UPDATES

സിനിമാ വാര്‍ത്തകള്‍

ചലച്ചിത്രമേളയില്‍ പ്രാധാന്യം കച്ചവട സിനിമകള്‍ക്കോ? ജൂറിക്കും അക്കാദമിക്കുമെതിരേ സനല്‍കുമാറിനു പിന്നാലെ ഡോ.ബിജുവും

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്താണെന്ന് അക്കാദമി തിരിച്ചറിയമെന്ന് പ്രതീക്ഷിക്കുന്നു

22 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുമായി ബന്ധപ്പെട്ട് വിവാദം. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സെക്‌സി ദുര്‍ഗ എന്ന തന്റെ സിനിമ മേളയില്‍ നിന്നും പിന്‍വലിക്കുന്നതായി പറഞ്ഞു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇന്നലെ തന്നെ രംഗത്തുവന്നിരുന്നു. നിരവധി വിദേശ മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം തിരുവനന്തപുരം ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെതിരേയാണ് സനല്‍കുമാറിന്റെ പ്രതിഷേധം. ഇതിനു പിന്നാലെ സംവിധായകന്‍ ഡോ.ബിജുവും ചലച്ചിത്ര അക്കാദമിക്കും ചിത്രങ്ങള്‍ തെരഞ്ഞെടുത്ത ജൂറിക്കും എതിരേ വിയോജനക്കുറിപ്പുമായി എത്തി. ചലച്ചിത്രമേളകളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്താണെന്ന് ഇതുവരെ തിരിച്ചറിയാത്തവരാണ് ചലച്ചിത്ര അക്കാദമിയെന്ന് ബിജു കുറ്റപ്പെടുത്തുന്നു. ഇത്തവണ ഐ എ് എഫ് കെ യിലേക്ക് കൂടുതല്‍ കച്ചവട ചിത്രങ്ങള്‍ തെരഞ്ഞെടുത്തൂവെന്ന വിമര്‍ശനവും ബിജു ഉയര്‍ത്തുന്നുണ്ട്…

ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഐ എഫ് എഫ് കെ യിലെ ഈ വര്‍ഷത്തെ മലയാള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കച്ചവട ചിത്രങ്ങള്‍ ഇടം പിടിച്ചതില്‍ വിയോജിപ്പ് ഉണ്ട് . റിലീസ് ചെയ്യപ്പെട്ട കച്ചവട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരിക്കലും ഒരു ചലച്ചിത്ര മേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പെടുകയില്ല എന്നത് ഇനി എന്നാണാവോ ചലച്ചിത്ര അക്കാദമി മനസ്സിലാക്കുന്നത്. മലയാള സിനിമ ഇന്ന് എന്നാല്‍ ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ വിവിധ വിഭാഗങ്ങളുടെ ഒരു ബാലന്‍സിംഗ് എന്നല്ല മറിച്ചു മലയാളത്തില്‍ നിര്‍മിക്കപ്പെട്ട മികച്ച ചിത്രങ്ങള്‍ കൂടുതല്‍ അന്താരാഷ്ട്ര മേളകളിലേക്ക് പോകുന്നതിനായുള്ള സാധ്യതയ്ക്കായുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് എന്നതാണ്. റിലീസ് ചെയ്ത ചിത്രങ്ങള്‍ സ്വാഭാവികമായും ലോകത്തെ പ്രധാന മേളകളില്‍ പ്രധാന വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കാന്‍ പരിഗണിക്കില്ല എന്ന അന്താരാഷ്ട്ര മേളകളുടെ നിയമം എങ്കിലും കുറഞ്ഞ പക്ഷം ഈ ജൂറികള്‍ അറിയേണ്ടേ. അത് അറിയാമെങ്കില്‍ ഇതേവരെ പൊതു പ്രദര്‍ശനം നടന്നിട്ടില്ലാത്ത മലയാളത്തിലെ പുതിയ പരീക്ഷണാത്മകമായ സ്വതന്ത്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമാണ് ചലച്ചിത്ര മേള എന്ന പ്രാഥമികമായ ലക്ഷ്യം നിറവേറ്റപ്പെടും. കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോഴെങ്കിലും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്താണ് എന്ന് അക്കാദമി തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും ഈ വര്‍ഷം മത്സര വിഭാഗത്തിലേക്കുള്ള മലയാള സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയും ഉണ്ട്. രണ്ട് പുതു സംവിധായകരുടെ ചിത്രങ്ങള്‍ ആണ് ഇത്തവണ മത്സര വിഭാഗത്തില്‍. അത് കൊണ്ട് തന്നെ ഏറെ സന്തോഷവും ഏറെ പ്രതീക്ഷയും. ഹ്രസ്വ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരം നേടിയ ചെറുപ്പക്കാരനാണ് സഞ്ജു സുരേന്ദ്രന്‍. മലയാളത്തിലെ യുവകഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധേയനായ ഹരീഷിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് സഞ്ജു സംവിധാനം ചെയ്ത ഏദന്‍. ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ചിത്രം. അതേപോലെ പുതു സംവിധായകനായ പ്രേം ശങ്കറിന്റെ രണ്ടു പേര്‍ എന്ന ചിത്രവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മത്സര വിഭാഗത്തില്‍ പുതു മുഖ സംവിധായകര്‍ക്ക് ഇടം നല്‍കുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍