UPDATES

സിനിമാ വാര്‍ത്തകള്‍

‘ഈ സിനിമ ഇറങ്ങിയ ശേഷം കുറേകാലം ആളുകൾ എന്നെ ചീത്തവിളിച്ചുകൊണ്ട് കത്തെഴുതുമായിരുന്നു’; ‘പവിത്ര’ത്തിന് 25 വയസ്സ് , ഓർമകൾ പങ്കുവച്ച്‌ വിന്ദുജ

പവിത്രത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് പ്രായം 14–15 വയസ് മാത്രമേയുണ്ടായിരന്നുള്ളൂ. അന്ന് ഇത് ഇത്ര വൈകാരികമായ സിനിമയാണെന്ന് ഒന്നും മനസിലായില്ല.

അച്ഛനും അമ്മയ്ക്കും വളരെ വൈകിയുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം മകളെപ്പോലെ ചേട്ടൻ വളർത്തുന്ന കഥ പറഞ്ഞ ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടും ശ്രദ്ധേയമായിരുന്നു പവിത്രം. ചേട്ടച്ഛൻ’ എന്ന വിളി മലയാളികൾ കേട്ടുതുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവർഷം. മോഹൻലാൽ ചേട്ടച്ഛനായി എത്തിയപ്പോൾ പുതുമുഖം വിന്ദുജാമേനോനാണ് കുഞ്ഞനുജത്തി മീനാക്ഷിയായി എത്തിയത്. 25 വർഷങ്ങൾക്കിപ്പുറം പവിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് വിന്ദുജ. മനോരമന്യൂസ് ഡോട്ട്കോമുമിനോട് ആയിരുന്നു വിന്ദുജ ഓർമ്മകൾ പങ്കുവെച്ചത്.

എങ്ങനെ ആണ് പവിത്രത്തിലേക്ക് എത്തിയതെന്നും ,ഷൂട്ടിംഗ് അനുഭവങ്ങളെയും കുറിച്ചും താരം ഓർമ്മകൾ പുതുക്കുന്നു

പത്താംക്ലാസിൽ ഞാൻ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മ വിമല മേനോൻ നർത്തകിയാണ്, അതുകൊണ്ടും കൂടി എനിക്ക് കലാതിലകം കിട്ടിയ വാർത്ത അന്നത്തെ പ്രമുഖ പത്രങ്ങളിലും റേഡിയോയിലുമൊക്കെ പ്രാമുഖ്യത്തോടെ കൊടുത്തു. മാഗസിനിലൊക്കെ എന്റെ പടം മുഖചിത്രമായി വന്നു. അങ്ങനെയാണ് പവിത്രത്തിന്റെ സംവിധായകൻ ടി.കെ.രാജീവ് കുമാർ കാണുന്നത്. രാജീവേട്ടനെ എനിക്ക് ചെറുപ്പം മുതൽ അറിയാം. അമ്മയോടൊപ്പം നൃത്തപരിപാടികൾക്കും യുവജനോത്സവത്തിലുമൊക്കെ ചെറിയ പ്രായംമുതൽ പോകുമായിരുന്നു. അക്കാലത്ത് യുവജനോത്സവത്തിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു രാജീവേട്ടൻ. അങ്ങനെയാണ് പരിചയമാകുന്നത്.

എന്റെ ചിത്രം കണ്ടിട്ട് ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിട്ട് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. വിരോധമില്ലെന്ന് അറിയിച്ചപ്പോൾ വീടിന്റെ ടെറസിന്റെ മുകളിൽവെച്ച് ആദ്യ ഫോട്ടോഷൂട്ട് നടത്തി. രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വന്നിട്ട് കഥ പറയട്ടെ എന്ന് ചോദിച്ചു. അന്നത്തെ കാലത്ത് മാത്രമല്ല, ഇന്നും പവിത്രത്തിന്റെ കഥ വ്യത്യസ്തമാണ്. ഒരു പുതുമുഖത്തിനും ലഭിക്കാത്ത ഭാഗ്യമാണ് എനിക്ക് പവിത്രത്തിലൂടെ ലഭിച്ചത്. അതിൽ അഭിനയിച്ച ഓരോ അഭിനേതാക്കളും കഴിവ് തെളിയിച്ച് സിനിമയിൽ അവരുടെ കയ്യൊപ്പ് ചാർത്തിയവരാണ്. പവിത്രത്തിന്റെ ക്യാമറ സന്തോഷ് ശിവനാണ്, സംഗീതം ശരത്ത് സാറാണ് നിർവഹിച്ചത്. എല്ലാം കൊണ്ടും മികച്ച ടീമായിരുന്നു പവിത്രത്തിലേത്.

എന്നെ ഒരു കുഞ്ഞനിയത്തിയെപ്പോലെയാണ് എല്ലാവരും കൊണ്ടുനടന്നത്. ഡാൻസ് പരിപാടികളൊക്കെ നേരത്തെ അവതരിപ്പിച്ചിരുന്നത് കൊണ്ട് കാമറയുടെ മുന്നിൽ നിൽക്കാനൊന്നും ഭയമില്ലായിരുന്നു. അതിന്റെ സാങ്കേതികവശത്തെക്കുറിച്ച് കുറച്ചൊക്കെ ധാരണയുള്ളത്കൊണ്ട് പരിഭ്രമം ഒന്നും തോന്നിയില്ല. ഒരു കുടുംബം പോലെയുള്ള സെറ്റായിരുന്നു. വളരെ വൈകാരിക രംഗങ്ങൾ എടുക്കുന്നതിന് മുമ്പ് പോലും ഒരുപാട് തമാശകളൊക്കെ പറഞ്ഞ് എന്നെ പൊട്ടിച്ചിരിപ്പിക്കാറുണ്ടായിരുന്നു. പുതുമുഖമായതുകൊണ്ട് അവരുടെ സ്ഥിരം ഇര ഞാനായിരുന്നു. ഓരോന്ന് പറഞ്ഞ് കളിയാക്കും. അവർക്കറിയാം പുതിയ ഒരാളിന്റെ മുന്നിൽ ഗൗരവം കാണിച്ച് അവരെക്കൂടെ ടെൻഷനാക്കിയിട്ട് കാര്യമില്ലായെന്ന്. അതുകൊണ്ട് അവരുടെ അഭിനയം മെച്ചപ്പെടില്ലെന്നും അറിയാം. കഴിവതും എന്നെ റിലാക്സ്ഡാക്കാനാണ് ഓരോരുത്തരും ശ്രമിച്ചത്. ഓരോ സീൻ കഴിയുമ്പോഴും ഞാൻ രാജീവേട്ടന്റെ മുഖത്ത് നോക്കും. അദ്ദേഹം ഓക്കെ പറഞ്ഞാൽ മാത്രമേ എനിക്ക് സമാധാനമാകൂ.

പവിത്രത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് പ്രായം 14–15 വയസ് മാത്രമേയുണ്ടായിരന്നുള്ളൂ. അന്ന് ഇത് ഇത്ര വൈകാരികമായ സിനിമയാണെന്ന് ഒന്നും മനസിലായില്ല. പ്രായം ചെല്ലുന്തോറുമാണ് സിനിമയുടെ ആ ഒരു ആഴം മനസിലാകുന്നത്. എന്റെ വിവാഹശേഷമാണ് ചേട്ടച്ഛൻ മീരയെ വർഷങ്ങൾക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വിളിക്കുന്ന രംഗത്തിന് ഇത്രയേറെ വൈകാരികതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഭർത്താവിന്റെ സ്നേഹം എന്താണെന്ന് അനുഭവിച്ച് കഴിഞ്ഞ് പവിത്രം കാണുമ്പോഴുള്ള അനുഭവവും അതിനുമുമ്പുള്ളതും തമ്മിൽ വ്യത്യാസമുണ്ട്. എന്ന് പവിത്രം ടിവിയിൽ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും. ഇപ്പോഴും ആ സിനിമ ജനങ്ങളുടെ മനസിലുള്ളത് കൊണ്ടാണത്.

ഇപ്പോൾ ആലോചിക്കുമ്പോഴാണ് മീനാക്ഷിയ്ക്ക് ശേഷം അത്രയും മികച്ച ഒരു കഥാപാത്രം എനിക്ക് കിട്ടിയിട്ടില്ലെന്ന് മനസിലാകുന്നത്. ഈ സിനിമ ഇറങ്ങിയ ശേഷം കുറേകാലം ആളുകൾ എന്നെ ചീത്തവിളിച്ചുകൊണ്ട് കത്തെഴുതുമായിരുന്നു. മോഹൻലാലിനോട് നിങ്ങൾ ചൂടായില്ലേ എന്നൊക്കെ ചോദിച്ചിട്ട്. ഇതിനെക്കുറിച്ച് രാജീവേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് അത്ര നന്നായിട്ട് ആ കഥാപാത്രം അവതരിപ്പിച്ചതുകൊണ്ടാണ് ജനങ്ങൾ പ്രതികരിക്കുന്നതെന്ന്. എത്ര കണ്ടാലും മടുക്കാത്ത ഒരു ചിത്രം കൂടിയാണ് പവിത്രം. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഓർമകൾ സമ്മാനിച്ച ഒന്നുകൂടിയാണിത്.- വിന്ദുജ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍