UPDATES

സിനിമ

മരണം, കാമം, പ്രണയം: തീന്‍ ഔര്‍ ആധായിലെ കെട്ടിടം പറയുന്ന ജീവിതം

പല പല അവസ്ഥകളും പരീക്ഷണങ്ങളും താണ്ടി മോക്ഷം നേടുന്ന മനുഷ്യന്റെ പരിണാമത്തെ, കെട്ടിടത്തിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചത് നൂതനമായ ഒരു സിനിമാ അനുഭവമായി

ഒരു കെട്ടിടം അതിന്റെ കഥ പറയുകയാണെങ്കില്‍ എങ്ങനെയിരിക്കും? വിവിധ കാലഘട്ടങ്ങളില്‍, ഒരു വിദ്യാലയമായും വേശ്യാലയമായും, പിന്നീട് ഒരു വൃദ്ധ ദമ്പതികളുടെ ഭവനമായും മാറിയ ഒരു കെട്ടിടം അതിന്റെ കഥ പറയുന്ന ആശയമാണ് ‘തീന്‍ ഔര്‍ ആധാ’ എന്ന ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റേത്. അശ്ലീല സിനിമകള്‍ കളിച്ചിരുന്ന ഒരു സിനിമ കൊട്ടക പിന്നീട് ഒരു പള്ളിയായി മാറുന്ന കഥ ‘കന്യക ടാക്കീസ്’ എന്ന മലയാള സിനിമ പരീക്ഷിച്ചിരുന്നു. ഈ സിനിമ ഒരു പടി കൂടി മുന്നോട്ട് കടക്കുന്നു.

മരണം, കാമം, പ്രണയം- ജീവിതത്തിലെ ഈ മൂന്ന് അവസ്ഥകളെ, കെട്ടിടത്തിന്റെ ചുവരുകള്‍ സാക്ഷി ഭാവത്തില്‍ നിന്നു വിവരിക്കുന്നതായാണ് ചിത്രത്തിന്റെ പ്രതിപാദനം. ആദ്യ ഭാഗമായ ‘യമാരാജി’ല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഒരു സ്‌കൂളും മറ്റൊരു ഭാഗം ആ സ്‌കൂളിലെ തന്നെ രാജ് എന്ന വിദ്യാര്‍ത്ഥിയുടെ വീടുമാണ്. അലസനായ രാജ്, രോഗശയ്യയില്‍ കിടക്കുന്ന അവന്റെ മുത്തശ്ശനുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. കുറ്റബോധത്താല്‍ നീറി, മരണത്തെ ഭയന്നു കിടക്കുന്ന മുത്തശ്ശന്‍; തനിക്ക് മരിക്കാന്‍ ഭയമില്ല എന്ന് ബാലിശമായ നിഷ്‌കളങ്കതയോടെ പറയുന്ന രാജ്. അവസാനം, മുത്തശ്ശന്റെ ഒരു ക്രൂര വിനോദം ദുരന്തമാകുന്നു.

രണ്ടാമത്തെ ഭാഗമായ ‘നടരാജി’ല്‍ നാം കാണുന്നത്, കാലങ്ങള്‍ക്കു ശേഷം ആ കെട്ടിടം ഒരു വേശ്യാലയമായി പരിണമിക്കുന്നതാണ്. ബാലനായിരുന്ന രാജ് ഇപ്പോള്‍ ഒരു യുവാവാണ്. ലക്ഷ്യം തെറ്റി അലയുന്ന, ജീവിതത്തെ പറ്റിയുള്ള സന്ദേഹങ്ങള്‍ കൊണ്ട് വലയുന്ന ഒരു യുവാവ്. ബാലനായിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ജിജ്ഞാസയും കൌതുകവും വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കൌതുകത്തോടെയും അമ്പരപ്പോടെയും വേശ്യാലയമായി മാറിയ ആ കെട്ടിടത്തിലൂടെ അലയുന്നു; പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ലാതെ. മുത്തശ്ശന്‍ മരിച്ച മുറിയില്‍ തന്നെ അയാള്‍ ഒരു വേശ്യയുമായി ബന്ധപ്പെടുന്നു. മരണക്കിടക്ക ഭോഗത്തിന്റെ വേദിയാകുന്നു. സന്ദേഹിയായ അവന്‍ കാമത്തിന്റെ നടനത്തില്‍ അര്‍ത്ഥം കണ്ടെത്തുന്നു.

കാലങ്ങള്‍ക്കു ശേഷം ആ കെട്ടിടം മനോഹരമായ ഒരു ഭവനമായി പരിണമിക്കുന്നു. മരണത്തെ ഭയമില്ലാതെ, വാര്‍ധക്യത്തില്‍ പ്രണയത്തെ ഏറ്റവും ഉന്മാദകരവും ഉദാത്തവുമായ ഭാവത്തില്‍ ആഘോഷിക്കുന്ന ഒരു വൃദ്ധ ദമ്പതികളുടെ ഭവനം. മരണത്തെ കാത്ത് അവര്‍ ഒരുമിച്ച് ശയിക്കുമ്പോള്‍, കെട്ടിടവും അതിന്റെ മോക്ഷ പ്രാപ്തി നേടുന്നു. ‘കാമരാജ്’ എന്ന ഈ മൂന്നാം ഭാഗത്തില്‍, പ്രണയം ഏറ്റവും മാധുര്യത്തോടെ ഒഴുകുകയാണ്. ജീവിതത്തെ പറ്റിയുള്ള ആശങ്കകളില്‍ നിന്ന് അവര്‍ മോചിതരാണ്. ഭാരമില്ലാത്ത മനസ്സുകളുമായി അവര്‍ പ്രണയം ആഘോഷിക്കുന്നു. മരണത്തിനും പ്രണയത്തിനുമുള്ള കാത്തിരുപ്പ് ഒന്ന് തന്നെയാകുന്നു.

പല പല അവസ്ഥകളും പരീക്ഷണങ്ങളും താണ്ടി മോക്ഷം നേടുന്ന മനുഷ്യന്റെ പരിണാമത്തെ, കെട്ടിടത്തിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചത് നൂതനമായ ഒരു സിനിമാ അനുഭവമായി. ആദ്യ ഭാഗത്തില്‍ ബാലനും മുത്തശ്ശനുമായുള്ള നീണ്ട സംഭാഷണം; രണ്ടാമത്തെ ഭാഗത്തില്‍ യുവാവും വേശ്യാസ്ത്രീയും, മൂന്നാമത്തെ ഭാഗത്തില്‍ വൃദ്ധ ദമ്പതിമാര്‍ തമ്മിലുള്ള സംഭാഷണം- ഇവയൊക്കെ ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടുകളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് നിര്‍മ്മിച്ച, ഡാര്‍ ഗയ് എന്ന യുക്രേനിയന്‍ വംശജ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഇതിനോടകം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍