UPDATES

സിനിമ

ബാഹുബലി മാത്രമല്ല, ചെറിയ സിനിമകളും കാണൂ: വളരെ കെയര്‍ഫുള്ളാണ് വികെ പ്രകാശ് – അഭിമുഖം

സ്വയം ആസ്വാദനം കണ്ടെത്താന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമയില്‍ തന്നെ തുടരും. അത് ഒരുപക്ഷേ നല്ല സിനിമയാകാം, മോശപ്പെട്ടതാകാം, തമാശ സിനിമകളാകാം…

അനു ചന്ദ്ര

അനു ചന്ദ്ര

2000-ത്തില്‍ പുറത്തിറങ്ങിയ പുനരധിവാസം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച മലയാള ചലച്ചിത്രത്തിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും മികച്ച നവാഗത സംവിധായകനുളള സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കിയ വികെ പ്രകാശ്, വളരെ ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി എന്നിങ്ങനെ വിവിധ ഭാഷാ സിനിമകളില്‍ തന്റേതായ ഒരിടമുണ്ടാക്കിയെടുത്തു. ചെയ്ത സിനിമകളെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു. പുനരധിവാസം കഴിഞ്ഞ് പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ സിനിമയായ കെയര്‍ഫുള്ളിന്റെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വികെ പ്രകാശ്. വൈഡ് ആംഗിള്‍ ക്രിയേഷന്റെ ബാനറില്‍ സുരേഷ് ബാലാജി, ജോര്‍ജ്ജ് പയസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വികെ പ്രകാശുമായി അനു ചന്ദ്ര സംസാരിക്കുന്നു.

? എന്താണ് കെയര്‍ഫുള്‍
ഉച്ചരിക്കുന്ന വാക്കിനോട് നീതിപുലര്‍ത്താന്‍ കഴിയാത്തത്ര വിധത്തില്‍, വളരെയധികം കെയര്‍ലെസ് ആയിക്കൊണ്ട് പൊതുവില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒരു വാക്കാണ് കെയര്‍ഫുള്‍ എന്നത്. തികച്ചും സ്വാഭാവികമെന്ന നിലയില്‍, മലയാളം – ഇംഗ്ലീഷ് എന്ന ഭേദമില്ലാത്ത തരത്തില്‍ തന്നെ നമ്മുടെയെല്ലാം സംഭാഷണങ്ങളില്‍ കെയര്‍ഫുള്‍, കെയര്‍ഫുള്‍ എന്ന പദം, നമ്മളെന്ത് പറയുമ്പോഴും കടന്നു വരാറുണ്ട്. ഇത്തരത്തില്‍ ഒരു ആശയവുമായി ബന്ധിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയാണ് കെയര്‍ഫുള്‍.

നമ്മളറിയാതെ ബ്രെയ്ക്ക് ചെയ്യപ്പെടുന്ന ട്രാഫിക് നിയമങ്ങള്‍, അതിന്റെ കലാശം എന്ന് പറയുന്നത് നമ്മളെ ബാധിക്കുന്ന തരത്തിലോ അല്ലെങ്കില്‍ നമ്മള്‍ കാരണം മറ്റുളളവരെ ബാധിക്കുന്ന തരത്തിലോ ആകാം. അത്തരം അടയാളപ്പെടുത്തലുകള്‍ നടത്തുന്ന ഒരു സിനിമയാണ് ഇത്. സോഷ്യലി റെലവന്റെ് ആയ സബ്‌ജക്ടില്‍ കംപ്ലീററ്‌ലി ഫാമിലി ഇന്‍വോള്‍വ്ഡ് ആയിട്ടുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. ജേണലിസ്റ്റ് ഇന്‍വേസ്റ്റിഗേഷനും പൊലീസ് ഇന്‍വെസ്റ്റിഗേഷനും ഒരേ തോതില്‍ പറഞ്ഞു പോകുന്നതിനോടൊപ്പം വളരെ ഹൃദയസ്പര്‍ശിയായ ഒരു സിനിമ തന്നെയായിരിക്കും ഇത്.

? കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് ബാബു – സന്ധ്യാ രാജു. ഇവരിലേക്കുളള എത്തിപ്പെടല്‍ എങ്ങനെയായിരുന്നു.
വളരെ റിയലിസ്‌ററിക്കായ പൊലീസ് ഓഫീസറായാണ് ഈ സിനിമയില്‍ വിജയ് ബാബുവിന് നല്‍കപ്പെടുന്ന ദൃശ്യത. അതുപോലെ സന്ധ്യാ രാജു ചെയ്യുന്ന കഥാപാത്രം ഒരു ജേര്‍ണലിസ്‌ററായാണ്. വാസ്തവത്തില്‍ ഈ സിനിമയില്‍ ഇവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ ഒരു നായകന്‍ -നായിക അങ്ങനെയൊരു സങ്കല്‍പ്പം പിന്തുടരുന്നില്ല. എന്നാല്‍ ഓരോ കഥാപാത്രങ്ങളും അവരുടെതായ സവിശേഷതകള്‍ ഉളളവരാണ്. പിന്നെ ബേസിക്കലി സന്ധ്യാ രാജു ഒരു കുച്ചിപ്പുടി ഡാന്‍സറാണ്. അപ്പോള്‍ ഇത്തരത്തിലൊരു കഥാപാത്രം ഒരുപാട് എസ്‌ററാബ്ലിഷ്ഡ് ആയിട്ടുളള ആരെങ്കിലും ചെയ്യുന്നതിനേക്കാള്‍ നന്നായിരിക്കും തികച്ചും സ്വാഭാവികതയുളള ഒരാള്‍ ചെയ്താല്‍ എന്ന വിശ്വാസത്തില്‍ നിന്നാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടക്കുന്നത്.

? ജോമോള്‍-ശ്രീജ എന്നീ രണ്ട് നായികമാരുടെ വലിയൊരു ഇടവേളക്ക് ശേഷമുളള തിരിച്ചുവരവിന് ഈ സിനിമ എങ്ങനെ നിമിത്തമായി.
സൈജു കുറുപ്പ് ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ജോമോള്‍ ഇതിലഭിനയിക്കുന്നത്. സൈജു കുറുപ്പ് ജനങ്ങള്‍ക്കിഷ്ടമുളള നടനാണ്. അതുപോലെ തന്നെ ജോമോള്‍, നമ്മള്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന നായികയാണ്. അപ്പോള്‍ ഈ കഥയെ മനസ്സിലാക്കിയപ്പോള്‍, കഥയുടെ കെട്ടുറപ്പിനെ ബലപ്പെടുത്തുന്ന വിധത്തില്‍ ജോമോള്‍ ആണ് ഈ കഥാപാത്രമായി മനസ്സില്‍ വന്നത്. അങ്ങനെ അവരെ സമീപിക്കുകയും വളരേയേറെ സന്തോഷത്തോടെ തന്നെ അവരാ കഥാപാത്രത്തെ സ്വീകരിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുളള അവരുടെ തിരിച്ചു വരവാണ് ഈയൊരു സിനിമയിലൂടെ സംഭവിക്കുന്നത്.

ചെയ്യുന്ന കഥാപാത്രത്തിന്റെ ദൃഢത കാരണം ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ നിന്നും ഈ സിനിമയിലെ ജോമോള്‍ ചെയ്യുന്ന കഥാപാത്രം ഒരിക്കലും പോകില്ല. അത്രത്തോളം സ്‌ട്രോംഗ് ആണ് ആ ക്യാരക്ടര്‍. സൈജു കുറുപ്പിന്റെ കഥാപാത്രവും അങ്ങനെ തന്നെയാണ്. പിന്നെ ശ്രീജയും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന ഒരു തിരിച്ചു വരവാണിത്. അവര്‍ വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ സെറ്റില്‍ഡ് ആണ്. അവിടെ ഡാന്‍സ് ടീച്ചറാണ്. ചെറിയൊരു കഥാപാത്രമാണ് ചെയ്യുന്നതെങ്കില്‍ കൂടിയും അതിന്റേതായ പ്രാധാന്യമുണ്ട്. പിന്നെ അശോകന്‍, മുകുന്ദന്‍, പാര്‍വതി നമ്പ്യാര്‍, എന്‍പി നിസ തുടങ്ങിയവരും അഭിനയിക്കുന്നു. അജു വര്‍ഗീസിന്റെ ഭാര്യയായാണ് മാധ്യമ പ്രവര്‍ത്തകയായ നിസ ഈ സിനിമയില്‍ വരുന്നത്.

? പുനരധിവാസം മുതല്‍ കെയര്‍ഫുള്‍ വരെ എല്ലാം തികച്ചും വ്യത്യസ്തമായ സിനിമകള്‍. പ്രേക്ഷകര്‍ക്ക് പ്രെഡിക്റ്റ് ചെയ്യാന്‍ എളുപ്പമല്ല താങ്കളുടെ സിനിമകള്‍. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.
അതെ. നിര്‍ണ്ണായകം, മരുഭൂമിയിലെ ആന, പുനരധിവാസം തുടങ്ങി എല്ലാം പ്രേക്ഷകന് പ്രെഡിക്ട് ചെയ്യാന്‍ പറ്റാത്ത തരത്തില്‍ വ്യത്യസ്തമാണ്. എന്റെ ചെറുപ്പം മുതലുള്ള വളര്‍ച്ചയില്‍ ഡിഫ്രന്റ് ക്യാറ്റഗറീസ് ഓഫ് സിനിമകളില്‍ ശ്രദ്ധ ചെലുത്തിയ ആളാണ് ഞാന്‍. അതെല്ലാം ഇപ്പോഴും മനസ്സില്‍ കിടപ്പുണ്ട്. അതുകൊണ്ട് തന്നെയാകാം, ഓരോ സിനിമ ചെയ്യുമ്പോഴും ഏത് തരത്തില്‍ ചെയ്താല്‍ കൂടുതല്‍ പഠിക്കാന്‍ പറ്റും എന്ന് തോന്നി പോകാറുണ്ട്. ഇപ്പോള്‍ ഐവി ശശി സാറിന്റെ ആനന്ദം പരമാനന്ദം എന്ന സിനിമയൊക്കെ അത്രയധികം രസകരമായ കോമഡി സിനിമയാണ്. അദ്ദേഹത്തിന്റെ പതിവ് സിനിമാ സങ്കല്‍പ്പത്തില്‍ നിന്ന് മാറി നമ്മളെ അതിശയിപ്പിക്കുന്ന ഒന്ന്. അതെല്ലാം നമ്മളെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്ത സിനിമയായത് കൊണ്ടൊക്കെയാകാം ഇങ്ങനെ സംഭവിക്കുന്നത്. ചെയ്യുന്ന സിനിമകളെല്ലാം പിന്നെ വളരെ എന്‍ജോയ് ചെയ്ത് ചെയ്യുന്ന സിനിമകളാണ്.

? കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ സൂപ്പര്‍സ്റ്റാര്‍ പോലുള്ള താരപ്പകിട്ടില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കാരണം.
പ്രധാനമായും എന്റെ പേഷ്യന്‍സ് ലെവല്‍ പ്രോബ്ലമാണ്. ഒരു സ്റ്റാറിന് പുറകെ രണ്ട്, മൂന്ന് മാസമൊന്നും കഥയുമായൊന്നും നടക്കാനുളള പേഷ്യന്‍സ് ഇല്ല എനിക്ക്. ഞാനിഷ്ടപ്പെടുന്ന സിനിമ ചെയ്യണം. അതിനാര് കൂടെ വരുന്നു, കൂടെ നില്‍ക്കുന്നു, അവര്‍ക്കൊപ്പം ചെയ്യും. പക്ഷേ ഞാന്‍ മമ്മൂക്കയ്ക്കൊപ്പം സൈലന്‍സ് എന്ന സിനിമ ചെയ്തിട്ടുമുണ്ട്.

? തിരക്കഥാ രചനയിലെ സാനിധ്യം കാണാത്തത്തിന് കാരണം
ഫ്രീക്കിംങ് ചക്ര എന്ന് പറയുന്ന ഒരു സിനിമയില്‍ മാത്രമേ ഞാന്‍ സ്‌ക്രീന്‍പ്ലേയില്‍ ഇന്‍വോള്‍വ് ആയിട്ടുളളൂ. ഒരു ചിന്ത വന്നപ്പോള്‍ പരസ്യങ്ങളിലെ അസിസ്‌ററന്റ്‌സിനെയെല്ലാം ചേര്‍ത്ത് ചെയ്ത ഒന്ന്. പിന്നെ തിരക്കഥാ രചന എന്നത് ശൂന്യമായ കടലാസില്‍ കഥകള്‍ അല്ലെങ്കില്‍ തിരക്കഥകള്‍ ഉണ്ടാക്കിയെടുക്കുകയാണ്. അത് ഒരു എക്സ്ട്രാ ഓര്‍ഡിനറി ടാലന്റാണ്. അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്, ടാലന്റ് ഇല്ല. അതുകൊണ്ട് തന്നെ എഴുതുന്നവരെയും അവരുടെ ഓരോ വരികളെയും ഓരോ വാക്കുകളെ പോലും ഞാന്‍ ബഹുമാനിക്കുന്നു. സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ഞാന്‍ പഠിച്ചത് സംവിധാനമാണ്. അവിടെ അഭിനയമോ/തിരക്കഥയോ അല്ലായിരുന്നു പഠിച്ചത്.

? താങ്കളുടെ സിനിമകളിലെ ദൃശ്യമനോഹാരിത, അത് എങ്ങനെയാണ് സാധ്യമാക്കുന്നത്.
കണ്ടുവളര്‍ന്ന മലയാള സിനിമകളുടെ വിഷ്വലുകളെല്ലാം മനോഹരമായിരുന്നു. 1980-കള്‍ വരേക്കും. അത് കഴിഞ്ഞ് കോമഡി സിനിമകളുടെ കാലഘട്ടം വന്നപ്പോഴാണ് വിഷ്വല്‍ ബ്യൂട്ടി പൊയ്‌പോയത്. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, ഭാര്‍ഗവി നിലയം തുടങ്ങി ഭരതന്‍, പത്മരാജന്‍ സിനിമകളെല്ലാം വലിയ തോതിലാണ് സ്വാധീനിച്ചത്. മലയാള സിനിമകളില്‍ നിന്നുളള പ്രചോദനം തന്നെയാണ് അതിനുള്ള കാരണം

? വിഷ്വല്‍ ബ്യൂട്ടിക്ക് പുറകെ പോകുമ്പോള്‍ സിനിമ വാണിജ്യപരമായി നഷ്ടമാകുമോ എന്ന ഭയമുണ്ടോ.
ഇല്ല. എക്‌ണോമിക്കല്‍ ബാലന്‍സ് വെച്ച് സിനിമ ചെയ്യുന്ന ആളാണ് ഞാന്‍. വിഷ്വല്‍ എന്ന് പറയുന്നത് പണം വാരി എറിയുന്ന ഒന്നല്ല. പണം കോണ്‍സെന്‍ട്രേറ്റ് ചെയ്ത് വിഷ്വല്‍ ചെയ്യാറില്ല.

? ബാഹുബലി തരംഗം വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടയിലുള്ള കെയര്‍ഫുളിന്റെ റിലീസിംഗ് ആശങ്കപ്പെടുത്തുന്നുണ്ടോ.
തീര്‍ച്ചയായും. പിന്നെ ഞാന്‍ വിശ്വസിക്കുന്നത് കണ്ടന്റ് ആണ് പ്രധാനമെന്നാണ്. അല്ലാതെ എത്ര ചിലവാക്കുന്നു എന്ന് നോക്കിയിട്ടല്ല ഒരു സിനിമയുടെ ക്വാളിറ്റി അളക്കേണ്ടത്. എന്റെയൊക്കെ ചെറുപ്പത്തില്‍ അടൂര്‍ സാര്‍, ശശികുമാര്‍ സാര്‍ ഇവരുടെയൊക്കെ സിനിമകള്‍ വലിയ സിനിമകളോടൊപ്പം കാണുമായിരുന്നു. നിര്‍ണായകം സിനിമയെ സംബന്ധിച്ചിടത്തോളം ‘പ്രേമമെന്ന സിനിമയുടെ കുത്തൊഴുക്കില്‍ പെട്ട് കേരളത്തിലെ യുവത്വം കാണാന്‍ മറന്നു പോയ ഒരു സിനിമയാണെന്ന്’ പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു വെച്ചതായി ശ്രദ്ധയില്‍ പെട്ടിരുന്നു.

പിന്നെ ഇപ്പോഴത്തെ എന്റെ പ്രതീക്ഷ എന്ന് പറയുന്നത്, ഈയിടെ ഒരു തിയേറ്റര്‍ ഉടമയുമായി ഞാന്‍ സംസാരിക്കുകയുണ്ടായപ്പൊ അറിയുകയുണ്ടായി, നാട്ടിന്‍ പുറങ്ങളില്‍ വളരുന്ന ഒരു തിയേറ്റര്‍ സംസ്‌കാരത്തെ കുറിച്ച്. ഏതൊരു സിനിമ വന്നാലും ശനി, ഞായര്‍ ദിവസങ്ങളില്‍ തങ്ങളുടെ തിയേറ്ററുകളില്‍ സിനിമ കാണാന്‍ വരുന്ന ആളുകള്‍ ചോദിക്കാറുണ്ട് ഞങ്ങള്‍ നാലു സിനിമകളും കാണും, ഇതില്‍ ഏതാണ് ആദ്യം കാണേണ്ടതെന്ന്. മലയാളത്തിലിങ്ങനെ ഒരു സാഹചര്യം വരുന്നത് കൊണ്ട് തന്നെയാണ് വേണ്ടത്ര പബ്ലിസിറ്റി ഇല്ലാതെ വന്ന രക്ഷാധികാരി ബൈജു എല്ലാം ശ്രദ്ധിക്കപ്പെട്ടത്. അതു തന്നെയാണ് എന്റെയും പ്രതീക്ഷ.

? പതിനേഴ് വര്‍ഷങ്ങള്‍ കലാജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു.
സ്വയം ആസ്വാദനം കണ്ടെത്താന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമയില്‍ തന്നെ തുടരും. അത് ഒരുപക്ഷേ നല്ല സിനിമയാകാം, മോശപ്പെട്ടതാകാം, തമാശ സിനിമകളാകാം… എങ്കിലും ആസ്വദിക്കാന്‍ കഴിയുന്നയിടത്തോളം കാലം പണിയെടുക്കും. ആസ്വാദനം നിലയ്ക്കുമ്പോള്‍ സിനിമ നിര്‍ത്തും. ഇപ്പോഴത്തെ പ്രേക്ഷകരോടുളള അഭ്യര്‍ത്ഥന വലിയ സിനിമ ആഘോഷമാക്കുന്നതിനോടൊപ്പം നിങ്ങള്‍ ചെറിയ സിനിമകളും കണ്ട് ആഘോഷിക്കണം. കാരണം പ്രോത്സാഹനത്തിലൂടെയേ നല്ല സിനിമകള്‍ ഉണ്ടാകൂ.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍