UPDATES

സിനിമ

രാമലീല സംവിധായകന്‍ അരുണ്‍ ഗോപി/അഭിമുഖം: സിനിമ കാണണമെന്നും കാണണ്ട എന്നും പറയാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് രാമലീല

അനു ചന്ദ്ര

അനു ചന്ദ്ര

പല തവണ റിലീസ് മാറ്റിവെച്ച ദിലീപ് സിനിമ രാമലീല ഈ മാസം 28 ന് തീയേറ്ററില്‍ എത്തുകയാണ്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ഈ ചിത്രം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ആണ് പലപ്പോഴായി മാറ്റി വെക്കപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തകനായ രാമനുണ്ണിയുടെ കഥ പറയുന്ന ഈ ചിത്രം പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിങ്ങിനോടനുബന്ധിച്ച് ലഭിക്കുന്ന അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി, അനു ചന്ദ്രയുമായി സംസാരിക്കുന്നു.

അനു ചന്ദ്ര: പലപ്പോഴായി റിലീസിംഗ് മാറ്റി വെക്കപ്പെട്ടിട്ടും, പല തരത്തില്‍ പ്രതിസന്ധികള്‍ നേരിട്ടിട്ടും ഒടുവില്‍ രാമലീല പ്രദര്‍ശനത്തിനെത്തുന്നു. ആശങ്കകള്‍ ഉണ്ടോ?

അനു ചന്ദ്ര: ആശങ്കകള്‍ അല്ല, മറിച്ച് പ്രതീക്ഷകളാണ് രാമലീല തരുന്നത്. സ്വാഭാവികമായും ഒരുപാട് പ്രതിസന്ധികള്‍ ഒക്കെ കടന്നാണ് ഈ സിനിമ തീറ്ററുകളിലേക്ക് എത്തുന്നത്. അപ്പോള്‍ അതിനായി എടുത്ത എല്ലാവിധ പരിശ്രമങ്ങള്‍, സിനിമയെ സമീപിച്ച സത്യസന്ധമായ വഴികള്‍ തുടങ്ങി അത്തരത്തിലുള്ള എല്ലാത്തിന്റേതുമായ പ്രതീക്ഷകള്‍ എല്ലാം തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ആ സിനിമ തീയേറ്ററില്‍ എത്തിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നമ്മുടെ ഭാഗത്ത് നിന്നുണ്ട്. അത് പ്രേക്ഷകര്‍ക്ക് മനസിലാകും, സ്വീകരിക്കപ്പെടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അനു: അങ്ങനെ വിശ്വസിക്കുമ്പോഴും പ്രത്യക്ഷത്തില്‍ റീലീസിങ്ങിനെ അനുകൂലിക്കുന്ന, പ്രതികൂലിക്കുന്ന, ചേരി തിരിഞ്ഞ രണ്ട് വിഭാഗങ്ങളെ കാണാനാകുന്നുണ്ട് എന്നത് വിസ്മരിച്ചു കൂടല്ലോ?

അരുണ്‍: അതിപ്പോ എല്ലാ കാലഘട്ടത്തിലും അങ്ങനെയാണല്ലോ. പൊതുജനം പലവിധം എന്നല്ലേ പറയാറ്. ഏത് കാര്യത്തിലായാലും രണ്ട് അഭിപ്രായം ഉള്ളവരുടെ നാടാണ് നമ്മുടേത്. ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായങ്ങള്‍ കാണാം. അഭിപ്രായ പ്രകടനങ്ങള്‍ ഒരിക്കലും തെറ്റല്ല. ഇപ്പോള്‍ രാമലീല എന്നു പറയുന്ന സിനിമ കാണണമെന്നും കാണണ്ട എന്നും പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുള്ളവര്‍ക്ക് ഉണ്ട്. അത് അവര്‍ പറയുന്നു. അങ്ങനെ കണ്ടാല്‍ മതി.

അനു: അവള്‍ക്കൊപ്പം, അവനൊപ്പം, രാമലീലയ്ക്കൊപ്പം… സോഷ്യല്‍ മീഡിയയില്‍ തരംഗമായ വ്യത്യസ്തമായ മൂന്ന് തരം ഹാഷ് ടാഗുകള്‍. എന്ത് പറയുന്നു?

അരുണ്‍: അവള്‍ക്കൊപ്പമാണെങ്കിലും അവനൊപ്പമാണെങ്കിലും രാമലീലയ്ക്കൊപ്പമാണെങ്കിലും ശരിയെന്ന് തോന്നുന്നത്, അതിനെ നിങ്ങള്‍ ചേര്‍ത്ത് നിര്‍ത്തൂ എന്നേ ഞാന്‍ പറയൂ. നിലപാടുകളോട് നമ്മള്‍ സ്വയം ചേര്‍ന്നു നില്‍ക്കുക, അല്ലെങ്കില്‍ അതിനെ ചേര്‍ത്ത് നിര്‍ത്തുക. അത് വ്യക്തികളുടെ സ്വാതന്ത്ര്യമായേ കാണാനാകൂ.

അനു: പലപ്പോഴായി ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങുന്നു.. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്തു?

അരുണ്‍: സ്വാഭാവികമായും ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നു. അതും വളരെ ദൌര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍. നമ്മള്‍ പലപ്പോഴായി കേള്‍ക്കുകയായിരുന്നു ഇങ്ങനെയൊക്കെ ഉണ്ട്, ഇങ്ങനെയൊക്കെ ഉണ്ട് എന്ന്. ഒരു സുപ്രഭാതത്തില്‍ അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്. അത് നമ്മളെ ബാധിക്കുകയാണ്. അപ്പൊ അതിന്റെതായ ഒരു അങ്കലാപ്പും ആധിയും എല്ലാം നമുക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നു. പക്ഷേ ആ കാലവും കടന്നു പോകണമെന്ന് പറയുന്ന പോലെ, നമ്മള്‍ ഓരോ ദിവസവും അതിനോടൊപ്പം സഞ്ചരിക്കുകയും അല്ലെങ്കില്‍ അതില്‍ നിന്ന് എന്ത് ചെയ്യണമെന്ന് ചിന്തിക്കുകയും, ചിന്തിച്ചു മുന്‍പോട്ടു പോയി പോയാണ് ഇപ്പോള്‍ ഇവിടെ, ഈ സ്റ്റേജില്‍ വന്നു നില്‍ക്കുന്നത്. സിനിമ റിലീസ് ചെയ്യുമെന്ന് പറയുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.

അനു: റീലീസിങ്ങിനായി സിനിമ സംഘടനയില്‍ നിന്നുള്ള പിന്തുണ എത്തരത്തിലാണ്?

അരുണ്‍ ഗോപി: സിനിമ സംഘടനയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നെല്ലാം നല്ല തരത്തിലുള്ള പിന്തുണ തന്നെ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള പിന്തുണ ലഭിക്കുന്നത് കൊണ്ട് തന്നെയാണ് സിനിമ തീറ്ററിലേക്കെത്തുന്നതും. മാത്രമല്ല സോഷ്യല്‍ മീഡിയ പോലുള്ള എല്ലായിടങ്ങളിലും, നമ്മളെ അറിയുന്നതും അറിഞ്ഞു കൂടാത്തതുമായ ആളുകള്‍ അവരുടേതായ പിന്തുണകള്‍ തരുന്നു. എല്ലാം പ്രതീക്ഷകളും സന്തോഷങ്ങളുമാണ് തരുന്നത്.

അനു: തത്കാലം വിവാദങ്ങളെ മാറ്റി നിര്‍ത്തി നമുക്ക് രാമലീലയുടെ കഥാതന്തുവിലേക്ക് വരാം?

അരുണ്‍: കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് രാമലീല. രാമനുണ്ണി എന്ന് പറയുന്ന എംല്‍എയും അയാളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞു പോകുന്ന ഒരു കഥയാണിത്. രാമലീല പറയുന്നത്/ചര്‍ച്ചയ്ക്ക് വെക്കുന്നത് രാമലീലയുടേതായ അല്ലെങ്കില്‍ ഞങ്ങളുടേതായ ഒരു പൊളിറ്റിക്‌സ് ആണ്.

അനു: എങ്ങനെയാണ് രാമലീല ദിലീപിലേക്ക് എത്തിച്ചേരുന്നത്?

അരുണ്‍: മുന്‍പേ പറഞ്ഞല്ലോ, രാമനുണ്ണി എന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തില്‍ നടക്കുന്ന ഒന്നാണ് സിനിമ. രാമനുണ്ണി നമുക്കെല്ലാം പരിചിതനായ ഒരാളാണ്. രാമനുണ്ണി ഒരു സൂചി കൊണ്ട് പോലും ആരെയും കുത്തി നോവിച്ചിട്ടില്ലാത്ത ഒരാളാണ്. അയാള്‍ ജീവിച്ചിരുന്ന പാലക്കാടിന്റെ പശ്ചാത്തലിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഇതില്‍ ഹ്യുമറിന്റെ ലേഔട്ട് ഉണ്ടെങ്കിലും ഒരു കോമഡി സിനിമ എന്ന് ഇതിനെ പറയാന്‍ പറ്റില്ല. ഒരു വ്യക്തമായ കഥയുള്ള, വ്യക്തമായ ചിന്തയുള്ള, ഒരു വ്യക്തമായ ആഖ്യാന രീതി കൊണ്ടുവരാന്‍ ശ്രമിച്ച സിനിമയാണിത്. ഇപ്പറയുന്ന കഥയിലെ രാമനുണ്ണി നമുക്ക് പരിചിതനാണ്. നമ്മളറിയുന്ന, നമ്മളെല്ലാം പൊളിറ്റിക്‌സില്‍ കണ്ടുപരിചയമുള്ള ആളാണ്. വളരെ വ്യക്തമായി പറയുന്ന, വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ്. അയാള്‍ എപ്പോഴും അയാളുടെ ഉള്ളിലെവിടെയോ ഒരു നര്‍മം സൂക്ഷിച്ചു കൊണ്ടാണ് സംസാരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ആ ഒരു കഥാപാത്രം ചെയ്യാന്‍ ദിലീപേട്ടനാണ് അനുയോജ്യം എന്ന തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹത്തില്‍ എത്തുന്നത്.

അനു: കഥയിലെ സ്ത്രീ പ്രാധാന്യത്തെ കുറിച്ച്?

അരുണ്‍: പ്രയാഗ മാര്‍ട്ടിന്‍ ആണ് നായികയാവുന്നത്. അതുപോലെ തന്നെ രാധിക ശരത്കുമാര്‍ വളരെ നല്ല ഒരു കഥാപാത്രമാണ് ചെയ്യുന്നത്. വളരെ ശക്തമായ, കഥയെ നയിക്കുന്ന തരത്തിലുള്ള കഥാപാത്രം. സീനുകളുടെ എണ്ണം കൊണ്ടല്ല, കഥയിലെ ഇടപെടലുകള്‍ കൊണ്ടാണ് കഥാപാത്രങ്ങള്‍ ശക്തരാകുന്നത്.

അനു: സിനിമയുടെ റീലീസിങ്ങിന് ചിത്രം കാണാനായി നായക കഥാപാത്രം ചെയ്ത ദിലീപിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നത് സംശയമാണെല്ലോ. എന്ത് പറയുന്നു?

അരുണ്‍: എല്ലാം ചില നിയോഗങ്ങള്‍ അല്ലേ. നമുക്കൊന്നും പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ല, നമുക്കൊന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുമല്ല. നമ്മുടെയെല്ലാം ചിന്തകള്‍ കൊണ്ട് സാധൂകരിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല ഇത്. മറ്റെവിടെയോ ആണ് ഇതിന്റെ സൊല്യൂഷന്‍ ഇരിക്കുന്നത്. ആ സൊല്യൂഷന്‍ വളരെ പെട്ടെന്ന് കിട്ടട്ടെ. സത്യം അഥവാ യാഥാര്‍ത്ഥ്യം എന്തായാലും ഉടനെ തന്നെ എല്ലാം പുറത്തു വരട്ടെ.

അനു: സ്വതന്ത്ര സംവിധായകനാകുന്ന രാമലീല എന്ന സംരംഭത്തിലേക്ക് എങ്ങനെ എത്തിപ്പെട്ടു?

അരുണ്‍: സിനിമയെ സ്‌നേഹിക്കുന്ന, സിനിമയെ മോഹിക്കുന്ന, സിനിമയെ സ്വപ്നം കാണുന്ന ഏതൊരാളെയും പോലെ വളരെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കഥ പറഞ്ഞും ഒക്കെയാണ് സിനിമയിലെത്തുന്നത്. കെ. മധു സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. രാമലീലയുടെ എഴുത്ത്, നായകനെ കണ്ടെത്തല്‍, പ്രൊഡ്യൂസര്‍, ചിത്രീകരണത്തിനാവശ്യമായ തത്രപ്പാടുകള്‍ തുടങ്ങി നാലു വര്‍ഷമായുള്ള എഫര്‍ട്ട് ആണ്. എല്ലാ സിനിമകളും എഫര്‍ട്ട് ആവശ്യപ്പെടുന്നു എങ്കിലും ഒരു പുതുമുഖ സംവിധായകനായത് കൊണ്ട് കുറച്ചു കൂടുതല്‍ എഫര്‍ട്ട് വേണ്ടി വന്നു. നമ്മള്‍ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട സംവിധായകനല്ല. അപ്പോള്‍ എനിക്ക് എന്ത് തരാന്‍ പറ്റുമെന്നോ, എന്ത് ചെയ്യാന്‍ പറ്റുമെന്നോ, ഞാന്‍ എന്താണെന്നോ, ഞാന്‍ ആരാണെന്നോ, എനിക്ക് എന്ത് തരാനുള്ള കപ്പാസിറ്റി ഉണ്ടെന്നോ സിനിമാക്കാര്‍ക്കോ പ്രേക്ഷകര്‍ക്കോ അറിയില്ല. സ്വാഭാവികമായും അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ എഫര്‍ട്ട് എടുക്കേണ്ടി വരുന്നുണ്ട്. അത്തരത്തിലുള്ള എഫര്‍ട്ട് തന്നെയാണ് രാമലീല.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍