UPDATES

സിനിമ

മഞ്ജു വാര്യര്‍/അഭിമുഖം; ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല, ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടിയാണ് ആമി

തുടക്കം മുതല്‍ ഇത്രയേറെ വിവാദങ്ങള്‍ പിന്തുടരുന്ന ഒരു ചലച്ചിത്രാനുഭവം എനിക്ക് ഇത് ആദ്യമാണ്

Avatar

വീണ

മലയാള പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ സംവിധാനം ചെയ്യുന്ന ആമി. മലയാളത്തിന്റെ സ്വന്തം കഥാകാരി, മാധവിക്കുട്ടി അഭ്രപാളിയില്‍ ആമിയിലൂടെ പുനര്‍ജനിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കലര്‍പ്പിലാത്ത എഴുത്തിലൂടെ മാധവിക്കുട്ടി കീഴടക്കിയ മനസുകളെ കമലിന്റെ ആമിക്ക് തൃപ്തിപ്പെടുത്താനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ചിത്രീകരണത്തിന് മുമ്പ് തന്നെ കഥാകാരിയുടെ ജീവിതം പോലെ വിവാദങ്ങളില്‍ കുടുങ്ങിയ ചിത്രം 19 ന് തീയേറ്ററുകളിലെത്തും. ആമിക്ക് അഭ്രപാളിയില്‍ ജീവന്‍ നല്‍കുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരാണ്. ചിത്രത്തിന്റെ വിശേഷങ്ങളും ആമിയെ കുറിച്ചും വിവാദങ്ങളെക്കുറിച്ചും മഞ്ജു വാര്യര്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ആമിയെ കുറിച്ച്?

ആമി എല്ലാവരും മനസിലാക്കിയ പോലെ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെ കുറിച്ചുള്ള സിനിമയാണ്. പക്ഷെ എല്ലാവരും ആദ്യം മുതല്‍ നോക്കുന്നത് രൂപമാണ്. എല്ലാവരും മനസിലാക്കേണ്ട കാര്യം ഒരു ബയോപിക് ചെയ്യുമ്പോള്‍ ആ വ്യക്തിയെ പോലെ തന്നെ അഭിനയിക്കുയാളുടെ രൂപമുണ്ടായിരിക്കണമെന്നില്ല. ഒരാളെ പോലെ തന്നെ മറ്റൊരാള്‍ ഉണ്ടാവില്ലല്ലോ. ചിത്രം കാണുമ്പോള്‍ നമ്മള്‍ ആ കഥാപാത്രത്തെ അഭിനേതാവില്‍ കാണണം അതിനല്ലേ പ്രാധാന്യം.

കമല്‍ സാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ എന്റെ കഥയിലെ മാധവിക്കുട്ടിയല്ല, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയാണ് ആമി. എന്റെ കഥ യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പ്പങ്ങള്‍ക്കും ഇടയിലുള്ളതാണെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കമല്‍ സാറിന്റെ മനോഹരമായ തിരക്കഥയിലൊരുങ്ങിയ ആമി പുറത്തിറങ്ങുന്നതോടെ എല്ലാ ആശങ്കയും തീരുമെന്നാണ് പ്രതീക്ഷ.

ഒരു ഫിക്ഷന്‍ ചെയ്യുന്നതു പോലെയല്ല ബയോപിക്. അത് ഒരു വെല്ലുവിളിയാണ്. മാധവിക്കുട്ടിയാകുമ്പോള്‍ പ്രത്യേകിച്ചും. ഈ ചിത്രം വലിയ ഒരു ധൈര്യമല്ലേ?

വെല്ലുവിളിയാണ്. കാരണം മാധവിക്കുട്ടിക്ക് മലയാളിയുടെ മനസിലുള്ള സ്ഥാനം അതാണ്. പക്ഷേ ഞാന്‍ കമല്‍ സാറിനോട് പറഞ്ഞത് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് സാറിന് ആത്മവിശ്വാസമുണ്ടേല്‍ ഞാന്‍ കൂടെ നില്‍ക്കാമെന്നാണ്. അതുകൊണ്ട് തന്നെ ഓരോ ഷോട്ട് കഴിയുമ്പോഴും ഞാന്‍ കമല്‍ സാറിന്റെ മുഖത്തേക്ക് നോക്കും. സാറിന് തൃപ്തിയുണ്ടോ എന്നറിയാന്‍. എത്ര ടേക്ക് വേണമെങ്കിലും എടുക്കാമെന്ന് ഞാന്‍ സാറിനോട് പറഞ്ഞിരുന്നു. അതില്‍ ഒരു ബുദ്ധിമുട്ടും എനിക്ക് ഇല്ലായിരുന്നു. പിന്നെ വര്‍ക്കില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്ന ആളല്ല കമല്‍ സാര്‍. അതുകൊണ്ടു തന്നെ സിനിമ നന്നായിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

മഞ്ജു തന്നത് ഞാന്‍ മനസില്‍ കണ്ട ആമിയെയാണ്. വിദ്യ ബാലന്‍ പിന്‍മാറിയതില്‍ അതുകൊണ്ടു തന്നെ നിരാശയില്ല എന്നായിരുന്നു കമലിന്റെ പ്രതികരണം…

ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന കാലം മുതലേ ഇതൊരു നല്ല സിനിമയായിരിക്കും എന്ന ചിന്തയ്ക്കപ്പുറം എനിക്ക് ആ കഥാപാത്രം വന്നില്ലല്ലോ എന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഇടയ്ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടായിയെന്ന് അറിഞ്ഞപ്പോഴും എന്തുകൊണ്ട് എന്നെ വിളിച്ചില്ല എന്ന് എനിക്ക് ഒരിക്കലും തോന്നിയില്ല. യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ അതൊരു നല്ല സിനിമ ആകുമായിരുന്നു എന്ന് മാത്രമേ ചിന്തിച്ചുള്ളു. കുറേ പേരൊക്കെ എന്നോട് ചോദിച്ചിരുന്നു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് കമല്‍ സാറിന്റെ വിളി വരുന്നത്. അത് ശരിക്കും ദൈവാനുഗ്രഹമായി കരുതുന്നു.

ചിത്രീകരണത്തിന് മുമ്പേ ആരംഭിച്ച വിവാദങ്ങള്‍?

തുടക്കം മുതല്‍ ഇത്രയേറെ വിവാദങ്ങള്‍ പിന്തുടരുന്ന ഒരു ചലച്ചിത്രാനുഭവം എനിക്ക് ഇത് ആദ്യമാണ്. പക്ഷെ ഞാന്‍ ഒരു വിവാദങ്ങളും ശ്രദ്ധിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് അതൊക്കെ സെക്കന്‍ഡറിയാണ്. സിനിമ മാത്രമാണ് പ്രധാനം. മറ്റൊരു രാഷ്ട്രീയവും എനിക്ക് ഇതില്‍ ഇല്ല.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തില്‍ മാത്രമല്ല സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിലും…

അതൊരു വലിയ നേട്ടമാണ്. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തിലൊക്കെ അറിയപ്പെടുന്ന വ്യക്തിത്വമാണെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ അംഗീകാരം, അത് അവിടെ എത്തിയപ്പോഴാണ് മനസിലായത്. മാധവിക്കുട്ടിയുടെ ബയോ പിക് ചെയ്യാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതിയിരുന്നു. പക്ഷെ അത് എത്ര വലിയ ഭാഗ്യമാണെന്ന് മനസിലായതും അപ്പോഴാണ്. ആ സിനിമയ്ക്ക് ഇങ്ങനെ ഒരു ലോഞ്ച് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. അവിടെ പലര്‍ക്കും മാധവിക്കുട്ടിയെ നേരിട്ടറിയാമായിരുന്നു. മാത്രമല്ല ശോഭാ ഡേ ഒക്കെ പങ്കെടുത്ത വേദിയിലായിരുന്നു ട്രെയിലര്‍ ലോഞ്ച്. ട്രെയിലര്‍ കണ്ട ശേഷം അവരൊക്കെ സിനിമയെ കുറിച്ച് ചോദിച്ചു. ശരിക്കും അഭിമാനം തോന്നിയ നിമിഷങ്ങളാണ് അതൊക്കെ. ട്രെയിലര്‍ കണ്ടിട്ട് ഞാനാണെന്ന് അവര്‍ക്ക് തോന്നിയതേ ഇല്ല. പിറ്റേ ദിവസം ഒരു ഇന്ററാക്ഷന്‍ ഉണ്ടായിരുന്നു, കമല്‍ സാറും ഞാനും അതിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.


സിംഗപ്പൂരിലെ ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റില്‍ മഞ്ജു വാര്യര്‍

മാധവിക്കുട്ടിയായി മാറി മഞ്ജു; ആമി ട്രെയിലര്‍ എത്തി

ചിത്രം കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും റിലീസ് ചെയ്യുന്നുണ്ട്…

അതെ. ലോകം അറിയുന്ന ഒരു കഥാകാരിയാണ് മാധവിക്കുട്ടി. അതുകൊണ്ട് തന്നെ അവരെ കുറിച്ചുള്ള ചിത്രം പരമാവധി പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനുള്ളതെല്ലാം കമല്‍ സാര്‍ ചെയ്യുമെന്നാണ് കരുതുന്നത്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്ത ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രദര്‍ശിപ്പിക്കും.

രണ്ടാം വരവില്‍ കുറേ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ആറാം തമ്പുരാനിലെ ഉണ്ണിമായയും കന്മദത്തിലെ ഭാനുവുമൊക്കെ തന്നെയാണ് ഇപ്പോഴും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നത്. ആ കൂട്ടത്തിലേക്ക് ആമി ചേര്‍ക്കപ്പെടും എന്ന് പ്രതീക്ഷയുണ്ടോ?

ഏത് തന്നെ ആയാലും ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ ഉണ്ടെന്നറിയുന്നത് തന്നെയാണ് വലിയ സന്തോഷവും അംഗീകാരവും. ആമിയും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ആമി വിവാദം; കമലിന് പറയാനുള്ളത്

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍