UPDATES

സിനിമാ വാര്‍ത്തകള്‍

ഫുട്ബോളിനെ കുറിച്ചാണ് ഞങ്ങളേറെയും സംസാരിച്ചത്: വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഐ.എം വിജയന്‍

‘ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോടെ പെരുമാറുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയ നിമിഷമായിരുന്നു അതെല്ലാം’

ഫുട്ബോൾ മൈതാനത്തുംവെള്ളിത്തിരയിലും ഒരേ പോലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഐ.എം വിജയൻ. തമിഴിലും മലയാളത്തിലും ഒട്ടേറെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌ത അദ്ദേഹം ഇപ്പോഴിത വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗിലില്‍ വില്ലന്‍വേഷത്തില്‍ എത്തുകയാണ്. വിജയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. ഷൂട്ടിങ്ങിനിടെ പന്ത് കളിയെ കുറിച്ചാണ് വിജയ് അധികം സംസാരിച്ചതെന്ന് ഐഎം വിജയൻ പറയുന്നു. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്കൊപ്പം പന്തുകളിക്കാനിറങ്ങിയ അതേ ആവേശത്തിലായിരുന്നു വിജയ് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. വിജയ് ചിത്രങ്ങൾ ആർപ്പ് വിളിയോടെ കണ്ടിട്ടുള്ള തനിയ്ക്ക് താരത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ഐഎം വിജയൻ പറഞ്ഞു.

‘വിജയ് ചിത്രത്തിന്റെ ഭാഗമാകാനുള്ള ക്ഷണം ഫോണിലൂടെയാണ് ലഭിക്കുന്നത്, സംവിധായകന്‍ ആറ്റ്ലിയുടെ നിര്‍ദ്ദേശപ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കുകയായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചെന്നൈയിലായിരുന്നു ചിത്രീകരണം ആറ്റ്ലിതന്നെയാണ് ലൊക്കേഷനില്‍വച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്, ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എനിക്ക് കൈവിറയ്ക്കുന്നുണ്ടായിരുന്നു. പന്തുകളിയെകുറിച്ചാണ് ഞങ്ങളേറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം യുട്യൂബില്‍ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ‘സാര്‍’ എന്നുചേര്‍ത്താണ് അദ്ദേഹം പേരുവിളിച്ചത്, ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോടെ പെരുമാറുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയ നിമിഷമായിരുന്നു അതെല്ലാം.’- ഐ.എം വിജയൻ കൂട്ടിചേർത്തു.

തെറി,​ മെർസൽ ചിത്രങ്ങൾക്ക് ശേഷം വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ‘ബിഗിൽ’. സ്പോർട്സ് പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ വിജയ് ഫുട്ബോൾ കോച്ചായിട്ടാണ് എത്തുന്നത്.വിജയ് ഇരട്ടഗെറ്റപ്പിലെത്തുന്ന സ്‌പോട്സ് ത്രില്ലറില്‍ നയന്‍താരയാണ് നായിക. എ.ജി.എസ് എന്റർടെയ്ൻമെന്റ് ചിത്രം നിർമിക്കുന്നത്. വിവേകും യോഗി ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആ റഹ്മാന്‍ ആണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. വിജയ്-ആറ്റ്ലി-എ.ആര്‍. റഹ്മാന്‍ കോമ്പോയില്‍ പുറത്തുവന്ന സിങ്കപ്പെണ്ണേ…എന്ന ബിഗിലിലെ ഗാനം സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു. ചിത്രം ദീപാവലി റിലീസായി തീയേറ്ററിൽ എത്തും.

ALSO READ: മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു: വിദ്യാ ബാലൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍