UPDATES

സിനിമ

കൂട്ടായ്മയുടെ തമ്പില്‍ നിന്നും ഭാരത പുഴ; ‘ഒഴുകുന്ന പുഴയിലാണ് വിശ്വാസം’-മണിലാല്‍/അഭിമുഖം

ഒരു സ്ത്രീയുടെ ജീവിതസഞ്ചാരമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. അവർ കണ്ടുമുട്ടുന്ന മനുഷ്യരിലൂടെയാണ് കഥ വളരുന്നത്. ഒറ്റ വാക്കിൽ അതിജീവനത്തിന്റെ കഥയാണ് ഭാരത പുഴ

ഡോക്യുമെന്ററി, ഹൃസ്വ ചിത്ര രംഗത്ത് സജീവമാണ് മണിലാല്‍. പുഴയുടെ അവകാശികള്‍, പച്ചക്കുതിര, കരിമുകള്‍, ഇന്‍ജസ്റ്റിസ് ഇന്‍ ക്യാമറ, പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെട്ടും വിധം, അടുത്ത ബെല്ലോടുകൂടി ജീവിതം ആരംഭിക്കും തുടങ്ങി എണ്ണം പറഞ്ഞ സിനിമകളുടെ സംവിധായകന്‍. ഐ എഫ് എഫ് കെയിലും ഐ എഫ് എഫ് ഐയിലും സ്ഥിരം സാന്നിധ്യം. ഒപ്പം വമ്പിച്ച സുഹൃദ് വലയവും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സുഹൃത് ലോകവും ചലച്ചിത്രോത്സവങ്ങളുമാണ് മണിലാലിന്റെ സിനിമാ സര്‍വ്വകലാശാല. ആ കൂട്ടായ്മയുടെ പിന്തുണയോടെ ഫീച്ചര്‍ സിനിമാ രംഗത്തേക്ക് കടക്കുകയാണ് മണിലാല്‍, ഭാരത പുഴയിലൂടെ. ഭാരത പുഴയുടെ വിശേഷങ്ങളും സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അഴിമുഖവുമായി പങ്കുവെയ്ക്കുകയാണ് മണിലാല്‍.

എന്താണ് ഭാരത-പുഴ?

ഭാരത പുഴ എന്ന പേരിന് ഒറ്റ നോട്ടത്തിൽ ഈ സിനിമക്കഥയുമായി നേരിട്ട് ബന്ധമില്ല. പ്രമേയം ക്രമേണ ഈ പേരുമായി ഇഴുകിച്ചേർന്നു വരികയും ചെയ്യും. എന്റെ ഹൃസ്വ ഡോക്യൂമെന്ററി സിനിമകളിലെ വമ്പിച്ച സ്വാതന്ത്ര്യങ്ങൾ പേരിടുന്നതിലും ഉണ്ടായിരുന്നു. ഇൻ ജസ്റ്റിസ് ഇൻ കാമറ, പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം, മഴയോടൊപ്പം മായുന്നത്, അടുത്ത ബെല്ലോടു കൂടി ജീവിതം ആരംഭിക്കും ഇവയൊക്കെ അങ്ങനെ ഉണ്ടായ ടൈറ്റിലുകളാണ്. ആദ്യത്തെ ഫീച്ചർ സിനിമ എന്ന നിലയിൽ എല്ലാ കാര്യത്തിലുമെന്ന പോലെ പേരിടുന്നതിലും കുറെ ആലോചനകൾ നടന്നു.

ആലോചനക്കാലത്ത് ഒരിക്കൽ ഭാരതപ്പുഴയിൽ പോയി, തമ്പ് എന്ന സിനിമയുടെ 40 വർഷ ആഘോഷവുമായി ബന്ധപ്പെട്ട്. രാത്രിയിലെ കാഴ്ചയിൽ അതൊരു പുഴയായിരുന്നില്ല. കാടും മരുഭൂമിയും കുറ്റിച്ചെടികളും ഉയർച്ച താഴ്ചകളും ചെറിയ നീരുറവയുമൊക്കെ ഉള്ള വൈരുദ്ധ്യസമൃദ്ധമായ ഒരു സ്ഥലം. സിനിമയുടെ വിഷയ സങ്കീർണ്ണതകളുമായി കൂട്ടിനോക്കിയപ്പോൾ ഭാരത പുഴ ഒഴുകി വന്നു.

ചലച്ചിത്രോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് മണിലാല്‍. നിരവധി ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമുകളും ചെയ്തു. ഫീച്ചര്‍ ഫിലിമിലേക്ക് കടന്നു വരാന്‍ എന്തുകൊണ്ടാണീ വൈകല്‍?

ഫിലിം സൊസൈറ്റിയും ചലച്ചിത്രോത്സവങ്ങളുമാണ് എന്നെ രൂപപ്പെടുത്തുന്നത്, സിനിമാക്കാരനേക്കാൾ മനഷ്യനെന്ന നിലയിൽ. ഇത്തരം കൂടിച്ചേരലുകൾ ഏതു നിലക്കും പ്രധാനപ്പെട്ടതാണ്. മനുഷ്യർ തമ്മിൽ കുഴഞ്ഞുമറിയാൻ കിട്ടുന്ന അവസരമാണത്. ഇന്നത്തെ കാലത്ത് പ്രസക്തവും ഒരു പരിധിവരെയത് മതരഹിതമായ കൂട്ടായ്മയുമാണ്.

ഹൃസ്വ സിനിമകളും ഡോക്യൂമെന്ററികളും തരുന്നത് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്. മൂലധനത്തിന്റെ പിടി ഒരിക്കലും തടസമാവില്ല. വിതരണവും മാർക്കറ്റിംഗും നമ്മെ അലട്ടില്ല. ഏത് വഴിക്കും അതിന് സഞ്ചാര പഥങ്ങളുണ്ട്. എന്ത് തരം പരീക്ഷണങ്ങൾക്കും ഈ ഫോർമാറ്റിനെ വിധേയമാക്കാം. ചിത്രമെഴുത്ത് പോലെയൊ, കവിതാ രചന പോലെയൊ, ഏകാന്തതയിലിരുന്ന് സ്വപ്നം കാണുന്നത് പോലെയൊ, പാടുന്നത് പോലെയൊ നമുക്കതിൽ ഒരു പാട് ഏകാന്ത സഞ്ചാര സാദ്ധ്യതകളാണ്.

കെ.ആർ.മോഹനേട്ടൻ, സി.എസ്.വെങ്കിടേശ്വരൻ, സി ഗൗരീദാസൻ, പി.ടി. കുഞ്ഞുമുഹമ്മദ്, വി.കെ.ശ്രീരാമൻ, എം.ആർ.രാജൻ
തുടങ്ങിയ വലിയൊരു സുഹൃത്നിര എന്നെ ഫീച്ചർ സിനിമയിലേക്ക് എന്നും നിർബ്ബന്ധിച്ചിരുന്നു. ഫീച്ചർ സിനിമയിലേക്ക് വൈകാൻ കാരണം അവിടുത്തെ ചിട്ടവട്ടങ്ങളുമായി യോജിച്ചുപോകാൻ കഴിയാത്തതായിരുന്നു. എന്റെ സഞ്ചാരം എപ്പോഴും മറ്റൊരു വഴിക്കായിരുന്നു.

മസ്ക്കറ്റിലുള്ള ഷാജി, ഷീന, സച്ചിൻ, സജി, ജോഷി, പ്രിജി, നിയാസ്, ദിനേശ്, ഫിറോസ് തുടങ്ങിയ തൃശൂർ സുഹൃത്തുക്കളുടെ സ്നേഹപൂർവ്വമായ നിർബന്ധമാണ് ഭാരത പുഴ.

സുഹൃത്തുക്കളുടെ ഇടയിലാണ് മണിലാലിനെ എപ്പോഴും കാണാറ്. ഈ സിനിമയും അത്തരമൊരു കൂട്ടായ്മയുടെ സൃഷ്ടിയാണോ?

തീർച്ചയായും സിനിമ കൂട്ടായ്മയുടെ കലയാണ്. സൗഹൃദത്തിന്റെ ബലത്തിലാണ് എന്റെ ജീവിതവും, സിനിമയെ അതിൽ നിന്ന് വേർപ്പെടുത്തി കാണാനാവില്ല. കൂടെ വർക്ക് ചെയ്യുന്നവരെല്ലാം കൂട്ടുകാരോ പരിചയക്കാരോ ആണ്. പ്ലാനിംഗ് മുതൽ അവസാനം വരെ ഒരേ കൂരക്ക്‌ താമസിച്ചാണ് സിനിമയെ രൂപപ്പെടുത്തുന്നത്. അവിടെ സൗഹൃദത്തിന്റെ നിത്യ സന്ദർശനങ്ങൾ പ്രധാനപ്പെട്ടതാണ്. സാങ്കേതിക വിദഗ്ദരും അഭിനേതാക്കളുമൊക്കെ സൗഹൃദത്തിൽ നിന്നുള്ളവരാണ്. കാര്യങ്ങൾ എളുപ്പമാവുന്നത് അങ്ങനെയാണ്.

സിനിമയുടെ പൂജാ ചടങ്ങാണ് പലപ്പോഴും വാര്‍ത്തയാവാറ്. എന്നാല്‍ ഭാരത-പുഴ ശ്രദ്ധ പിടിച്ചുപയറ്റിയത് സുഹൃത്തുക്കളേ വിളിച്ച് ചേര്‍ത്തു നടത്തിയ പേരിടല്‍ കര്‍മ്മത്തിലൂടെയാണ്. ഇത്തരമൊരു ആലോചനയുടെ എങ്ങിനെയാണ് ഉണ്ടായത്?

പൂജയിൽ വിശ്വാസമില്ല. ദൈവത്തിലും മതത്തിലും തീരെയുമില്ല. ആയതിനാൽ സ്ഥിരം സിനിമാ ചടങ്ങുകൾ ഞങ്ങളെ ബാധിക്കില്ല. ഒരു ഓപ്പണിംഗ് വേണമല്ലൊ എന്ന ആലോചനയിൽ വന്നതാണ് പേരിടാനുള്ള കൂടിച്ചേരൽ. അത് വലിയൊരു ആഘോഷമായി മാറുകയായിരുന്നു. വി.കെ.ശ്രീരാമൻ,പി.ടി.കുഞ്ഞുമുഹമ്മദ്, ലാൽ ജോസ്, ഐ,ഷണ്മുഖദാസ്, ടി.ഡി.രാമകൃഷ്ണൻ, സി.എ.സ്.വെങ്കിടേശ്വരൻ, പി.എൻ.ഗോപീകൃഷ്ണൻ, റഫീഖ് അഹമ്മദ്, പ്രിയനന്ദനന്‍, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ:അരുൺ കിഷോർ, എഡിറ്റർ വേണുഗോപാൽ തുടങ്ങിയ സിനിമാ സാഹിത്യ സുഹൃത്തുക്കൾ അതിൽ സജീവമായി പങ്കെടുത്തു.

തൃശൂരിന്റെ പ്രാദേശികത പലപ്പോഴും മുഖ്യധാര സിനിമകളിലൂടെ വികലമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഭാരത പുഴയില്‍ അതിനെ എങ്ങനെയാണ് അവതരിപ്പിക്കുന്നത്?

ഭാരത പുഴ തൃശൂരിന്റെ പ്രദേശികതയിൽ ഊന്നുന്നില്ല. തൃശൂരിന്റെ സ്ഥലപരമായ പ്രത്യേകതയെ ദൃശ്യസാദ്ധ്യതയായി പിടിച്ചെടുക്കുകയാണ്. കടലും കായലും കാടും കണ്ടലും നഗരവും ഉൾപ്രദേശവുമൊക്കെ. തൃശൂരിന്റെ പുലിക്കളിയും ഈ സിനിമയെ ആഴത്തിൽ തൊടുന്ന പ്രമേയ പരിസരമാണ്.

ഭാരത പുഴ ഒരു സ്ത്രീപക്ഷ സിനിമയാണോ?

ഇതൊരു സ്ത്രീപക്ഷ സിനിമയല്ല, പക്ഷെ കേന്ദ്രകഥാപാത്രം സ്ത്രീയാണ്. സർഗ്ഗാത്മകതയിൽ ഊന്നുമ്പോഴും അല്ലാത്തപ്പോഴും നമ്മൾ ഓരോ നിമിഷവും മനുഷ്യത്വത്തിലേക്ക് കൂടുതൽ അടുക്കുകയാണ്. മനുഷ്യനെന്ന നിലയിൽ മനുഷ്യത്വത്തിലേക്ക് കുടുതൽ അടുക്കുകയാണ് ഈ സിനിമയിലൂടെ. കൂടെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട് കഥാപാത്രങ്ങളായും സഹപ്രവർത്തകരായും.

ഭാരത –പുഴയെ എങ്ങിനെ പ്രേക്ഷകരിലേക്ക് എത്തിക്കാമെന്നാണ് പദ്ധതി ഇടുന്നത്? തീയറ്റര്‍ റിലീസ്, നെറ്റ് ഫ്ലിക്സ് റിലീസ്, ഫെസ്റ്റിവലുകള്‍, സമാന്തര പ്രദര്‍ശനങ്ങള്‍…

പുഴയെ ലക്ഷ്യത്തിലെത്തിക്കണം, എല്ലാം കൈവഴികളും ഇതിനായി വിനിയോയോഗിക്കുകയാണ്. ഊക്കോടെ കുതിക്കുകയാണ്. ഒഴുകുന്ന പുഴയുടെ വിശ്വാസമാണ് ഈ സിനിമയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം.

കെ ആര്‍ മോഹനന്‍, വികെ ശ്രീരാമന്‍, സി എസ് വെങ്കിടേശ്വരന്‍ അങ്ങനെ നിരവധി സിനിമാ സുഹൃത്തുക്കളിലൂടെ വികസിച്ചതാണ് മണിലാലിന്റെ സിനിമ കാഴ്ചപ്പാട്. അതിനെ കുറിച്ച് വിശദീകരിക്കാമോ?

ഇവരൊക്കെ ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയവരാണ്. എം.ആർ.രാജൻ, പി.ടി. കുഞ്ഞുമുഹമ്മദ് തുടങ്ങിയ ഒട്ടേറെപ്പേരെ ഇതിൽ ചേർത്ത് വായിക്കണം. ഒഡേസയും ജോൺ എബ്രഹാമും വലിയ സ്വാധീനമാണ് സിനിമയിലും ജീവിതത്തിലും ഉണ്ടാക്കിയത്. അരവിന്ദനും അടൂരും കെ.പി.കുമാരനും ടി.വി.ചന്ദ്രനും പത്മരാജനുമൊക്കെ പ്രിയപ്പെട്ടവർ. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൽ, പ്രത്യേകിച്ച് സ്ക്രീൻ ഫിലിം സൊസൈറ്റിയിൽ ജന്മസ്ഥലമായ വാടാനപ്പള്ളിയിൽ സജീവമായിക്കൊണ്ടാണ് തുടക്കം. അക്കാലത്താണ് എം.ആർ.രാജൻ പൂനെയിൽ നിന്നും പഠനം കഴിഞ്ഞ് വരുന്നത്.ഞങ്ങൾ കേരളവർമ്മ ക്കാരായിരുന്നു. രാജനൊപ്പമാണ് ചെന്നൈയിലെ പ്രസാദ് ലാബിൽ നിന്ന് സിനിമയുടെ മണം ആദ്യമായി അനുഭവിക്കുന്നത്. പിന്നെ സിനിമക്കാർക്കൊപ്പമായി സഞ്ചാരം.

കഥയും കഥാപാത്രങ്ങളും നടീനടന്മാരും മറ്റ് അണിയറ പ്രവർത്തകരും?

ഒരു സ്ത്രീയുടെ ജീവിതസഞ്ചാരമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. അവർ കണ്ടുമുട്ടുന്ന മനുഷ്യരിലൂടെയാണ് കഥ വളരുന്നത്. ഒറ്റ വാക്കിൽ അതിജീവനത്തിന്റെ കഥയാണ് ഭാരത പുഴ എന്ന് പറയാം.

നാടകരംഗത്തുനിന്നുള്ള സിജി പ്രദീപ് ആണ് നായിക, മസ്കറ്റിലെ നാടകപ്രവർത്തകനായ ദിനേശ് ഒരു പ്രധാന റോളിലുണ്ട്. ശ്രീജിത് രവി, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, എം.ജി.ശശി, ജയരാജ് വാരിയർ, സംഗി സംഗീത, ദിനേശ് പ്രഭാകർ, പ്രശാന്ത്, എം.ജി.ഷൈലജ, ഹരിണി ചന്ദന, ദീപ്തി കല്യാണി, പാർവ്വതി, മാഗി ജോസി, രേഖ സതീഷ്, ഷൈലജ പി അമ്പു തുടങ്ങിയവർ അഭിനേതാക്കളായി ഉണ്ട്.

ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് വിനു ജോയ്, സൗണ്ട് ഡിസൈനർ ആനന്ദ് രാഗ്, അസോസിയേറ്റ് ഡയറക്ടർ സുനിൽ ബാലകൃഷ്ണൻ എന്നിവരും ഊർജമായി കൂടെയുണ്ട്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍