UPDATES

സിനിമ

ബില്‍ക്കിസ് ബാനു ഞങ്ങളെ നോക്കി പറഞ്ഞു, ഇവിടെ വെച്ചാണ് അവരെന്നെ റേപ്പ്‌ ചെയ്തത്: ധനേഷ് രവീന്ദ്രനാഥ്/അഭിമുഖം

ഗാസയിലെ യുദ്ധത്തിന് എതിരെ ഇവിടെ ഫ്ലക്സ് വെക്കുന്നവര്‍ രാമേശ്വരത്തു നിന്നും പതിനാറ് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരമുള്ള ശ്രീലങ്കയിലെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയും പ്രതികരിക്കാന്‍ തയ്യാറാകണം

മുഖ്യധാര ചലച്ചിത്ര മേഖലയിലും പരസ്യനിര്‍മ്മാണ മേഖലയിലും  വളരെ അധികം പോപ്പുലര്‍ ആയ വി.കെ പ്രകാശിന്റെ വിശ്വസ്തനായ ഛായാഗ്രാഹകൻ, ധനേഷ് രവീന്ദ്രനാഥ്. വി.കെ.പിയുടെ പുതിയ ചിത്രമായ കെയര്‍ഫുള്ളിലും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ധനേഷ് തന്നെയാണ്. വി.കെ.പിയെക്കുറിച്ചും സിനിമയിലേക്ക് എത്തിപ്പെട്ടതും സ്വതന്ത്ര സംവിധായിക ലീന മണിമേഖലയെപ്പറ്റിയും അവരുടെ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നപ്പോള്‍ ഉള്ള അനുഭവങ്ങളെ പറ്റിയും ധനേഷ് പറയുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ക്രിസ്റ്റോ ടോമിയ്ക്കു ദേശീയ പുരസ്ക്കാരങ്ങള്‍ നേടിക്കൊടുത്ത രണ്ട് ഹ്രസ്വചിത്രങ്ങളുടെയും ക്യാമറമാനും ധനേഷായിരുന്നു. ഫ്രെയിമുകള്‍ കൊണ്ട് കഥ പറയുന്ന ഛായാഗ്രാഹകന് പറയാന്‍ കഴിയാതെ പോയ വാക്കുക്കള്‍ ഓര്‍ത്തെടുക്കുന്നു. വിഷ്ണു നമ്പൂതിരിയുമായി ധനേഷ് രവീന്ദ്രനാഥ് സംസാരിക്കുന്നു.

വിഷ്ണു നമ്പൂതിരി: സ്ക്രീനിനെ മൂടുന്ന വെള്ളപ്പുക, പശ്ചാത്തലത്തില്‍ കുറുക്കന്‍റെ ഓരിയിടല്‍, വെളുത്ത സാരി, അഴിച്ചിട്ട മുടി ഇവയൊക്കെയാണല്ലോ മലയാളിയുടെ യക്ഷി സങ്കല്‍പം. ഈ പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി കെയര്‍ഫുള്ളിലെ unnatural scenes-ന് പുതിയൊരു ട്രീറ്റ്മെന്റ് നല്‍കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?

ധനേഷ് രവീന്ദ്രനാഥ്: വി.കെ.പിയുടെ കൂടെ മുന്‍പ് ആറോളം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ എല്ലാം സെക്കന്‍ഡ് യൂണിറ്റും അസോസിയേറ്റ് ചെയ്യുകയും ഒക്കെയായിരുന്നു. അതുകൊണ്ട് തന്നെ സാറിന്‍റെ പേസ് എനിക്ക് നന്നായി അറിയാം വളരെ ഫാസ്റ്റ് ആണ് അദ്ദേഹം.ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വര്‍ക്ക് കള്‍ച്ചറുമായി യാതൊരു സാദൃശ്യവുമില്ല. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ആദ്യമായി multicam-ല്‍ വര്‍ക്ക് ചെയ്യുന്നത് സാറായിരുന്നു. സാറിന്‍റെ ഷോട്ട് ഡിസൈനിംഗിന്‍റെ കൃത്യത ഫസ്റ്റ് ഹാഫില്‍ തന്നെ കാണാന്‍ പറ്റും. നായികയുടെ വീടിന്‍റെ കാര്യത്തിലും അനുയോജ്യമായ കളര്‍ ടോണ്‍ തിരഞ്ഞെടുത്തിരുന്നു. ജോമോളുടെ കോസ്റ്റ്യൂമിനേക്കാള്‍ ലൈറ്റ് ആയിട്ടുള്ള കളറുകള്‍ മാത്രമേ സിനിമയിലുടനീളം ഉപയോഗിച്ചിട്ടുള്ളൂ. പിന്നെ അവരെ മിസ്സാകുമ്പോള്‍ ഉള്ള അതേ കോസ്റ്റ്യൂം തന്നെയാണ് സിനിമയിലുടനീളം.

വി.കെ.പി എന്നോട് പറഞ്ഞത് ആദ്യമേ ഈ പടത്തില്‍ നിന്ന് അമ്മയും കുട്ടിയും മിസ്സ്‌ ആകുന്നുണ്ട്, പക്ഷെ U-Turn-ല്‍ (കന്നഡ) കാണിച്ചിരിക്കുന്ന രീതിയില്‍ ചെയ്തു കഴിഞ്ഞാല്‍ മലയാളി പ്രേക്ഷകന് ഇഷ്ടപ്പെടില്ല, ഇവിടെ ചെയ്തപ്പോള്‍ ജോമോളുടെ ഒരു ക്ലോസും tilt-down ഷോട്ടും മാത്രമേ ഉള്ളൂ. വി.കെ.പി പറഞ്ഞ മറ്റൊരു കാര്യം സൈജു കുറുപ്പ് എന്ന അച്ഛന് അയാളുടെ മകളും ഭാര്യയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് പ്രേക്ഷകന് മനസ്സിലാകണം, പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അവര്‍ രണ്ടുപേരും മറ്റൊരാളുടെ ഭാര്യയും മകളുമാണ്. ഈ കാര്യങ്ങളൊക്കെ പ്രേക്ഷകന് മനസ്സിലാകാന്‍ വേണ്ടി ആകെ കോസ്റ്റ്യൂം ശൈലിയില്‍ ഒക്കെ ഞങ്ങള്‍ കുറച്ചു പരീക്ഷങ്ങള്‍ നടത്തി. പൂജ എന്ന പ്രൊഡക്ഷന്‍ ഡിസൈനറും, കോസ്റ്റ്യൂം ഡിസൈനര്‍ ലിജിയും വി.കെ.പിയും ഞാനും ചേര്‍ന്ന് ഷൂട്ടിങ്ങിന് ഒരു മാസം മുന്‍പ് കോസ്റ്റ്യൂമിന്‍റെ കളര്‍ടോണ്‍ ഒക്കെ ഫൈനലൈസ് ചെയ്തിരുന്നു.

വിഷ്ണു: നമ്മടെയൊക്കെ ബാല്യകാലത്തില്‍ മയില്‍പ്പീലിക്കാവിലെ കുട്ടിമാണിയായി ഒക്കെ കണ്ടുപരിചയിച്ച നടി ജോമോള്‍ കെയര്‍ഫുള്ളിലെ സുജാതയായി വന്നത് എങ്ങനെയായിരുന്നു?

ധനേഷ്: സത്യത്തില്‍ സുചിത്ര ചേച്ചിയെ (നമ്പര്‍ 20 മദ്രാസ് മെയില്‍‍ ഫെയിം) ആദ്യം പ്ലാന്‍ ചെയ്തതായിരുന്നു. വികെ.പി പക്ഷെ അവസാനം ജോമോളെ  തിരഞ്ഞെടുക്കുകയായിരുന്നു. ജോമോളും വി.കെ.പിയും സുഹൃത്തുക്കളാണ്. ജോമോള്‍ക്ക് ഒരു തിരിച്ചുവരവ്‌ കൊടുക്കാന്‍ വി.കെ.പിക്ക് തന്നെ കഴിയുകയും ചെയ്തു. കുട്ടിയുടെ പ്രായം ഒക്കെ വെച്ച് നോക്കുമ്പോള്‍ സൈജു ഏട്ടന് കൂടുതല്‍ ചേരുന്നത് ജോമോള്‍ ആയിരുന്നു. അങ്ങനെ ജോമോളെ കാസ്റ്റ്‌ ചെയ്യുകയായിരുന്നു.

കെയര്‍ഫുള്ളിന്റെ ഷൂട്ടിങ്ങിനിടെ വി.കെ.പിക്കൊപ്പം

വിഷ്ണു: ഒരു മുറൈ വന്ത് പാര്‍ത്തായിലെ സ്വന്തം നാടിന്‍റെ തന്നെ ഗ്രാമഭംഗിയോടോ കെയര്‍ഫുള്ളിലെ വേഗതയേറിയ നഗരജീവിതത്തോടോ വ്യക്തി ജീവിതത്തില്‍ കൂടുതല്‍ താത്പ്പര്യം?

ധനേഷ്: ഗ്രാമം തന്നെയാണ് കൂടുതല്‍ ഇഷ്ടം. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ഗ്രാമത്തില്‍ ആണ്. ഇപ്പോഴും ജീവിക്കുന്നത് പാലക്കാടുള്ള എന്‍റെ ഗ്രാമത്തില്‍ തന്നെയാണ്. നഗരജീവിതം അത്രത്തോളം ഞാന്‍ അറിഞ്ഞിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. കാരണം ഗ്രാജ്വേഷനു വേണ്ടി കോയമ്പത്തൂരും പിന്നീട് കൊല്‍ക്കത്തയിലും ഒക്കെ പോയെങ്കിലും വേരുകള്‍ നാട്ടിലെ മണ്ണില്‍ ഉറച്ചു കിടക്കുകയായിരുന്നു. ചിലപ്പോള്‍ ഗ്രാമത്തിലെ മനോഹരമായ ദൃശ്യങ്ങള്‍ കണ്ടു വളര്‍ന്നത്‌ കൊണ്ടാകാം ഞാന്‍ ഈ വഴി തിരഞ്ഞെടുത്തത്. പെയിന്റിങ്ങും എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. എന്നും നമ്മളോട് ചേര്‍ന്നിരിക്കുന്നവയോടൊത്ത് ജീവിക്കാന്‍ അല്ലേ നമ്മള്‍ക്ക് കൂടുതല്‍ താല്പര്യം.

വിഷ്ണു: സിനിമയാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞ നിമിഷം?

ധനേഷ്: ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു, മാതൃഭൂമിയില്‍ വന്ന ബാലു മഹേന്ദ്രയുടെ ഒരു ആര്‍ട്ടിക്കിള്‍ വായിക്കാനിടയായി; ഫിലിം സ്കൂള്‍ എന്നൊരു സംഭവത്തെ പറ്റി കേള്‍ക്കുന്നത് അന്നാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ അവിടെ എത്താന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. +2ന് ഞാന്‍ മന:പൂര്‍വം സയന്‍സ് ഗ്രൂപ്പ്‌ എടുത്തില്ല; കാരണം അച്ഛന്‍ എന്നെ എഞ്ചിനീയറിങ്ങിന് അയക്കും, അതുകൊണ്ട് കൊമേഴ്സ്‌ എടുത്തു- അതും without mathematics, കാരണം കണക്ക് എടുത്തിട്ടുണ്ടെങ്കില്‍ അച്ഛന്‍ എങ്ങനെയെങ്കിലും എന്നെ ബിസിനസ് രംഗത്തേക്ക് കൊണ്ട് വരും. ഗ്രാജ്വേഷന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞതോടെ അച്ഛന് മനസ്സിലായി വഴി എന്താണെന്ന്; പിന്നെ എന്‍റെ സ്വാതന്ത്ര്യത്തിന് വിട്ടു. ഗ്രാജ്വേഷന്‍ കഴിഞ്ഞ് പൂനെയിലെ എന്ട്രന്‍സ് ടെസ്റ്റ്‌ എഴുതി ടെസ്റ്റ് കിട്ടി, ഇന്റര്‍വ്യൂ കിട്ടിയില്ല. പിന്നെ SFRTI എഴുതി ടെസ്റ്റ്‌ കിട്ടി, ഇന്റര്‍വ്യൂ കിട്ടിയില്ല. മൂന്നാമത് വീണ്ടും പൂനെ എഴുതി, അന്നും കിട്ടിയില്ല. ഒടുവില്‍ നാലാമത്തെ തവണ കൊല്‍ക്കത്ത എഴുതാന്‍ പോയി, മൂന്നു സിനിമാട്ടോഗ്രാഫേഴ്സിന്‍റെ പേര് തന്നിട്ടുണ്ട്; അവരില്‍ ഒരാളെ പറ്റി എഴുതണം. എനിക്ക് മൂന്ന് പേരെ പറ്റിയും അറിയില്ലായിരുന്നു. ഞാന്‍ അതുവരെ ബ്ലൂ ഇങ്കില്‍ ആയിരുന്നു എഴുതിയത്; ബ്ലാക്ക് ഇങ്കില്‍ ബാലു മഹേന്ദ്ര സാറിനെ പറ്റി എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം എഴുതി, ഇത് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടു; അവര്‍ എന്നോട് ചോദിച്ചു, ഇത് മാത്രം എന്താണ് ബ്ലാക്ക് ഇങ്കില്‍ എഴുതിയതെന്ന് ഒക്കെ. അവിടെ സെലക്റ്റ് ആയതോടെ ഉറപ്പിച്ചു, ഇനി ജീവിതം സിനിമ തന്നെയാണെന്ന്.

വിഷ്ണു: വി.കെ.പിയുടെ കണ്ണുകള്‍ എന്ന് തന്നെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു ധനേഷിനെ. വര്‍ഷങ്ങളായുള്ള ഈ സംവിധായകന്‍ – ക്യാമറാമാന്‍ ബന്ധത്തിനിടയില്‍ എന്നെങ്കിലും ആശയപരമായോ അല്ലാതെയോ വിയോജിപ്പ് നേരിടേണ്ടി വന്നിട്ടുണ്ടോ?

ധനേഷ്: ഒരിക്കലും ഇല്ല, എന്‍റെ പ്രാര്‍ത്ഥനയായിരുന്നു അങ്ങനെ വരരുതേ എന്ന്. നത്തോലി ഒരു ചെറിയ മീനല്ല-യില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്നിട്ടേയുള്ളൂ. എന്നോട് സാറ് ദേഷ്യപ്പെടും. ഇത് നിന്‍റെ ഫിലിം സ്കൂള്‍ അല്ല, എനിക്ക് ഇനിയും വേഗത വേണം എന്ന് പറഞ്ഞ്. അന്നൊക്കെ വീട്ടില്‍ നിന്ന് അമ്മ വിളിക്കുമ്പോള്‍ ഞാന്‍ പറയും, നാളെ എനിക്ക് സാറിന്‍റെ ചീത്തവിളി കേള്‍ക്കാതിരിക്കാന്‍ വേണ്ടി പ്രാർത്ഥിക്കണേ എന്ന്. ഈ പടത്തിന്‍റെ  വര്‍ക്ക് നടക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് വിളിച്ച് സഹോദരിമാരോട് പറയും, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന്, അപ്പോള്‍ അമ്മ ഇല്ലായിരുന്നു. ഈ ശകാരങ്ങള്‍ ഒഴിവാക്കിയാല്‍ സാറും ഞാനും തമ്മില്‍ അങ്ങനെ വിയോജിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല.

വിഷ്ണു: SFRTI-ലെ ആത്മമിത്രം ക്രിസ്റ്റോ ടോമിക്കൊപ്പം കന്യക, കാമുകി, മടക്കം തുടങ്ങി അനേകം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. പക്ഷെ ഇപ്പോള്‍ ഇരുവരുടെയും വഴികള്‍ തമ്മില്‍ യാതൊരു സാമ്യവും തോന്നുന്നില്ലല്ലോ?

ധനേഷ്: ഓരോ പ്രൊജക്റ്റും അതിന്‍റെതായ രീതിയില്‍ കൈകാര്യം ചെയ്യണം, ഇപ്പോള്‍ കന്യക ചെയ്തത് പോലെയല്ല ഒരു മുറൈ വന്ത് പാര്‍ത്തായ ചെയ്യുക. എന്‍റെ ഉള്ളില്‍ എന്നുമൊരു സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകന്‍ ആകണം എന്ന് തന്നെയാണ്.

ക്രിസ്റ്റോ ടോമിക്കും മറ്റു സുഹൃത്തുക്കള്‍ക്കുമൊപ്പം

വിഷ്ണു: മുഖ്യധാരയില്‍ സജീവമായി മാറുകയല്ലേ, ഇനി ക്രിസ്റ്റോക്കു വേണ്ടി ക്യാമറ ചലിപ്പിക്കാന്‍ സാധിക്കുമോ?

ധനേഷ്: തീര്‍ച്ചയായും. എനിക്ക് പ്രവര്‍ത്തിക്കണം എന്ന് ഞാന്‍ അങ്ങോട്ട്‌ ആവശ്യപ്പെടാറുണ്ട്. വര്‍ഷത്തില്‍ ഒരു സിനിമ എങ്കിലും അങ്ങനെ സ്വതന്ത്രമായി ചെയ്യണം എന്ന് ആഗ്രഹമുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള സിനിമകള്‍ ആകുമ്പോള്‍ പ്രേക്ഷകന്‍റെ അഭിരുചികളെയും തൃപ്തിപ്പെടുത്തേണ്ടി വരും.

വിഷ്ണു: സ്വതന്ത്ര സംവിധായിക ലീന മണിമേഖലയുടെ ചലച്ചിത്ര നിര്‍മ്മാണ രീതിയെ പറ്റി?

ധനേഷ്: ലീനയെ സത്യത്തില്‍ ഒരു ഐക്കണ്‍ എന്ന് തന്നെ വിളിക്കണം. നമ്മള്‍ 4 മിനിറ്റിന്‍റെ ഷോര്‍ട്ട്‌ ഫിലിം ചെയ്യാന്‍ ഒരായിരം തവണ ആലോചിക്കും. ലീനയ്ക്ക് ഈ സമയം മതി ഒരു സിനിമ ചെയ്യാന്‍. വളരെ intense ആയിട്ടുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നിടത്താണ് ലീന വ്യത്യസ്തയാകുന്നത്. ഞാനും ലീനയും പരിചയപ്പെടുന്നത് Doc Age എന്നൊരു ഇന്റര്‍നാഷണല്‍ pitching forum-ത്തില്‍ നിന്നാണ്. ഞാനൊരു pitch സബ്മിറ്റ് ചെയ്തിരുന്നു; സുന്ദരി എന്ന കൂടംകുളത്തിലെ ഒരു ആക്റ്റിവിസ്റ്റിന്‍റെ ഡോക്യുമെന്ററി ആയിരുന്നു അത്. ലീന pitch ചെയ്തത് Rape Nation എന്നൊരു ഡോക്യുമെന്ററിയയിരുന്നു. അവിടെ Best Pitch-നുള്ള അവാര്‍ഡ് കിട്ടിയത് എനിക്കാണ്. പക്ഷെ ഇന്നും എനിക്കാ പടം ചെയ്യാന്‍ പറ്റിയിട്ടില്ല. ലീന Rape Nation ചെയ്തു; ഞാനായിരുന്നു ക്യാമറമാന്‍, സത്യത്തില്‍ ഇതാണ് ലീനയോടുള്ള എന്‍റെ ബഹുമാനത്തിന്‍റെ കാരണം.

വിഷ്ണു: ഓരോ സൗഹൃദവും ഓരോ പാഠങ്ങള്‍ ആണ്. മണിമേഖലയുമായുള്ള സൗഹൃദത്തില്‍ നിന്ന് നേടാന്‍ കഴിഞ്ഞു എന്ന് തോന്നുന്ന ഒരു പാഠം?

ധനേഷ്: ഒരു കലാകാരന് ഉണ്ടാകേണ്ട സാമൂഹിക പ്രതിബദ്ധത ലീനയില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞ വലിയൊരു പാഠമാണ്. രാവിലെ പത്രം നോക്കിയാല്‍ എന്തെല്ലാം സമരങ്ങള്‍ ഉണ്ടാകും; നില്‍പ്പ് സമരം ഒക്കെ പോലെ ഒന്ന്. വിചാരിച്ചാല്‍ നമ്മള്‍ക്ക് സുഖമായി അവിടെ എത്താന്‍ പറ്റും; പക്ഷേ നമ്മള്‍ പോകില്ല, ലീന അങ്ങനെയല്ല; ഇന്ന് നമ്മള്‍ പത്രത്തില്‍ ഒരു സമരത്തിന്‍റെ വാര്‍ത്ത കാണുന്നു, നാളെ അറിയുന്നത് ലീന അവിടെ എത്തിയിട്ടുണ്ട് എന്നാണ്. ലീനയില്‍ നിന്ന് inspired ആകാന്‍ പറ്റും; പക്ഷേ adapt ചെയ്യാന്‍ പറ്റില്ല.

വിഷ്ണു: വ്യക്തിജീവിതത്തിലും ലീന കഥാപാത്രങ്ങളെപ്പോലെ ബോള്‍ഡ് ആയ സ്ത്രീയാണോ?

ധനേഷ്: Is it too much to ask-ന്‍റെ ഷൂട്ടിനിടയില്‍ നല്ല തിരക്കുള്ള റോഡിലൂടെ ലീന ക്രോസ് ചെയ്യുകയായിരുന്നു. പെട്ടന്ന് ഒരു വണ്ടി വന്ന് ലീനയെ ഇടിച്ചു തെറിപ്പിച്ചു. സിനിമയിലൊക്കെ കാണുന്ന പോലെ വായുവില്‍ രണ്ട് മൂന്ന് കരണം മറിഞ്ഞ് ലീന താഴെ വന്നു വീണു, അപ്പോള്‍ സിനിമയിലെ ആക്സിഡന്റ്റ് സീനുകളില്‍ കാണിക്കുന്നത് വെറുതെയല്ല, ഒരാളെ ഇത്ര വേഗത്തില്‍ ഒരു വാഹനം വന്നിടിച്ചു കഴിഞ്ഞാല്‍ വായുവില്‍ കരണം ഒക്കെ മറിഞ്ഞ് തന്നെയാകും വീഴുക എന്ന് മനസ്സിലായി. ലീന ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഷൂട്ട്‌ തുടങ്ങി. കാല്‍മുട്ട് ഒക്കെ മുറിഞ്ഞിട്ടുണ്ട്‌. ഞങ്ങള്‍ എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ അഞ്ചാറ് മണിക്കൂര്‍ തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്തു. അവസാനം ഷൂട്ട്‌ കഴിഞ്ഞാണ് അവര്‍ ഒന്ന് ഹോസ്പ്പിറ്റലില്‍ പോകാന്‍ തയ്യാറായത്, ആ രാത്രി വിശ്രമിച്ചു. പിറ്റേ ദിവസം മുതല്‍ വീണ്ടും ഷൂട്ട്‌ ആരംഭിച്ചു. അത് പോലെ തന്നെ Rape Nation-ന്‍റെ ഭാഗമായിട്ട് കുറെ വിക്റ്റിംസിനെ മീറ്റ്‌ ചെയ്തിരുന്നു. കാശ്മീരില്‍ പോയി സി.ആര്‍.പി.എഫും മിലിട്ടറിക്കാരും ഒക്കെ റേപ്പ്‌ ചെയ്ത സ്ത്രീകളെ ഷൂട്ട്‌ ചെയ്തു.

അവിടുന്ന് ഛത്തിസ്‌ഗഡിലെത്തി സോണി സോറിയെ മീറ്റ്‌ ചെയ്തു. തന്നെ അവര്‍ എങ്ങനെയാണ് റേപ്പ്‌ ചെയ്തത് എന്ന് അവര്‍ ഞങ്ങളോട് പറയുകയാണ്; യോനിക്കുള്ളില്‍ കല്ലിട്ടതും വടി ഒക്കെ ഇട്ടടിച്ചതും മറ്റും അവര്‍ ധൈര്യത്തോടെ ഞങ്ങളോട് പറഞ്ഞു. നമ്മടെയൊന്നും പ്രശ്നങ്ങള്‍ ഒന്നുമല്ല എന്ന് അപ്പോഴാണ്‌ മനസ്സിലാവുക. ഇത് ഒക്കെ കേട്ടപ്പോഴേ മനസ്സ് ഏതാണ്ടൊരു വല്ലാത്ത അവസ്ഥയില്‍ എത്തിയിരുന്നു.

ബില്‍ക്കിസ് ബാനു ആയിരുന്നു മീറ്റ്‌ ചേയ്യേണ്ട അടുത്ത വ്യക്തി. നാലു ദിവസത്തോളം അവരുടെ വീട്ടില്‍ തന്നെയായിരുന്നു ഞങ്ങള്‍. രാവിലെ അഞ്ചു മണിക്ക് എത്തും, രാത്രി വരെ ഷൂട്ട്‌ ചെയ്യും. അങ്ങനെ അവരുടെ ഫാമിലിയുടെ ഭാഗമായി തന്നെ ഞങ്ങള്‍ മാറി. അവരെയും കൂട്ടി ഒരു ദിവസം, അവര്‍ റേപ്പ്‌ ചെയ്യപ്പെട്ട സ്ഥലത്തേക്ക് പോയി. അവരുടെ ഭര്‍ത്താവും കൂടെയുണ്ട്. ഞങ്ങള്‍ ആ മലയില്‍ എത്തി കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ നോക്കി പറഞ്ഞു, ഇവിടെ വെച്ചാണ് അവര്‍ എന്നെ റേപ്പ്‌ ചെയ്തത് എന്ന്. ഭര്‍ത്താവ് അപ്പോഴും അവരെ തടയുന്നുണ്ടായിരുന്നു. ധനേഷ് അവരോടൊപ്പം മൂവ് ചെയ്തോളു എന്ന് ലീന എന്നോട് പറഞ്ഞു. ബില്‍ക്കിസിനൊപ്പം ക്യാമറയുമായി ഞാനും നടന്നു. കുറച്ചുകൂടി നടന്ന് മറ്റൊരു സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ വല്ലാത്തൊരു അവസ്ഥയിലായി; ഒരിടത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞു, എന്‍റെ കുഞ്ഞിനെ അവര്‍ തലയ്ക്കടിച്ചു കൊന്നത് ഇവിടെ വെച്ചാണ്. അപ്പോഴേക്കും അവരുടെ കണ്ണില്‍ നിന്നും കണ്ണീരൊഴുകാന്‍ തുടങ്ങിയിരുന്നു, പിന്നീട് കരഞ്ഞു കൊണ്ട് തന്നെ അന്ന് നടന്ന സംഭവങ്ങള്‍ മുഴുവന്‍ അവര്‍ പറഞ്ഞു. തുണിയൊന്നുമില്ലാതെ അവിടെ ആ രാത്രി മുഴുവന്‍ കിടന്നത്, സ്വന്തം കുഞ്ഞിന്‍റെയും കൂടപ്പിറപ്പുകളുടെയും ജഡം കണ്മുന്നില്‍ കിടന്നത്. ആ സ്ഥലത്ത് വെച്ച് തന്നെ ഇത്ര ശക്തമായി അവരെ ചിത്രീകരിക്കാന്‍ ലീനയ്ക്ക് മാത്രമേ കഴിയുകയുള്ളൂ, കാരണം ഇത്രയും കാര്യങ്ങള്‍ അവര്‍ പറയുന്നത് ഞാന്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ അവരുടെ ഭര്‍ത്താവിനെ നിയന്ത്രിച്ചു നിര്‍ത്തിയത് ലീന ആയിരുന്നു.

ലീന മണിമേഖലയ്ക്കൊപ്പം

വിഷ്ണു: സെങ്കടലും white van stories-ഉം പോലെയുള്ള ശക്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്ന ലീനയുടെ അരികില്‍ നിന്നും വി.കെ.പിയുടെ ശിക്ഷണത്തിലേക്ക്?

ധനേഷ്: വി.കെ.പിയുടെ കൂടെ വര്‍ക്ക് ചെയ്ത് തുടങ്ങിയതിന് ശേഷമായിരുന്നു ലീനക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. വി.കെ.പി സാറിന്‍റെ പുനരധിവാസം, മുല്ലവള്ളിയും തേന്‍മാവും, പോലീസും ഒക്കെ വിഷ്വലി നമ്മളെ വശീകരിച്ച സിനിമകളാണ്. ഒരു ക്യാമറമാന്‍ എന്ന നിലയില്‍ മുല്ലവള്ളിയും തേന്‍മാവും എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്, അല്ലെങ്കില്‍ പോലീസിലെ പാട്ടുകള്‍. ഒരു പക്ഷേ പ്രിയദര്‍ശന്‍ സാറിന്‍റെ ഫ്രെയിമുകളെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നത് വി.കെ.പി സാറിന്‍റെ ഫ്രെയിംസ് ആയിരുന്നു.

വിഷ്ണു: ലീനയോ വി.കെ.പിയോ, ആരാണ് മികച്ച ഫിലിം സ്കൂള്‍?

ധനേഷ്: വി.കെ.പി ആണ്. രണ്ടുപേരും രണ്ട് ത്രാസ്സില്‍ തന്നെയാണ്, എന്നാലും വികെ.പിയിലുള്ള വിശ്വാസം കുറച്ചു കൂടുതലാണ്. കെയര്‍ഫുള്ളിന്‍റെ അവസാനദിവസം എല്ലാവരോടും സംസാരിക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ എന്നെക്കൊണ്ട് ഒന്നും അന്ന് പറയാന്‍ സാധിച്ചില്ല, വെറും താങ്ക്സ് മാത്രം പറഞ്ഞു നിര്‍ത്തി. എനിക്ക് പെട്ടന്ന് ആളുകളുടെ മുന്നില്‍ സംസാരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ വിഷ്ണുവിനെ എനിക്ക് ഇത്ര നന്നായി അറിയാവുന്നത് കൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും  സംസാരിക്കുന്നത്. അല്ലെങ്കില്‍ ഒരക്ഷരം ഞാന്‍ മിണ്ടില്ല. അന്ന് പ്രോഡ്യൂസര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അവന്‍റെ വിഷ്വല്‍സ് സംസാരിക്കും എന്ന് പറഞ്ഞു. പക്ഷേ അത് കഴിഞ്ഞ് ഞാന്‍ അവിടെയുണ്ടായിരുന്ന ഫ്രണ്ട്സിനോടും അസ്സിസ്റ്റന്‍സിനോടും ഒക്കെ പറഞ്ഞു, എനിക്ക് കുറെ കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു എന്ന്. അവര്‍ക്ക് കേള്‍ക്കണം എന്ന് വാശിപിടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ എല്ലാവരും വി.കെ.പി സാറിനെ കുറ്റം പറയുന്നതാണ്. അദ്ദേഹം നിരന്തരം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു.

വി.കെ.പിക്കു വേണമെങ്കില്‍ പടം ചെയ്യാതെയും ഇരിക്കാം. വി.കെ.പിയുടെ കൂടെ വന്ന ടെക്നീഷ്യന്‍സിന്‍റെ ലിസ്റ്റ് എടുത്താല്‍ രവി കെ. ചന്ദ്രന്‍ സാര്‍, ജോമോന്‍ അങ്ങനെ അനേകം ആള്‍ക്കാരുണ്ട് അദ്ദേഹം വിളിച്ചു കഴിഞ്ഞാല്‍ വരാന്‍. എന്നിട്ടും നമ്മള്‍ക്കൊരു ഓപ്പര്‍ച്യൂണിറ്റി അദ്ദേഹം തന്നു. ഒരു പക്ഷേ നമ്മളെ പോലെയുള്ളവര്‍ക്ക് അവസരം തരാന്‍ വേണ്ടി ദൈവം ചെയ്യിക്കുന്നതാകും വി.കെ.പിയെക്കൊണ്ട് സിനിമകള്‍. അതേപോലെ ഞാന്‍ ടി.വി.എസ്സിനു വേണ്ടി ഒരു പരസ്യം ചെയ്തിരുന്നു; അതിന്‍റെ റഫ് എഡിറ്റ്‌ കണ്ടയുടനെ അദ്ദേഹം‍ എന്നെ വിളിച്ചു. “എടാ, നല്ല വര്‍ക്ക് ആണ്. വൃത്തിയായിട്ടുണ്ട്, ഇനി ഗ്രേഡ്  ചെയ്ത് നശിപ്പിക്കരുത്” എന്നൊരു ഉപദേശവും തന്നു, സാറിന് എന്നെ വിളിക്കേണ്ട യാതൊരു ആവശ്യവും ഇല്ല, എന്നിട്ടും നമ്മളെ പരിഗണിക്കുന്നു; അവിടെയാണ് വി.കെ.പി എന്നെ സംബന്ധിച്ചിടത്തോളം റെസ്പക്റ്റബിള്‍ ആകുന്നത്.

വിഷ്ണു: മോഹമായി ശേഷിക്കുന്ന സിനിമ സ്വപ്‌നങ്ങള്‍?

ധനേഷ്: ഇസൈപ്രിയയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു പ്രൊജക്റ്റ്‌ ചെയ്യണം എന്നുണ്ട്. ഒരു L.T.T.E. ജേര്‍ണലിസ്റ്റ് ആയിരുന്നു ഇസൈപ്രിയ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ continuity project ആയിട്ട് രാജീവ്‌ ഗാന്ധിയെ വധിച്ച സ്ത്രീയെ അടിസ്ഥാനമാക്കി ഒരു വര്‍ക്ക് ചെയ്തിരുന്നു. അന്നാണ് L.T.T.E-യെപ്പറ്റി കൂടുതല്‍ ഞാന്‍ പഠിക്കുന്നത്. L.T.T.E ഒരു തീവ്രവാദസംഘടന അല്ല എന്ന് ഞാന്‍ പറയും. എന്‍റെ അമ്മയോടോ പെങ്ങളോടോ അരയില്‍ ബോംബ്‌ കെട്ടി പൊട്ടിക്കാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യില്ല. അങ്ങനെ ചെയ്തതിന്‍റെ പിന്നിലെ കാരണം അന്വേഷിച്ച് ഞാന്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഇസൈപ്രിയയെ പറ്റി അറിയുന്നത്; അവര്‍ക്ക് അവിടെ ഒരു ചാനല്‍ ഉണ്ടായിരുന്നു എന്നും മറ്റും. മധുരയിലെ ആനയൂര്‍ ക്യാമ്പില്‍, അവരെ നേരിട്ട് കണ്ടവര്‍ ഉണ്ടോ എന്നറിയാനായി പോയി. പക്ഷേ ആരെയും കണ്ടുകിട്ടിയില്ല. രാമേശ്വരം, കോയമ്പത്തൂര്‍ ഒക്കെ പോയി. പക്ഷേ ഫലം ഒന്നുമുണ്ടായില്ല; ഇപ്പോഴും അന്വേഷണത്തിലാണ്. അഞ്ചു വര്‍ഷമായുള്ള മോഹമാണ് ഈ പ്രോജക്റ്റ്.

യാഥാര്‍ത്ഥ്യത്തില്‍ യു.എന്‍ പറയുന്നത് പോലെ 2009ലെ യുദ്ധത്തില്‍ അവിടെ മരിച്ചത് 40,000 പേരൊന്നുമല്ല, അതിലും എത്രയോ കൂടുതലാണ്; ജനങ്ങള്‍ക്ക്‌ സത്യാവസ്ഥ അറിയാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്‌. ഇന്ന് ഗാസയിലെ യുദ്ധത്തിന് എതിരെ ഇവിടെ ഫ്ലക്സ് വെക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം രാമേശ്വരത്തു നിന്നും പതിനാറ് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരമുള്ള ശ്രീലങ്കയില്‍, അതും നമ്മള്‍ക്ക് അറിയാവുന്ന ഭാഷ സംസാരിക്കുന്നവര്‍, അവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ നമ്മള്‍ തയ്യാറാകണം. എഴുത്തുകാരന്‍ ആണെങ്കില്‍ എഴുതണം, സിനിമാക്കാരന്‍ ആണെങ്കില്‍ സിനിമ ചെയ്യണം. ഇസൈപ്രിയക്കു വേണ്ടി എനിക്ക് ഈ പ്രോജക്റ്റ് ചെയ്യണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍