UPDATES

സിനിമ

നമ്മുടെയൊക്കെ വീടുകളില്‍ കാണും ഓരോ അങ്കിള്‍മാര്‍: ജോയ് മാത്യു-അഭിമുഖം

സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിച്ചിരിക്കുന്നത്. ഞാന്‍ സിനിമക്കാരനായി വന്ന് രാഷ്ട്രീയക്കാരനായതല്ല. രാഷ്ട്രീയക്കാരനായി വന്ന് സിനിമക്കാരന്‍ ആയതാണ്. അതുകൊണ്ട് തന്നെ എനിക്ക് കൃത്യമായ നിലപാട് ഉണ്ട്.

Avatar

വീണ

ജോയ് മാത്യൂ കഥയും തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ കാര്‍ത്തിക മുരളീധരന്‍ കെ പി എ സി ലളിത ജോയ് മാത്യു എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും ജോയ് മാത്യു തന്നെയാണ്. ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തെ കുറിച്ച് ജോയ് മാത്യു.

കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, അഭിനയം… കൈവിട്ട കളിയാണെന്ന് സ്വയം പറയുന്നു പ്രതീക്ഷ എത്രത്തോളമാണ്?

ഭയങ്കര ഹിറ്റായിരിക്കും (ചിരിക്കുന്നു) നമ്മള്‍ എപ്പോഴും പോസിറ്റീവായല്ലേ ചിന്തിക്കാന്‍ പാടുള്ളു. മമ്മൂട്ടി അഭിനയിക്കുന്നു എന്നത് പ്ലസ് തന്നെയാണ്. പക്ഷെ ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു എന്നത് പുതിയ അറിവായിരുന്നു. അങ്ങനെയുള്ള ഫീഡ്ബാക്കാണ് കിട്ടുന്നത്. ആത്മവിശ്വാസമുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമൊക്കെ നല്ല പിന്തുണ കിട്ടുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ചെറിയ ആശങ്കയും ഉണ്ട്. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നമ്മള്‍ ഉയരണ്ടെ. ഷോ കഴിഞ്ഞാലെ സമാധാനമാകൂ.

എല്ലാം പ്രേക്ഷകന് വിട്ട് കൊടുക്കുകയാണോ..?

അതെ അങ്ങനെയല്ലേ വേണ്ടത്. നമ്മുക്ക് കടപ്പാട് ഉളളത് സമൂഹത്തോടല്ലേ. അവരുള്ളത് കൊണ്ടാണല്ലേ ഞാന്‍ സിനിമ നടനായതും കാറില്‍ സഞ്ചരിക്കുന്നുതുമൊക്ക. അല്ലെങ്കില്‍ വേറെ എന്തെങ്കിലും ജോലി എടുത്ത് ജീവിക്കുമായിരുന്നില്ലേ. അപ്പോള്‍ തീര്‍ച്ചയായും കടപ്പാട് പ്രേക്ഷകനോടാണ്.

എന്താണ് അങ്കിള്‍?

നമ്മുടെയൊക്കെ വീടുകളില്‍ കാണും ഓരോ അങ്കിള്‍മാര്‍. ചിലപ്പോള്‍ ഒന്നിലധികം ഉണ്ടായേക്കാം. പ്രത്യേകിച്ച് പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടീല്‍. അത് അമ്മയുടെ ആങ്ങള തന്നെയാവണം എന്നില്ല. അച്ഛന്റെ സുഹൃത്താവാം. അങ്കിള്‍ വിളി വളരെ സര്‍വ സാധാരണമാണ്. നല്ലതാവാം ചീത്തയാവാം. പലതരം മുഖങ്ങളാണല്ലോ. ഇപ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നം സ്ത്രീ സുരക്ഷയാണ്, ലൈംഗിക ദാരിദ്ര്യമാണ്. ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അപ്പോള്‍ ഇതില്‍ നിന്നെല്ലാം ഉരുതിരിഞ്ഞ ഒന്നാണ് അങ്കിള്‍.

ചിത്രത്തിന്റെ ട്രയിലര്‍ കാണുമ്പോള്‍ പലപ്പോഴും മമ്മൂട്ടിയുടെ തന്നെ കുട്ടേട്ടന്‍ എന്ന സിനിമ ഓര്‍മ്മിക്കപ്പെടുന്നു..

കുട്ടേട്ടന്‍ ഒക്കെ ഒരു സിനിമയാണോ? നാടകമല്ലേ? കുട്ടേട്ടന്‍ സിനിമ കാണണോ ശബ്ദരേഖ കേട്ടാലും പോരെ. പക്ഷെ അങ്കിള്‍ ആസ്വാദനത്തിന്റെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സിനിമ അനുഭവമാണ്.

എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാട് എടുക്കുന്ന വ്യക്തിയാണ് ജോയ് മാത്യൂ…സിനിമയും നിലപാട് വ്യക്തമാക്കുന്ന ഒന്ന് തന്നെയാണോ?

തീര്‍ച്ചയായും. ഇല്ലെങ്കില്‍ കള്ളത്തരമായി പോകില്ലേ. ഞാന്‍ വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് സിനിമയെ സമീപിക്കുന്നത്. വരുംവരായ്കകളെ കുറിച്ച് ചിന്തിച്ചിട്ടാണ് നിലപാട് എടുക്കുന്നത്. തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട് എന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പ് ഉള്ളവരുണ്ട് ഈ സിനിമയുടെ സമയത്തും എന്റെ നിലപാടുകളുടെ പേരില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ എന്റെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ ചെയ്യുന്നതാണ്. പക്ഷെ അതൊന്നും ഇപ്പോള്‍ പറയുന്നില്ല. അതിനെ കുറിച്ച് എനിക്ക് തെല്ലും ഭയമില്ല. ചിത്രം ഏതായാലും റിലീസ് ആകട്ടെ. സിനിമയ്ക്കും ആ നിലപാട് ഉണ്ടാകും. എന്റെ രാഷ്ട്രീയം പറയുന്നതില്‍ എനിക്ക് ഒരു ആശങ്കയും ഇല്ല. എഴുതിയിട്ട് വേണ്ടാന്ന് കരുതിയ പല ഡയലോഗും പിന്നീട് ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം ഞാന്‍ എങ്കിലും ഇതൊക്കെ പറയണ്ടെ എന്ന ചിന്തയില്‍ നിന്നാണത്. എനിക്ക് എന്തെങ്കിലും പറയാന്‍ ഉള്ളപ്പോഴാണ് ഞാന്‍ സിനിമ എഴുതുന്നത്. അല്ലെങ്കില്‍ എനിക്ക് അഭിനയിച്ച് നടന്നാല്‍ പോരെ.

സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്ന കാലമാണ്. ചിത്രത്തില്‍ സ്ത്രീ വിരുദ്ധയുണ്ടോ?

എന്റെ ആദ്യ ചിത്രം ഷട്ടര്‍ ഒരു ലൈംഗിക തൊഴിലാളിയെ കുറിച്ചായിരുന്നു. സ്ത്രീ വിരുദ്ധയ്ക്ക് ഏറെ സാധ്യതയുള്ള ഒരു പശ്ചാത്തലമായിരുന്നു അത്. പക്ഷെ അതില്‍ ഒരു ഷോട്ട് പോലും അങ്ങനെ എടുത്തിട്ടില്ല. സ്ത്രീയുടെ ശരീര പ്രദര്‍ശനവുമായിരുന്നില്ല ഷട്ടര്‍. കാരണം മറ്റൊന്നുമല്ല എനിക്ക് അങ്ങനെ എഴുതാന്‍ പറ്റില്ല. സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിച്ചിരിക്കുന്നത്. ഞാന്‍ സിനിമക്കാരനായി വന്ന് രാഷ്ട്രീയക്കാരനായതല്ല. രാഷ്ട്രീയക്കാരനായി വന്ന് സിനിമക്കാരന്‍ ആയതാണ്. അതുകൊണ്ട് തന്നെ എനിക്ക് കൃത്യമായ നിലപാട് ഉണ്ട്. പേടിയില്ലാതെ അത് പറയാനും സാധിക്കും. പിന്നെ ദുശാസനന്റെ വേഷം ചെയ്യുമ്പോള്‍ വസ്ത്രാക്ഷേപം നടത്തിയല്ലേ പറ്റൂ, അത് ആ കഥാപാത്രം ആവശ്യപ്പെടുന്നതാണ്. സിനിമയുടെ ടോട്ടാലിറ്റിയെ കാണാവൂ. അല്ലാതെ നായകന്‍ സ്ത്രീയുടെ മടിക്കുത്തിന് പിടിച്ചു അത് സ്ത്രീവിരുദ്ധമാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. ആത്യന്തികമായി സിനിമ എന്ത് ഉല്‍പാദിപ്പിക്കുന്നു എന്നതാണ്, സ്ത്രീ വിരുദ്ധമാണോ ദളിത് വിരുദ്ധമാണോ പുരോഗമന പരമാണോ എന്നത് സിനിമ മുഴുവനായി വിലയിരുത്തേണ്ടതാണ്. ഇപ്പോള്‍ ഈ സിനിമയില്‍ തന്നെ പൊട്ടന്‍ എന്നൊരു വാക്ക് ഉണ്ട്. സെന്‍സര്‍ ബോര്‍ഡ് പറയുന്നു ആ വാക്ക് ഉപയോഗിക്കരുതെന്ന്. ഞാന്‍ അവരോട് ചോദിച്ചു പകരം ഒരു വാക്ക് പറയാന്‍. സെന്‍സര്‍ ബോര്‍ഡുകാര്‍ ഒരു കൈപുസ്തകം ഇറക്കുന്നത് നന്നായിരിക്കും ഉപയോഗിക്കാന്‍ കഴിയുന്നതും അല്ലാത്തതുമായ വാക്കുകള്‍ ഉള്‍കൊള്ളിച്ച്. അതാകുമ്പോള്‍ തിരക്കഥാകൃത്തിന് ജോലി എളുപ്പമാകും. ചിലര്‍ സ്ത്രീ വിരുദ്ധതയെന്ന് ചൂണ്ടിക്കാട്ടി കാനായി കുഞ്ഞിരാമന്റെ യക്ഷിയ്ക്ക് വസ്ത്രം ഇടീക്കണം എന്ന് പറയുന്നവരാണ്. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന രീതിയിലെ അത് ചെയ്യാനാകൂ. പക്ഷെ അത് മാത്രം പറയുന്ന ചില ജീര്‍ണത ബാധിച്ച സംവിധായകരാണ് ഇപ്പോള്‍ കൂടുതല്‍. അതാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവാന്‍ കാരണം. പിന്നെ നല്ല സംവിധായകരുടെയൊന്നും സിനിമയില്‍ സ്ത്രീ വിരുദ്ധതയുണ്ടാവില്ല. കഥയില്‍ കഴമ്പില്ലാതെ നായകന്റെ വീരസാഹസീകതയക്ക് മേമ്പൊടി ആയി ഇത്തരം ഡയലോഗും സ്ത്രീകളുടെ നഗനതയും വെച്ച് സിനിമ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കൂ.

മമ്മൂട്ടിക്കൊപ്പം…

എനിക്ക് അറിയുന്ന മമ്മൂട്ടി നിങ്ങള്‍ അറിയുന്നതില്‍ നിന്ന് വ്യത്യസ്തനാണ്. എഴുത്തിലും സാഹിത്യത്തിലും സിനിമയിലും വായനയിലും താല്‍പര്യമുള്ള ഒരു മനുഷ്യന്‍. സാഹിതൃത്തെ കുറിച്ചൊക്കെ ഒരുപാട് സംസാരിക്കും. നടന്‍ ശ്രീരാമന്‍ തുടങ്ങിയ ഒരു ഗ്രൂപ്പുണ്ട് ഞങ്ങള്‍ക്ക്. കലയും സാഹിത്യവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു വേദി. ഞാന്‍ പക്ഷെ ഇടയ്ക്ക് കലഹിച്ച് ഇറങ്ങി പോകും. ശ്രീരാമന്‍ പിന്നെയും എന്നെ കൂട്ടും. എന്റെ ഒരു കവിത മാതൃഭൂമിയില്‍ അച്ചടിച്ച് വന്നതിന്റെ പിറ്റെദിവസം മമ്മൂക്ക എന്നെ വിളിച്ച് കവിത കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. പക്ഷെ ഞങ്ങള്‍ നേരിട്ട് കണ്ടാല്‍ ആദ്യ 20 മിനിട്ട് വഴക്കാണ്. രാഷ്ട്രീയമായി ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളില്‍ നിക്കുന്നവരാണ്. ഞാന്‍ പിണറായി വിജയനെ കുറിച്ച് എന്തെങ്കിലും പറയും അപ്പോള്‍ മമ്മൂക്ക പറയും നിങ്ങള്‍ അദ്ദേഹത്തിന് ഭരിക്കാന്‍ അവസരം കൊടുക്കൂ അദ്ദേഹം ഭരിക്കട്ടെ അങ്ങനെ പറഞ്ഞ് വഴക്കാകും. ഞാന്‍ പിണങ്ങി പോകും. സെറ്റില്‍ എല്ലാവരും കരുതും ഞങ്ങള്‍ ഉടക്കി പിരിഞ്ഞു ഇന്ന് ഇനി ഷൂട്ട് നടക്കില്ല എന്നൊക്കെ. കുറച്ച് കഴിയുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കും അടുത്ത വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങും. പിന്നെ എല്ലാത്തിനും ഉപരിയായി എഴുത്തുകാരനെ ബഹുമാനിക്കുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി.

നവാഗത സംവിധായകനൊപ്പം

ഗീരീഷ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത് ഇപ്പോഴാണെങ്കിലും 18 കൊല്ലമായി ഈ ഫീല്‍ഡിലുള്ള ആളാണ്. രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 3 വര്‍ഷമായി എന്നൊടൊപ്പമുണ്ട്.

സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം?

ഈ വര്‍ഷം തന്നെയുണ്ടാകും. കാരണം കൊതിയായി തുടങ്ങീട്ടുണ്ട് വീണ്ടും ആക്ഷനും കട്ടും പറയാന്‍. അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഫിക്ഷന്‍ ആയിരിക്കും. ശക്തമായ സ്ത്രീ കേന്ദ്രീകൃതമായ കഥയാണ്. അതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഉടനെ അനൗണ്‍സ് ചെയ്യും.

സ്വന്തം ചിത്രത്തില്‍ മോഹന്‍ലാല്‍?

മോഹന്‍ലാലിന് വേണ്ടി കഥ എഴുതില്ല. പക്ഷെ അദ്ദേഹത്തിന് പറ്റിയ കഥ വന്നാല്‍ സംസാരിക്കും. താല്‍പര്യമുണ്ടെങ്കില്‍ ചെയ്യും . അങ്ങനെയല്ലേ വേണ്ടത്. പക്ഷെ എനിക്ക് ഇഷ്ടമാണ് അദ്ദേഹത്തെ. ഞങ്ങള്‍ കുറച്ച് സിനിമ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അസാധ്യ ഹ്യൂമര്‍ സെന്‍സാണ്. നമുക്ക് എന്തും പറയാം. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇവരെ പോലുള്ള ലെജന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്നതും ഒരു സന്തോഷമല്ല. സമീപഭാവിയില്‍ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അങ്കിള്‍ വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തന്നെ അത് ബോക്‌സ് ഓഫീസ് വിജയം മാത്രമല്ലെന്ന് ആവര്‍ത്തിക്കുക കൂടി ചെയ്യുന്നുണ്ട് ജോയ് മാത്യു. മനുഷ്യരുടെ മനസിലാണ് ഇടം പിടിക്കേണ്ടത്. ബോക്‌സ് ഓഫീസ് ഹിറ്റ് വലിയ ആഗ്രഹമല്ല. ചെലവായ കാശ് തിരിച്ച് കിട്ടിയാല്‍ മതി. നിര്‍മ്മാതാവ് കൂടിയായ ജോയ് മാത്യൂ പറഞ്ഞുവെയ്ക്കുന്നത് ഒരു കലാകാരന്റെ നിലപാട് കൂടിയാണ്.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍