UPDATES

സിനിമ

അഭിമുഖം/ഡോ. ബിജു: ജാതീയതയുടെ തീവ്രവാദമാണ് ‘വെയില്‍ മരങ്ങള്‍’ പറയുന്നത്; ‘വരേണ്യര’ല്ലാത്തവര്‍ സിനിമയില്‍ മാറ്റിനിര്‍ത്തപ്പെടുന്നു

അന്തര്‍ദേശീയമായി മത്സരിക്കാന്‍ പറ്റുന്ന സിനിമകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമുള്ളതിനാല്‍ കേരളത്തിനകത്ത് അംഗീകാരം കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ഒരു പ്രശ്‌നമാക്കാറുമില്ല

ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രം ഔട്ട് സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരിക്കുകയാണ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ചിത്രമാണ് വെയില്‍ മരങ്ങള്‍. പുരസ്‌കാര നേട്ടത്തിന് ശേഷം റെഡ്കാര്‍പ്പറ്റില്‍ നില്‍ക്കുന്ന ചിത്രത്തിലെ നായകന്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധാകേന്ദ്രം. തന്റെ സിനിമകളില്‍ തന്റെ രാഷ്ട്രീയം തന്നെയാണ് പറയുന്നതെന്ന് ബിജു വ്യക്തമാക്കുന്നു. മേളയില്‍ നിന്നും മടങ്ങിയെത്തിയ ഡോ. ബിജു അഴിമുഖത്തിന് അനുവദിച്ച അഭിമുഖം.

എന്താണ് വയില്‍ മരങ്ങള്‍ എന്ന് പറയുമോ?

വെയില്‍ മരങ്ങള്‍ പത്താമത്തെ സിനിമയാണ്. മുമ്പുള്ള സിനിമകളുടെ തുടര്‍ച്ചയായി തന്നെയാണ് ഈ സിനിമയും വരുന്നത്. പേരറിയാത്തവര്‍ പോലുള്ള സിനിമകളുടെ തുടര്‍ച്ചയായി തന്നെ സാധാരണക്കാരായ മനുഷ്യരുടെ കഥയാണ്. വളരെ യാഥാര്‍ത്ഥ്യം നിറഞ്ഞ എന്നും കാണുന്ന ജീവിതങ്ങളാണ് ഇതില്‍. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദലിത് കുടുംബം അതിജീവനത്തിനായി തൊഴില്‍ അന്വേഷിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്ന കഥയാണ്. അതില്‍ പ്രകൃതിയുമായിട്ടുള്ള അവരുടെ ബന്ധം, അതുമായി പടപൊരുതുന്ന ജീവിത സാഹചര്യം, ജോലിയുടെ അസ്ഥിരത, അതിജീവനം ഇതെല്ലാമായി ബന്ധപ്പെട്ട സിനിമയാണ് ഇത്.

ആദ്യത്തെ ചില സിനിമകള്‍ മത തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിട്ട് പിന്നീട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതമാണല്ലോ വിഷയമാക്കിയത്?

ആദ്യത്തെ മൂന്ന് സിനിമ ട്രിലോഗി പോലെ തന്നെയായിരുന്നു. സൈറയും രാമനും വീട്ടിലേക്കുള്ള വഴിയും മതതീവ്രവാദവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. തീവ്രവാദത്തിന്റെ മൂന്ന് വ്യത്യസ്തമായ വശങ്ങളായിരുന്നു ഇതില്‍ മൂന്നിലും പറഞ്ഞത്. ആ മൂന്നെണ്ണത്തോടെ തന്നെ തീവ്രവാദത്തിന്റെ എല്ലാ വശങ്ങളും- അതായത് മതപരമായ തീവ്രവാദം, ഭരണകൂടത്തിന്റെ തീവ്രവാദം, പിന്നെ തീവ്രവാദത്തിന്റെ അറിയാതെ അകപ്പെട്ട് പോകുന്ന മനുഷ്യര്‍ ഇങ്ങനെയൊക്കെയുള്ള എല്ലാ വശങ്ങളും സിനിമകളിലൂടെ ചര്‍ച്ച ചെയ്തു. അതിന് ശേഷമാണ് വിഷയങ്ങള്‍ മാറി സ്വീകരിച്ചത്. എങ്കിലും പിന്നീട് വന്ന സിനിമകളിലെല്ലാം പൊതുവായി അരികുവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നത്. അതിന്റെ തുടര്‍ച്ച പല സിനിമകളിലും ഉണ്ടാകുന്നുമുണ്ട്. ഇടയ്ക്ക് സൗണ്ട് ഓഫ് സൈലന്‍സ് പോലുള്ള സിനിമകള്‍ ആത്മീയ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റെല്ലാം തന്നെ അരികുവല്‍ക്കരിക്കപ്പെട്ട ആളുകളുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്.

മതതീവ്രവാദത്തോളം തന്നെ അപകടരമാണല്ലോ ജാതി തീവ്രവാദവും? എന്നാല്‍ സിനിമകളില്‍ ജാതിതീവ്രവാദം എത്രമാത്രം അഡ്രസ് ചെയ്യപ്പെടുന്നുണ്ട്?

വെയില്‍ മരങ്ങളുടെ ആദ്യ റിപ്പോര്‍ട്ട് വരുമ്പോള്‍ തന്നെ അത് ഹോളീവുഡ് റിപ്പോര്‍ട്ടര്‍ പോലുള്ള മാധ്യമം എഴുതുന്നത് ഫാന്‍ഡ്രി എന്ന മറാത്തി ചിത്രവുമായി ബന്ധപ്പെടുത്തിയാണ്. അതില്‍ തന്നെ കൃത്യമായി പറയുന്നത് ഫാന്‍ഡ്രിയുടെ അവസാനം കുറച്ച് സിനിമാറ്റിക് ആയി തോന്നിയെങ്കില്‍ വേയില്‍ മരങ്ങളുടെ അവസാനം കുറച്ചുകൂടി റിയലിസ്റ്റിക് ആണെന്നാണ്. ജാതിയതയുടെ തീവ്രവാദത്തെ സൂക്ഷ്മമായി സംബോധന ചെയ്യുന്ന ഒരു സിനിമ തന്നെയാണ് വെയില്‍ മരങ്ങള്‍. പേരറിയാത്തവരിലും കാടുപൂക്കുന്ന നേരത്തിലുമെല്ലാം അത് കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ അത് മുഴുനീളം അഡ്രസ് ചെയ്ത് പോകുന്നു.

ഇന്ദ്രന്‍സ് എന്ന നടനെക്കുറിച്ച് പറയാമോ?

ഇന്ദ്രന്‍സുമായി ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഇത്. ആകാശത്തിന്റെ നിറം മുതല്‍ ഇന്ദ്രന്‍സിനൊപ്പം സിനിമ ചെയ്യുന്നു. പേരറിയാത്തവരില്‍ സുരാജിനൊപ്പം ഒരു പ്രധാനവേഷമാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തവണ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. പ്രധാനമായും ഒരു അച്ഛനും അമ്മയും മകനും മാത്രമേയുള്ളൂ. അതും അതിനകത്ത് കാസ്റ്റിംഗ് സാധാരണക്കാരായ മനുഷ്യരെന്ന് തോന്നിക്കുന്നവര്‍ തന്നെ വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ദ്രന്‍സ് ചേട്ടനെ കാസ്റ്റ് ചെയ്യുന്നത്. സരിത കുക്കുവാണ് അമ്മയുടെ വേഷത്തില്‍ വരുന്നത്. രണ്ട് കാസ്റ്റിംഗും പരമ്പരാഗത കാസ്റ്റിംഗില്‍ നിന്നും മാറിയിട്ടാണ് ചെയ്തിട്ടുള്ളത്. ഇന്ദ്രന്‍സ് ചേട്ടനൊപ്പം നേരത്തെ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ട് ആശ്വാസമുണ്ടായിരുന്നു. നമുക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. നമുക്ക് വഴങ്ങുന്ന ഒരു നടനാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് ചേട്ടന്‍ വളരെ സൂക്ഷ്മ ഭാവങ്ങളുള്ള ഒരു കഥാപാത്രത്തെയാണ് ഇതില്‍ ചെയ്തിരിക്കുന്നത്. അത് അദ്ദേഹം മനോഹരമായി തന്നെ ചെയ്യുകയും ചെയ്തു. ഇനിയും വളരെയധികം സാധ്യതകളുള്ള ഒരു നടന്‍ തന്നെയാണ് അദ്ദേഹം. സരിതയ്ക്കും വളരെ ശക്തമായ ഒരു വേഷമാണ് ഇതിലുണ്ടായിരുന്നത്.

വിദേശ മേളകളില്‍ തുടര്‍ച്ചയായി അംഗീകരിക്കപ്പെട്ടിട്ടും കേരളത്തില്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

മുമ്പ് അങ്ങനെയൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത്ര ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. എനിക്ക് തോന്നുന്നത് ഇപ്പോള്‍ അതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ്. കാരണം, നമ്മള്‍ നമ്മുടെ സിനിമകള്‍ ചെയ്യുന്നു. നന്നായി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. നമ്മളെപ്പോഴും ഒരു ലക്ഷ്യം നിശ്ചയിക്കണം. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം അന്തര്‍ദേശീയമായി മത്സരിക്കാന്‍ പറ്റുന്ന സിനിമകള്‍ ഉണ്ടാക്കുക, അന്തര്‍ദേശീയമായി ഇഷ്ടപ്പെടുന്ന സംവിധായകര്‍ ഒത്തിരിപ്പേരുമായി മത്സരിക്കാന്‍ പറ്റുക. എന്നൊക്കെയുള്ള ഒരു ലക്ഷ്യമാണ് നമ്മള്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ആ ഒരു ലക്ഷ്യമുള്ളതിനാല്‍ കേരളത്തിനകത്ത് അംഗീകാരം കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ഒരു പ്രശ്‌നമാക്കാറുമില്ല. അംഗീകരിക്കേണ്ടവര്‍ക്ക് അംഗീകരിക്കാം. അല്ലാത്തവര്‍ക്ക് വേണ്ട എന്നുള്ളൊരു നിലപാടാണ് എനിക്കിപ്പോഴുള്ളത്. അതില്‍ വലിയ കാര്യമൊന്നുമില്ല. പക്ഷെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് കാണാന്‍ പറ്റുന്ന തരത്തിലേക്ക് കാണികള്‍ക്ക് ഇടയിലേക്ക് സിനിമ എത്തിക്കാന്‍ പറ്റുമോയെന്നത് മാത്രമാണ് ഇപ്പോള്‍ നമ്മള്‍ നോക്കുന്നുള്ളൂ. കേരളമെന്നത് എല്ലാക്കാര്യങ്ങളിലും മറ്റെന്ത് കാര്യത്തിലായാലും പല തരത്തിലുള്ള രാഷ്ട്രീയമുള്ളത്. അത് കക്ഷി രാഷ്ട്രീയമായാലും ജാതി രാഷ്ട്രീയമായാലും വര്‍ണ രാഷ്ട്രീയമായാലും ഒക്കെയുള്ള ഇടമാണ്. സിനിമയ്‌ക്കെന്ന് മാത്രമല്ല, മറ്റ് പലയിടത്തും അംഗീകാരങ്ങളൊക്കെ ഒരുപക്ഷെ ഇതൊക്കെ അടിസ്ഥാനമാക്കിയാണ് ഉണ്ടാകുന്നത്. വ്യത്യാസം ഇേ്രത ഉള്ളൂ. ഇപ്പോള്‍ നമുക്ക് കിട്ടുന്നത് പോലൊരു പുരസ്‌കാരം വേറൊരാള്‍ക്കാണ് കിട്ടുന്നതെങ്കില്‍ കുറച്ചുകൂടി ആഘോഷിക്കപ്പെടുമായിരുന്നു. ആ സ്റ്റാറ്റസ് കുറച്ച് കുറയുമെന്ന് ഒഴിച്ചു നിര്‍ത്തിയാല്‍ നമ്മുടെ സിനിമകള്‍ക്ക് അന്തര്‍ദേശീയപരമായി യാതൊന്നും സംഭവിക്കുന്നില്ല. അവിടെ കൃത്യമായ സ്‌പേസ് ലഭിക്കുന്നുണ്ട്. ആ രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റുന്നത് കൊണ്ട് ഇതൊന്നും കാര്യമാക്കാറില്ലെന്നതാണ് സത്യം.

മറ്റൊരാള്‍ക്കായിരുന്നെങ്കില്‍ അംഗീകരിക്കപ്പെട്ടേനെയെന്ന് പറഞ്ഞത് സവര്‍ണ അവര്‍ണ വ്യത്യാസത്തിലാണോ?

അത് ഉണ്ടാകാം. നമ്മുടെ ഒരു പ്രശ്‌നം ഈ സമൂഹം പലരെയും അളക്കുന്നത് വര്‍ണം കൊണ്ടാണ്. അതൊരുപക്ഷെ ജാതി മാത്രമല്ല. അതിന്റെയൊരു രാഷ്ട്രീയം വര്‍ഗ്ഗീയ രാഷ്ട്രീയം മാത്രമല്ല. ജാതി, സാമ്പത്തികമായ അവസ്ഥ ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒരാളെ വസ്ത്രധാരണം കൊണ്ട് വിലയിരുത്തുന്ന സമൂഹമാണ് നമ്മുടേത്. അത്യാവശ്യം മോശമായ വസ്ത്രം ധരിച്ച് കഴിഞ്ഞാല്‍ അയാള്‍ മോശമായ ഒരാളാണ്. അല്ലങ്കില്‍ ഒരു താഴേക്കിടയിലുള്ള എന്ന് നമ്മള്‍ വിചാരിക്കുന്ന ജോലിയെടുക്കുന്നയാളാണ്. അടിസ്ഥാനപരമായി ജോലിയെടുക്കുന്ന മനുഷ്യന്മാരൊക്കെ കണക്കിലെടുക്കേണ്ടതല്ലാത്ത മനുഷ്യന്മാരാണ്. കൃഷിക്കാരെ നമ്മള്‍ കണക്കിലെടുക്കേണ്ടതില്ല. കൃഷിക്കാരെ നമ്മള്‍ ഡിഗ്നിറ്റിയുള്ള മനുഷ്യന്മാരായി കാണാറില്ല. അതുപോലെ തൂപ്പ് ജോലിയെടുക്കുന്നവര്‍, ഓടവൃത്തിയാക്കുന്നവര്‍, അങ്ങനെയുള്ള അടിസ്ഥാനപരമായ എല്ലാ തൊഴിലെടുക്കുന്നവരോടും നമുക്കൊരു അവഗണനയുണ്ട്. അത് നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരു ഭാഗമാണ്. കുറെ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഒരു രീതി. അതിപ്പോള്‍ കുറച്ച് കൂടുതലും ആകുന്നുണ്ട്. അതിന്റെയൊക്കെ ഫലമായിരിക്കാം സിനിമയാണെങ്കിലും കലയാണെങ്കിലും വരേണ്യതയില്ലാത്ത ആളുകള്‍ അത്തരമിടങ്ങളിലേക്ക് വരുമ്പോഴുണ്ടാകുന്ന മാറ്റിനിര്‍ത്തലുകള്‍. ഈ മാറ്റിനിര്‍ത്തലുകള്‍ പ്രത്യക്ഷമാണോയെന്ന് ചോദിച്ചാല്‍ പ്രത്യക്ഷമല്ല, പക്ഷെ അതുണ്ടെന്നുള്ളതാണ്.

മലയാള സിനിമ പൊതുവില്‍ ദലിത് വിഷയങ്ങള്‍ അഡ്രസ് ചെയ്ത് കാണാറില്ല. ഇനി അഥവ അഡ്രസ് ചെയ്താല്‍ തന്നെ അത് കടുത്ത അശ്ലീലമയാകും ചിത്രീകരിച്ചിരിക്കുക. എന്തുകൊണ്ടാണ് അത്?

ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിംഗ് നടക്കുന്നത് മലയാളത്തിലാണ്. തമാശയോ മിമിക്രിയോ ഒക്കെ ഉണ്ടാക്കുന്നത് ബോഡി ഷെയ്മിംഗില്‍ നിന്നാണ്. കറുത്ത ഒരാളിനെ മോശമായി ചിത്രീകരിക്കുക, വണ്ണമുള്ള ഒരാളെ മോശക്കാരനാക്കുക, പൊതുസമൂഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള സൗന്ദര്യമില്ലാത്ത സ്ത്രീകളെ മോശമായി ചിത്രീകരിക്കുക. അതുപോലെ അശ്ലീല പരാമര്‍ശങ്ങളും. സ്ത്രീകള്‍, ദലിതര്‍, നിറമില്ലാത്തവര്‍, സമ്പത്തില്ലാത്തവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഇവരൊക്കെ കളിയാക്കപ്പെടാനുള്ള മാധ്യമമാണ്, അല്ലെങ്കില്‍ അങ്ങനെയുള്ളൊരു ജനുസാണെന്ന് ഒരു തോന്നല്‍. അതിന്റെയൊരു പ്രശ്‌നമായിട്ടാണ് ഇതിനെ എനിക്ക് തോന്നുന്നത്. സിനിമയിലേക്ക് വരുമ്പോഴും ഇവരെ അഡ്രസ് ചെയ്യുന്നത് ഒന്നുകില്‍ ഇവര്‍ ക്രിമിനലുകളാണ് അല്ലങ്കില്‍ വളരെ ബോഡി ഷെയ്മിംഗോട് കൂടിയ മോശമായ സാഹചര്യമുള്ള ആളുകളായാണ് ഇവരെ അഡ്രസ് ചെയ്യുന്നത്. യഥാര്‍ത്ഥത്തിലുള്ള ഇവരുടെ പ്രശ്‌നങ്ങളോ അങ്ങനെയുള്ള യാഥാര്‍ത്ഥ്യമായ പരാമര്‍ശങ്ങളുള്ള സിനിമകള്‍ കുറവാണ് മലയാളത്തില്‍.

റിസര്‍വേഷനെക്കുറിച്ചൊക്കെ ആളുകളില്‍ തെറ്റായ ഒരുപാട് ധാരണകളുള്ളതും ഇതിന്റെ ഭാഗമല്ലേ?

അടിസ്ഥാനപരമായ ഒരു മാറ്റമുണ്ടാകാത്തതിന്റെ പ്രശ്‌നമാണ് അത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കുട്ടികളെ എന്താണ് ജാതി, അതിന്റെ പരിണിത ഫലം, മാനവീയത, ഭരണഘടന ഇതെല്ലാം പഠിപ്പിക്കേണ്ടതാണ്. അല്ലങ്ക്ില്‍ ആള്‍ക്കാര്‍ ഇപ്പോഴും ചോദിക്കുന്നത് പോലെ സ്‌ക്രീന്‍ ഷോട്ട് എന്തിനാണ് എന്ന ചോദ്യം ഉയരും. പഠിച്ചില്ലെങ്കിലും ആളുകള്‍ക്ക് ജോലി കിട്ടാനുള്ള ഒരു കുറുക്കുവഴിയാണ് റിസര്‍വേഷന്‍ എന്ന് ചിന്തിക്കുന്ന ആളുകള്‍ വളരെ കൂടുതലാണ്. റിസര്‍വേഷന്റെ പശ്ചാത്തലമെന്താണ്? എന്തുകൊണ്ടാണ് അത് തുടരുന്നത്? അത് എന്തുകൊണ്ട് തുടരണം എന്നുള്ള ഭരണഘടനാപരമായ കാര്യങ്ങളോ ബോധ്യങ്ങളോ ഒന്നും പലര്‍ക്കുമില്ല. ഇത് എല്ലായിടത്തുമുണ്ട്. അങ്ങനെയൊരു ഭരണഘടനാ ബോധ്യമോ സാമൂഹ്യ ബോധ്യമോ ഇല്ലാത്ത ഒരു ജനറേഷനാണ് ഇത്. കാരണം അങ്ങനെയൊരു പാഠ്യപദ്ധതിയൊന്നും നമുക്കില്ല. അവിടം മുതല്‍ മാറ്റങ്ങള്‍ തുടങ്ങേണ്ടതുണ്ട്. നമ്മുടെ പല ഭരണാധികാരികള്‍ക്ക് പോലും അത്തരം ബോധ്യങ്ങളൊന്നുമില്ല. ഇതൊക്കെയൊന്ന് മാറിയാലേ മാറ്റം വരൂ. വളകെ പെട്ടെന്ന് ഒരു മാറ്റം വരുമെന്നും ഇവിടെ തോന്നുന്നില്ല. വളരെ ഡീപ്പ് റൂട്ടഡ് നമ്മുടെ ഈ സൊസൈറ്റിയില്‍ ഉള്ളതാണ് ഈ ചിന്താഗതി. കുറച്ച് കാലം നാമതിനെ പറച്ചെറിഞ്ഞെങ്കിലും വീണ്ടും ശക്തമായി തന്നെ അത് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കൂടുതലായി വരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ ഭാഗമായാണ്. ഹിന്ദുത്വ ഫാസിസം ദലിത് വിഭാഗങ്ങളും തങ്ങള്‍ക്കുള്ളില്‍ തന്നെയാണെന്ന് നടിക്കുന്നുണ്ടെങ്കിലും വളരെ കടുത്ത ഒരു എതിര്‍പ്പ് നിലവിലുണ്ട്. അതൊക്കെ മറികടക്കുകയെന്നത് അത്ര ലളിതമായ കാര്യമാണെന്ന് തോന്നുന്നില്ല. ഈ വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ അടയാളപ്പെടുമ്പോഴാണ്. അതിന് അവര്‍ സ്വയം മുന്നോട്ട് വരണം. അങ്ങനെ മുന്നോട്ട് വരുമ്പോള്‍ നമ്മെ അംഗീകരിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ടാകും. അത് അവനവന്റെ ബാധ്യതയാണ്. അല്ലെങ്കില്‍ ദലിത് സമുദായങ്ങളുടെ മാത്രം ബാധ്യതയാണ്. നമ്മെ പുറന്തള്ളാനാകാത്ത വിധം ഒരു ഇടത്തിലേക്ക് നമ്മള്‍ തന്നെ എത്തിപ്പെടുക എന്നുള്ളതാണ് അത്. അങ്ങനെ കൂടുതല്‍ ആളുകള്‍ എത്തിപ്പെടുമ്പോള്‍ ഒരുപക്ഷെ കുറച്ചൊക്കെ മാറ്റം ഉണ്ടായേക്കാം.

വീട്ടിലേക്കുള്ള വഴിയ്ക്ക് ശേഷം താങ്കള്‍ ദലിത് വിഷയങ്ങളും അരികുവല്‍ക്കരിക്കപ്പെട്ടവരുടെ വിഷയങ്ങളുമാണ് സിനിമയ്ക്ക് വിഷയമാക്കിയത്. അത് മനഃപൂര്‍വമായിരുന്നോ?

തീര്‍ച്ചയായും. പലപ്പോഴും വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ നമ്മുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്ന വിഷയങ്ങള്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. അല്ലാതെ നമ്മുടെ സൗന്ദര്യബോധം മാത്രമാണ് വേണ്ടതെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. സൗന്ദര്യബോധവും വേണം എന്നതിനൊപ്പം തന്നെ അതിലൊരു സാമൂഹിക ഘടകം കൂടി വേണമെന്നാണ് എന്റെ ചിന്ത. ഇപ്പോഴത്തെ ഒരു പരിസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ അഡ്രസ് ചെയ്യേണ്ടതുണ്ട്. ഉണ്ടെന്ന് പറഞ്ഞാല്‍ അത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ വലുതായിട്ടുണ്ടാകുന്നില്ലെന്നതാണ്. അപ്പോള്‍ അങ്ങനെ ഉണ്ടാകാതിരിക്കുന്ന ഇടത്തില്‍ ഇത്തരത്തിലുള്ള സിനിമകളും വല്ലപ്പോഴുമൊക്കെ ഉണ്ടായേ പറ്റൂ. അതിനാരെങ്കിലുമൊക്കെ മുന്‍കൈ എടുത്തേ പറ്റൂ. ആ അര്‍ത്ഥത്തിലാണ് നമ്മള്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുമ്പോഴും അതൊരു പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ആളുകളിലേക്ക് തന്നെ എത്തിപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ ആലോചിക്കുന്നത്. അത് മനഃപൂര്‍വം തന്നെ സംഭവിക്കുന്നതാണ്.

ഇപ്പോള്‍ മലയാളത്തില്‍ സജീവമാകുന്ന ക്രൗഡ് ഫണ്ടിംഗ് സിനിമകളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

ഞാനതിനെ വേറൊരു തരത്തിലാണ് കാണുന്നത്. ഒരു സിനിമ ചെയ്യുകയെന്നത് ആത്യന്തികമായി ഒരു സംവിധായകന്റെ മാത്രം ആവശ്യമാണ്. അല്ലാതെ ഒരു നിര്‍മ്മാതാവിന്റെ പോലും ആവശ്യമല്ല. നിര്‍മ്മാതാവിന് പോലും രണ്ടാമതാണ് ആവശ്യം. അതിന് വേണ്ടിയാണ് നാം ക്രൗഡ് ഫണ്ട് ചെയ്യുന്നത്. നമ്മുടെ സിനിമ ചെയ്യാന്‍ നമ്മെ സഹായിക്കാന്‍ പറ്റുന്ന സുഹൃത്തുക്കളും ബന്ധുക്കളും അല്ലങ്കില്‍ സിനിമയോട് താല്‍പര്യമുള്ള അല്ലെങ്കില്‍ അത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തോടോ ആശയത്തോടോ താല്‍പര്യമുള്ളവര്‍ സഹായിക്കുമ്പോഴാണ് ക്രൗഡ് ഫണ്ടിംഗ് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള സിനിമകളുടെ ചെറിയ പ്രശ്‌നമെന്നത് സ്വാഭാവികമായും ബജറ്റ് കുറവായിരിക്കുമെന്നതാണ്. അതിന്റേതായ എല്ലാ സാങ്കേതിക പരാധീനതകളും ആ സിനിമയ്ക്കുണ്ടാകാം. അത് നമ്മുടെ സിനിമയുടെ നിലവാരത്തെ പലപ്പോഴും പിന്നോട്ടടിക്കാറുണ്ട്. പ്രമേയപരമായി നല്ല സിനിമകളാണെങ്കില്‍ പോലും അത് ഒട്ടും സാങ്കേതികപരമല്ലാതെ അമെച്വര്‍ രീതിയിലൊക്കെ എടുക്കുന്ന പല സിനിമകളുമുണ്ടാകാം. അതൊരു മാധ്യമമെന്ന നിലയില്‍ സിനിമയ്ക്ക് നല്ലതല്ല. കഥയെഴുതുന്നത് പോലെയോ കവിതയെഴുതുന്നത് പോലെയോ അല്ല. സിനിമയെന്ന മാധ്യമമെന്ന് പറയുന്നത് കുറച്ചൊക്കെ ഒരു ടെക്‌നിക്കിന്റേത് കൂടിയാണ്. ആ ടെക്‌നിക്കില്‍ വിട്ടുവീഴ്ച ചെയ്തിട്ട് നമ്മള്‍ ആ സിനിമയെടുത്തു കഴിഞ്ഞാല്‍ സ്വാഭാവികമായും സാങ്കേതികപരമായി വളരെ മോശം നിലവാരത്തിലാകും. മൊബൈല്‍ ഫോണില്‍ ചെയ്യുന്ന സിനിമകളൊക്കെ കാനിലും മറ്റും വരാറുണ്ട്. എന്നാല്‍ സാങ്കേതികമായി സജ്ജമായിരിക്കും. സാങ്കേതിക നിലവാരത്തെ മറികടന്നാല്‍ ക്രൗഡ് ഫണ്ടിംഗ് അവരവര്‍ക്ക് സിനിമ ചെയ്യാനുള്ള നല്ല ഉപാധിയാണ്. എന്നാല്‍ എങ്ങനെയെങ്കിലും കുറച്ച് പണം സ്വരൂപിച്ച് ചെറിയൊരു സിനിമയെന്നുള്ളത് മാറ്റിവച്ചിട്ട് ആ സിനിമയുടെ പ്രമേയത്തോടൊപ്പം ഒരു സാങ്കേതികതയിലും ഒരു അമ്പത് ശതമാനം നീതി പുലര്‍ത്തേണ്ടതുണ്ട്. അതില്ലാത്ത സിനിമയുണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള സിനിമയെ മറ്റുള്ള ആളുകള്‍ വളരെ കളിയാക്കുകയും ആര്‍ട് സിനിമയെന്ന് പുച്ഛത്തോടെ കാണുകയും ചെയ്യുന്നത്. അത്തരമൊരു സാഹചര്യമൊരുക്കുന്നത് ആശാസ്യകരമായ കാര്യമല്ല.

ഡബ്ല്യൂസിസി പോലുള്ള സംഘടനകള്‍ കേരളത്തില്‍ സജീവമായതോടെ മലയാള സിനിമയിലെ പുരുഷാധികാര മനോഭാവത്തിന് മാറ്റം വന്നിട്ടുണ്ടോ?

അതും പെട്ടെന്ന് മാറ്റമുണ്ടാകുന്ന ഒരു മേഖലയല്ല. സിനിമ മാത്രമല്ല, കേരളീയ സമൂഹം മൊത്തത്തിലൊരു പുരുഷാധിപത്യവും സവര്‍ണാധിപത്യവുമുള്ളതാണ്. ഇപ്പോള്‍ രാഷ്ട്രീയമായാല്‍ പോലും മൊത്തം തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരില്‍ എത്രയോ ശതമാനം കുറവാണ് സ്ത്രീകള്‍. ഇത്രശതമാനം വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ മാത്രം വരുന്നതാണ് അവര്‍ പോലും. മന്ത്രിമാരുടെ എണ്ണത്തിലും ഇത് കാണാം. മൊത്തം ഇടങ്ങളില്‍ നോക്കിയാല്‍ സ്ത്രീസാന്നിധ്യം കുറവാണെന്ന് കാണാം. അതില്‍ സിനിമയില്‍ മാത്രം പെട്ടെന്നൊരു മാറ്റം കൊണ്ടുവരികയെന്നത് പ്രാക്ടിക്കലി ബുദ്ധിമുട്ടാണ്. ഡബ്ല്യൂസിസി പോലൊരു മുന്നേറ്റം വരികയും അവര്‍ക്ക് ഇത്തരത്തിലൊരു ചിന്തയ്ക്ക് തുടക്കമിടാന്‍ പറ്റുകയും ചെയ്തുവെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതാണ് അവരുടെയൊരു പ്രത്യേകതയും. അമ്മ പോലൊരു സംഘടന ഒരു പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഡബ്ല്യൂസിസിയുടെ ഒരു ഇടപെടലുണ്ട്. പോസിറ്റീവായ പല ഡിസിഷന്‍ മേക്കിംഗുകളിലേക്കും ഇടപെടുത്താന്‍ ഡബ്ല്യൂസിസിയ്ക്ക് സാധിച്ചുവെന്നതാണ് അവരുടെയൊരു പ്രധാന പങ്ക്. വരുംവര്‍ഷങ്ങളില്‍ ഇത് കുറച്ചുകൂടി വ്യാപകമായ ചര്‍ച്ചകളിലേക്ക് വരികയും കുറച്ചുകൂടി വ്യത്യാസം വരികയും ചെയ്യും. പുരുഷാധിപത്യം പൂര്‍ണമായും തകരുകയെന്നത് ദീര്‍ഘകാലം മൂന്നോട്ടുപോയാലുള്ള സാധ്യതയാണ്. അതിലേക്ക് എത്തിപ്പെടാന്‍ കുറെ വര്‍ഷങ്ങള്‍ തന്നെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.

Read More: മാറിടം മറച്ച് ഷാള്‍ അണിയാന്‍ നിര്‍ബന്ധിതരാവുന്നുവോ? നിങ്ങളിലെ അപകര്‍ഷതയുടേയും പുരുഷാധിപത്യത്തിന്റ വളര്‍ച്ചയുടേയും തുടക്കമാണത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍