UPDATES

സിനിമ

സ്റ്റാറിംഗ് പൗര്‍ണമിക്ക് എന്തു സംഭവിച്ചു? സിനു സിദ്ധാർത്ഥിന്റെ സാഹസികതകള്‍/അഭിമുഖം

സിനിമാറ്റോഗ്രാഫർ ആവുന്നതിനു മുൻപ് തന്നെ സിനിമാറ്റോഗ്രഫിയുമായി ബന്ധപ്പെട്ട് ക്യാമറ ബേസ് ചെയ്ത് കുറെ ടെക്നിക്കൽ ഭ്രാന്തുകൾ ഉള്ള ഒരാളായിരുന്നു ഞാൻ.

അനു ചന്ദ്ര

അനു ചന്ദ്ര

സണ്ണിവെയിൻ നായകനായ ‘സ്റ്റാറിങ് പൗര്‍ണമി’ ചിത്രീകരണം പൂർത്തീകരിക്കാതെ മുടങ്ങി പോയ ഒരു ചിത്രമാണ്. എന്നാൽ ചിത്രത്തിന്റെ ചില രംഗങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടപ്പോൾ ബോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന നിലവാരത്തില്‍ ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ട്  പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത് ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ മലയാളസിനിമയിലെ ഒരത്ഭുതം ആയേനെ ഈ ചിത്രം എന്നാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഛായാഗ്രഹണം തന്നെയായിരുന്നു. സാങ്കേതികമായി പുതിയ പരീക്ഷണങ്ങളോട് കൂടി മലയാളസിനിമയ്ക്ക് സുപരിചിതമല്ലാത്ത വശങ്ങളുമായാണ് ചിത്രത്തിൻറെ ഛായാഗ്രഹകനും, അഡ്വഞ്ചറസ് ക്യാമറാമാൻ എന്നും അറിയപ്പെടുന്ന സിനു സിദ്ധാർത്ഥ് ആ സിനിമ ചിത്രീകരിച്ചത്. അതിനെക്കുറിച്ച് സിനു സിദ്ധാർത്ഥ് അനു ചന്ദ്രയുമായി സംസാരിക്കുന്നു.

താങ്കളിലെ ക്യാമറമാനെ ഒരുപക്ഷേ മലയാളികൾ തേടിപ്പോയത് സ്റ്റാറിങ് പൗർണമി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയ ശേഷമാണ്. ഒരുപക്ഷേ ആ സിനിമ ഇറങ്ങിയിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമാട്ടോഗ്രാഫറിൽ ഒരാളായി തന്റെ കരിയർ തന്നെ മാറിയേനെ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷെ ബാക്കിയുള്ളവർ അങ്ങനെ പറഞ്ഞിട്ടുണ്ട്. അതിൽ വർക്ക് ചെയ്ത ആളുകൾ, ഡയറക്ഷൻ ഡിപ്പാർട്ട്മെൻറ് എല്ലാം അങ്ങനെ പറഞ്ഞിട്ടുണ്ട്. ഞാൻ അത്തരത്തിൽ ചിന്തിച്ചിട്ടില്ല. ചിലപ്പോൾ ആകുമായിരുന്നിരിക്കാം. അതിനകത്തെ ടെക്നിക്കൽ ഷോട്ടുകളും, ടൈം സ്ലൈഡ്സ്‌, ബുള്ളെറ്റ്‌ ടൈം ഷോട്ടുകളും ഒക്കെയായി കുറച്ച് ടെക്നോളജി ഉപയോഗിച്ചിരുന്നു. ബുള്ളെറ്റ്‌ ടൈം എന്നുപറയുന്നത് അതിന്റെ ക്ലൈമാക്സിൽ ആയിരുന്നതുകൊണ്ട് അത് ട്രെയിലറിൽ കൊണ്ടുവരാൻ നമുക്ക് സാധിച്ചില്ല. മലയാളത്തിൽ ആദ്യമായിട്ടായിരുന്നു അത്തരത്തിലൊരു ശ്രമം നടക്കുന്നത്. പക്ഷെ അത് പ്രേക്ഷകരെ കാണിക്കാൻ സാധിച്ചില്ല എന്നതിൽ വിഷമം ഉണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ DSLR ക്യാമറ വർക്ക്, ടെലിവിഷൻ മേഖലയിൽ വർക്ക് ചെയ്തപ്പോൾ ടി വി ഷോയ്ക്ക് വേണ്ടി 82 ഫീറ്റ് ക്രെയിൻ സ്വന്തമായുണ്ടാക്കിയെടുത്തു, അണ്ടർവാട്ടർ ക്യാമറ ഷൂട്ടിന് വേണ്ടി ബാങ്കോക്കിൽ നിന്നും സ്കൂബ ഡൈവിംഗ് ലൈസൻസ്. സിനുവിന്റെ കഴിവിനൊത്ത് അംഗീകാരം കിട്ടിയിട്ടില്ല എന്ന് തോന്നുന്നുണ്ടോ?

സിനിമാറ്റോഗ്രാഫർ ആവുന്നതിനു മുൻപ് തന്നെ സിനിമാറ്റോഗ്രഫിയുമായി ബന്ധപ്പെട്ട് ക്യാമറ ബേസ് ചെയ്ത് കുറെ ടെക്നിക്കൽ ഭ്രാന്തുകൾ ഉള്ള ഒരാളായിരുന്നു ഞാൻ. അത് അപ്പോഴും ഇപ്പോഴും ഒക്കെ അങ്ങനെ തന്നെയാണ്. ലക്ഷ്യം സിനിമയിൽ കുറെ ടെക്നിക്കൽ ഷോട്ടുകൾ ഉണ്ട്. പിന്നെ ഞാൻ സെൽഫ് പ്രമോഷൻ അങ്ങനെ ചെയ്യാറില്ല. മോഹൻലാലിനെ പോലെയൊക്കെ മോസ്റ്റ് ഷൈയെസ്റ്റ് പേഴ്സൻ എന്നൊക്കെ പറയാം. ഇപ്പൊ ലൊക്കേഷനിൽ പോലും ചാനൽ എന്നൊക്കെ പറഞ്ഞു വന്നാൽ ഞാനങ്ങനെ നിൽക്കാറില്ല. അതുകൊണ്ടൊക്കെ ആയിരിക്കണം ശ്രദ്ധിക്കപ്പെടലുകൾ കുറഞ്ഞത്. പിന്നെ എനിക്ക് സിനിമാറ്റോഗ്രഫിയിൽ ഒരു ഗുരുവില്ല. പൊതുവിൽ എല്ലാവരും ആരെയെങ്കിലും ഒക്കെ അസിസ്റ്റ് ചെയ്തതിനു ശേഷം ഒക്കെ ആയിരിക്കും സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്നത്. എന്റെ മേഖലയിൽ ഞാൻ ഏകലവ്യനാണ്. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് നടന്നതായിരുന്നു പലരുടെയും പുറകെ. പക്ഷെ നമ്മളെയാരും അന്ന് കൂട്ടാക്കിയില്ല. ഇതിനിടയിൽ ജയരാജ് സാറിന്റെ മൂന്ന് സിനിമകൾ ചെയ്തു. ഞാനിപ്പോൾ ചെയ്യുന്നത് എന്റെ ഇരുപത്തി മൂന്നാമത്തെ സിനിമയാണ്.

എത്രമാത്രം മികച്ചൊരു സിനിമയായിരുന്നു സ്റ്റാറിങ് പൗർണമി?

അതൊരുപക്ഷേ ഇറങ്ങിയിരുന്നെങ്കിൽ, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഒരു ലവ് സ്റ്റോറി ആകുമായിരുന്നു. പക്ഷെ അത് ബ്ലോക്ക് ആയി പോയി. അതിന്റെ 85 ശതമാനം ഷൂട്ട് കഴിഞ്ഞിരുന്നു. ലഡാക്, കാശ്മീർ, ചൈന ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിലായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു.

സ്റ്റാറിങ് പൗർണമി എന്ന ചിത്രത്തിന്റെ ട്രെയിലർ ക്വാളിറ്റി തന്നെയാണ് അതിന്റെ പ്രധാന സംസാര വിഷയം. എത്രമാത്രം ബ്രില്യന്റ് ആയൊരു സിനിമയാണത്?

മരിക്കാര്‍ ഫിലിംസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഇതിനിടെ പൗര്‍ണമിയുടെ ആദ്യ ഷെഡ്യുള്‍ പൂര്ത്തിയാക്കിയിരുന്നു. ഇതോടെ ചിത്രത്തിന്റെ 85 ശതമാനം പൂര്‍ത്തിയായി. ബാക്കി കേരളത്തിൽ ഷൂട്ട് തീർക്കാൻ ഇരിക്കുന്നതിനിടെയാണ് മരിക്കാറിന്റെ തന്നെ ‘കൂതറ’ എന്ന സിനിമ റിലീസ് ആയത്. പക്ഷേ കൂതറ തീയറ്ററില്‍ പരാജയമായി. അതോടെ സ്റ്റാറിങ് പൗര്‍ണമിക്കുള്ള ഫണ്ട് റെഡിയായില്ല. അങ്ങനെ ആ ചിത്രം മുടങ്ങുകയായിരുന്നു. സ്റ്റാറിങ് പൗർണ്ണമിയുടെ ട്രയ്ലറിൽ നിന്നും മാത്രം ലാഭമായി കിട്ടിയ തുകയായിരുന്നു നാലുകോടി. ആ നാലുകോടി കൊണ്ടാണ് കൂതറ സിനിമ ചെയ്തത്. ആ സിനിമ പരാജയപ്പെട്ടപ്പോൾ അതിൻറെ ലാഭ തുക കൊണ്ട് സ്റ്റാറിങ് പൗർണമി പൂർത്തീകരിക്കാമെന്ന സ്വപ്നവും അവസാനിച്ചു. അതിൽ ആർക്കും അറിയാത്ത ഒരു വലിയ രഹസ്യം എന്താണെന്ന് വെച്ചാൽ ടോവിനൊ ആണ് സിനിമയിലെ വില്ലൻ. അത്രയ്ക്കും മനോഹരമായി ടോവിനോ അഭിനയിച്ച ഒരു സിനിമയായിരുന്നു ഇത്. ടോവിനോയുടെ എന്നു നിൻറെ മൊയ്തീൻ സിനിമയിലെ അഭിനയത്തേക്കാളും മികച്ച അഭിനയം ആയിരുന്നു ഇതിൽ. പക്ഷെ അവൻ ട്രയ്ലറിൽ പോലും ഇല്ല.

ടൈം സ്ലൈസ് എന്ന ഒരു ടെക്നോളജി ചിത്രത്തിൽ ഉപയോഗിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്താണത്?

ടൈം സ്ലൈഡ് എന്ന ടെക്നോളജി ഇപ്പോഴും ഇന്ത്യയിൽ ഇല്ല. ആദ്യമായിട്ട് അത് വരുന്നത് മെട്രിക്സ് എന്ന സിനിമയിലാണ്. അതായത് എല്ലാവരും അതിനെ ബുള്ളെറ്റ്‌ ടൈംസ് എന്നു പറയുന്നു എങ്കിലും ടൈം സ്ലൈഡ് എന്നാണ് അതിന്റെ ടെക്ക്നിക്കൽ പദം. അതായത് ഒരു ബോംബ് ബ്ലാസ്റ്റ് നടക്കുകയാണെങ്കിൽ നമുക്ക് ആ സമയത്തെ ഫ്രീസ് ചെയ്യാം. അതായത് അങ്ങനെ സ്ലൈഡ്‌സ് ചെയ്തു കഴിഞ്ഞാൽ എല്ലാം നിശ്ചലമായി. അങ്ങനെ നിശ്ചലമായാൽ നമുക്ക് പിന്നെ ഒരു സംവിധായകൻറെ അല്ലെങ്കിൽ ക്യാമറമാൻറെ പോയിന്റ് ഓഫ് വ്യൂവില്‍ നമുക്ക് അതിനിടയിലൂടെ നടന്ന് എല്ലാം കാണാം എന്ന ടെക്നോളജിയാണ് ഇത്. ഇതിന് ഒരു ഷോട്ടിന് ഒരു കോടിക്ക് മുകളിൽ ചിലവ് വരും. ഞാന്‍ ചെയ്ത സിനിമകളിൽ നിന്നും ലഭിച്ച പണം എല്ലാമെടുത്ത് അഞ്ചു ക്യാമറകൾ വാങ്ങി ഈ ടെക്നോളജി റെഡിയാക്കി എടുത്തു. ഞാൻ ലൈവായി ലൊക്കേഷനിൽ മൈനസ് 8-ൽ എടുത്ത സംഭവം ആയിരുന്നു അത് ഉപയോഗിച്ച്. ക്ലൈമാക്സിലെ ഒരു ഷോട്ട് ആയിരുന്നു അത്.

എത്രമാത്രം റിസ്കി ആയിരുന്നു ഈ ലഡാക്കിലും മറ്റുള്ള ചിത്രീകരണം?

ഒരുപാട് റിസ്ക്കി ആയിരുന്നു. മൈനസ് 11-ൽ വരെ നമ്മൾ ഷൂട്ട് ചെയ്തു. പിന്നെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് പാരച്ചൂട്ടിൽ നിന്നും 11600 അടി മുകളിൽ നിന്നൊക്കെ ജംപ് ചെയ്ത് ഒക്കെ ആയിരുന്നു. മഞ്ഞിൽ ഒക്കെ റിസ്ക്കിയാണ് ഷൂട്ട്. ഗ്ലൗസ് ഒക്കെ ഊരി ഷൂട്ട് ചെയ്യാം എന്ന് പറയുന്നത് ഇപ്പൊ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. അങ്ങനെ ഒക്കെ ആയിരുന്നു ചെയ്തത്.

സ്റ്റാറിങ് പൗർണമി ഇനി നടക്കാൻ സാധ്യതയുണ്ടോ?

ഇനി സാധ്യതയില്ല. നായികയുടെ ഒക്കെ ഷേപ്പ് തന്നെ മാറിക്കാണും ഇപ്പോൾ. കാരണം അവരുടെ കണ്ടിന്യൂറ്റി ഷോട്ട് ഒക്കെ ആവശ്യം വരും ഇനി ഷൂട്ട് തുടങ്ങണമെങ്കിൽ. നാലു വർഷത്തിന് മുകളിലായി ഷൂട്ട് മുടങ്ങിയിട്ട്.

താങ്കളുടെ സിനിമകളിൽ കൂടുതലായി ഈ എക്സ്പിരിമെന്റൽ ഷോട്ടുകൾ കാണാറുണ്ട്. അത് താങ്കളുടെ താല്പര്യം മൂലമാണോ അതോ സംവിധായകന്റെ ഇടപെടൽ കൊണ്ട് ആണോ സംഭവിക്കുന്നത്?

ചില സീനുകൾ ആവശ്യപ്പെടുന്നിടത്ത് മാത്രമാണ് എക്സ്പിരിമെന്റൽ ഷോട്ടുകൾ ഉപയോഗിക്കുന്നത്. അഡാർ ലൗ സിനിമയിൽ ഒന്നും എക്സ്പിരിമെന്റൽ ഷോട്ടുകൾ ഉപയോഗിച്ചിട്ടില്ല. ലക്ഷ്യം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അത് കഥ ആവശ്യപ്പെടുന്നത് ആയിരുന്നു.

പുതിയ സിനിമ അഡാർ ലൗവിനെ കുറിച്ച്?

ഭയങ്കര കളർഫുൾ ആയിട്ടുള്ള സിനിമയാണിത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒന്ന്. ഒരുപാട് ഗിമ്മിക്ക്‌സുകൾ ഒന്നും ഞാൻ അതിനകത്ത് അപ്ലൈ ചെയ്തിട്ടില്ല. കാരണം അതിന്റെ പാറ്റേണ്‍ അങ്ങനെയാണ്. ഫോട്ടോഗ്രാഫി ബേസിൽ ഭയങ്കര കളർ ടോണും, ഷോട്ടിനകത്ത് ഓരോ മൂവ്മെന്റിൽ ഒക്കെ റിതവും പിടിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടികളുടെ നല്ല ചിത്രം കൂടിയാണ് അത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍