UPDATES

സിനിമ

ഈ. മ. യൗവിലെ സാബിയത്ത് സംസാരിക്കുന്നു: ആര്യ ഉണ്ണി/അഭിമുഖം

ഇനി വരാനിരിക്കുന്നത് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയാണ്

അനു ചന്ദ്ര

അനു ചന്ദ്ര

ഫസ്റ്റ് ലുക്ക് പോസ്റ്ററിടെയും, ചിത്രീകരണ വേഗം കൊണ്ടും, കഥ പറച്ചില്‍ ശൈലി കൊണ്ടും, സംവിധാനമികവു കൊണ്ടും അഭിനയമികവു കൊണ്ടും എല്ലാം തന്നെ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായ അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ. മ. യൗ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ചെമ്പൻ വിനോദ് കൈകാര്യം ചെയ്ത കഥാപാത്രത്തിന്റെ ഭാര്യയായ സാബിയത്ത് ആയി അഭിനയിച്ച ആര്യ ഉണ്ണി അഭിനയമികവുകൊണ്ട് ശ്രദ്ധേയയാവുകയാണ്. ആര്യ ഉണ്ണി തന്റെ വിശേഷങ്ങൾ അഴിമുഖവുമായി പങ്കുവെക്കുന്നു.

ഈ. മ. യൗ ഇന്ന് കേരളക്കരയാകെ ചർച്ച ചെയ്യുന്ന സിനിമയാണ്, സിനിമയിലെ കഥാപാത്രങ്ങളും. എന്ത് പറയുന്നു?

വളരെയധികം സന്തോഷം. പ്രേക്ഷകർ സിനിമയെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നുള്ളത് തന്നെ ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.

ആര്യ സിനിമയിൽ തുടക്കക്കാരിയാണ്.ആ നിലക്ക് സബിയത്തെന്ന കഥാപാത്രം ഒരു വലിയ ഭാഗ്യമല്ലേ?

തീർച്ചയായും. തൃശ്ശിവപേരൂർ ക്ലിപ്തം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഈ രണ്ടു സിനിമകളുമാണ് ഈ. മ. യൗ ചെയ്യുന്നതിന് മുൻപ് ഞാൻ അഭിനയിച്ചു പുറത്തു വന്നത്. രണ്ടിലും വലിയ വേഷം ഒന്നുമായിരുന്നില്ല ചെയ്‌തത്‌. ഒരു തുടക്കക്കാരി എന്ന നിലയിൽ അതുകൊണ്ടുതന്നെ ഈ സിനിമയിൽ ഇത്തരത്തിൽ ഒരു സംവിധായകനൊപ്പം ചെമ്പൻ വിനോദിന്റെ നായിക കഥാപാത്രമായി വരുന്നതു തന്നെ ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. പിന്നെ തീയേറ്റർ വിട്ടറങ്ങിയതിനുശേഷവും സബിയത്തെന്ന പേരും ഞാൻ ചെയ്ത കഥാപാത്രവും ആളുകളുടെ മനസ്സിൽ ഉണ്ടെന്നത് സന്തോഷമാണ്. പിന്നെ വളരെ നാച്ചുറലായ അഭിനയമായിരുന്നു കഥക്ക് ആവശ്യം. മാത്രമല്ല പലപ്പോഴും ലെങ്തി ഷോട്ടുകൾ ആണ് ചെയ്യേണ്ടി വന്നിരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഷൂട്ട് ചെയ്യുമ്പോൾ എന്റെ ഫെയ്സ് മാസ്‌ക് ആയി പോകുമായിരുന്നു. ആ സമയങ്ങളിൽ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ആണ് കൃത്യമായി എങ്ങനെ മാസ്‌ക് ആകാതെ അഭിനയിക്കാം എന്നു പറഞ്ഞു തരുന്നതും സഹായിക്കുന്നതും. ലിജോ ജോസ് പെല്ലിശേരി എന്ന ഒരു വലിയ സംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. ഈ. മ. യൗ വിന്റെ ചീഫ് അസ്സോസിയേറ്റ് ആണ് സ്വാതന്ത്രം അർധരാത്രിയിൽ സംവിധാനം ചെയുന്നത്. ഈ. മ. യൗ കഴിഞ്ഞ ശേഷമാണ് അതിന്റെ ഷൂട്ട് നടക്കുന്നത്. ഇതിലെ അഭിനയം കണ്ടാണ് അതിലേക്ക് വിളിക്കുന്നത്.

എങ്ങനെയാണ് ഈ. മ. യൗ എന്ന സിനിമയിലെ സബിയത്തെന്ന കഥാപാത്രത്തിലെത്തിച്ചേരുന്നത്?

എന്റെ ആദ്യ സിനിമ തൃശ്ശിവപേരൂർ ക്ലിപ്തമായിരുന്നു. അതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ ആയി ചെറിയൊരു വേഷമായിരുന്നു ചെയ്തത്. ആ സിനിമയുടെ സംവിധായകൻ രതീഷ്‌കുമാർ ഞാൻ തൃപ്പൂണിത്തുറ RLV ഫൈൻ ആർട്‌സ് കോളേജിൽ പഠിക്കുന്ന സമയത്ത് സംവിധാനം ചെയ്ത നാടകത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അന്ന് നാഷണൽ ലെവലിൽ വിൻ ചെയ്യുകയുണ്ടായി. അന്ന് മുതലുള്ള പരിചയമാണ് രതീഷ് സാറുമായി ഉള്ളത്. അങ്ങനെയാണ് തൃശ്ശിവപേരൂർ ക്ലിപ്തത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. അന്ന് അവിടെ വെച്ച് കണ്ടപ്പോള്‍ അഭിനയം തുടർന്ന് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ ചെമ്പൻ വിനോദ് ചേട്ടൻ ചോദിച്ചിരുന്നു. അങ്ങനെ ആ സിനിമക്ക് ശേഷം കുറെക്കഴിഞ്ഞാണ് ഒരു ദിവസം ചെമ്പൻ വിനോദ് ചേട്ടൻ വിളിച്ചു ഈ. മ. യൗ സിനിമയുടെ കാര്യം പറയുന്നത്. ഒരു സിനിമ ഉണ്ട്, ചേട്ടന്റെ നായികാ കഥാപാത്രമാണ് എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ആ സിനിമയിൽ എത്തിയത്.

കടലോരത്ത് നടക്കുന്ന കഥ, കടപ്പുറവാസിയായ കഥാപാത്രം. കഥാപാത്രത്തിലേക്ക് എത്തിച്ചേരാൻ അൽപ്പം സമയം എടുത്തില്ലേ?

ആ ഒരു ശൈലിയിലേക്ക് എത്താൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പൗളി ചേച്ചിയൊക്കെ ആ രീതിയിലോട്ട് എന്നെ മാറ്റി എടുക്കാൻ സഹായിച്ചിട്ടുണ്ട്. പിന്നെ പ്രത്യേകം എടുത്തു പറയേണ്ട കാര്യം കമ്മട്ടിപ്പാടം ഫെയിം മണികണ്ഠൻ ചേട്ടൻ ആണ്. ചേട്ടൻ ഒത്തിരി സഹായിച്ചിട്ടുണ്ട് കഥാപാത്രത്തെ ഡെവലപ്പ്‌ ചെയാൻ. ഞങ്ങൾ ഒരുമിച്ച് നാടകം ചെയ്യാറുണ്ട്. അതുപോലെ തന്നെ അവിടുത്തെ കടപ്പുറം നിവാസികളുടെ സഹകരണത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. അവർ അത്രമാത്രം നമ്മളുമായി സഹകരിച്ചു പോന്നിട്ടുണ്ട്.

സിനിമ തന്നെയായിരുന്നോ ലക്ഷ്യം? ആരൊക്കെയാണ് സിനിമയിൽ കൂടെ നിന്നത് പിന്തുണയായി?

രതീഷ് കുമാർ സാർ ചെയ്യുന്ന സിനിമയിൽ എന്നെ വിളിക്കും എന്നുള്ള കാര്യത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ ഭര്‍ത്താവിന്‍റെ സപ്പോർട്ട് ആണ് എല്ലാത്തിനു പുറകിലും ഉള്ളത്. ആദ്യം എനിക്ക് കുറച്ച് ടെന്‍ഷൻ ഒക്കെ ഉണ്ടായിരുന്നു അഭിനയിക്കാൻ ഇറങ്ങുമ്പോൾ. അപ്പോൾ ആളാണ് പറയുന്നത് ഇത് പ്രൊഫഷൻ ആണ്, പ്രൊഫഷനെ അതിന്റെതായ രീതിയില്‍ കണ്ടാൽ മാത്രം മതി, അല്ലാതെ ആരെയും ബോധിപ്പിക്കേണ്ട എന്നൊക്കെ. അത്രമാത്രം പിന്തുണ തന്നിട്ടുണ്ട് ആൾ. പിന്നെ എന്‍റെ വീട്ടുകാർക്ക് സ്വാഭാവികമായും എല്ലാ വീട്ടുകാരെയും പോലെ സിനിമാമേഖല എന്നു പറയുമ്പോൾ ഉള്ള ആശങ്ക ഉണ്ടായിരുന്നു. അതിനെയെല്ലാം മറികടക്കാൻ ഉള്ള പൂർണ്ണ പിന്തുണ തന്നത് ആളാണ്. ഈ മ യൌവിന്‍റെ ഷൂട്ടിംഗ് രാത്രിയിലായിരുന്നു നടന്നത്. എല്ലാദിവസവും ഭർത്താവ് ജോലി കഴിഞ്ഞു മകളെയും കൂട്ടി വൈകുന്നേരങ്ങളിൽ വരും. അവിടന്ന് ദൂരം കുറവാണ് അങ്ങോട്ട്.

ആര്യയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തമോ?

ഞാൻ കാലടി സ്വദേശിയാണ്. വിവാഹം കഴിഞ്ഞ് ഇപ്പോൾ കൊച്ചി വെണ്ണലയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് പ്രജീഷ് ഗ്രാഫിക് ഡിസൈനർ ആണ്. ഇപ്പോൾ ഞാൻ കാവേരിയിൽ ഡിസ്റ്റന്റ് ആയി ഫസ്റ്റ് ഇയർ ബി.എ ഭരതനാട്യം ചെയുന്നു. കൂട്ടത്തിൽ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. ഒരു മകൾ ഉണ്ട്. ഋതു എന്നാണ് വിളിക്കുന്നത്. ഇനി വരാനിരിക്കുന്നത് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയാണ്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍