UPDATES

സിനിമ

ആളില്ലാതെ ഷോ മുടങ്ങേണ്ട ടൈപ്പ് പടമല്ല; ഇളയരാജ ഒരു ജീവിത സിംഫണി

അടക്കിപ്പിടിച്ച അഭിമാനബോധം മുഖത്ത് എല്ലായ്പ്പോഴും പ്രതിഫലിക്കുന്ന ഒരു അതീവനിസ്സഹായന്റെ ജീവിതക്കുരുക്കുകൾ വനജനിലൂടെ അവതരിപ്പിക്കുന്ന ഗിന്നസ് പക്രു എന്ന അസാധ്യമനുഷ്യന്റെ പ്രകടനമികവ് ആണ് ഇളയരാജയുടെ ഹൈലൈറ്റ്

ശൈലന്‍

ശൈലന്‍

മേൽവിലാസം എന്നൊരു സിനിമയുണ്ടായിരുന്നു. തിയേറ്ററിൽ വച്ച്‌ കാണാൻ സാധിച്ചിരുന്നില്ല. പക്ഷെ, ചാനലിൽ ഓരോ തവണ വരുമ്പോഴും അതിന്റെ ഒരു ദൃശ്യമെങ്ങാൻ കണ്ടുപോയാൽ  പെട്ടു. സിനിമ മുഴുവൻ തീരുംവരെ പിന്നെ,  അതിലേക്ക് വലിച്ചിടപ്പെടുകയായി. ഒറ്റ ലൊക്കേഷനിൽ, ഒരു കോടതിമുറിയിൽ നടക്കുന്ന, രാമചന്ദ്രൻ എന്ന ദളിത് സൈനികന്റെ കോർട്ട് മാർഷൽ സംഭവങ്ങൾ മാത്രമായി തുടങ്ങി അവസാനിക്കുന്ന മേൽവിലാസത്തിന് എന്നെപ്പോലൊരു അലസനെ എല്ലാത്തവണയും അത്രമേൽ ആകർഷണ ശക്തിയോടെ വലിച്ചിടാൻ കഴിയുന്നുവെങ്കിൽ ആ സിനിമയുടെ സംവിധായകന്റെ പുതിയ സിനിമയിൽ കൗതുകമുണ്ടാവാതെ തരമില്ലല്ലോ.

മേൽവിലാസം സംവിധായകൻ മാധവ് രാമദാസന്റെ മൂന്നാമത്തെ സിനിമയാണ്  “ഇളയരാജ”. പാരലൽ സ്‌കൂളിൽ പെട്ടവയാണെങ്കിലും ആദ്യത്തെ രണ്ട് സിനിമകളിൽ സുരേഷ് ഗോപി, പാർത്ഥിപൻ, ജയസൂര്യ, ആസിഫലി തുടങ്ങി ഒത്തിരി താരമൂല്യമുള്ള നടന്മാരെ ഉൾക്കൊള്ളിക്കാൻ തയ്യാറായിരുന്ന മാധവ് രാമദാസൻ ഇത്തവണ ഗിന്നസ് പക്രുവിനെയാണ് ആണ് ടൈറ്റിൽ റോളിൽ ഇറക്കുന്നത് എന്നതും സ്റ്റാർ വാല്യു ഉള്ള അഭിനേതാക്കൾ കാര്യമായിട്ടാരും തന്നെ ഇളയരാജയിൽ ഇല്ല എന്നതും കൗതുകകരമാണ്.

അതുകൊണ്ട് തന്നെയാവും ഇന്നലെ മാറ്റിനി ഷോയ്ക്ക് (ആദ്യ ഷോ) പോയപ്പോൾ മറ്റാരും തന്നെ വരാത്തതിനാൽ ഷോ ക്യാന്‍സലായി പോയതും. നിരാശപ്പെടാതെ ഈവനിംഗ് ഷോയ്ക്ക് പോയപ്പോൾ തിയേറ്റർ മാനേജർ സഹൃദയനായത് കൊണ്ട് മാത്രം വളരെ കുറച്ച് പേർക്കായി മാത്രം പ്രദർശനം നടത്തുകയുണ്ടായി. വാണിജ്യ ചേരുവകൾ ഒന്നും തന്നെയില്ലെങ്കിലും ആളുവരാതെ ഷോ മുടങ്ങിപ്പോവേണ്ട ടൈപ്പ് ഒരു സിനിമയല്ല ഇളയരാജ എന്ന് പടം കാണുന്ന ആർക്കും അംഗീകരിക്കേണ്ടി വരും.

തൃശ്ശൂർ നഗരപ്രാന്തത്തിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന ഒന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന വനജൻ എന്ന ശാരീരികപരിമിതിയുള്ള അതിസാധാരണ മനുഷ്യന്റെയും കുടുംബത്തിന്റെയും അതിസാധാരണമായ കഥയാണ് മാധവ് രാംദാസ് ഇളയരാജയിൽ പറയുന്നത്. തൃശൂർ റൗണ്ടിൽ വൈകുന്നേരങ്ങളിൽ പെട്ടിവണ്ടിയിൽ കടലക്കച്ചവടം നടത്തുന്ന അയാൾക്ക് വിൽപനയിൽ സഹായികൾ മക്കളായ അമ്പിളിയും സുബ്രുവും ആണ്. രോഗബാധിതയായ ഭാര്യയുടെ ചികിത്സാർത്ഥം അയാൾ കുറച്ച് പൈസ വട്ടിക്കെടുത്തിട്ടുണ്ട്. പ്രായാധിക്യമുള്ള അച്ഛൻ ഗണപതിയാണ് വീട്ടിൽ പിന്നെയുള്ളത്.

അതീവ ക്ളീഷേഭരിതമായ ഈ സബ്ജക്റ്റിനെ നല്ലൊരു ഭാഗത്തോളം കുട്ടികളുടെ ആംഗിളിൽ വഴിനടത്തിയാണ് മാധവ് രാമദാസൻ രക്ഷിച്ചെടുക്കുന്നത്. സത്യജിത് റായിയുടെ പഥേർ പാഞ്ചാലി മുതൽ എം മണികണ്ഠന്റെ കാക്കമുട്ടൈ വരെ ഇക്കാര്യത്തിൽ അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ടാവും. ഇനിയിപ്പോൾ അതൊന്നും സ്വാധീനിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെങ്കിലും സംഗതി പൊസിറ്റിവ് തന്നെ.

അടക്കിപ്പിടിച്ച അഭിമാനബോധം മുഖത്ത് എല്ലായ്പ്പോഴും പ്രതിഫലിക്കുന്ന ഒരു അതീവനിസ്സഹായന്റെ ജീവിതക്കുരുക്കുകൾ വനജനിലൂടെ അവതരിപ്പിക്കുന്ന ഗിന്നസ് പക്രു എന്ന അസാധ്യമനുഷ്യന്റെ പ്രകടനമികവ് ആണ് ഇളയരാജയുടെ ഹൈലൈറ്റ്. പക്രു മാത്രമല്ല മക്കളായി വരുന്ന മാസ്റ്റർ ആദിത്യനും ബേബി ആർദ്രയും മികച്ച ഫോമിൽ ആണ്. അച്ഛച്ഛൻ ഗണപതി ഹരിശ്രീ അശോകന്റെ ഇതുവരെ കാണാത്ത ഒരു കിളവൻ മെയ്ക്ക് ഓവർ ആണ്.

രതീഷ് വേഗയുടെ പാട്ടുകൾ തുരുതുര ഉണ്ട് ഇളയരാജയിൽ. പടത്തിന്റെ പേരിലും മൂവി മ്യൂസിക്കൽ കട്ട്സ്‌ എന്ന ബാനറിലും ഒതുങ്ങുന്നില്ല സംഗീതം ബന്ധം എന്നർത്ഥം. പാപ്പിനുവിന്റെ ക്യാമറ വർക്കും നോട്ടബിൾ. ഇന്റർവലിന് ശേഷം അമ്പിളി അടിച്ചുകേറി മുന്നേറുന്നിടതൊക്കെ സ്ക്രിപ്റ്റിന്ന് കേറി അല്പമൊന്ന് ഇടപെടായിരുന്നു.  സംവിധായകനും തിരക്കഥാകാരനും രണ്ടാൾ ആവുമ്പോഴുള്ള പ്രശ്നമാണിത്.

എന്തൊക്കെ പറഞ്ഞാലും ആളില്ലാതെ ഷോ മുടങ്ങേണ്ട ടൈപ്പ് പടമല്ല ഇത്. കുറച്ച് കൂടി പ്രേക്ഷക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍