UPDATES

സിനിമ

‘വേദനിപ്പിച്ച ആരുടെയും മുഖം ഓർമയില്ല, പക്ഷെ സഹായിച്ച എല്ലാവരെയും എനിക്കോർമ്മയുണ്ട്’

ഒരു പഴയ ബോംബ് കഥ നായകന്‍ ബിബിന്‍ ജോര്‍ജ്ജുമായുള്ള അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

പ്രശസ്ത സംവിധായകൻ ഷാഫിയുടെ സംവിധാന സംരംഭത്തിൽ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ് നായകവേഷത്തിലെത്തിയ ചിത്രമാണ്‌ ഒരു പഴയ ബോംബ് കഥ. കല്യാണ രാമൻ, പുലിവാൽ കല്യാണം, ടു കണ്‍ട്രീസ് എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുള്ള ഷാഫി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചിട്ടില്ല. ചിത്രത്തിന്റെ വിശേഷങ്ങള്‍ നായകൻ ബിബിൻ ജോർജ്ജ് അഴിമുഖത്തോട് പങ്കുവെയ്ക്കുന്നു.

തകർപ്പൻ ചിരിബോംബു തന്നെയാണല്ലോ നിങ്ങളുടെയീ പഴയ ബോംബുകഥ?

ഒരു പഴയ ബോംബ് കഥ തീർച്ചയായും കുടുംബമൊക്കെയായി പോയി വളരെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന സിനിമ തനെയാണ്. വല്യ വല്യ കാര്യങ്ങളോ വല്യ വല്യ സംഭവങ്ങളോ ഒന്നും തന്നെ ഈ ചിത്രം പറയുന്നില്ല. ഒരു കൊച്ചു ചിത്രമാണിത്. പക്ഷെ ഈയടുത്തകാലത്ത് മലയാളികൾ കണ്ട് ഒത്തിരി ചിരിച്ച ഒരു പടം തന്നെയാണ് ഒരു പഴയ ബോംബ് കഥ.

എങ്ങനെയാണ് ഷാഫി എന്ന സംവിധായകനിൽ എത്തുന്നത്?

കഴിഞ്ഞ ഓണക്കാലത്താണ് ഈ കഥ ആദ്യമായി എന്റെ അടുത്ത് പറയാൻ ചിത്രത്തിൻറെ എഴുത്തുകാർ വരുന്നതും ഞാൻ ഈ കഥ കേൾക്കുന്നതും. അന്ന് ദുൽഖറിന്റെ പടത്തിന്റെ തിരക്കിലായത് കാരണം കഥ വേണ്ടത്ര രീതിയിൽ ശ്രദ്ധിച്ചില്ല. പിന്നീട് ഇതേ കഥ എൻറെ കൂട്ടുകാരൻ വഴി കേട്ടപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെ ആൽവിൻ ചേട്ടൻ സക്കറിയ തോമസ് ടീമിനെ കഥ കേൾപ്പിച്ചു. അതിന് എല്ലാം ശേഷമാണ് സംവിധായകൻ ഷാഫി സറിൽ ഈ കഥ എത്തുന്നത് തന്നെ.

തിരക്കഥകൃത്ത്, അഭിനേതാവ്. വാസ്തവത്തിൽ ഏത് മേഖലയിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നത്?

തീർച്ചയായും അഭിനയത്തോട് തന്നെയാണ്. കുഞ്ഞിലെ മുതലുള്ള ആഗ്രഹം അഭിനയിക്കുക എന്നതായിരുന്നു. അതിനുള്ള മാധ്യമം അല്ലെങ്കിൽ അതിലേക്ക് എത്തിപ്പെടാൻ ഉള്ള മാധ്യമം എന്ന നിലക്കാണ് ഞാൻ എഴുത്തിനെ ഉപയോഗിച്ചത്. പക്ഷെ എഴുത്ത് പിന്നീട് ഉപജീവന മാർഗം എന്ന നിലക്ക് മാറി തുടങ്ങിയപ്പോൾ എഴുത്തിനോടും അതേ ഇഷ്ടം വന്നു തുടങ്ങി.

തിരക്കഥരംഗത്ത് മാത്രമല്ല, അഭിനയ രംഗത്തും വിഷ്ണുവും ബിബിനും ഒറ്റക്കെട്ടാണല്ലോ?

ഒന്നിച്ചഭിനയിക്കുക എന്നതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യമല്ല. ഈ കഥയിൽ ഇങ്ങനെ ഒരു കഥാപാത്രം വന്നപ്പോൾ ഷാഫി സർ തന്നെയാണ് പറയുന്നത് വിഷ്ണു ചെയ്താൽ നന്നായിരിക്കും എന്ന്. അത് സ്വാഭാവികമായി സംഭവിച്ചു പോയ ഒന്നാണ്. പിന്നെ ഞാനും വിഷ്ണുവും തമ്മിലുള്ള സൗഹൃദം ആറാം ക്ലാസ് മുതൽ തുടങ്ങിയതാണ്. അന്നു മുതൽ ഇന്നുവരെയും അവൻ കൂടെയുണ്ട്. ഞാൻ നായകനായതിൽ ഏറ്റവും കൂടുതൽ സന്തോഷവും അവനാണ്.

ശാരീരികപരിമിതികൾ അഭിനയ ജീവിതത്തിൽ തടസ്സമാകുമെന്ന ഭയം ഉണ്ടായിരുന്നോ?

ഭയം എന്നതിനൊക്കെ അപ്പുറത്ത് ചെറുപ്പം അതായത് കുഞ്ഞുനാൾ മുതലേ എനിക്ക് അഭിനയത്തോട് വലിയ ആഗ്രഹം ഉണ്ടായിരുന്നു, ഞാൻ അതിന് വേണ്ടി പരിശ്രമിച്ചു എന്നതാണ് സംഭവിച്ചത്. നമുക്ക് അതിന് പറ്റോ പറ്റാതിരിക്കോ എന്ന ഭയമൊക്കെ രണ്ടാമത്തെ കാര്യമല്ലേ.നമ്മളുടെ ലക്ഷ്യത്തിൽ എത്തുന്നത് വരെ പരിശ്രമിക്കുക. അങ്ങനെ പരിശ്രമിച്ചപ്പോൾ ദൈവാനുഗ്രഹം കൊണ്ട് സംഭവിച്ചു എല്ലാം.

പ്രചോദനം ആരാണ്?

സത്യത്തിൽ എന്റെ മുമ്പിൽ അങ്ങനെയൊരാളെ ഇല്ല. സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് ഒക്കെ ഞാൻ കുറച്ചുകാലം മുമ്പാണ് കേട്ടുതുടങ്ങിയത് പോലും. എന്റെ മുമ്പിൽ അങ്ങനെ ഒരു ഉദാഹരണം ഇല്ലായിരുന്നു. പിന്നെ പക്രുച്ചേട്ടൻ ഒക്കെ
പറയാവുന്നതാണ് എങ്കിൽ പോലും അദ്ദേഹം മറ്റൊരു തരത്തിലാണ് വേറിട്ട് നിൽക്കുന്നത്.

ശാരീരിക പരിമിതിയുള്ള കഥാപാത്രത്തിന്റെ മനോവിഷമങ്ങൾ പല തരത്തിൽ സിനിമയിൽ കാണിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

ജീവിതത്തിൽ അനുഭവിച്ചതിന്റ ഒരംശം പോലും സിനിമയിൽ കാണിച്ചിട്ടില്ല എന്നതാണ് സത്യം. ഓരോ തവണയും ഓരോ സ്ഥലങ്ങളിലും പലതരത്തിലുള്ള വിഷമിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ അതിനെയെല്ലാം പോസിറ്റീവായിട്ടാണ് എടുക്കാറുള്ളത്. എന്നെ വേദനിപ്പിച്ച ആരുടെയും മുഖം എനിക്ക് ഓർമയില്ല. പക്ഷെ സഹായിച്ച എല്ലാവരെയും എനിക്കോർമ്മയുണ്ട്.

ഭവ്യനെ പോലെ കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരൻ യഥാർത്ഥ ജീവിതത്തിലും ഉണ്ടോ?

ഒന്നല്ല ഒരു 50 ഫ്രണ്ട്സ് എങ്കിലും ഉണ്ടായിരിക്കും ഭവ്യനെ പോലെ എപ്പോഴും ഏതുനിമിഷവും ചങ്കായി കൂടെ നിൽക്കുന്നവർ.

സിനിമ ചിത്രീകരണസമയത്ത് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നോ?

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം ഡാൻസും ആക്ഷനും എല്ലാമായി കാലിന് നീര് വന്നു. ദിവസവും ഷൂട്ട് ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും ഇതായിരുന്നു അവസ്ഥ. അതെല്ലാം വലിയ പ്രശ്നം തന്നെയായിരുന്നു. പിന്നെ വില്ലൻ കഥാപാത്രമായ ഷാജോണിനെ കാലുകൊണ്ട് അടിക്കുന്ന രംഗമുണ്ടായിരുന്നു. അതെല്ലാം റിസ്ക്കി തന്നെയായിരുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍