UPDATES

സിനിമ

ഹരിശ്രീ അശോകന്റെ മകന്‍ ഹരിശ്രീ കുറിച്ചത് പറവയില്‍; സ്ഥാനമുറപ്പിച്ച് ബിടെക്-അര്‍ജുന്‍ അശോകന്‍/അഭിമുഖം

സിനിമ ആഗ്രഹമുണ്ടായിരുന്നു പക്ഷെ ഭീകരമായിരുന്നില്ല. പറവ വരുന്നതുവരെ ഞാൻ നല്ല സിനിമ വരട്ടെ എന്ന് കാത്തിരിപ്പിൽ ആണ് നിന്നിരുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

ഹരിശ്രീ അശോകന്‍റെ മകന്‍ അര്‍ജുന്‍ അശോകന്‍ പറവയുടെ വിജയത്തിന് ശേഷം ചെയ്ത സിനിമയാണ് ബിടെക്ക്‌. മൃദുൽ നായരുടെ കന്നി സംരംഭമായ ഈ സിനിമയിലെ ആസാദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായകനായിരിക്കുകയാണ് അർജുൻ ഇപ്പോൾ. കൂടുതൽ വിശേഷങ്ങളുമായി അർജുൻ;

ആസാദ് ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. ആസാദിനെ പ്രേക്ഷകർക്ക് സമ്മാനിച്ച ബിടെക് സിനിമയെ കുറിച്ച് എന്ത് പറയുന്നു?

ഇത്തരത്തിൽ കേൾക്കുക എന്നത് വളരെയധികം സന്തോഷം ഉള്ള കാര്യമാണ്‌. തീർച്ചയായും വളരെയധികം സന്തോഷമുണ്ട്. എനിക്ക് ഇതുവരെയും പടം കാണാൻ പറ്റിയില്ല എന്നുള്ള സങ്കടം മാത്രമേ ബാക്കിയുള്ളൂ. പുതിയ സിനിമയുടെ ഷൂട്ട് കാരണം എനിക്കിവിടെ നിന്നും മാറി നില്‍ക്കാൻ ഇതുവരെയും പറ്റിയിട്ടില്ല. ബിടെക്ക് സിനിമ ഷൂട്ട് നടക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും താമസിച്ചിരുന്നത് ഒരു ബിൽഡിങ്ങിലായിരുന്നു. എല്ലാവരും ഒരൊറ്റ ഗ്യാങ് ആയി തന്നെയാണ് അവിടെ നിന്നത്. എന്നാൽ ഷൂട്ട് ചെയ്യുന്ന സമയത്ത് അതിന്‍റേതായ സീരിയസോട് കൂടി സിനിമയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ആസിഫ് അലി എന്ന സീനിയർ ആക്ടറോടൊപ്പം അഭിനയിക്കുമ്പോൾ ഉള്ള അനുഭവങ്ങൾ?

ആസിഫിക്ക പൊളിയാണ്. സൗബിക്കയെ പോലെ തന്നെയാണ് ആസിഫിക്കയും. ഷൂട്ട് സമയത്ത്‌ ഞങ്ങൾ താമസിച്ചിരുന്നത് ഒരേ അപാർട്മെന്റിന്റെ അപ്പുറത്തും അപ്പുറത്തും ഉള്ള മുറികളിലായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ ആസാദ്-ആനന്ദ് എന്നിവർക്കിടയിലെ ആ ഒരു വൈബ് മുൻപേ തന്നെ ഞങ്ങൾക്കിടയിൽ ഉണ്ട്. ചില സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ അറിയാതെ ഞാൻ ഇക്ക എന്നു വിളിച്ചു പോയിട്ടുണ്ട് ആളെ. ഒരു സീനിൽ അത് ഡബ്ബ് ചെയ്തു മാറ്റേണ്ടി വരെ വന്നിട്ടുണ്ട്.

ആദ്യസിനിമയായ പറവയിലേക്ക് എങ്ങനെയാണ് എത്തിയത്?

സൗബിക്ക അച്ഛനെ വിളിച്ചു സംസാരിച്ച് എന്നോട് ആളെ കാണാൻ പറഞ്ഞു. ആദ്യമേ ഞങ്ങൾക്കിടയിൽ ഒരു hi bye ബന്ധം ഉണ്ടായിരുന്നു. പിന്നെ ഞാനും ഇക്കയോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ച് പണ്ട് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുമായിരുന്നു. പിന്നെ പനമ്പിള്ളി നഗറിൽ വെച്ചു കാണുമായിരുന്നു. അങ്ങനെ പണ്ടേ ഞാൻ നോട്ടഡ് ആണെന്നൊക്കെയാണ് ഇക്ക പറഞ്ഞത്. അങ്ങനെയാണ് പറവയിൽ വിളിക്കുന്നത് എന്നാണ് പറഞ്ഞത്. പിന്നെ താടി വളർത്താൻ പറഞ്ഞു. അങ്ങനെ പറഞ്ഞ പോലെ സമയമെടുത്തു വളർത്തി, നല്ലൊരു കഥാപാത്രം അതിൽ ചെയാൻ പറ്റി.

സിനിമ സ്വപ്നമായിരുന്നോ?

സിനിമ ആഗ്രഹമുണ്ടായിരുന്നു പക്ഷെ ഭീകരമായിരുന്നില്ല. പറവ വരുന്നതുവരെ ഞാൻ നല്ല സിനിമ വരട്ടെ എന്ന് കാത്തിരിപ്പിൽ ആണ് നിന്നിരുന്നത്. രണ്ട് മൂന്ന് സിനിമകൾ വന്നിരുന്നു. പക്ഷെ അത് വേണ്ടാ എന്നു വെച്ചു. ആ ആ രീതിക്ക് കാത്തിരുന്നപ്പോൾ നല്ലൊരു സിനിമ വന്നു, അത് ചെയ്തു. പിന്നെ കൂടുതലായും ക്യാരക്ടർ റോൾ ചെയ്യാനാണ് താല്പര്യം.

അച്ഛനെന്ന നടൻ എത്രമാത്രം സ്വാധീനിച്ചു?

പലതരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ അച്ഛന്റെ മകൻ അല്ലെ. ആ രക്തത്തിൽ ഉള്ള എന്തെങ്കിലും ഒക്കെ ലഭിച്ചിട്ടുണ്ടാകും എന്നുള്ള വിശ്വാസം ഉണ്ട്. ആ വിശ്വാസത്തിന്റെ പുറത്താണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ സിനിമ കണ്ട് അച്ഛൻ വളരെ നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്. 12th വരെ സിനിമ എന്ന ആഗ്രഹം ഒന്നും എനിക്കില്ലായിരുന്നു. പിന്നെ 12th കഴിഞ്ഞപ്പോൾ നമ്മൾ സ്വയം എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ ഷോട്ട് ഫിലിം ചെയ്തു. യൂട്യൂബിൽ ഒന്നും അപ്‌ലോഡ് ചെയ്യാതെ നമ്മൾ സുഹൃത്തുക്കള്‍ക്കിടയിൽ കണ്ടിരിക്കാനും കണ്ട് ചിരിക്കാനും ഒക്കെ തരത്തിലുള്ള ഫിലിംസ്. ഇതൊക്കെയാണ് തുടക്കത്തിലേ അനുഭവങ്ങൾ. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം എല്ലാ ലൊക്കേഷനിലും പോകുമായിരുന്നു. പാണ്ടിപ്പട, പഞ്ചാബി ഹൗസ് തുടങ്ങിയ ലൊക്കേഷനിലോക്കെ പോയിട്ടുണ്ട്. അന്നു നമുക്ക് സിനിമയെ പറ്റി ഒന്നും അറിയില്ലായിരുന്നു. ചുമ്മാ പോവുക അവിടെ നടന്മാരെ/നടിമാരെ കാണുക എന്ന കൗതുകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയറക്ഷൻ എന്താണ്, കാമറ എന്താണ് ഒന്നും അറിയില്ലായിരുന്നു. സിനിമയിൽ വർക്ക് ചെയ്യുന്നത് വരെ സത്യത്തിൽ നമുക്ക് ഒരു ധാരണയും ഇല്ലായിരു. പുലിവാല്‍ കല്യാണം ചെയ്യുമ്പോൾ എനിക്ക് ഒരു ഭാഗ്യം ലഭിച്ചു. സുകുമാരൻ സാർ ആയിരുന്നു അതിന്റെ ക്യാമറ ചെയ്തിരുന്നത്. ജയേട്ടൻ, ലാലങ്കിൾ, കാർത്തിക ചേച്ചി എല്ലാവർക്കും ഒപ്പം നിൽക്കുമ്പോൾ സുകുമാർ അങ്കിൾ എന്നെ വിളിച്ചു ക്യാമറയുടെ ക്രെയിനിൽ കയറ്റിവെച്ചു സ്കോപ്പിലൂടെ നോക്കാൻ പറഞ്ഞു. അത് താഴെ നിന്നും ഒരു ചേട്ടൻ ഫോട്ടോ എടുത്തു. ആ ഫോട്ടോ ഇപ്പോഴും കൈയ്യിലുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം ആണത്. കാരണം ഞാൻ ക്യാമറക്ക് നില്കുന്നതിനും മുൻപേ എനിക്ക് ക്യാമറ സ്കോപ്പിലൂടെ നോക്കാൻ സാധിച്ചു. പിന്നെ കുടുംബത്തിൽ അച്ഛനുമായാണ് സിനിമകൾ ചർച്ച ചെയ്യാറ്.

ബിടെക്കിലെ കഥാപാത്രത്തിലൂടെ പറയാൻ ശ്രമിച്ച പൊളിറ്റിക്സ് നിസാരമല്ലാത്ത ഒന്നാണ്. എന്ത് പറയുന്നു?

ഒരു ക്യാരക്ടറൈസെഷൻ അതിന്റെ ബിഹേവിയർ, സാധ്യതകൾ ഇതാണ് ഞാൻ നോക്കുന്നത്. ഞാനെന്ന വ്യക്തിയുമായി ഒട്ടും ബന്ധമില്ലാത്ത കഥാപാത്രം ആണത്. അതുകൊണ്ട് തന്നെ അതൊരു വെല്ലുവിളി ആയിരുന്നു.

അടുത്ത സിനിമ?

ഇപ്പോൾ ഞാൻ അഭിനയിക്കുന്നത് ഫഹദിക്ക നായകനായ അമൽ നീരദ് ചിത്രത്തിൽ ആണ്. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു പറയാറായിട്ടില്ല.

വിദ്യാഭ്യാസം?

ബികോം കഴിഞ്ഞു ബിസിനസ്സ് ചെയ്യുമ്പോഴാണ് ആദ്യ സിനിമ ചെയുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍