UPDATES

സിനിമ

‘ന്യൂട്ടനും ഉണ്ടയും തമ്മില്‍ എന്റെ അറിവില്‍ സാമ്യമൊന്നുമില്ല’; സംവിധായകന്‍ ഖാലിദ് റഹ്മാന്‍/ അഭിമുഖം

ഉണ്ട എന്ന് പറയുന്നത് ഒരു സിനിമ ആണ്. ഒരു സോഷ്യലി റെലവന്റ് ആയ ഒരു വിഷയം ആണ് ഉണ്ടയുടേത്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാള സിനിമയില്‍ തന്റെ പേര് ചര്‍ച്ച ചെയ്യിപ്പിച്ച സംവിധായകനാണ് ഖാലിദ് റഹ്മാന്‍, അന്നുവരെ കണ്ടുവന്ന സ്ഥിരം പ്രണയ കഥകളില്‍ നിന്ന് വിപരീതമായി മാറിയകാലത്തിന്റെ യഥാര്‍ത്ഥ പ്രണയവും തകര്‍ച്ചയും ഒക്കെ രസകരമായി ആവിഷ്‌കരിച്ച ആ ചിത്രം പക്വതയുള്ള, കഴിവുള്ള ഒരു സംവിധായകനെ മലയാള സിനിമയിലേക്ക് അടയാളപെടുത്തുന്ന ഒന്നായിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രത്തിന് വേണ്ടി ഖാലിദ് റഹ്മാന്‍ കൂട്ടുപിടിച്ചത് മലയാളത്തിന്റെ മഹാനടനെ ആണ്. മമ്മൂക്കയെ അതിഭാവുകത്വങ്ങള്‍ ഒന്നുമില്ലാത്ത, ഏച്ചുകെട്ടലുകള്‍ ഇല്ലാത്ത ഒരു സാധാ പൊലീസുകാരനായി നമുക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ഉണ്ട എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ഖാലിദ് റഹ്മാന്‍. ഉണ്ടയുടെ വിശേഷങ്ങള്‍ നമ്മളോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം:

എന്താണ് ഉണ്ട ?

‘(പൊട്ടിച്ചിരി) താനൊരുമാതിരി ഉണ്ട എന്താണെന്നൊക്കെ ചോദിച്ചാല്‍!’
ഉണ്ട എന്ന് പറയുന്നത് ഒരു സിനിമ ആണ് (ചിരി). ഒരു സോഷ്യലി റെലവന്റ് ആയ ഒരു വിഷയം ആണ് ഉണ്ടയുടേത്.

ഉണ്ട എന്ന പേരിന് പിന്നിലുള്ള കൗതുകം എന്താണ്?

2014ലെ മലയാള മനോരമ പത്രത്തില്‍ വന്നിട്ടുള്ളൊരു ന്യൂസിനെ ബേസ് ചെയ്തിട്ടുള്ളൊരു കഥയാണ്, അതായിരുന്നു നമ്മുടെ ഫസ്റ്റ് കണ്‍സെപ്റ്റ്. ഒരു വെടിയുണ്ടയുമായി കണക്റ്റ് ചെയ്യുന്ന കഥയാണ് ഇത്, സിനിമ കണ്ട് കഴിയുമ്പോ പ്രേക്ഷകര്‍ക്ക് അത് കണക്റ്റ് ചെയ്യാന്‍ പറ്റും എങ്ങനെയാണെന്ന്. ഞാന്‍ ഇവിടെ ഇരുന്ന് ഇന്നതാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, ബേസിക്കലി വിട്ട് നിക്കുന്ന ഒരു പേരല്ല,ഒരു അട്രാക്റ്റീവ് പോയിന്റിന് വേണ്ടി മാത്രം ഇട്ടിട്ടുള്ളതുമല്ല.

അനുരാഗികരിക്കിന്‍ വെള്ളം കഴിഞ്ഞ് വന്ന 3 വര്‍ഷത്തെ ഇടവേള?

ഉണ്ടയ്ക്ക് വേണ്ടി സംഭവിച്ച ഒരു ഗാപ് തന്നെയായിരുന്നു അത്. കുറച്ചു വലിയ സമയം വേണ്ടി വന്നു അതിന്റെ ജോലികള്‍ക്ക്.

മമ്മൂക്കയുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവം ?

ഒഫ്‌കോഴ്‌സ്, ഇതിന് മുന്‍പ് അദ്ദേഹത്തെ വച്ച് സിനിമ ചെയ്ത എല്ലാവര്‍ക്കും ഉണ്ടായിട്ടുള്ളതുപോലെ വലിയ ഒരു എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു അത്. അതിനെപ്പറ്റി കൂടുതല്‍ തള്ളാന്‍ എനിക്കറിയില്ല. ഇറ്റ് വാസ് റിയലി എ ബിഗ് എക്‌സ്പീരിയന്‍സ്.

ഇതുവരെ മമ്മൂക്ക അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ടോ ?

മാറ്റം വരുത്താന്‍ മനഃപൂര്‍വ്വം ഒരു ശ്രമം നടത്തിയിട്ടില്ല. ഒരു യഥാര്‍ത്ഥ സംഭവത്തെ ഒരു കൊമേഴ്‌സ്യല്‍ സിനിമ ആക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റേതായ കുറച്ചു മാറ്റങ്ങള്‍ നമ്മള്‍ യഥാര്‍ത്ഥ കഥയില്‍ വരുത്തിയിട്ടുമുണ്ട്. പക്ഷേ എങ്കില്‍ പോലും 80% സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി തന്നെയാണ് തിരകഥ ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കഥാപാത്രത്തെ എടുത്തിട്ട് അദ്ദേഹത്തിന്റെ പശ്ചാത്തലവും ക്യാരക്റ്റര്‍ ഡീറ്റൈല്‍സും എടുത്ത് മമ്മൂക്കയുമായി ചേര്‍ക്കുകയായിരുന്നു. അദ്ദേഹം അത് അവതരിപ്പിക്കുമ്പോഴും ഒട്ടും എക്സാജെറേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മാക്‌സിമം ഒരു പുതിയ കഥാപാത്രത്തെ കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്.

മമ്മൂക്കയ്ക്കൊപ്പം പുതിയ തലമുറയിലെ ഒരു താരനിരയാണ്. അത്തരമൊരു കാസ്റ്റിംഗിനെ പറ്റി?

അതില്‍ എനിക്ക് ഭയങ്കരമായി തോന്നിയ ഒരു കാര്യം മമ്മൂക്ക അവരോടൊപ്പം സെറ്റില്‍ നില്‍ക്കുമ്പോള്‍ ഈ പറഞ്ഞ പോലെ രണ്ട് കാലഘട്ടത്തിലെ ആര്‍ട്ടിസ്റ്റുകള്‍ ആണ് അവര്‍ എന്ന് ഒരിക്കലും ഫീല്‍ ചെയ്യില്ല. അവരുടെ ഒരു ഏജ് ഗ്രൂപ്പിലുള്ള ആളായി മാറും. അങ്ങനെ ഒരു ബന്ധം പുള്ളി അവിടെ ബില്‍ഡ് ചെയ്യും. അപ്പോ നമുക്ക് ഈ പറഞ്ഞ പോലെ ഉള്ള ഒരു വ്യത്യാസം തോന്നത്തേയില്ല.

കൊമേഴ്‌സ്യല്‍ സിനിമകളില്‍ ഇന്ന് വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്. ഉണ്ടയില്‍ എത്രത്തോളം രാഷ്ട്രീയം ഉണ്ട് ?

ഉറപ്പായിട്ടും! യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് എടുത്ത ഒരു കഥയായത് കൊണ്ട് ആ യഥാര്‍ത്ഥ സാഹചര്യങ്ങളെ അണ്ടര്‍ലൈന്‍ ചെയ്ത് പോവാന്‍ ശ്രമിച്ചിട്ടുണ്ട്. നിര്‍ബന്ധപൂര്‍വം അതിനെ മാറ്റാനോ പിടിക്കാനോ നിന്നിട്ടില്ല. ഒരു പോലീസ് ബാക്ക്ഗ്രൗണ്ടില്‍ നടക്കുന്ന കഥയായതുകൊണ്ട് സ്വാഭാവികമായി അതില്‍ ഈ പറയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വരും. ഉണ്ടയ്ക്ക് ഉണ്ടയുടേതായ വ്യക്തമായ രാഷ്ട്രീയമുണ്ട്.

ന്യൂട്ടണ്‍ എന്ന സിനിമയുമായി ഉണ്ടയ്ക്ക് എന്തേലും സാമ്യം ഉണ്ടോ ?

ന്യൂട്ടന്റെ കഥ നടക്കുന്ന ഒരു പ്ലാറ്റഫോം ഉണ്ട്, അതായത് ഛത്തിസ്ഗഢ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് വരുന്ന ഒരു ഇലക്ഷന്‍ ഓഫീസര്‍ ആണ് ന്യൂട്ടണ്‍. ഈ ഇലക്ഷന്‍ ഡ്യൂട്ടിക്ക് അതേ സാഹചര്യത്തില്‍ തന്നെ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും കേരളത്തില്‍ നിന്നുളള പോലീസുകാരും ഡ്യൂട്ടിക്ക് പോകുന്നുണ്ട്. അതുപോലെ 2014ല്‍ കേരളത്തില്‍ നിന്ന് ഛത്തീസ്ഗഢില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് അവിടെ നേരിടേണ്ടി വന്ന ചില സിറ്റുവേഷന്‍സ് ഉണ്ട്. അതാണ് ഈ കഥ. ഈ രണ്ട് കഥകളും നടക്കുന്നത് ഒരേ പ്ലാറ്റഫോമില്‍ ആണ്. 2014 ഛത്തിസ്ഗഢ് ഇലക്ഷന്‍. അതല്ലാതെ വേറൊരു തരത്തിലുള്ള സാമ്യവും ഈ സിനിമകള്‍ക്ക് ഉള്ളതായി എന്റെ അറിവില്‍ ഇല്ലാ.

ഏത് ജോണറില്‍ ഉള്ള സിനിമയാണ് ഉണ്ട ?

ഞാന്‍ അങ്ങനെ ഒരു ജോണര്‍ ഒന്നും ഫിക്‌സ് ചെയ്തിട്ടില്ല. ശരിക്കും പടം ഡ്രാമയാണ്, ഒരു ഡ്രാമ മൂഡുണ്ട്, ചില സ്ഥലങ്ങളില്‍ ത്രില്‍സ് ഉണ്ട്, വളരെ ലൈറ്റ് ആയിട്ട് വരുന്ന ആക്ഷന്‍ സീക്വന്‍സുകളുണ്ട്, ലൈറ്റ് ഹ്യൂമര്‍ ഉണ്ട്, അതുകൊണ്ട് ഇന്ന ജോണര്‍ ആണെന്ന് കൃത്യമായി പറയാന്‍ പറ്റില്ല, പ്രേക്ഷകര്‍ കണ്ടിട്ട് തീരുമാനിക്കട്ടെ.

മുന്നണിയില്‍ എന്നപോലെ തന്നെ ഉണ്ടയുടെ പിന്നണിയിലും ഒരുപിടി മികച്ച ടെക്നിഷ്യന്‍സ് ആണ്, അവരെ പറ്റി ?

ഉണ്ടയുടെ ക്രൂവില്‍ പുറത്ത് നിന്ന് വന്നിട്ടുളള ഒരു വലിയ ടെക്നിഷ്യന്‍ ഒരേയൊരാള്‍ ആണ്, ശ്യാം കൗശല്‍ സര്‍. ബാക്കി ഉള്ള എല്ലാവരുമായി ഞാന്‍ മുന്‍പ് വര്‍ക്ക് ചെയ്തിട്ടുള്ളതാണ്. ശ്യാം സര്‍ ആണ് ഉണ്ടയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അദ്ദേഹം അത്രയും സീനിയര്‍ ആണ്. പുള്ളീടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി എന്നതാണ് ഏറ്റവും സന്തോഷം ഉള്ള കാര്യം. സംഗീതം പ്രശാന്ത് പിള്ള ആണ്. എന്റെ കൂടെ ഇതിന് മുന്‍പും വര്‍ക്ക് ചെയ്ത ആളാണ്. അദ്ദേഹത്തിന്റെ കഴിവ് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ക്യാമറ ചെയ്തിരിക്കുന്നത് സജിത്ത് പുരുഷനാണ്. സജിത് എന്റെ വര്‍ഷങ്ങളായുള്ള സുഹൃത്താണ്. എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫാണ്. ആള് ആദ്യമായി എഡിറ്റ് ചെയ്യുന്ന സിനിമ ആണേലും കുറേ വര്‍ഷങ്ങള്‍ ആയി എനിക്ക് ഒപ്പം ഉള്ള സുഹൃത്താണ്. അങ്ങനെ കൂടെ വര്‍ക്ക് ചെയ്തത് കൂടുതലും സുഹൃത്തുക്കള്‍ തന്നെയാണ്.

ഉണ്ടയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടയില്‍ തമാശ സിനിമയുടെ സെറ്റില്‍ ക്ലാപ് അടിക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ഖാലിദ് റഹ്മാനെ കണ്ടത് കുറച്ചു കൗതുകം ഉളവാക്കുന്ന കാഴ്ചയായിരുന്നു. ആ അതിഥി വേഷത്തിന് പിന്നിലുള്ള കാര്യം എന്തായിരുന്നു ?

അങ്ങനെ ഒന്നുമില്ലടോ (ചിരി). അഷ്റഫ് എന്ന് പറയുന്ന വ്യക്തിയും തമാശ എന്ന സിനിമയും എനിക്ക് ഒരുപാട് അടുപ്പമുള്ളവരാണ്. ഞങ്ങളെല്ലാവരും ഒന്നിച്ചു ഒരു ഫ്‌ളാറ്റില്‍ താമസിച്ചവരാണ്. പിന്നെ എന്റെ ചേട്ടന്മാരാണ് പ്രൊഡ്യൂസ് ചെയ്യുന്നത് അതുകൊണ്ട് തന്നെ എനിക്ക് അന്യമായ ഒരു സെറ്റ് അല്ല. ഷൂട്ടിംഗ് നടക്കുന്ന സമയങ്ങളില്‍ നമ്മള്‍ അവിടെ പോകുക. അവിടത്തെ ഫുഡ് അടിക്കുക എന്നതൊക്കെ ഒരു രസമല്ലേ (ചിരി). പിന്നെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നല്ല. നമുക്ക് അറിയാവുന്ന പണി അതായത് കൊണ്ട് അതില്‍ നമ്മള്‍ അവരെ സഹായിക്കുന്നു എന്നതേ ഉളളൂ.

അന്‍വര്‍ റഷീദ്, രാജീവ് രവി, അമല്‍ നീരദ്, സമീര്‍ താഹിര്‍ ഇവരോടൊപ്പമൊക്കെ പ്രവര്‍ത്തിച്ചത് സ്വതന്ത്ര സംവിധായകനായപ്പോള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?

അവരുടെ സ്വാധീനം എന്നല്ല,അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന എക്‌സ്പീരിയന്‍സ് ഇല്ലേ അത് വളരെ പ്രധാനം ആണ്. അന്‍വറിക്ക ആയാലും രാജീവ് രവിയായാലും അവരൊക്കെ തന്നെ വെവ്വേറെ കാഴ്ചപ്പാടില്‍ സിനിമയെ സമീപിക്കുന്നവരാണ്. നമ്മള്‍ അവരില്‍ നിന്ന് മനസ്സിലാക്കിയതൊക്കെ ചില അവസരങ്ങള്‍ വരുമ്പോള്‍ നമുക്ക് ഉപയോഗപ്പെടും. ശരിക്കും പറഞ്ഞാല്‍ ഒരു സിനിമ ഉണ്ടാക്കാന്‍ ആരുടേയും സ്വാധീനം ആവശ്യമില്ല കാരണം അത് ചെയ്യുന്നവന്റെ സ്വന്തം ഐഡിയ ആണ്. അവന് തോന്നുന്നത് പോലെ ക്യാമറ വച്ച് ഷൂട്ട് ചെയ്താ മതി. പക്ഷേ അതൊരു ഫിലിം മേക്കിങ് പ്രോസസ്സിലേക്ക് വരുന്ന സമയത്ത് ഫേസ് ചെയ്യേണ്ടി വരുന്ന ചില സിറ്റുവേഷന്‍സ് ഉണ്ട്. അത് ഏങ്ങനെ ഹാന്‍ഡില്‍ ചെയ്യാമെന്നാണ് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ കുടുതലും പഠിക്കുന്നത്. അപ്പോള്‍ അങ്ങനെ പ്രാക്ടിക്കലി ചില സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോഴാണ് നിങ്ങള്‍ പറഞ്ഞ പോലെ നമ്മള്‍ വര്‍ക്ക് ചെയ്ത സംവിധായകരുടെ സ്വാധീനം ഉണ്ടാവുന്നത്. അവര്‍ അന്നത് എങ്ങനെയാണ് ഡീല്‍ ചെയ്തത് എന്ന് നമുക്ക് ഓര്‍മ്മ വരും.

ഉണ്ടയുടെ ഫസ്റ്റ് ലുക്കിലും ടീസറിലും ഒക്കെ വ്യക്തമാണ് ഒരു നായക കേന്ദ്രീകൃത സിനിമ അല്ല ഇതെന്ന്. ശരിക്കും നായകന് ചുറ്റും കറങ്ങുന്നതല്ല ഇനിയുള്ള മലയാള സിനിമ എന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഖാലിദ് റഹ്മാന്‍ നടത്താറുണ്ടോ ?

ബോധപൂര്‍വം അങ്ങനെ ഒന്നിനും ഞാന്‍ ശ്രമിക്കുന്നില്ല. സെന്‍ട്രല്‍ ക്യാരക്ടറിനെ വച്ച് നല്ല കൊമേഴ്‌സ്യല്‍ സിനിമകള്‍ വരുന്നത് നല്ലത് തന്നെയാണ്. നമുക്ക് അതിനെ മോശം പറയാന്‍ പറ്റില്ല. നമുക്ക് വരുന്ന ഐഡിയ നന്നായി എക്‌സിക്യൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് അല്ലാതെ സെന്‍ട്രല്‍ ക്യാരക്ടര്‍ അല്ലാത്ത ഒരെണ്ണം ചെയ്യണം, അങ്ങനെ ഒന്നുമില്ല. എന്താണ് നമ്മുടെ തലയിലോട്ട് വരുന്നത് അതിനെ ഏറ്റവും ബെറ്റര്‍ ആയി എക്സിക്യൂട്ട് ചെയ്യുക എന്നതാണ് എന്റെ വിശ്വാസം.

ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഏറ്റവും ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള സംവിധായകന്‍ ആരാണ് ?

ഞാന്‍ എന്റെ ആദ്യത്തെ സിനിമ ചെയ്യുന്നതിന് മുന്‍പ്, എനിക്ക് അറിയാവുന്ന നല്ല സിനിമകള്‍ ചെയ്തിട്ടുള്ള എല്ലാ സംവിധായകരെയും എനിക്കിഷ്ടമായിരുന്നു. അവരെല്ലാവരും തന്നെ എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിന്‍ വെള്ളം ചെയ്ത് കഴിഞ്ഞതിന് ശേഷം അങ്ങനെ ഒരു പ്രത്യേക സംവിധായകനോട് ഇഷ്ടം തോന്നീട്ടില്ല. ‘വെന്‍ വീ ആര്‍ ഇന്‍ ഇറ്റ്, വീ ആര്‍ ഇന്‍’, അവിടെ നമ്മള്‍ എത്തി, ഇനി അങ്ങനെ ചെയ്തിട്ട് കാര്യമില്ല. ഒരുപാട് പേരെ ഇന്‍സ്പയര്‍ ചെയ്ത് നമ്മള്‍ ഇവിടെയെത്തി. ഇനി നമ്മളെ കണ്ട് ഇന്‍സ്പയര്‍ ചെയ്ത് ആര്‍ക്കെങ്കിലും വരാന്‍ പറ്റുവോ എന്ന് നോക്കണം (ചിരി).

സഹോദരന്മാര് രണ്ട് പേരും ഛായാഗ്രാഹകരായപ്പോള്‍ ഖാലിദ് റഹ്മാന്‍ എന്തുകൊണ്ട് സംവിധാനത്തിലേക്ക് തിരിഞ്ഞു? ഖാലിദ് റഹ്മാന്‍ എന്ന സംവിധായകനെ രൂപപ്പെടുത്തുന്നതില്‍ ഷൈജു ഖാലിദ് എന്ന ചേട്ടന്‍ എത്രത്തോളം കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്?

എന്തിനാണ് വീട്ടില്‍ ഇടി ഇണ്ടാക്കണത് മൂന്ന് പേരും ക്യാമറാമാന്മാരായിട്ട് (ചിരി). ശരിക്കും ഒരുപാട് കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ആവണം എന്ന് ഞാന്‍ ആദ്യം പറയുന്നത് ഷൈജൂക്കയോടാണ്. ഇക്കയാണ് എന്നെ അന്‍വര്‍ ഇക്കയുടെ അടുത്തേക്ക് റെക്കമെന്റ് ചെയ്യുന്നത്. അതുപൊലെ ജിംഷി ആയാലും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

എന്താണ് രണ്ട് സിനിമയിലും ഷൈജു ഖാലിദിന് ക്യാമറ ഏല്‍പ്പിക്കാത്തത്? പേടി കൊണ്ടാണോ?

മൂപ്പര്‍ക്ക് ഭയങ്കര തിരക്കാന്നേ(ചിരി). പേടി അങ്ങനെ ഒന്നൂല്ല കാരണം ഞാന്‍ കക്ഷീടെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടും അസോസിയേറ്റ് ഡയറക്ടര്‍ ആയിട്ടുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. പുള്ളീടെ കാര്യങ്ങള്‍ എനിക്കറിയാം ‘ഹൗ ഹീ വര്‍ക്സ്, ഹൗ ഹീ തിങ്ക്‌സ്’ എന്ന ഐഡിയ എനിക്കുണ്ട്. പേടി അല്ല അങ്ങനെയൊരു സാഹചര്യം ഉണ്ടായില്ല എന്നതാണ്. രണ്ടാമത്തെ പടമല്ലേ ആയിട്ടുള്ളൂ (ചിരി)

അടുത്ത സിനിമ ?

ഇതൊന്നു തീര്‍ത്തിട്ട് വേണം കുറച്ചു നാള്‍ സമാധാനത്തോടെ ജീവിക്കാന്‍. അതുകൊണ്ട് അടുത്തത് ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല.

നവ്നീത് എസ് കെ

നവ്നീത് എസ് കെ

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍