UPDATES

സിനിമ

അനുമോള്‍/അഭിമുഖം: ഇമേജ് വാല്യൂ കൂട്ടാന്‍ ആളുകളെ കൂടെ കൊണ്ടുനടക്കാറില്ല

ലോകത്ത് മൊത്തം സുരക്ഷിതത്വമില്ലായ്മ ഉണ്ട്. സിനിമയിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവാം. സിനിമ  ഇന്‍ഡസ്ട്രിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ  അർത്ഥമില്ല

അപര്‍ണ്ണ

അപര്‍ണ്ണ

കമലിന്റെ ആമി സിനിമ പല തലങ്ങളിൽ ചർച്ചയാവുന്നുണ്ട്. ഇതിനിടയിൽ എപ്പോഴോ കുറെയധികം പേർ ആമിക്ക് ചേർന്ന ആൾ  എന്ന് സാക്ഷ്യപ്പെടുത്തിയത് അനു മോളെയായിരുന്നു. അങ്ങനെയൊന്നു നടന്നില്ല, പക്ഷെ സുസ്മേഷ് ചന്ദ്രോത്തിന്റെ സംവിധാന രംഗത്തേക്കുള്ള കടന്നു വരവിൽ, ഒരുപാട് സാധ്യതകളുള്ള ചിത്രകാരി ടി കെ പദ്മിനിയുടെ ശരീരവും ആത്മാവുമാകുന്നു അനു മോൾ. നിറങ്ങളും നിറമില്ലായ്മയും നൽകുന്ന അനന്തസാധ്യതകളുള്ള ജീവിതമായിരുന്നു പദ്മിനിയുടേത്. കുറച്ചധികം കാലമായി നമുക്കിടയിൽ നല്ല കഥാപാത്രങ്ങൾ കൊണ്ട് അനു മോള്‍ നിറഞ്ഞ സാന്നിധ്യമാണ്. അനു മോൾ സംസാരിക്കുന്നു.

ആമി സിനിമയുടെ ചർച്ച ഉയർന്നു വന്നപ്പോൾ പലരും പറഞ്ഞു കേട്ട പേരാണ് അനു മോളുടേത്. ചർച്ചകൾ കേട്ടിരുന്നോ? എന്ത് തോന്നി?

സന്തോഷമുള്ള കാര്യമാണ്. വലിയ ഒരു ക്യാൻവാസിൽ വലിയ ഒരു സിനിമ വരുമ്പോൾ, അതും മാധവിക്കുട്ടിയുടെ ജീവിതം ഒക്കെ ആവുമ്പോ എന്റെ പേര് ചർച്ച ചെയ്യപ്പെടുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. കമൽ സാറും അതൊക്കെ കണ്ടിരുന്നു. അദ്ദേഹം എന്നോട് നേരിട്ട് അതിനെ പറ്റി സംസാരിച്ചിരുന്നു. ഒരു പടം ഇറങ്ങുമ്പോൾ ഒരു കൂട്ടം ആളുകളുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു ആലോചന ഉണ്ടാകുക എന്നത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അത് എപ്പഴും സംഭവിക്കുന്ന കാര്യമല്ലല്ലോ. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് ഒരു ചുരുക്കം ഓഡിയന്‍സിന്റെ മുന്നിലേക്കേ ഞാൻ എത്തിയിട്ടുള്ളു എന്നാണ്. അപ്പോൾ ആ ചുരുങ്ങിയ കാണികൾ എന്നെ ഓർക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്.

പിന്നെ അങ്ങനെ ചെയ്യാമായിരുന്നു എന്നൊന്നും ആലോചിക്കാത്ത ആളാണ്. സിനിമയിൽ എത്തിയതടക്കം ഒന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല. സിനിമയിൽ എത്തിയ ശേഷമാണ് ഈ മേഖലയെ പറ്റി കൂടുതൽ പഠിച്ചതും കൂടുതൽ സിനിമകൾ കണ്ടതും. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ പറ്റി അറിഞ്ഞതും സിനിമയിൽ എത്തിയതിനു ശേഷമാണ്. ഓരോ സമയത്തും എന്നിലേക്ക് എത്തുന്നത് ചെയ്യുക എന്നത് മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. പിന്നെ പരാജയഭീതികൾ ഇത്തിരി കൂടുതലുള്ള കൂട്ടത്തിൽ ആയത് കൊണ്ട് തന്നെ സ്വപ്നങ്ങൾ കാണാതിരിക്കുക എന്നതാണ് എന്റെ രീതി. അങ്ങനെ തന്നെയാണ് കഥാപാത്രങ്ങളുടെ കാര്യത്തിലും. പലരും ഇങ്ങനെ പറഞ്ഞു കേട്ടപ്പോഴും, ഇല്ല അത് നടന്നിട്ടില്ല എന്ന ബോധ്യം എനിക്കുണ്ട്. ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ സാധിക്കുക വലിയ ഭാഗ്യം തന്നെയാണ്. പക്ഷെ അത്രത്തോളം റിസ്‌ക്കുകളും ഉണ്ട്. മാധവിക്കുട്ടി എല്ലാ മലയാളികളുടെയും വികാരമാണ്. ഓരോ ആളുകളുടെയും മനസിലെ മാധവിക്കുട്ടി ഓരോന്നല്ലേ… അതൊക്കെയുമായി ചേർന്ന് പോകുക വലിയ പ്രയാസമുള്ള കാര്യമാണ്. പിന്നെ ഒരു കഥാപാത്രം എന്റെ കയ്യിൽ കിട്ടിക്കഴിഞ്ഞു മാത്രമാണ് ഞാൻ അതിനെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങാറ്. ഞാനായിരുന്നെങ്കിൽ എന്നൊന്നും ആമിയെ പറ്റി ആലോചിട്ടില്ല അതുകൊണ്ട്.

പത്മിനിയുടെ ബയോപ്പിക്കിൽ അഭിനയിക്കുന്നു, സുസ്മേഷ് ചന്ദ്രോത്തിന്റെ സംവിധാനത്തിൽ. എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തി?

എന്റെയടുത്ത് ഈ സിനിമ വന്നപ്പോൾ പദ്മിനിയെ പറ്റി ഒന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം. ചിത്രകലയെപ്പറ്റി എനിക്കൊന്നും അറിയില്ല. ഡാൻസ് മാത്രമാണ് എനിക്ക് പരിചയമുള്ള ആർട്ട്ഫോം. സുസ്മേഷ് ജി എന്നോട് ഇത് സംസാരിക്കാൻ വിളിച്ചപ്പോൾ ഞാൻ ഒരു ഫോണിൽ സംസാരിച്ച് മറ്റേ ഫോണിൽ ഗൂഗിള്‍ ചെയ്യുകയായിരുന്നു, പദ്മിനിയെ പറ്റി. അവരെ പറ്റി അറിഞ്ഞപ്പോൾ, അവരുടെ പെയിന്റിങ്‌സ് കണ്ടപ്പോൾ ഞാൻ ആകെ എക്സൈറ്റഡ് ആയി എന്ന് പറയാം. ആദ്യം ഒരു ഡോക്യുമെന്ററി രീതിയിലായിരുന്നു. പിന്നീട് ഫീച്ചർ ഫിലിമായി. ഇതിനായി ഞാൻ പെയിന്റിംഗ് ക്‌ളാസ്സിനു പോയി. എറണാകുളത്ത് കലാധരൻ മാഷാണ് എന്നെ പഠിപ്പിച്ചത്. അവരുടെ ചിത്രങ്ങളുടെ റഫറൻസ് തന്ന് എന്നെക്കൊണ്ട് വരപ്പിച്ചു. പദ്മിനിയുടെ എടപ്പാളിലുള്ള വീട്ടിലും പരിസരത്തും ഒക്കെയായിരുന്നു ഷൂട്ടിങ്. അവരുടെ ബന്ധുക്കൾ ഒക്കെയാണ് ഞങ്ങളോട് സഹകരിച്ചത്. അവരൊക്കെ പറഞ്ഞിരുന്നു, ‘അയ്യോ പദ്മിനി ചെറിയമ്മയുടെ നടപ്പ് ഇത് പോലെ തന്നെയാ. ചെറിയമ്മയെ പോലുണ്ട് കാണാൻ എന്നൊക്കെ’. അതൊക്കെ ശരിക്കും അനുഗ്രഹം പോലെ തോന്നി. എടപ്പാളും എന്റെ സ്ഥലമായ നടുവട്ടവും തമ്മിൽ വലിയ ദൂരമില്ല. ഈ സ്ഥലത്തെ ഒരു ശരീരഭാഷ കൊണ്ടാവാം അത്. സുസ്മേഷ്ജിക്ക് ഈ മേഖലയിൽ ഉള്ള അറിവും എന്നെ ഒരുപാട് സഹായിച്ചു. അവരുടെ പ്രിയപ്പെട്ടവർ പറഞ്ഞ കഥകളിലൂടെ അവരെ കൂടുതൽ അറിയാൻ ശ്രമിച്ചു. ബ്രഷും പേപ്പറും വാങ്ങി പിന്നീട് വീട്ടിലിരുന്ന്  സ്ഥിരമായി വരച്ചു തുടങ്ങി. അങ്ങനെ ആ ഒരു കാലം മുഴുവൻ പദ്മിനി, അവരുടെ ചിത്രങ്ങൾ, ജീവിതം ഒക്കെയായിരുന്നു മനസ്സിൽ. അതൊക്കെയാണ് തയാറെടുപ്പുകൾ. ഗർഭത്തിൽ ആണ് പദ്മിനി മരിച്ചത്. ഗർഭസമയത്തെ  രീതികൾ ഒക്കെ നന്നായി ഉൾക്കൊണ്ടു എന്ന് അവിടെയുള്ള പലരും പറഞ്ഞു. ചിത്രം മാർച്ചിൽ റിലീസ് ആവും. മറ്റു ജോലികൾ പൂർത്തിയായി. സുസ്മേഷ്ജി കൊൽക്കത്തയിലാണ്. അദ്ദേഹം തിരിച്ചു വന്ന്  ഇവിടെ തീയറ്റർ ലഭ്യത കൂടി അനുസരിച്ചാവും റിലീസ്.

ഈ രണ്ടു ചോദ്യങ്ങളുടെയും തുടർച്ചയായി ചോദിക്കുന്നു, ബയോപിക്കുകളിൽ അഭിനയിക്കുമ്പോൾ രൂപ സാദ്യശ്യം ആവശ്യമാണെന്നു കരുതുന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തുകൊണ്ട്?

അങ്ങനെ ആവശ്യമില്ല എന്ന് തോന്നുന്നു. ഞാൻ പദ്മിനി ചെയ്തിട്ടുണ്ട്, മേഘരൂപനിലെ തങ്കമണി ആയിട്ടുണ്ട്. പക്ഷെ എനിക്ക് മുഴുവനായും അവരുടെ രൂപമോ മനസോ ഒക്കെ ആവാൻ പറ്റുമോ… അങ്ങനെ തോന്നുന്നില്ല. ചെയ്യുന്ന ആൾക്കാർ ഉണ്ട്. എങ്കിലും പരിമിതികൾ ഉണ്ട്. രൂപത്തെക്കാൾ അവരുടെ ജീവിതവും സംഭാവനകളും വന്ന വഴികളും ഒക്കെയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. പിന്നെ ചില രീതികൾ ഉണ്ട്. പദ്മിനി ചെയ്യുമ്പോൾ, അവർ ഒരുങ്ങാൻ ഇഷ്ടമില്ലാത്ത ആളായിരുന്നു, ചിത്രങ്ങളിൽ മാത്രമേ അവർ നിറങ്ങൾ ഉപയോഗിച്ചിരുന്നുള്ളു. ഇത്തരം രീതികൾ  ഒക്കെ സ്വീകരിച്ചിരുന്നു. അവരുടെ രീതികളെ കുറെയൊക്കെ അഡാപ്റ്റ് ചെയ്യാം എന്ന് മാത്രം. മാധവിക്കുട്ടിക്ക് ശരീരഭാഷയിൽ ഒരു ലാസ്യവും അലസതയും ഒക്കെ ഉള്ള ആളാണ്. അത്തരം ശരീര ഭാഷകളെ മാച്ച് ചെയ്യാൻ നോക്കാം എന്ന് പറയാം. കൺപീലി പോലും അതുപോലെയുള്ള ഒരാളെ എങ്ങനെ കണ്ടു പിടിക്കാനാണ്. ആ കൃത്യത സാധ്യമാണ് എന്നെനിക്ക് തോന്നുന്നില്ല.

അനുവിനെ കൂടുതൽ കണ്ടത് സമാന്തര സിനിമയുടെ ഭാഗമായാണ്. ഇതു മന:പൂർവമുള്ള തെരഞ്ഞെടുപ്പാണോ?

എന്തിനാണ് ഇങ്ങനത്തെ മാറ്റി നിർത്തലുകൾ എന്ന് മനസിലാവുന്നില്ല. പണം എന്ന വാണിജ്യ ഘടകം ഇല്ലാതെ ഒരു സിനിമയും ഉണ്ടാവുന്നില്ലല്ലോ. എന്റെയടുത്ത് വന്ന കഥകളിൽ നിന്നേ ഒരു തെരഞ്ഞെടുപ്പ് എനിക്ക് സാധിക്കൂ. പിന്നെ ഒരാൾ ഒരു കഥ പറയുമ്പോൾ, ഞാൻ ചെയ്യേണ്ട ആ സ്ത്രീയെ എനിക്ക് ഇഷ്ടമായോ എന്ന് മാത്രമാണ് ഞാൻ നോക്കാറ്. ഈ സ്ത്രീ കൊള്ളാമല്ലോ എന്ന ഒരിഷ്ടം തോന്നണം. അങ്ങനെ ആണെങ്കിലേ ഞാൻ മുന്നോട്ട് പോകൂ. പിന്നെ ഞാൻ നോക്കുന്നത് ആ ടീമിനെയാണ്. എനിക്ക് കംഫർട്ടബ്ൾ ആയ ഒരു അന്തരീക്ഷത്തിലേ ഞാൻ ജോലി ചെയ്യൂ. പലപ്പോഴും തോന്നിയിട്ടുണ്ട് അതൊരു പരിമിതിയാണ് എന്ന്. ഒരു കലാകാരി എല്ലാ സാഹചര്യങ്ങളുമായും പൊരുത്തപ്പെടണം എന്നാണ് പറയാറ്. പക്ഷെ എനിക്ക് അത് സാധിച്ചിട്ടില്ല. എന്റെ മുഖത്ത് തന്നെ അസ്വസ്ഥത തെളിഞ്ഞു കാണും. ഏത് സ്ട്രീം സിനിമയാണ്, എന്റെ ഇമേജ് എന്താവും എന്നൊന്നും നോക്കാറില്ല. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങളെ ചെയ്യാറില്ല.

സ്വന്തമായി ഡബ്ബ് കൂടി ചെയ്യുമ്പോളാണ് ഒരു കഥാപാത്രത്തിന് പൂർണത കിട്ടുക എന്ന് തോന്നിയിട്ടുണ്ടോ? 

തീർച്ചയായും തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ കുറച്ചു കഥാപാത്രങ്ങൾക്കേ ഡബ്ബ് ചെയ്തിട്ടുള്ളു. എന്റെ ശബ്ദം കൊള്ളില്ല എന്ന ആത്മവിശ്വാസക്കുറവാണ് ഒരു കാരണം. ചില സിനിമകളിൽ ശ്രമം നടത്തി സ്വയം മാറിപ്പോയിട്ടുണ്ട്. പദ്മിനിക്ക് ഞാൻ തന്നെയാണ് ചെയ്തത്. അകം ഡബ്ബിങ് ചെയ്തത് ഞാനാണ്. എപ്പഴും ഒരു പട്ടാമ്പി സംസാരം കയറി വരുന്നത് വലിയ പ്രശ്നമാണ്. അമീബയ്ക്ക് ചെയ്തത് മോശമാക്കിയില്ല എന്ന് തോന്നുന്നു. ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നതും എന്റെ ശബ്ദം പൂർണതയിലെത്തിക്കാനാണ്. അത് ഒരു പാട് ഗുണം ചെയ്യും.

മാനേജറുടെയും ഡ്രൈവറുടെ പോലും സഹായമില്ലാതെ ലൊക്കേഷനിൽ എത്തുന്ന നടിയാണ് അനു എന്ന് കേട്ടിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിൽ  ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ?

ഇല്ല. ഏഴാം ക്ലാസ് മുതൽ ഒറ്റക്കു കാര്യങ്ങൾ നടത്തുന്ന ആളാണ്. അമ്മയും അനിയത്തിയും മാത്രമാണ് ഉള്ളത്. എട്ടു വയസിൽ അച്ഛൻ മരിച്ചു. അമ്മയ്ക്ക് പുറത്തിറങ്ങി കാര്യങ്ങൾ നടത്താൻ ഒന്നും അറിയില്ല. ഒരാൾ കൂടെയുണ്ടെങ്കിലും പലതും ഒറ്റയ്ക്ക് ചെയ്യുന്നത് തന്നെയാണ് കംഫർട്ടബ്ൾ. അതെന്റെ സ്വാഭാവ രീതിയാണ്. പിന്നെ ഡ്രൈവർ, മേക്കപ്പ് മാൻ ഇങ്ങനെ സ്റ്റാഫിന്റെ എണ്ണം കൂടുമ്പോൾ വാല്യൂ കൂടും എന്ന ധാരണ ഇവിടെ ചിലയിടത്തൊക്കെ ഉണ്ട്. എനിക്ക് എന്റെ വർക്കുകൾ എന്നെപ്പറ്റി സംസാരിക്കുന്നതാണ് ഇഷ്ടം. നമ്മുടെ സുഖസൗകര്യങ്ങൾ കൂടി സിനിമ നന്നാവാൻ ഉപയോഗിക്കപ്പെടട്ടെ. അമ്മയെ കൂടെ കൂട്ടുമ്പോൾ അമ്മ ആവശ്യങ്ങൾ ഒന്നും പറയാത്തതുകൊണ്ട് അതുകൂടി ഞാൻ ശ്രദ്ധിക്കണം.

സിനിമ ഒരു സുരക്ഷിതമായ തൊഴിലിടമാണോ?

ഇനി കൂടുതൽ സുരക്ഷിതമായിരിക്കും സിനിമ എന്ന തോന്നലുണ്ട്. വനിതാ സംഘടനകൾ വരുന്നുണ്ട്, ആളുകൾ അലേർട്ട് ആയി. സിനിമയിൽ സ്ത്രീകൾ തന്നെ സംസാരിക്കാൻ തുടങ്ങി. പിന്നെ ആ സുരക്ഷിതത്വ കുറവ് എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല. ഞാൻ, വർക്ക് ചെയ്യുന്ന ടീം, സ്ഥലം ഒക്കെ നോക്കി മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടാവാം അത്.  പ്രലോഭനങ്ങളിൽ വീണു പോകുന്ന പെൺകുട്ടികളെ പറ്റിക്കുന്ന ആൾക്കാർ ഉണ്ടാവാം. കടന്നുപോയ ആളുകളുടെ അവസ്ഥയെ കുറച്ചു കാണുകയല്ല, പക്ഷെ ക്രോസ്സ് ചെക്കിങ് നടത്തിക്കൊണ്ടേ ഇരിക്കുന്നത് കൊണ്ട്, നിലപാട് കൈവിടാതിരിക്കുന്നത് കൊണ്ട്, ഇത്രയും  കാലം ഇവിടെ നിന്നതു കൊണ്ട്, എന്നെ, എന്റെ രീതികളെ എല്ലാവർക്കും അറിയാവുന്നത് കൊണ്ട്  അങ്ങനെ അനുഭവം ഉണ്ടായിട്ടില്ല. യഥാർത്ഥ സിനിമാക്കാരുടെ ഇടയിൽ എത്താതെ ഏതോ മൂലയിൽ നില്‍ക്കുന്ന ആൾക്കാർ കുറെ അറിയാത്ത പെൺകുട്ടികളെ പറ്റിക്കുന്ന അവസ്ഥയുണ്ട് . ഒരു ആങ്കർ ആയ ശേഷം, സിനിമാ മേഖയിലെ കുറെ രീതികളെ പരിചയപ്പെട്ട ശേഷമാണ് സിനിമയിൽ എത്തുന്നത്. അപ്പോൾ ഈ മേഖല പരിചിതമായിരുന്നു. ഒരു ക്രോസ്സ് ചെക്കിങ് വളരെ നല്ലതാണ്. പിന്നെ ലോകത്ത് മൊത്തം സുരക്ഷിതത്വമില്ലായ്മ ഉണ്ട്. സിനിമയിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവാം എന്ന് മാത്രം. സിനിമ  ഇന്‍ഡസ്ട്രിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ  അർത്ഥമില്ല. ലോകം മൊത്തം അത്തരം അരക്ഷിതാവസ്ഥയിലാണ്. മൃതദേഹത്തോട് പോലും അനാദരവ് കാട്ടുന്ന സമൂഹത്തിലാണ് നമ്മൾ ഉള്ളത്. സിനിമ ആളുകൾക്ക് താത്പര്യമുള്ള ഒരു സ്ഥലം ആയതുകൊണ്ട് കൂടുതൽ അറിയുന്നുണ്ടാവും എന്ന് മാത്രം.

നൃത്തം പഠിക്കുന്ന, ഇപ്പോഴും പെർഫോം ചെയ്യുന്ന ആളാണ്. ഇത് അഭിനയത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു?

രണ്ടും രണ്ടു തലങ്ങളിൽ നിൽക്കുന്ന കലാരൂപങ്ങളാണ്. ഒന്ന് ലൈവ് ആണ്, മറ്റേത് പ്രോസെസ്സഡ് ആണ്. നൃത്തം നമുക്ക് ചിട്ടകൾ തരും, അറിയാതെ തന്നെ. ഹംബിൾഡ് ആക്കും. അറിയാതെ തന്നെ സംഭവിക്കുന്നത്. ടൈമിങ്ങിന്റെ കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ സഹായിക്കും. ഒരു വലിയ സ്റ്റേജിൽ ലൈവ് കളിക്കുമ്പോൾ കിട്ടുന്ന ചങ്കൂറ്റം ഷൂട്ടിങ്ങിനു സഹായിക്കും. പിന്നെ ഒരു ദോഷമുണ്ട്, എന്റെ ആദ്യ സിനിമയുടെ സി.ഡി ഞാൻ എവിടെ കണ്ടാലും നശിപ്പിക്കാൻ നോക്കും. അതിലെ ഓരോ ചലനങ്ങളും മുദ്രകളാണ്. വരൂ എന്നൊക്കെ പറയുമ്പോഴൊക്കെ അങ്ങനെ നൃത്തം കളിക്കായിരുന്നു ഞാൻ. രണ്ടും തമ്മിലുള്ള വ്യത്യാസം നമ്മൾ അറിയണം, അറിയാത്തതു പറഞ്ഞു തരാൻ ഒരു ടീമും വേണം.

വെടിവഴിപാട് പോലൊരു സിനിമയിൽ അഭിനയിക്കുമ്പോൾ അത്തരം ഇമേജിൽ കുരുങ്ങുമെന്ന ഭയം ഉണ്ടായിരുന്നോ?

എന്റെ കരിയറിന്റെ ആദ്യ കാലത്തു ചെയ്ത സിനിമയായിരുന്നു അത്. ആദ്യം ഞാൻ അവരോട് നോ പറഞ്ഞു. അത് ഇമേജ് പേടി കൊണ്ടായിരുന്നില്ല. എനിക്ക് അത്ര വലിയ ഒരു റോൾ നന്നായി ചെയ്യാന്‍ പറ്റുമോ എന്ന ഭയം കൊണ്ടായിരുന്നു അത്. മേഘരൂപനിൽ ഗോപൻ ചിദംബരവും അകത്തിൽ ഗീതു മോഹൻദാസും സംവിധായിക ശാലിനിയും ഒക്കെയാണ് എനിക്ക് ആ ധൈര്യം തന്നത്. ചായില്യം പോലൊരു റോൾ കിട്ടിയപ്പോൾ പോലും ഞാൻ സംവിധായകനോട് സീനിയർ ആയ ആരെങ്കിലും ചെയ്താൽ നന്നാവും എന്ന് പറഞ്ഞിരുന്നു. അഭിനയിക്കാൻ അറിയുമോ എന്ന് സ്വയം വന്ന ചിന്ത കൊണ്ടുണ്ടായ നോ ആയിരുന്നു വെടിവഴിപാടിലും ആദ്യം വന്നത്. ശംഭു എന്ന സംവിധായകനും അരുൺ കുമാർ അരവിന്ദുമാണ് എന്റടുത്ത് വന്നത്. വെടിവഴിപാടിലെ ചില ഭാവങ്ങൾ എന്റെ മുഖത്തു വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. പക്ഷെ ഇനി അവസാന സീനിൽ ആണെങ്കിലും അനുവിന് കംഫർട്ടബ്ൾ അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്നാണ് അവർ പറഞ്ഞത്. അങ്ങനെ എഗ്രിമെന്റ് എഴുതാം എന്ന് വരെ പറഞ്ഞു. ഞാൻ വളരെ സ്മൂത്തായി ചെയ്ത സിനിമയാണത്. ഞാൻ ഒരു ആക്റ്റർ ആണ്. ഏതൊരു ഗ്രീഡി ആക്റ്ററിനും കിട്ടാവുന്ന വളരെ മികച്ച റോളാണ് സുമിത്ര. എനിക്ക് മുന്നേ പന്ത്രണ്ടോളം നടിമാർ ഈ റോൾ ഒഴിവാക്കി എന്ന് പറയുന്നു. എനിക്ക് ഇപ്പോഴും അത് എന്തിനാണ് എന്ന് മനസിലായിട്ടില്ല.

രണ്ടു മൂന്നു പേർ എന്നോട് മിണ്ടാതായി എന്നതല്ലാതെ വേറെ ഒരു ദോഷവും ഉണ്ടായിട്ടില്ല. അങ്ങനെ നിത്യ ജീവിതത്തിൽ ഉള്ള ആൾക്കാർ ഒന്നും അല്ലായിരുന്നു അവർ. കുടുംബത്തിലെ യാഥാസ്ഥികരായ ആൾക്കാർ പോലും സിനിമയെ ഇഷ്ടപ്പെട്ടു. പിന്നെ ചിലരൊക്കെ ‘ചേച്ചീ, സാധനം കയ്യിലുണ്ട് ട്ടോ’ എന്ന മട്ടിൽ കമന്റടിക്കുമായിരുന്നു. അത് ഞാൻ അത്ര ഗൗരവമായി എടുത്തിട്ടില്ല. സിനിമയ്ക്കും കഥാപാത്രത്തിനും കിട്ടുന്ന അംഗീകാരമല്ലേ ഒരർഥത്തിൽ. ഞാൻ അങ്ങനെ ഒട്ടും ഇമേജ് കോൺഷ്യസ് അല്ല. പക്ഷെ അതിനു ശേഷം അതേ മാതൃകയിലുള്ള നിരവധി തിരക്കഥയുമായി പലരും എന്റടുത്ത് വന്നു. അതൊന്നും ഒട്ടും എക്സൈറ്റിങ് ആയി തോന്നാത്തത് കൊണ്ട് ചെയ്തില്ല. ഇതിലും മുകളിൽ നിൽക്കുന്ന കഥാപാത്രം എന്ന ചിന്ത കൊണ്ട് മാത്രം ഞാൻ പലതും ഒഴിവാക്കി. ഒരു ആക്റ്റർ ടൈപ്പ്‌കാസ്റ്റ് ആവുന്നെങ്കിൽ അത് ഇൻഡസ്ട്രിയുടെ, കഥാപാത്രങ്ങളുടെ സൃഷ്ടികർത്താക്കളുടെ ഉത്തരവാദിത്വമാണ്.

ചെയ്യാനാഗ്രഹമുള്ള റോൾ? ഭാവി പരിപാടികൾ

വളരെ പ്ലെയിൻ ആയ, എന്നാൽ എന്തെങ്കിലും ചെയ്യാൻ ഉള്ള കഥാപാത്രം ചെയ്യണം എന്നുണ്ട്. പദ്മിനി ഉണ്ട്, ജിജു  അശോകന്റെ പ്രേമ സൂത്രം എന്നൊരു സിനിമ ഉണ്ട്. ചെമ്പൻ വിനോദും ബാലു വർഗീസും ലിജോ മോളും ഞാനുമാണ് പ്രധാന റോളുകളിൽ. അതും മാർച്ചിൽ റിലീസ് ഉണ്ടാവും. ഞാൻ അധികം ശ്രമിക്കാത്ത കോമഡി വിഭാഗത്തിൽ ഉള്ള സിനിമയാണത്. ഉണ്ണികൃഷ്ണൻ ആവലയുടെ ഉടലാഴം ആണ് മറ്റൊരു സിനിമ. മണി ആണ് നായകൻ. അതും പ്രതീക്ഷയുള്ള സിനിമയാണ്. മലപ്പുറത്തുള്ള ഒരുപറ്റം ഡോക്ട്ർമാരാണ് സിനിമ നിർമിക്കുന്നത്. സാധ്യതകളും തീരുമാനങ്ങളും എന്നൊരു സിനിമയാണ് ഏറ്റവും ഒടുവിൽ ചെയ്തു തീർത്തത്. പ്രകാശ് ബാരെയുടെ കൂടെയാണ് അഭിനയിച്ചത്. സുരേഷ് എന്ന പുതുമുഖ സംവിധായകന്റെ സിനിമ ആണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തതാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇനി ചെയ്യാനുള്ളത് അക്കു അക്ബർ സിനിമ ആണ്.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍