UPDATES

സിനിമ

അച്ഛന്റെ സിനിമയ്ക്ക് മകന്റെ ക്യാമറ; ഛായാഗ്രാഹകന്‍ അശ്വഘോഷന്‍/അഭിമുഖം

പാതിരാ കാലത്തിന്റെ രാഷ്ട്രീയം എന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നായത് കൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തയാറാകുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

വ്യത്യസ്ത പ്രമേയങ്ങളവതരിപ്പിച്ചു കൊണ്ട് ദേശീയതലത്തില്‍ ശ്രദ്ധനേടിയിട്ടുള്ള സംവിധായകനാണ് പ്രിയനന്ദനന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് പാതിരാക്കാലം. സമകാലികമായൊരു ചിന്തയെ വെള്ളിത്തിരയിലെത്തിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മകനായ അശ്വഘോഷന്‍ ആണ്. വിശേഷങ്ങളുമായി ഛായാഗ്രാഹകന്‍ അശ്വഘോഷന്‍, അനു ചന്ദ്രയുമായി സംസാരിക്കുന്നു.

അനുചന്ദ്ര: സ്വതന്ത്രഛായാഗ്രഹകനായ ആദ്യസിനിമ കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിലെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. എന്ത് പറയുന്നു?

അശ്വഘോഷന്‍: 23ാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പാതിരാക്കാലം മുഖ്യവിഭാഗമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കാണ് (ഇന്നൊവേറ്റിങ് മൂവിങ് ഇമേജസ്) മത്സരിക്കപ്പെട്ടത്. സന്തോഷം തരുന്ന കാര്യമാണത്. ഫെസ്റ്റിവല്‍ സമയത്ത് വേറെ വര്‍ക്കിന്റെ ഷൂട്ടിങ്ങില്‍ ആയതിനാല്‍ പോകാന്‍ സാധിച്ചിരുന്നില്ല, എന്നിരുന്നാലും ഒത്തിരി സന്തോഷം.

അനുചന്ദ്ര: അച്ഛന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മകന്‍ ഛായാഗ്രഹണം നല്‍കുന്നു. പ്രതീക്ഷിച്ചിരുന്നോ?

അശ്വഘോഷന്‍: പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ചാല്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നു പറയേണ്ടി വരും. പക്ഷെ, ആഗ്രഹമുണ്ടായിരുന്നു. അഞ്ചെട്ട് സിനിമകളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ശേഷമാണ് പാതിരക്കാലത്തില്‍ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായി വരുന്നത്. എനിക്ക് തോന്നുന്നു അത്തരമൊരു ഘട്ടം വന്നപ്പോള്‍ ക്യാമറയിലെ എന്റെ താത്പര്യത്തെ മുന്‍ നിര്‍ത്തിയും, ഞാന്‍ ക്യാമറ പഠിച്ച ആളായതിനാലും ഒക്കെ ഛായാഗ്രഹണം ചെയ്യാന്‍ ഞാന്‍ അനുയോജ്യന്‍ ആണെന്ന് തോന്നിയത് കൊണ്ടായിരിക്കണം അച്ഛന്‍ എന്നെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്. ചെറിയ ബഡ്ജറ്റില്‍, യൂണിറ്റ് ഒന്നും ഇല്ലാത്ത വിധത്തില്‍ വര്‍ക്ക് ചെയ്‌തെടുത്ത ഒരു ഫിലിം ആണത്. മൊത്തം 32 ദിവസമായിരുന്നു ഷൂട്ട്. സ്വന്തം ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്. സമകാലിക സ്ത്രീ അവസ്ഥയെയും രാഷ്ട്രീയ അവസ്ഥകളെയും കൂട്ടിയിണക്കിയ ചിത്രമാണിത്. തിരക്കഥ ചെയ്തിരിക്കുന്നത് പി.എന്‍ ഗോപീകൃഷ്ണനാണ്.

മണ്ണ്, മനുഷ്യന്‍, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്ന ചിത്രമാണിത്. മുഖ്യ കഥാപാത്രമായ ജഹന്നാരയായി മൈഥിലിയാണ് വരുന്നത്. വര്‍ത്തമാനത്തിന്റെ ആശങ്കകള്‍ പങ്കുവെക്കുന്ന ഈ ചിത്രത്തിന്റെ രാഷ്ട്രീയം എന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍കുന്ന ഒന്നായത് കൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തയാറാകുന്നത്.

അനുചന്ദ്ര: സിനിമയിലേക്കുള്ള കടന്നു വരവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ തന്ന പ്രോത്സാഹനം എങ്ങനെയുളളതായിരുന്നു?

അശ്വഘോഷന്‍: അച്ഛന്‍ നല്ല പ്രോത്സാഹനം തന്നിട്ടുണ്ട്. അച്ഛന്റെ മിക്ക പടങ്ങളുടേയും ലൊക്കേഷനില്‍ ഒക്കെ ചെറുപ്പം മുതലേ പോകുമായിരുന്നു. എനിക്ക് ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയോടായിരുന്നു താല്‍പ്പര്യം. ആദ്യം ഫോട്ടോഗ്രാഫി പഠിച്ച ശേഷമാണ് ഞാന്‍ സിനിമാട്ടോഗ്രാഫി പഠിക്കുന്നത്. 2008-ല്‍ പുലിജന്മം എന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടുന്ന സമയത്ത് പത്തില്‍ പഠിക്കുകയായിരുന്നു. അന്ന് അച്ഛന്‍ ആ സന്തോഷത്തിന്റെ പുറത്ത് എനിക്ക് ഗിഫ്റ്റ് ആയി തരുന്നത് ഒരു ക്യാമറ ആയിരുന്നു. അങ്ങനെ ഓരോ ഘട്ടങ്ങളിലും പലതരത്തിലായി എന്നെ ഈ മേഖലയിലേക്ക് എത്തിക്കാനുളള ഒരു പിന്തുണ പലതരത്തിലായി അച്ഛന്‍ തന്നിട്ടുണ്ട്. പിന്നീട് പ്ലസ്ടു കഴിഞ്ഞ ശേഷം നിയോയില്‍ ക്യാമറയില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ എടുത്ത ശേഷം ‘നഗരവാരിധി നടുവില്‍ ഞാന്‍’, ‘ഞാന്‍ നിന്നോട് കൂടിയുണ്ട്’, കസബ തുടങ്ങി അഞ്ചെട്ട് സിനിമകളില്‍ വര്‍ക് ചെയ്തു. അതിനു ശേഷമാണ് സ്വതന്ത്ര സംവിധായകനായി പാതിരകാലത്തില്‍ എത്തുന്നത്.

അനുചന്ദ്ര: കൂടുതലായും കോമേഴ്സ്യല്‍ സിനിമയുടെ ഭാഗമായ താങ്കള്‍ സമാന്തര സിനിമയിലൂടെ സ്വതന്ത്ര സംവിധായകന്‍ ആകുന്നു. ഏതുതരം സിനിമയുടെ ഭാഗമാകാനാണ് താല്‍പര്യം?

അശ്വഘോഷന്‍: നല്ല സിനിമകളുടെ ഭാഗമാകുക എന്നതിനപ്പുറത്തോട്ട് സമാന്തര സിനിമയാണോ അതോ കൊമേഴ്സ്യല്‍ സിനിമയാണോ ചെയേണ്ടത് എന്നൊന്നും ഞാന്‍ കൂടുതല്‍ ചിന്തിച്ചിട്ടില്ല. എല്ലാ ടൈപ്പ് സിനിമകളുടെയും ഭാഗമാകാനാണ് ശ്രമം.

അനുചന്ദ്ര: കല്‍ക്കത്തയിലെ ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനത്തിന് ശേഷം സിനിമയ്ക്ക് കിട്ടിയ പ്രതികരണങ്ങള്‍?

അശ്വഘോഷന്‍: നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. ബഡ്ജറ്റ് അടിസ്ഥാനത്തില്‍ വളരെ ചെറിയ ചിലവില്‍ ചെയ്ത സിനിമയാണിത്. അവിടുള്ള മറ്റു പല സിനിമകളും ഉയര്‍ന്ന ചിലവില്‍ നിര്‍മ്മിച്ചതാണ്. പക്ഷെ അവിടെ സബ്ജക്റ്റ് അടിസ്ഥാനത്തിലാണ് കമ്പാരിസണ്‍ വരുന്നത്. പിന്നെ ഈ സിനിമയില്‍ വര്‍ക്ക് ചെയ്തവര്‍ എന്റെ കൂടെ പഠിച്ചവരാണ്. എല്ലാവരും നല്ല സഹകരണമായിരുന്നു. ഈ വരുന്ന ഡിസംബര്‍ 2,3 തീയതികളില്‍ തൃശൂര്‍ ഗിരിജ തീയേറ്ററില്‍ വെച്ച് ചിത്രത്തിന്റെ പ്രദര്‍ശനം ഉണ്ട്.

അനുചന്ദ്ര: പുതിയ സിനിമ?

അശ്വഘോഷന്‍: പുതിയ സിനിമ ‘പന്ത്’ ആണ്. ആദി ബാലകൃഷ്ണന്‍ ആണ് സംവിധായകന്‍

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍