UPDATES

സിനിമ

ബുദ്ധദേബിനെതിരെ അല്ലാതെ മറ്റാര്‍ക്കെതിരെയാണ് ഞാന്‍ മത്സരിക്കുക? മാധബി മുഖര്‍ജി/അഭിമുഖം

മധ്യവര്‍ഗ പ്രേക്ഷകരെ സംബന്ധിച്ച് ബംഗാളില്‍ തീയറ്റുകളില്‍ പോയുള്ള സിനിമ കാണല്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളില്‍ സിനിമകള്‍ ഇറങ്ങുന്നത് മള്‍ട്ടിപ്ലക്‌സുകളിലാണ്.

മലയാളി ചലച്ചിത്ര പ്രേക്ഷകരെ സംബന്ധിച്ച് സത്യജിത് റേയുടെ ചാരുലതയെ അനശ്വരമാക്കിയ, അഭിനേതാവാണ് മാധബി മുഖര്‍ജി. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വിഖ്യാതനായ ചലച്ചിത്രകാരന്‍ സത്യജിത് റേയ്ക്ക്, തന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയതും ഏറ്റവും പ്രിയപ്പെട്ടതായി ഉയര്‍ത്തിക്കാട്ടിയതും ‘ചാരുലത’യെ ആയിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ ‘നഷ്ടനീര്‍’ എന്ന നോവല്‍ റേ പുനരാഖ്യാനം ചെയ്യുകയും അതിന് ചലച്ചിത്രാവിഷ്‌കാരം ഒരുക്കുകയും, ടാഗോറിന്റെ നോവലിനേക്കാളും വലിയ പ്രശസ്തി, റേയുടെ സിനിമ നേടുകയും ചെയ്തു.

19ാം നൂറ്റാണ്ടിലെ കൊല്‍ക്കത്തയിലെ ഒരു സമ്പന്ന ഗൃഹത്തില്‍ വിരസവും അവഗണന നിറഞ്ഞതുമായ ദാമ്പത്യ ജീവിതം നയിക്കുന്ന ചാരുലതയെ, മാധബി മുഖര്‍ജി അവിസ്മരണീയമാക്കി. ഈ ചിത്രം പുറത്തിറങ്ങുന്നത് 1964-ലാണ്. അതിന് മുമ്പ് തന്നെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും മികച്ച അഭിനേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കി തുടങ്ങിയത് 1967ലാണ്. അതുകൊണ്ട് തന്നെ ചാരുലതയിലെ മാധബിയുടെ സമാനതകളില്ലാത്ത പ്രകടനം ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ 1969ല്‍ ദിബ് രാത്രിര്‍ കബിയ എന്ന ചിത്രത്തിലൂടെ മാധബി മുഖര്‍ജി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. ബിമല്‍ ഭൗമികും നാരായണ്‍ ചക്രബര്‍ത്തിയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ സുപ്രിയ എന്ന കഥാപാത്രത്തെയാണ് മാധബി അവതരിപ്പിച്ചത്.

സത്യജിത് റേയുടെ മഹാനഗര്‍ (1963), കാ പുരുഷ് (1965), മൃണാള്‍ സെന്നിന്റെ ബൈഷെ ശ്രാബണ്‍ (1960) കല്‍ക്കട്ട 71 (1972), ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖ (1965) തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ മാധബി മുഖര്‍ജി അഭിനയിച്ചു. തന്റെ സമകാലീനരായ പ്രമുഖ അഭിനേതാക്കള്‍ ഷര്‍മ്മിള ടാഗോര്‍, സുചിത്ര സെന്‍, ജയ ബച്ചന്‍ തുടങ്ങിയവരെ പോലെ, ബംഗാളി സിനിമകളുടെ അതിര്‍ത്തി കടന്ന് ബോളിവുഡിലേയ്ക്ക് മാധബി പോയില്ല. പലപ്പോഴും ക്ഷണമുണ്ടായിട്ടുണ്ടെങ്കില്‍ പോലും അവര്‍ അതില്‍ താല്‍പര്യം കാണിക്കാതെ നിരസിച്ചു. കെഎ അബ്ബാസിന്റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുകയും നായക വേഷം അവതരിപ്പിക്കുകയും ചെയ്ത മേരാ നാം ജോക്കര്‍ (1970) എന്ന ചിത്രത്തില്‍ നായിക കഥാപാത്രമാകാന്‍ രാജ് കപൂര്‍ ആദ്യം ക്ഷണിച്ചത് മാധബി മുഖര്‍ജിയെയാണ്. മാധബി മുഖര്‍ജിയുടെ സമ്മതത്തിന് വേണ്ടി രാജ് കപൂര്‍ ആറ് മാസത്തോളം കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ആ ക്ഷണം സ്വീകരിച്ചില്ല. 2005ല്‍ പുറത്തിറങ്ങിയ പരിണീതയില്‍ മാധബിക്ക് വേണ്ടി ഒരു വേഷം കരുതി വച്ച സംവിധായകന്‍ പ്രദീപ് സര്‍ക്കാരിനും നിരാശനാകേണ്ടി വന്നു. ബംഗാളി സിനിമ ഹിന്ദി സിനിമയേക്കാള്‍ വളരെ ഔന്നത്യം പുലര്‍ത്തുന്നതായി കരുതുന്നത് കൊണ്ടോ എന്തോ അവര്‍ ആ ക്ഷണവും നിരസിച്ചു. ഷര്‍മ്മിള ടാഗോറിനെ പോലുള്ളവര്‍ ബോളിവുഡില്‍ തിളങ്ങി ഇന്ത്യന്‍ പ്രേക്ഷകരുടെ ഒന്നാകെ പ്രിയപ്പെട്ട അഭിനേതാക്കളായി മാറിയപ്പോള്‍, മാധബി മുഖര്‍ജി ബംഗാളി സിനിമയില്‍ തൃപ്തയായിരുന്നു.


ചാരുലതയില്‍ നിന്ന് ഒരു രംഗം

ആദ്യമായി കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥികളില്‍ ഒരാളായി  തിരുവനന്തപുരത്ത് എത്തിയ മാധബി മുഖര്‍ജി, സിനിമ രംഗത്തെ തന്റെ അനുഭവങ്ങളും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കക്ഷി രാഷ്ട്രീയ അനുഭവങ്ങളും അഴിമുഖവുമായി പങ്കു വച്ചു. ഹ്രസ്വമായ സംഭാഷണത്തിന് മാത്രമാണ് സമയം കിട്ടിയത്. ചോദിക്കേണ്ടിയിരുന്ന പല ചോദ്യങ്ങളും വിട്ടുപോയിട്ടുണ്ട്. സിനിമകളുടെ സെന്‍സര്‍ഷിപ്പും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം വലിയ ചര്‍ച്ചാവിഷയമായിരിക്കുന്ന സമയത്ത് സെന്‍സര്‍ഷിപ്പിനെ സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് മാധബി മുഖര്‍ജി, കേരളത്തിലെ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താന്‍ എന്ത് കാണണം എന്ത് കാണേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ഒരോ പ്രേക്ഷകരുടേയും വ്യക്തിപരമായ തീരുമാനമാകണമെന്നും ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പ് മാത്രമേ അംഗീകരിക്കാനാകൂ എന്നും അവര്‍ പറഞ്ഞു; ഇക്കാര്യം അവര്‍ ആവര്‍ത്തിച്ചു. ചലച്ചിത്ര നിരൂപകന്‍, ഫെസ്റ്റിവല്‍ അഡ്വൈസര്‍, ക്യുറേറ്റര്‍, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അറിയപ്പെടുന്ന പ്രേമേന്ദ്ര മജുംദാറാണ്, മാധബി മുഖര്‍ജി ബംഗാളിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. ഉയര്‍ന്ന നര്‍മ്മബോധവും കുറിക്ക് കൊള്ളുന്ന മറുപടികളുമായാണ് മാധബി മുഖര്‍ജി പ്രതികരിച്ചത്.

താങ്കള്‍ ഇത് ആദ്യമായല്ലേ ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നത്? കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവമടക്കമുള്ള മറ്റ് ഫെസ്റ്റിവലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്ത് തോന്നുന്നു?

ഞാന്‍ ഐഎഫ്എഫ്‌കെയില്‍ ഇതാദ്യമാണ്. എല്ലാ ഫിലിം ഫെസ്റ്റിവലുകളും എന്നെ സംബന്ധിച്ച് ഒരുപോലെ തന്നെയാണ്.

ബംഗാളി സിനിമ അതിന്റെ ഏറ്റവും മികവ് പ്രദര്‍ശിപ്പിച്ചിരുന്ന ഒരു കാലത്ത് സജീവമായിരുന്ന ഒരു അഭിനേതാവാണ് താങ്കള്‍. ഇപ്പോഴത്തെ ബംഗാളി സിനിമയെ എങ്ങനെ കാണുന്നു?

മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി എനിക്ക് അധികം വിശദീകരിക്കാനാവില്ല. ഇപ്പോഴത്തെ ബംഗാളി സിനിമയെ കുറിച്ച് പറയുമ്പോള്‍, കൗശിക് ഗാംഗുലിയെ പോലുള്ള സംവിധായകരുടെ ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. മറ്റുള്ളവര്‍ എന്താണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് അറിയില്ല.

ശ്രീജിത്ത് മുഖര്‍ജിയെ പോലുള്ളവര്‍?

അദ്ദേഹം എന്റെ വളരെ അടുത്താണ് താമസിക്കുന്നത്. എനിക്കൊന്നും പറയാനില്ല.

സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയ അതുല്യരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അതിന് ശേഷം ഋതുപര്‍ണ ഘോഷ് അടക്കമുള്ള മറ്റൊരു തലമുറയില്‍പ്പെട്ട സംവിധായകര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. ഫിലിം മേക്കിംഗ് രീതികളിലും അനുഭവങ്ങളിലുമുള്ള വ്യത്യാസങ്ങള്‍?

എനിക്ക് റേ, ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ സംവിധായകരെ മനസിലാകുന്നില്ല. ശ്രീജിത്ത് മുഖര്‍ജിയുടെ ‘ബൈഷെ ശ്രാബണ്‍’ എന്ന് പേരുള്ള സിനിമ ഞാന്‍ കണ്ടിരുന്നു. ബംഗാളിയില്‍ പല പ്രാദേശിക ഭാഷാവകഭേദങ്ങളുണ്ട്. എന്നാല്‍ ഞാന്‍ ഇതുവരെ കേള്‍ക്കാത്ത തരം പുതിയ ബംഗാളി സ്ലാംഗുകള്‍ അതില്‍ കേട്ടു (ചിരിക്കുന്നു). (1960ല്‍ പുറത്തിറങ്ങിയ മൃണാള്‍ സെന്‍ ചിത്രം ‘ബൈഷെ ശ്രാബണ്‍’ ആണ് മാധബി മുഖര്‍ജി നായിക കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രം).

  ബൈഷേ ശ്രാബണ്‍ – ജ്ഞാനേഷ് മുഖര്‍ജി, മാധബി മുഖര്‍ജി

സത്യജിത് റേയുടെ മൂന്ന് ചിത്രങ്ങളിലെ നായികയായിരുന്നു താങ്കള്‍ – മഹാനഗര്‍ (1963), ചാരുലത (1964), കാപുരുഷ് (1965). അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെ അനുഭവം എങ്ങനെയായിരുന്നു? ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം ചാരുലതയായിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍, അനുഭവങ്ങള്‍?

വ്യത്യസ്ത ചിത്രങ്ങളില്‍ ഒരേ  രീതിയില്‍ തന്നെയാണ് ഞാന്‍ അഭിനയിച്ചത്. എന്നാല്‍ താങ്കള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ചാരുലതയാണ്. നിങ്ങള്‍ എന്നെ അങ്ങനെയാണ് കാണുന്നത്. അതിനാല്‍ ഞാന്‍ അവിടെ കുടുങ്ങിക്കിടക്കുന്നു. പിന്നെ ഞാന്‍ എന്തു പറയാനാണ്? എനിക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ തന്നെ (ചിരിക്കുന്നു).

മഹാനഗറിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ സത്യജിത് റേ താങ്കള്‍ക്ക് തരുകയും, അത് വായിച്ച ശേഷം വളരെയധികം ആശ്ചര്യപ്പെട്ടതായും ഒരു അഭിമുഖത്തില്‍ താങ്കള്‍ നേരത്തെ പറഞ്ഞിരുന്നു.

അതിന് മുമ്പ് ഞാന്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളിലും നായകനായിരുന്നു പ്രാധാന്യം. മഹാനഗറിന്റേത് സ്ത്രീ കേന്ദ്രീകൃത പ്രമേയം ആയിരുന്നു. മാത്രമല്ല, മധ്യവര്‍ഗ സ്ത്രീകളുടെ പ്രശ്‌നങ്ങളെ പറ്റിയാണ് അത് പറഞ്ഞത് എന്നതും എന്നെ സംബന്ധിച്ച് പ്രത്യേകതയുള്ള കാര്യമായിരുന്നു. സമൂഹത്തിലെ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ആദ്യം പ്രതികരിക്കുന്നത് മധ്യവര്‍ഗക്കാരാണ്. സമ്പന്നരെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. സാമൂഹ്യഘടനയെക്കുറിച്ച് അവര്‍ക്ക് ആശങ്കകളില്ല. പിന്നെ മറ്റൊരു കാര്യം പറയാനുള്ളത്, ബംഗാളില്‍ ഇപ്പോള്‍ മധ്യവര്‍ഗ പ്രേക്ഷകരെ സംബന്ധിച്ച് തീയറ്റുകളില്‍ പോയുള്ള സിനിമ കാണല്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളില്‍ സിനിമകള്‍ ഇറങ്ങുന്നത് മള്‍ട്ടിപ്ലക്‌സുകളിലാണ്. ടിക്കറ്റ് ചാര്‍ജ്ജ് വളരെ ഉയര്‍ന്നതാണ് – 500, 600 രൂപ ഒക്കെയാണ്. മധ്യവര്‍ഗത്തിന് താങ്ങാവുന്നതിന് അപ്പുറം. മധ്യവര്‍ഗ കുടുംബങ്ങളില്‍ ആറോ ഏഴോ ശതമാനം മാത്രമായിരിക്കും ഇപ്പോള്‍ തീയറ്ററുകളില്‍ പോയി സിനിമ കാണുന്നത്. സിനിമ അവരില്‍ നിന്ന് അകന്നുപോവുകയാണ്. ഇതിനെക്കുറിച്ച് നിങ്ങള്‍ എഴുതണം എന്നാണ് എനിക്ക് പറയാനുള്ളത്. കേരളത്തിലും ഈ പ്രശ്‌നമുണ്ടോ?

 മഹാനഗറില്‍ ആരതി മജുംദാറായി മാധബി മുഖര്‍ജി

ഇല്ല. ഇത്തരമൊരു പ്രശ്‌നമുണ്ട് എന്ന് തോന്നിയിട്ടില്ല.

ബാല്യകാലത്ത് തന്നെ തീയറ്ററില്‍ (നാടകം) എത്തി. പിന്നീട് മുതിര്‍ന്നപ്പോള്‍ ഒരു സ്ത്രീ അഭിനേതാവ് എന്ന നിലയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ടോ. അത്തരം അനുഭവങ്ങളെക്കുറിച്ച്

ഞാന്‍ എന്തിനാണ് സ്‌റ്റേജിലെത്തുന്നതെന്നോ, എന്തിനാണ് അഭിനയിക്കുന്നത് എന്നോ സംബന്ധിച്ച് ഒരു ധാരണയും അക്കാലത്ത് എനിക്കുണ്ടായിരുന്നില്ല. അതെല്ലാം സംഭവിക്കുകയായിരുന്നു. ഞാന്‍ ഇവിടെ വരുമെന്നോ നിങ്ങള്‍ എന്നോട് സിനിമയെ പറ്റി ഇത്രയും ചോദ്യങ്ങള്‍ ചോദിക്കുമെന്നോ എനിക്ക് അറിയുമായിരുന്നില്ല. ഇതൊന്നും എന്റെ കയ്യിലായിരുന്നില്ല.

ബംഗാളി നാടകരംഗത്തെ അക്കാലത്തെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം താങ്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരോടൊപ്പമുള്ള അനുഭവം, ഓര്‍മ്മകള്‍?

ഞാന്‍ കേരളത്തിലേയ്ക്ക് ആദ്യമായി വരുകയാണ്. കൊല്‍ക്കത്തയിലേയും ധാക്കയിലേയും മറ്റ് വിദേശ നഗരങ്ങളിലേയും പോലെയുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ ഇവിടെ തിരുവനന്തപുരത്ത് കാണാനില്ല. അവിടെ പലപ്പോഴും ആകാശം കാണാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇവിടെ വളരെ വ്യത്യസ്തമായ അനുഭവമാണ്. എനിക്ക് വളരെ സന്തോഷം തോന്നി. എനിക്ക് അങ്ങനെയാണ് അത് മനസിലായത്. ഞാന്‍ ഇവിടെ വന്ന് അത് നേരില്‍ കണ്ട് അനുഭവിച്ചത് കൊണ്ട്. താങ്കള്‍ക്ക് പരിചയമുണ്ടാകാന്‍ സാധ്യതയില്ലാത്ത, താങ്കള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ വലിയ മനുഷ്യരുമായി എനിക്കുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്ന് വിശദീകരിക്കാന്‍ എനിക്ക് എങ്ങനെ കഴിയുമെന്ന് അറിയില്ല.

 ചാരുലതയില്‍ സൗമിത്ര ചാറ്റര്‍ജിയും മാധബി മുഖര്‍ജിയും

താങ്കളുടെ കുടുംബം കിഴക്കന്‍ ബംഗാളില്‍ (ബംഗ്ലാദേശ്) നിന്നുള്ളവരാണ്. താങ്കള്‍ വളര്‍ന്നത് കൊല്‍ക്കത്തയിലാണ്. പൂര്‍വ ബംഗാളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഓര്‍മ്മകളോ സജീവമായ ബന്ധങ്ങളോ ഉണ്ടോ?

ഇപ്പോള്‍ എനിക്ക് അത്തരത്തില്‍ വലിയ ബന്ധമൊന്നും ബംഗാളിന്റെ ആ പഴയ ഭാഗവുമായി ഇല്ല. പിന്നെ ബന്ധമില്ലെന്ന് പറയാനാവില്ല. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്റെ അടുത്ത സുഹൃത്താണ് (ചിരിക്കുന്നു).

ഹസ്ര്വകാലത്തേക്ക് കക്ഷി രാഷ്ട്രീയത്തിലും താങ്കള്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. 2001ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യക്കെതിരെ മത്സരിച്ചു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ആ സമയത്ത് അത് ശരിയായ തീരുമാനം ആയിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് ബുദ്ധദേബിന് എതിരെ അല്ലാതെ മറ്റാര്‍ക്കെതിരെയാണ്? ബുദ്ധദേബ് ഭട്ടാചാര്യ ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. ഞാനാണെങ്കില്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നത് വെറും മൂന്ന് മാസവും. എനിക്ക് സ്റ്റേജ് ഇഷ്ടമാണ്. ഒരു പ്രൊഫഷണല്‍ സ്റ്റേജ് വേണമെന്ന് ഞാന്‍ ഇടതുമുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു കാലത്ത് വളരെ സജീവമായിരുന്ന പല സ്റ്റേജ് തീയറ്ററുകളും നവീകരിക്കാതെ നാശോന്മുഖമായിരുന്നു. നാഷണല്‍ തീയറ്റര്‍ പോലൊന്ന് കൊല്‍ക്കത്തയില്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സ്റ്റേജുകളുടെ നവീകരണം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് അവഗണിച്ചു. അപ്പോളാണ് ബുദ്ധദേബിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍, തങ്ങള്‍ സഹായിക്കാമെന്ന് മമത ബാനര്‍ജി പറയുന്നത്. അതുകൊണ്ട് ഞാനത് സ്വീകരിച്ചു.

ബംഗാളിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ കാണുന്നു? തൃണമൂല്‍ സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പ്രവര്‍ത്തനങ്ങളും അവസ്ഥയും?

ഒരു കാലത്ത് കക്ഷി രാഷ്ട്രീയം പ്രവര്‍ത്തിച്ചിരുന്നത് ചില ആശയങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം മാത്രമേയുള്ളൂ. ചുവന്ന കുപ്പായക്കാര്‍ നേരമിരുട്ടുമ്പോഴേക്ക് പച്ച കുപ്പായക്കാരായി മാറുന്നത് കാണാം.

ഋതുപര്‍ണ ഘോഷിന്റെ ‘അബൊഹൊമന്‍’ പ്രചോദനമാക്കിയത് താങ്കളുടേയും സത്യജിത് റേയുടേയും ജീവിതങ്ങളാണ് എന്നൊരു വിലയിരുത്തല്‍ പല കോണുകളില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?

കഥാപാത്രങ്ങള്‍ എന്താവണം, പറയുന്ന സംഭവങ്ങള്‍ എന്താവണം എന്നെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. എനിക്ക് അതില്‍ ഒന്നും പറയാനില്ല. അല്‍പ്പം മുമ്പ് സെന്‍സര്‍ഷിപ്പ് പ്രശ്‌നവുമായി ബന്ധപ്പെട്ട് പറഞ്ഞത് തന്നെയാണ് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് – തങ്ങള്‍ എന്ത് കാണണം, എന്ത് കാണേണ്ട എന്നതൊക്കെ. ഒരു കാര്യം നിങ്ങള്‍ എങ്ങനെ കാണുന്നു എന്നും അത് സംബന്ധിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്തരം കാര്യങ്ങള്‍.

(ഫോട്ടോ, വീഡിയോ: രോഹില്‍ രാജ്)

വീഡിയോ:

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍