലെ ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങള്‍ ഏതാണ്ട് നല്ലൊരു ശതമാനവും IFFK യിലുമുണ്ടായിരുന്നു. മലയാള സിനിമകള്‍ IFFK യില്‍ നിരാശ പടര്‍ത്തിയതും എടുത്തു പറയേണ്ടതുണ്ട്.

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

രണ്ടു മേളകള്‍; ശ്രദ്ധേയ സിനിമകള്‍  

ഗോവയില്‍ സുവര്‍ണ്ണ മയൂരം നേടിയ ഫ്രഞ്ച് ചിത്രം ’120 BPM’ അവതരിപ്പിച്ച വിഷയത്തിന്‍റെ ആനുകാലിക പ്രസക്തി കൊണ്ടും അഭിനേതാക്കളുടെ ഉജ്വല പ്രകടനം കൊണ്ടും ശ്രദ്ധേയമായിരുന്നു. IFFK യിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ തിരക്ക് കൂട്ടി. എയിഡ്സ് രോഗം, സ്വവര്‍ഗ്ഗനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹികാവബോധം വളര്‍ത്താന്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ ഒരു സാമൂഹിക സംവിധാനത്തില്‍ വഹിക്കുന്ന രചനാത്മകമായ പങ്ക് ചിത്രം വെളിപ്പെടുത്തുമ്പോള്‍, എന്‍.ജി.ഓകളെ നിരോധിക്കുന്ന, പ്രതിഷേധിക്കുന്നവരെ മാവോയിസ്റ്റുകളോ, തീവ്രവാദികളോ ആക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇവിടുത്തെ ഭരണകൂടത്തിന് പലതും പഠിക്കാനുണ്ട്.

ആന്ദ്രെ സൈഗിന്‍സ്തെവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം ‘ലവ്ലെസ്സ്’ (LOVELESS) ശ്രദ്ധയാകര്‍ഷിച്ച ഒരു ചിത്രമായിരുന്നു. പിരിയാന്‍ തയ്യാറായിരിക്കുന്ന മാതാപിതാക്കളറിയാതെ അവരുടെ മകനെ കാണാതാവുന്നതും, തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. കുടുംബ ബന്ധങ്ങളുടെ സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ ശരിതെറ്റുകളിലേക്കും, മുതിര്‍ന്നവരുടെ ലോകത്ത് കുട്ടികള്‍ തനിച്ചാവുന്നതിന്‍റെ അപകടങ്ങളിലേക്കും സംവിധായകന്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

റൗള്‍ പെക്ക് സംവിധാനം ചെയ്ത ‘ദി യംഗ് കാള്‍ മാര്‍ക്സ്’ രണ്ടു മേളകളിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. സൈദ്ധാന്തികവലോകനങ്ങളുടെ ഭാരമില്ലാതെ, മാര്‍ക്സ് എന്ന പച്ച മനുഷ്യനെയാണ്‌ പെക്ക് തിരശീലയിലെത്തിച്ചത്. ജെന്നിയോടുത്തുള്ള ജീവിതവും, എംഗല്‍സുമായുള്ള സൗഹൃദവും ചിത്രത്തില്‍ കൂടുതലായി ഫോക്കസ് ചെയ്തിട്ടുണ്ട് സംവിധായകന്‍.

ക്യൂബയിലെ വൃദ്ധദമ്പതിമാരുടെ ജീവിതത്തെ കാണിക്കുന്ന ‘കാന്‍ഡലേറിയ’, ദാരിദ്ര്യത്തിന്‍റെ അതിരൂക്ഷമായ നേരവസ്ഥയെ ഹാസ്യരൂപേണ അവതരിപ്പിക്കുന്നു. ഗോവയില്‍ മികച്ച അഭിപ്രായം നേടിയ ഈ സിനിമ IFFK യില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടുകയുണ്ടായി. ഈ വര്‍ഷത്തെ സുവര്‍ണ്ണ ചകോരം നേടിയ ‘വാജിബ്’ എന്ന പലസ്തീന്‍ ചിത്രം ഇരു മേളകളിലും മികച്ച അഭിപ്രായം ലഭിച്ച ചിത്രമാണ്‌. ഒരച്ഛനും മകനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോവുന്ന ‘വാജിബ്’, രണ്ടു തലമുറകള്‍ക്കിടയിലെ അന്തരവും, കാഴ്ചപ്പാടുകള്‍  നവീകരിക്കപ്പെടേണ്ടത്തിന്‍റെ ആവശ്യകതയും മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

IFFI-ല്‍ പ്രദര്‍ശനത്തിനിടെ തടസ്സം നേരിടുകയും,സംഘാടകര്‍ നേരിട്ട് മാപ്പപേക്ഷിച്ച് രണ്ടാമത് പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഹംഗേറിയന്‍ ചിത്രമാണ്‌ ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’. വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള രണ്ടു വ്യക്തികള്‍ യാദൃശ്ചികമായി ഒരേ സ്വപ്നം കാണുകയും, ആകസ്മികമായി ഇത് തമ്മില്‍ പങ്കു വയ്ക്കേണ്ടി വരികയും ചെയ്യുന്നു. ഒരു ഇളം കാറ്റിന്‍റെ സുഖം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന തരത്തില്‍  ഏറ്റവും നിഷ്കളങ്കരായ രണ്ടു മനുഷ്യര്‍ക്കിടയിലെ പ്രണയത്തെ ചിത്രം തിരശീലയില്‍ കോറിയിടുന്നു.

IFFK-യില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ ടോണി ഗാറ്റ്‌ലിഫ് സംവിധാനം ചെയ്ത ‘Djam’ ആയിരുന്നു. സ്വാതന്ത്ര്യത്തെയും സംഗീതത്തെയും പ്രണയിക്കുന്ന Djam എന്ന യുവതിയെ ചിത്രം കണ്ടവര്‍ക്ക് നെഞ്ചേറ്റാതെ തീയേറ്റര്‍ വിടാനാവില്ല. “I Piss on those who ban music and freedom” എന്ന അവളുടെ വാക്കുകള്‍ സിനിമ നിരോധിക്കുന്ന, അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള സംഗീതം നിഷേധിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിനാല്‍ ഭരിക്കപ്പെടുന്ന രാജ്യത്തെ സിനിമാപ്രേമികളെ പുളകം കൊള്ളിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ.

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും

ലിംഗവിവേചനം തീവ്രതയോടെ ചര്‍ച്ച ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്‌’ തിരുവനന്തപുരം മേളയിലെ പ്രേക്ഷകരുടെ പ്രിയചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ദി സ്ക്വയര്‍’, രണ്ടു മേളകളിലും കാണികളെ ആകര്‍ഷിച്ച ചിത്രമായിരുന്നു. IFFK യില്‍ Contemporary Film Maker in Focus വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മെക്സിക്കന്‍ സംവിധായകന്‍ മൈക്കല്‍ ഫ്രാങ്കോയുടെ സിനിമകള്‍ ശ്രദ്ധേയമായി.

പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന ഒരച്ഛന്‍റെയും മകളുടെയും കഥ പറയുന്ന ‘ആഫ്റ്റര്‍ ലൂസിയ’, കൗമാരത്തില്‍ ഒരു കുഞ്ഞിന്‍റെ അമ്മയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ അവതരിപ്പിച്ച ‘ഏപ്രില്‍സ് ഡോട്ടെഴ്സ്’ (April’s Daughters) എന്നീ സിനിമകള്‍ ഫ്രാങ്കോയെന്ന സംവിധായകന്‍റെ അതുല്യ പ്രതിഭയുടെ ഉദാഹരണങ്ങളായിരുന്നു. ഗോദാര്‍ദിന്‍റെ ജീവിതം പറഞ്ഞ ‘റീഡൌട്ടബിള്‍’, ആക്ഷേപഹാസ്യരൂപേണ നിശിതമായി മതങ്ങളെ വിമര്‍ശിക്കുന്ന ഇസ്രയേല്‍ ചിത്രം ‘ഹോളി എയര്‍’, ജോര്‍ജിയന്‍ ചിത്രം ‘ഖിബുല’, സൗത്ത് ആഫ്രിക്കന്‍ സിനിമ ‘ദി വൂണ്ട്’, ബോസ്നിയന്‍ ചിത്രം ‘മെന്‍ ഡോണ്ട് ക്രൈ’ എന്നീ സിനിമകളും ഇരു മേളകളിലുമായി പ്രേക്ഷക, നിരൂപക ശ്രദ്ധ നേടുകയുണ്ടായി.

കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം: പ്രകാശ് രാജ്

രണ്ടു മേളകളിലുമായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ‘ന്യൂട്ടന്‍’, ‘കധ്വി ഹവ’, ‘വില്ലേജ് റോക്സ്റ്റാര്‍സ്’ എന്നീ ചിത്രങ്ങളാണ്. കര്‍ഷകരുടെ ആത്മഹത്യ പോലൊരു അത്യന്തം ഗൗരവതരമായ വിഷയം നര്‍മ്മരൂപത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് നിള മാധവ് പാണ്ട സംവിധാനം ചെയ്ത ‘കധ്വി ഹവ’. കടം കയറി ആത്മഹത്യ ചെയ്യാന്‍ സാധ്യതയുള്ള ഒരു കര്‍ഷകന്‍റെ അച്ഛനായി വേഷമിട്ട സഞ്ജയ്‌ മിശ്രയുടെ കഥാപാത്രമാണ് ചിത്രത്തിന്‍റെ ആകെത്തുകയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഘടകം.

ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിയോഗിക്കപ്പെട്ട ന്യൂട്ടന്‍ കുമാറിന്‍റെ കഥ പറഞ്ഞ ‘ന്യൂട്ടനും’ നര്‍മ്മരൂപേണയാണ് പല വസ്തുതകളും അവതരിപ്പിച്ചിരിക്കുന്നത്. മാവോയിസവും സ്റ്റേറ്റിന്‍റെ അതിക്രമങ്ങളും എങ്ങനെ സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നുവെന്നും ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

റിമ ദാസ് സംവിധാനം ചെയ്ത ‘വില്ലേജ് റോക്സ്റ്റാര്‍സ്’, ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കാമറ തിരിച്ചു വയ്ക്കുന്നതിലൂടെ, സമൂഹത്തിന്‍റെ പുരുഷമേധാവിത്വത്തിന്‍റെതായ  നിയമസംഹിതകള്‍ എങ്ങനെയാണ് ബാല്യത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമമാവുന്നതെന്ന് അതിമനോഹരമായ ഫ്രേമുകളിലൂടെ വ്യക്തമാക്കുന്നു.

സിനിമകളുടെ തിരഞ്ഞെടുപ്പിലും, ജനാധിപത്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഗോവയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്. കേവലമായ കാഴ്ചകള്‍ക്കപ്പുറത്തേക്ക്, മത, ജാതി, ലിംഗ വേര്‍തിരുവുകള്‍ മറികടന്ന്, ഏതൊരു വിഷയത്തെക്കുറിച്ചുമുള്ള തുറന്ന ചര്‍ച്ചകള്‍ക്കും, സമരങ്ങള്‍ക്കും, സംവാദങ്ങള്‍ക്കുമുള്ള വേദിയായി IFFK നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. കുറവുകള്‍ തിരിച്ചറിഞ്ഞും, തിരുത്തിയും, സ്വയം നവീകരിച്ചും IFFK എന്ന ഇടം കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക ഭൂമികയുടെ പ്രതിഫലനമായി വര്‍ത്തിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

സര്‍ക്കാരിനെതിരായ സിനിമകള്‍ അവരുടെ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വാശിപിടിക്കരുത്: ഡോ. ബിജു

എത്രയായാലും താങ്കള്‍ ഒരു ശരാശരി മലയാളി പുരുഷന്‍ തന്നെയാണല്ലോ: പിസി വിഷ്ണുനാഥിനോട് ചില ചോദ്യങ്ങള്‍

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഐഎഫ്എഫ്‌ഐയില്‍ സംവിധായകന്‍ ലിജിന്‍ ജോസ്‌

പ്രിയ മജീദ് മജീദി, ഐഎഫ്എഫ്ഐയില്‍ നിന്നും ‘ബിയോണ്ട് ദി ക്ലൌഡ്സ്’ താങ്കള്‍ പിന്‍വലിക്കുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരിനാരായണന്‍ എസ്.

ഹരിനാരായണന്‍ എസ്.

അസി. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍