UPDATES

സിനിമ

അകലമില്ലാത്ത സാക്ഷികള്‍; ഈ.മ.യൗവിന്റെ കഥാകാരന്‍ പി എഫ് മാത്യൂസ്/അഭിമുഖം

ഒരു മനുഷ്യന്‍റെ ജീവിതം മരണത്തോടെയാണല്ലോ പൂര്‍ത്തിയാവുന്നത്. അതുകൊണ്ട് തന്നെ ആ ജീവിതം വിലയിരുത്തണം എങ്കില്‍ അവസാനത്തില്‍ നിന്നല്ലേ നമുക്ക് വിലയിരുത്താന്‍ കഴിയൂ

കിണറിനു കുഴിയെടുക്കുമ്പോള്‍ പ്രളയം പോലെ പുറത്തേക്ക് വരുന്ന പരേതാത്മാക്കള്‍, ഏകാന്തതയിലും പാഴ്നിലത്തിലും ജീവിതങ്ങള്‍., നിലവിളികളായി മരിച്ചുപോവുന്ന മനുഷ്യര്‍, മിഖേലാശാനും മാറുട്ടിതള്ളയും പേറുവും അന്നയും ഇനാശുവും സന്ധ്യവച്ചനും മലാഹറപ്പയും അഗ്നീസയും മറ്റുള്ളവരും… അവരെ മലയാളത്തിനു സമ്മാനിച്ച എഴുത്തുകാരന്‍. നോണ്‍ ലീനിയര്‍ നരേറ്റീവിന്‍റെ സാധ്യതകളെ മലയാളത്തിനു കൊടുത്ത എഴുത്തുക്കാരന്‍. മരിച്ചിട്ടും ചീയാത്ത ഇമ്മാനുവേലിനെയും ജീവനുണ്ടായിട്ടും ചീയുന്ന ആബേലച്ചനെയും എഴുതി ബൈനറികള്‍ക്കപ്പുറത്ത് ഇരുട്ടിലെ പുണ്യാളനെ തിരഞ്ഞ മനുഷ്യന്‍. പരീക്ഷണവഴികളില്‍ സ്വീകാര്യതകള്‍ കാര്യമാക്കാതെ നടന്ന പി എഫ് മാത്യൂസും മലയാള സിനിമയ്ക്ക് മാജിക്കല്‍ റിയലിസത്തിന്‍റെ പുതുസാധ്യതകള്‍ കൊടുത്ത, വാണിജ്യപരാജയങ്ങളില്‍ പോലും തന്‍റെ ബോധ്യങ്ങളുടെ തെളിച്ചത്തില്‍, പുതിയ അനുഭവങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇനിയും സിനിമയെടുക്കൂ എന്ന് പറഞ്ഞ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന സിനിമയാണ് ഈ.മ.യൗ.

ഈ.മ.യൗ പോലൊരു സിനിമ അനുഭവം തനിക്കിതിന് മുൻപില്ല എന്ന് ലിജോയും തന്‍റെ വാക്കുകളോട് നീതിപുലര്‍ത്തിയ ആദ്യസിനിമാനുഭവമെന്ന് പി എഫ് മാത്യൂസും പറഞ്ഞ സിനിമയെ, ആ അനുഭവത്തെ നേരിട്ട് കാണാന്‍ കാത്തിരിക്കുന്നുണ്ട് ഒരുപാടേറെ സിനിമാസ്നേഹികള്‍. സിനിമയെക്കുറിച്ചും എഴുത്തിനെ കുറിച്ചും പി എഫ് മാത്യൂസുമായി അമല്‍ ലാല്‍ നടത്തിയ അഭിമുഖം.

അമല്‍: പി എഫ് മാത്യൂസ് കണ്ട കൊച്ചീയിടങ്ങളുടെ വര്‍ത്ത‍മാനവും ഭൂതകാലവും മിത്തുകളുമൊക്കെയാണ് നോവലുകളുടെ പരിസരങ്ങളായി വരാറുള്ളത്. ആ നോവലുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ ഒട്ടും കണ്ടിട്ടില്ലാത്ത കൊച്ചിയുടെ ആത്മാവാണ് കാണാന്‍ കഴിയാറുള്ളത്. ഈ.മ.യൗ സിനിമയും കൊച്ചിപരിസരത്താണ്. ലിജോ ജോസ് പെല്ലിശ്ശേരി കൊച്ചിക്കാരനല്ല. എഴുതിയത് കൃത്യമായി ഉള്‍ക്കൊള്ളാന്‍ ലിജോ എന്ന സംവിധായകനായി എന്ന് തോന്നിയിട്ടുണ്ടോ?

പി എഫ് മാത്യൂസ്: അതിനെക്കുറിച്ച് എഫ് ബിയില്‍ ഒരു വരിയെഴുതിയിരുന്നു, ഈ.മ.യൗ.  എന്റെ വാക്കുകളോടു നീതി പുലർത്തിയ ആദ്യത്തെ സിനിമാനുഭമാണെന്ന്. അത് സത്യസന്ധമാണ്, എഴുത്തില്‍ അങ്ങനെ നുണകലര്‍ത്താറില്ല. ഞാന്‍ കണ്ടത് എന്താണോ അത് കൃത്യമായി തന്നെ ലിജോ സിനിമയാക്കിയപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. എന്ന് കരുതി നേരെ ട്രാന്‍സ്ലേറ്റ് ചെയ്തു വച്ചു എന്നല്ല ഞാന്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടുന്ന ഒരു ബ്ലൂപ്രിന്റ് മാത്രമാണല്ലോ തിരക്കഥ. ഒരുപാട് ഭാവനയുള്ള സംവിധായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കൂടിയൊരു വീക്ഷണമുണ്ടതില്‍. നമുക്കറിയാമല്ലോ ആംഗിള്‍ മാറ്റി ഫിക്സ് ചെയ്‌താല്‍ തന്നെ ഒരു സീനിന്‍റെ അര്‍ത്ഥം പാടെ മാറും. ഇവിടെ വാക്കുകള്‍ കൊണ്ട് എന്ത് ഉദ്ദേശിച്ചോ ആ മൂഡ്‌ ഈ സിനിമയില്‍ കൃത്യമായുണ്ട്. അതിന്‍റെ ഒരു നരേറ്റീവ് സ്റ്റൈല്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് ലിജോ സിനിമ ആവിഷ്കരിച്ചിട്ടുള്ളത്‌.

അമല്‍: എറണാകുളത്ത് എവിടെയായിരുന്നു നാട്?

പി എഫ്: എറണാകുളം നഗരത്തിന്‍റെ നടുവില്‍ തന്നെയാണ്. ഈ സരിത, സവിത, സംഗീതയൊക്കെയുണ്ടല്ലോ, ആ റോഡിന്‍റെ പാരലല്‍ ആയി ഒരു വഴിപോവുന്നുണ്ട്, അവിടെ കൊമ്പാറമുക്ക് എന്നൊരു സ്ഥലമുണ്ട്, അവടെയാണ് ജനിച്ചതും ബാല്യവുമൊക്കെ.

അമല്‍: ചാവുനിലം ആ ഒരു പരിസരത്തിന്‍റെ കഥയാണോ?

പി എഫ്: അല്ല, അല്ല. എറണാകുളം അന്നും കേരളത്തില്‍ വികസിച്ച ഒരു ഇടമായിരുന്നല്ലോ. എടവനക്കാട് എന്നൊരു സ്ഥലമുണ്ട്, അമ്മൂമ്മയുടെ നാടാണ്. അവിടെ അമ്മൂമ്മയുടെയൊരു ആങ്ങള ഈശി, അദ്ദേഹത്തിനൊരു ഫിലിം തീയ്യറ്റര്‍ ഒക്കെയുണ്ടായിരുന്നു, ആശ ഫിലിം തീയറ്റര്‍. കുട്ടിക്കാലത്ത് അവിടെ പോവുന്നത് സിനിമ കാണാനൊക്കെയാണ്. അത് കൊണ്ട് തന്നെ ഗ്രാമം എന്ന് പറഞ്ഞാല്‍ എടവനക്കാടാണ്. മറ്റൊരു സ്ഥലമുണ്ട്, ഗോതുരുത്ത്. ഒരുകാലത്ത് കേരളത്തില്‍ ഒരുപാട്പേര്‍ ചാരായം കുടിച്ചു മരിച്ചുപോയ സ്ഥലമാണ്. മിക്കവീടുകളിലും വാറ്റുണ്ടാവുമായിരുന്നു. വിശേഷപ്പെട്ട വാറ്റാണ്. കടവ് കടന്നൊക്കെ ചാരായം കുടിക്കാന്‍ ആളുകള്‍ വന്നിരുന്ന ഒരിടമായിരുന്നു. അതുപോലെ കുമ്പളങ്ങി കേട്ടിട്ടില്ലേ. ഈ എവടവനക്കാട്, ഗോതുരുത്ത്, കുമ്പളങ്ങി അത് പോലെയുള്ള ചില തുരുത്തുകള്‍, കരി എന്നൊരു ഐലന്റ്. ഇത്തരം സ്ഥലങ്ങളും അവിടുത്തെ ജീവിതങ്ങളുമൊക്കെയാണ് ചാവുനിലത്തില്‍ പ്രചോദനമായിട്ടുള്ളത്.

അമല്‍: ഈ.മ.യൗ സിനിമയുടെ പരിസരം എറണാകുളം തന്നെയാണോ? നോവലുകളില്‍ പലപ്പോഴും പഴയ കൊച്ചിയും പുതിയകൊച്ചിയുമെല്ലാം ഇടകലര്‍ന്നു കാണാം. സിനിമ എവടെയാണ് പ്ലേസ് ചെയ്തിരിക്കുന്നത്?

പി എഫ് : Exact ആയി ചെല്ലാനം എന്ന സ്ഥലത്താണ്. ഷൂട്ട്‌ ചെയ്തതും ചെല്ലാനത്ത് തന്നെയാണ്. അവിടുത്തെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സിനിമയാണ്. പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്കരുടെ ജീവിതമാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്. ഒരു കാലത്ത് ബാന്റ് മേളമൊക്കെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അവരുടെ രീതികള്‍, Rituals എല്ലാമുള്ള സിനിമയാണിത്. അവിടുത്തെ Contemporary  ജീവിതത്തെയാണ്‌ സിനിമയാക്കിയിരിക്കുന്നത്. അതില്‍ തന്നെ ചില ജീവിതമുഹൂര്‍ത്തങ്ങളെ അടുത്ത് നിന്ന് കാണുന്നത് പോലൊരു റിയലിസ്റ്റിക്ക് സിനിമയാണ്.

അമല്‍: എഴുതിയ തിരക്കഥ ലിജോയ്ക്ക് നല്‍ക്കുകയായിരുന്നോ അതോ ലിജോയ്ക്ക് വേണ്ടി തന്നെ ഈ ഒരു തിരക്കഥയെഴുതുകയായിരുന്നോ?

പി എഫ്: അങ്ങനെയല്ല. ഒരു ദിവസം ഇതിന്‍റെ ഒരു കേന്ദ്രപരിസരം എന്നോട് പറയുന്നത് ലിജോയാണ്. അദ്ദേഹം ചാവുനിലം എല്ലാം ഇഷ്ടപ്പെടുന്ന ഒരാളാണ്. കേട്ടപ്പോള്‍ എനിക്കും കൊതിതോന്നുന്ന ഒരു പരിസരമായി തോന്നി. അന്ന് അതങ്ങനെ നിന്നു. പിന്നീട് ഞാന്‍ ഒരു നോവല്ല എഴുതിയിരുന്നു, കൊച്ചി പാശ്ചാത്തലത്തില്‍ തന്നെ. അതുപോലെ ജീവിതത്തില്‍ ഞാന്‍ നേരിട്ട ഒരു മരണം, ലിജോ പറഞ്ഞ ചില മനുഷ്യര്‍ ഇതെല്ലം കൂടി ചേര്‍ന്ന് വളരെ നൈസര്‍ഗികമായി ഉണ്ടായ ഒന്നാണ് ഈ.മ.യൗ സിനിമയുടെ തിരക്കഥ. ഇതിന്‍റെ ഈ പേര് ലിജോ പറയുന്നതാണ്. എനിക്കൊരുപാട് സന്തോഷമായി, ഞാന്‍ ഇടേണ്ടിയിരുന്ന ഒരു പേരാണല്ലോ എന്ന് തോന്നി അത് കേട്ടപ്പോള്‍. അങ്ങനെ ഓര്‍ഗാനിക് ആയൊരു വളര്‍ച്ചയായിരുന്നു. ആവശ്യമായ സമയമെടുത്തു പതുക്കെ ഉണ്ടായതാണ്.

അമല്‍: ഇരുട്ടില്‍ ഒരു പുണ്യാളന്‍, ചാവുനിലം, ഇപ്പോള്‍ ഈ.മ.യൗ, കൊച്ചിയാണ് എല്ലാത്തിന്‍റെയും പരിസരം, ജനിച്ചയീയിടം വിട്ടൊരു മാറ്റം വേണം എന്ന് തോന്നിയിട്ടില്ലേ?

പി എഫ്: എന്നോട് പലരും പറഞ്ഞിട്ടുള്ളതാണ് അമലേ ഇത്. എഴുത്തുകാര്‍ തന്നെ പലപ്പോഴും ഇതൊന്നും മാറ്റിപ്പിടിച്ചുകൂടെ എന്ന് ചോദിയ്ക്കും. പക്ഷെ ജെയിംസ് ജോയ്സ് എഴുതിയത് മുഴുവന്‍ ഡബ്ലിനിലാണ്. ജെയിംസ് ജോയ്സിനോളം വലിയ  എഴുത്തുകാരനാണെന്നു പറഞ്ഞതല്ല. പക്ഷെ കഥയില്‍ ആത്മാവുണ്ടോ എന്നതല്ലേ കാര്യം.

അമല്‍: അങ്ങയുടെ ഒരു സീരിയല്‍ ആയിരുന്നു മീഖായേലിന്‍റെ സന്തതികൾ. ആ സീരിയല്‍ ഒരു ഡെഡ് ബോഡിയുടെ ദൃശ്യത്തിലാണ് തുടങ്ങുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇരുട്ടില്‍ ഒരു പുണ്യാളന്‍, ചാവുനിലം ഈ രണ്ടു നോവലിലും ഒരുപാട് മരണങ്ങള്‍ കാണാന്‍ കഴിയും. ഈ.മ.യൗ എന്ന സിനിമയില്‍ എത്തുമ്പോഴും പുറത്തിറങ്ങിയ ടീസറിലെല്ലാം ഒരു മരണം കാണാം. അതിനെപ്പറ്റി?

പി എഫ്: കലാരൂപങ്ങള്‍ എല്ലായ്പ്പോഴും മരണത്തെ ഒരു ഭയം എന്ന കാഴ്ച്ചപ്പാടില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അതില്‍ നിന്നൊക്കെ മാറിനില്‍ക്കാനാണ് അവ ശ്രമിയ്ക്കുന്നത്. പക്ഷെ ഞാന്‍ മറ്റൊരു തരത്തിലാണതിനെ കാണുന്നത്.

ഒരു മനുഷ്യന്‍റെ ജീവിതം മരണത്തോടെയാണല്ലോ പൂര്‍ത്തിയാവുന്നത്. അതുകൊണ്ട് തന്നെ ആ ജീവിതം വിലയിരുത്തണം എങ്കില്‍ അവസാനത്തില്‍ നിന്നല്ലേ നമുക്ക് വിലയിരുത്താന്‍ കഴിയൂ, സമഗ്രമായി ജീവിതത്തെ കാണണമെങ്കില്‍ മരണത്തിലൂടെ തന്നെ കാണണം. എന്‍റെ ഒരു കാഴ്ച്ചപ്പാടാണത്. അതുകൊണ്ട് മരണത്തിലൂടെ ജീവിതത്തെ തന്നെയാണ് ഞാന്‍ എഴുതുന്നത്. ജീവിതത്തെ മാത്രം കാണുന്നവര്‍ക്ക് കിട്ടാത്ത അധിക മാനം അതിനു കിട്ടും എന്ന് തോന്നുന്നു. ഇരുട്ടില്‍ ഒരു പുണ്യാളനില്‍ താത്തിയുടെ കഥാപാത്രം പറയുന്നുണ്ട് ഒരാളുടെ മരണത്തോടെയാണ് അയാള്‍ Define ചെയ്യപ്പെടുന്നത് എന്ന്. ഈ.മ.യൗന്‍റെ പ്രബലമായ ഒരു തീമാണ് മരണം.

എന്നാല്‍ ജീവിതത്തിലെ Intense ആയ ചില മുഹൂര്‍ത്തങ്ങളും സിനിമയില്‍ വരുന്നുണ്ട്. നമ്മള്‍ നമ്മളെ തന്നെ നോക്കി ചിരിക്കുന്ന ചില നിമിഷങ്ങളുണ്ട്‌. നമ്മള്‍ ചെയ്ത പല സംഗതികളും നാളെ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കോമഡിയായി തോന്നുമല്ലോ. അതുപോലെയാണ്. എന്നുവച്ച് കോമഡി സിനിമയാണ് എന്നല്ല. പലയിടത്തും ബ്ലാക്ക് ഹ്യൂമറിന്‍റെ ഒരു രീതിയുണ്ട് സിനിമയ്ക്ക്.

അമല്‍: ഏറ്റവും അവസാനം പുറത്തുവിട്ട ടീസറില്‍ മരണം കാണാന്‍ വന്നവരെ കരഞ്ഞുകൊണ്ട് കുറ്റം പറയുന്നൊരു സ്ത്രീയുണ്ട്. കടമനിട്ടയുടെ ചാക്കാല കവിത ഓര്‍മ്മവന്നു അത് കണ്ടപ്പോള്‍ ?

പി എഫ്: (ചിരിക്കുന്നു) ലത്തീന്‍ കത്തോലിക്കാരുടെ ഒരു രീതിയുണ്ട്. മരിച്ചവീടുകളില്‍ അവര്‍ ഈ കണ്ണോക്ക് പാടും, അതില്‍ മരിച്ച ആളുടെ അവതാനങ്ങള്‍ പറയും. നല്ലത് മാത്രമല്ല, മോശവും പറയും. വന്നവര്‍ക്കും പണി കൊടുക്കും. എന്ന് വച്ചാല്‍ ജീവിതം ശക്തമായി ഒരു കളികളിക്കുന്ന ഒരു സ്ഥലമാണത്. ഒരു പ്ലേഗ്രൗണ്ട്‌ ആണത്.

അമല്‍: ടീസറുകളില്‍ ആ സ്ഥലത്തിന്‍റെ പ്രാദേശികഭാഷ തന്നെയാണ് അവര്‍ സംസാരിക്കുന്നത്, അതിലാണ് അവര്‍ കരയുന്നത്. ഒരു കാലത്ത് നമ്മള്‍ കരുതിയിട്ടുണ്ട് തൃശൂര്‍ഭാഷയിലോ, തിരുവനന്തപുരം ഭാഷയിലോ ഒന്നും നമ്മുടെ സിനിമയിലാര്‍ക്കും കരയാന്‍ പറ്റില്ലെന്ന്. ഭാഷയുടെ പ്രാദേശികതയെ മന:പൂര്‍വ്വമായി തന്നെ ഉള്‍ക്കൊള്ളിക്കുന്നതാണോ?

പി എഫ്: മിഖായേലിന്‍റെ സന്തതികള്‍ ചെയ്യുന്ന കാലത്ത് തിരകഥാകൃത്ത് ഡെന്നീസ് ജോസഫ്  പറഞ്ഞിരുന്നു, കൊച്ചി ഭാഷയില്‍ വിഷമം പറയാന്‍ കഴിയില്ലെന്ന്, പറഞ്ഞാല്‍ തന്നെ ആളുകള്‍ ചിരിക്കുമെന്ന്. പക്ഷെ ഒരുപാട് പേരെ വിഷമിപ്പിച്ച സീരിയലായിരുന്നു മിഖായെലിന്‍റെ സന്തതികള്‍. കൊച്ചി ഭാഷ തന്നെ ആദ്യമായി ദൃശ്യരൂപത്തില്‍ വന്നത് മിഖായേലിന്‍റെ സന്തതികളിലാണ്. സ്ലാങ്ങിന്‍റെ സാധ്യതകള്‍ സിനിമയില്‍ മോശമായും ഇന്ന് ഉപയോഗിക്കുന്നുമുണ്ട്. അതിന്‍റെ സാധ്യതകളെ ഒരു സ്റ്റീരിയോടൈപ്പിനുള്ളില്‍ നിര്‍ത്തുന്നത് കാണാം. അതിലെല്ലാം ജീവിതം കുറവാണ്. നമ്മള്‍ ഇതില്‍ കുറച്ചുകൂടി ഭാഷകൊണ്ട് ജീവിതത്തെ രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

അമല്‍: ആദ്യത്തെ സീരിയല്‍ ശരറാന്തല്‍ ആയിരുന്നല്ലേ. അത് മറ്റൊരു കൃതിയെ അവലംബിച്ചാണ്. എങ്ങനെയായിരുന്നു ആദ്യത്തെ തിരയെഴുത്ത് അനുഭവം?

പി എഫ്: അത് പി ആര്‍ ശ്യാമളയുടെ 13 അധ്യായങ്ങളുള്ള ഒരു നോവലായിരുന്നു. ഈ അധ്യായങ്ങളിലെല്ലാം ഓരോ കഥാപാത്രങ്ങളുടെ ചിന്തകളിലൂടെയായിരുന്നു. ചിന്തകള്‍ സീനുകള്‍ ആവില്ലല്ലോ. അതിനു വേറെ ഒരു രാസപ്രവര്‍ത്തനം വേണമല്ലോ. അത് പിന്നീടാണ് മനസ്സിലായത്. അങ്ങനെ കൊളത്തില്‍ ചാടിയിട്ടു നീന്താന്‍ പഠിച്ച ആളുകളാണ് ഞങ്ങള്‍ (ചിരിക്കുന്നു). ആദ്യമായി വായിച്ച തിരകഥ ബെര്‍ഗ്മാന്‍റെയായിരുന്നു. അത് വായിച്ചപ്പോള്‍ ഇത് സാഹിത്യരൂപം തന്നെയാണല്ലോ എന്ന് തോന്നിയിരുന്നു. ഒരു പക്ഷെ നോവലിനേക്കാള്‍ മനോഹരമായി വായിക്കാവുന്ന തിരക്കഥയായിരുന്നു അത്. ഇതാണ് ആദ്യമായി ഞാന്‍ വായിക്കുന്നത്. അതില്‍ പിടിച്ചു തൂങ്ങിയാണ് തിരക്കഥയെഴുത്ത് തുടങ്ങിയത്.

ഈ.മ.യൗ; ഇപ്പൊഴേ പുറത്തു പറയാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്- ലിജോ ജോസ് പെല്ലിശ്ശേരി/അഭിമുഖം

അമല്‍: ഈ ഉത്തരത്തില്‍ നിന്ന് തന്നെ അടുത്തത് ചോദിക്കാം എന്ന് തോന്നുന്നു. തിരക്കഥ ഒരു ലിറ്റററി ടെക്സ്റ്റ് ആണെന്നും അത് സിനിമയ്ക്ക് വേണ്ടുന്ന വെറും ബ്ലൂപ്രിന്റു മാത്രമാണെന്നും രണ്ടാഭിപ്രായങ്ങളുണ്ട്. എന്താണ് അങ്ങയുടെ കാഴ്ച്ചപ്പാട്?

പി എഫ്: തിരക്കഥ ലിറ്റററി ടെക്സ്റ്റ് അല്ല. ജീനിയസുള്ള എഴുത്തുകാര്‍ ഉണ്ടാവുമ്പോള്‍ അതിനു സാഹിത്യഭംഗി കൈവരിക്കും. അപ്പോഴും ഒന്ന് വാക്കുകളും മറ്റത് വിഷ്വലും ആണല്ലോ. മാർക്കറ്റിലുള്ള തിരക്കഥകൾ എഴുത്തുകാരന്‍റെയല്ല. പലപ്പോഴും പൂർത്തിയായ സിനിമ കണ്ട് മറ്റാരോ പകർത്തുന്നതല്ലേ. അതെങ്ങനെ സാഹിത്യകൃതിയാകും. സാഹിത്യം പൂർണ്ണമായും എഴുത്തുകാരന്റെ വാക്കുകളിൽ നിന്ന് ഉയിരെടുക്കന്നതാണു്. അപൂര്‍വ്വമായി മാത്രം കലാരൂപമായി തീരുന്ന സാങ്കേതിക കലാപ്രവര്‍ത്തനമാണ് തിരക്കഥരചന.

അമല്‍: ദൃശ്യങ്ങളുടെ കലയാണ്‌ സിനിമ. ചാവുനിലം ഒരുപാട് ദൃശ്യമുഹൂര്‍ത്തങ്ങളുള്ള നോവലാണ്‌. അതിലൊരു സിനിമാസാധ്യത കണ്ടിട്ടില്ലേ?

പി എഫ്: ചാവുനിലം റൈറ്റ് വർഷങ്ങൾക്കു മുമ്പ് വിപിൻ വിജയന്‍ എന്ന സംവിധായകന്‍ വാങ്ങിയിട്ടുണ്ട്. പക്ഷെ അത് സിനിമയാക്കാന്‍ സാധിച്ചിട്ടില്ല. അത് സിനിമയാവുമ്പോള്‍ അയാളുടെ സിനിമയാവും. നോവലും സിനിമയും വേറെയായി തന്നെ നിലനില്‍ക്കും. ആ സിനിമ എങ്ങനെയാവണം എന്ന് നിര്‍ദ്ദേശിയ്ക്കാനോ, പറയാനോ പോവ്വുന്നില്ല. അത് വേറെ ഒരാളുടെ തന്നെ ക്രിയേറ്റീവ് ഫീല്‍ഡ് ആണല്ലോ.

അമല്‍: ഇരുട്ടില്‍ ഒരു പുണ്യാളന്‍ ആദ്യം ഒരു തിരകഥയായിരുന്നല്ലേ?

പി എഫ്: അതിനു പിന്നെയും വേറെ ചരിത്രമുണ്ട്. നോവലാക്കാന്‍ വേണ്ടി മനസ്സില്‍ വന്നൊരു പ്രമേയം തന്നെയാണ്. വീണ്ടും കൊച്ചി സാഹചര്യത്തില്‍ തന്നെ ഒരു നോവല്‍ വരുന്നു എന്നത് എനിക്കൊരു ഒരു രസം തോന്നിയില്ല, അതുകൊണ്ട് മനസ്സില്‍ നിന്ന് പോകാതിരിക്കാന്‍ അതൊരു ചെറുകഥയാക്കി എഴുതിവച്ചു. ആ കാലത്ത് അച്ചടിയ്ക്കേം ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഒരു സിനിമാസാധ്യതയുണ്ടെന്ന ബോധ്യം അന്നേ ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു തിരക്കഥയെഴുതുന്നത്. പിന്നീട് അത് പ്രത്വിരാജിന്‍റെ കയ്യിലും ലിജോയുടെ കയ്യിലും എത്തി. പക്ഷെ അതിനു മുന്നോട്ട് പോവാനായില്ല. ഷൂട്ടിങ്ങിന് അഞ്ചു ദിവസം മുന്‍പ് അത് നിന്ന് പോയി. പക്ഷെ ഞാന്‍ ഒരുപാട് മാനസികമായി പണിയെടുത്തിട്ടുണ്ടായിരുന്നു അതിനു വേണ്ടി. അങ്ങനെയാണ് ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്ന നോവല്‍ എഴുതാനുള്ള ഒരു ആവേശമുണ്ടാവുന്നത്. എഴുതുമ്പോള്‍ ഇതൊരു സിനിമയാവരുത് എന്നൊരു ആഗ്രഹമുണ്ടായിരുന്നു. സിനിമാറ്റിക് ആവരുതെന്ന്. ലിറ്ററി വര്‍ക്ക് തന്നെയാവണം എന്ന നിശ്ചയം. ദൃശ്യമുഹൂര്‍ത്തങ്ങള്‍ ധാരളം ഉണ്ടെങ്കിലും ഒരു ലിറ്ററിവര്‍ക്ക് ആയി മാത്രം അത് നിലനില്‍ക്കണം എന്ന് കരുതിയിരുന്നു.

അമല്‍: “93 ലെ രാത്രി” എന്ന കഥയെക്കുറിച്ച് ഒരു വായന എഫ് ബിയില്‍ വന്നിരുന്നു. അതിങ്ങനെയാണ് – 92 ലാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും വലിയൊരു ദുരന്തം ഉണ്ടാവുന്നത്, ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നു. 93 ലെ രാത്രിയെന്ന കഥ ആഖ്യാനത്തെക്കുറിച്ചും ആള്‍ക്കൂട്ടനീതിയെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. കൃത്യമായ ബോധ്യത്തോടെ തന്നെയാണോ അങ്ങനെയൊരു പേരും കഥയും?

പി എഫ്: മാനസികമായി ആ ഒരു കാലത്തിന്‍റെ ഒരു വ്യഥ മുഴുവന്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. “ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍’” എന്നൊരു കഥ ബാബറി മസ്ജിദ്‌ പൊളിക്കുന്ന ദിവസത്തെ നരേറ്റീവായി  എഴുതിയിട്ടുണ്ട്. പിന്നീട് അത് പോരല്ലോ എന്നും തോന്നിയിട്ടുണ്ട്. വേറെ ഏതോ തരത്തിലാണ് അത് എഴുതേണ്ടിയിരുന്നത് എന്നൊരു അലട്ടലുണ്ട്. അതൊരു അലട്ടല്‍ ആണ്. അടിയന്താരാവസ്ഥ എന്താണ് എന്ന് അറിയാതെ അതിലൂടെ കടന്നു വന്നവരാണ് ഞങ്ങള്‍. പക്ഷെ ഈ ബാബറി മസ്ജിദ് തകര്‍ത്തത് മുന്നില്‍ നടന്ന വലിയൊരു Incident  ആണല്ലോ, അത് വലുതായി തന്നെ ബാധിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏതെങ്കിലും ഒരു എഴുത്ത് ഘട്ടത്തില്‍ അത് കടന്നുവരും എന്ന രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

അമല്‍: ആ സ്വാധീനം 93-ലെ രാത്രിയില്‍ വന്നിട്ടുണ്ട്?

പി എഫ്: വന്നിട്ടുണ്ടാവുമായിരിക്കും. ആരോ ഒരാള്‍ എഫ് ബിയില്‍ എഴുതിയപ്പോള്‍ ആ ഒരു വായന നല്ലതാണല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഇത് എഴുതുമ്പോ ഇത് മാത്രം ഉദേശിച്ചിരുന്നു എന്ന് അവകാശവാദം ഒന്നുമില്ല. ക്രിയേറ്റീവ് വര്‍ക്കില്‍ നമ്മള്‍ അറിയാത്ത കാര്യങ്ങളും ഉണ്ടാവുമല്ലോ.

അമല്‍: നമ്മള്‍ ഒരു കാലഘട്ടത്തില്‍ കഥയെഴുതുന്നു. പിന്നീട് നമുക്കുണ്ടായ രാഷ്ട്രീയ, സാമൂഹികമായ മാറ്റങ്ങള്‍ കൊണ്ട് അത് എഴുതേണ്ടിയിരുന്നില്ല എന്നോ, ആ വര്‍ക്കിന്‍റെ അടിസ്ഥാനരാഷ്ട്രീയത്തോട് തന്നെയോ വിയോജിപ്പോ മറ്റോ തോന്നിയിട്ടുണ്ടോ?

പി എഫ്: ഉണ്ട്, ഉണ്ട്. കഥകള്‍ എന്ന് പറഞ്ഞ് ഡി സി ബുക്സ് എന്‍റെയൊരു സമാഹാരം ഇറക്കിയിട്ടുണ്ടല്ലോ. പല കഥകളും അതില്‍ ഉള്‍പ്പെടുത്തരുതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങന്നെ തോന്നിയിട്ടില്ലെങ്കില്‍ നമ്മള്‍ക്ക് മാറ്റം ഒന്നും വരുന്നില്ല എന്നല്ലേ. അബദ്ധം പറ്റിയിട്ടുണ്ട്, പിന്നീട് അതെല്ലാം അബദ്ധമാണല്ലോ എന്ന് തോന്നിയിട്ടുമുണ്ട്. (ചിരിക്കുന്നു)

അമല്‍: മലയാളസാഹിത്യത്തിന്‍റെ എഴുത്ത് രീതികളില്‍ കാണാത്ത ഒരു ആഖ്യാനരീതിയാണ്  ചാവുനിലത്തിന്. പലരിലൂടെ പറഞ്ഞ്, വളരെ വ്യത്യസ്തമായ ഒരു രീതി തന്നെയാണ് ഇരുട്ടില്‍ ഒരു പുണ്യാളനും. 93-ലെ രാത്രിയെന്ന കഥ നരേറ്റര്‍ എന്നയാളിന്‍റെ  വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഈ.മ.യൗ എന്ന സിനിമയുടെ നരേറ്റീവ് ഏത് രീതിയിലുള്ളതാണ്?

പി എഫ്: Intense ആയ ചില മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്. അത്തരം  മുഹൂര്‍ത്തങ്ങളെ അടുത്ത് നിന്ന് കാണുന്ന ഒരു കാഴ്ച്ചപ്പാടാണ് ഉപയോഗിച്ചിരിക്കുന്നത്. തിരക്കഥയിലും പിന്നീട് ലിജോയും ഈ സിനിമയെ അങ്ങനെയാണ് സമീപിച്ചിരിക്കുന്നത്. അടുത്ത് നിന്ന് കാണുന്ന ജീവിതനിമിഷങ്ങളാണ് ഈ സിനിമ. അതുകൊണ്ട് തന്നെ ആക്റ്റീവായൊരു സാക്ഷിയാണ്, ഇവടെ നരേറ്റര്‍ പാസീവ് അല്ല.

അമല്‍: ഇതുവരെ കണ്ട ദൃശ്യങ്ങളിലായാലും പോസ്റ്ററുകളിലായാലും ക്യാമറ ആളുകളോട് അടുത്താണ് നില്‍ക്കുന്നത്. അങ്ങനെയൊരു നിര്‍ദേശം തിരക്കഥയില്‍ തന്നെ ഉണ്ടായിരുന്നോ?

പി എഫ്: അങ്ങനെ ഷോട്ടുകളുടെ കാര്യത്തിലൊന്നും ഒരു തരം നിര്‍ദേശവും കൊടുക്കാത്ത ഒരാളാണ് ഞാന്‍. പണ്ട് അറിവില്ലാത്ത കാലത്ത് അങ്ങനെയൊക്കെ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എഴുത്തിന്‍റെ ആഴത്തിലേക്ക്, അതിന്‍റെ അര്‍ത്ഥത്തിന്‍റെ അറ്റത്തേക്ക് എത്തുന്നുണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ, അതെങ്ങനെ സിനിമയില്‍ ചെയ്യും എന്നുള്ളത് മുഴുവന്‍ സംവിധായകന്‍റെ ജോലിയാണല്ലോ, അവിടെയാണല്ലോ അദ്ദേഹത്തിന്‍റെ ക്രിയേറ്റിവിറ്റി. ലിജോ എല്ലാ സാങ്കേതികതയും ആ വാക്കിന്‍റെ മൂഡിനെ പകര്‍ത്താന്‍ വേണ്ടി കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. എടുത്തു പറയണ്ടത് ഷൈജു ഖാലിദിന്റെ ക്യാമറ വർക്കിനേക്കുറിച്ചാണ്. അകലമില്ലാത്ത സാക്ഷിയായിത്തന്നെ പ്രവർത്തിച്ച ക്യാമറ വളരെ സൂക്ഷ്മവും സെൻസിറ്റീവും ആയിരുന്നു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ഇതിനെ ജീവിതത്തോട് അടുപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതില്‍ തന്നെ ചെമ്പന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും ഈ സിനിമയിലുണ്ട്.

അമല്‍: എഴുത്ത് രീതിയെക്കുറിച്ചാണ് അടുത്ത ചോദ്യം. മലയാളത്തില്‍ കണ്ടിട്ടുള്ള ഒരു പ്രത്യേകതയാണ് ഒരു അനാര്‍ക്കി ജീവിതവും രൂപവും; അങ്ങനെയുള്ളവര്‍ക്ക് എഴുത്ത് മുളച്ചുവരും എന്നൊരു കരുതല്‍ ഇവടെയുണ്ട്. മറിച്ച്  പുറത്തേക്ക് നോക്കിയാല്‍ കൃത്യമായി പണിയെടുക്കുന്ന, ജോലിചെയ്യുന്ന മനുഷ്യരാണ് എഴുത്തുകാര്‍. എഴുത്തിനെ അത്രയും ഒരു പ്രൊഫഷണലായാണ് അവര്‍ നോക്കിക്കാണുന്നത്. പി എഫ് മാത്യൂസ് ഏത് തരം എഴുത്തുകാരനാണ്‌?

പി എഫ്: ഞാന്‍ നേരെ തിരിച്ചാണ് അമലേ. സാധാരണ മിഡില്‍ ക്ലാസ് ജീവിതം ജീവിച്ച, ഡിസ്പ്ലിന്‍ ഉള്ള ഒരാളാണ് ഞാന്‍. ഒട്ടും അനാര്‍ക്കിക്കല്‍ അല്ലായിരുന്നു. എനിക്കിഷ്ടമല്ലായിരുന്നു. എനിക്കിഷ്ടമുള്ളൊരു ജീവിതം ജീവിച്ച മനുഷ്യനാണ്. സെല്‍ഫ് ഇമ്പോസ്ട് ഡിസിപ്ലിന്‍ ഉള്ള ഒരാളാണ്. ധിക്കാരം ജീവിതത്തില്‍ ഒരുപാട് കാട്ടാത്ത ഒരാളാണ്. അത് എഴുത്തിലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്തത്.

Fernando Pessoa എഴുപത്തിരണ്ടു കള്ളപ്പേരുകളില്‍  എഴുതിയിട്ടുണ്ട്, അതില്‍ തന്നെ സ്ഥിരമായി എഴുതുന്ന മൂന്നു മനുഷ്യര്‍ക്കും വേറെ വേറെ ആത്മകഥകള്‍ പോലും എഴുതിയ മനുഷ്യന്‍. Book of Disquiet ഒക്കെ എഴുതിയ ആ മനുഷ്യന്‍ ജീവിച്ചിരുന്നത് ഒരു സാധാരണ ഗുമസ്തനായിരുന്നു. എന്നാല്‍ എഴുത്ത് അതിശയകരമായിരുന്നു. കവിതയെ ഞെട്ടിച്ച ടി എസ് എലിയറ്റ് ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. കാഫ്ക ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. Internal life ഇല്ലാത്തപ്പോഴാണ് പലപ്പോഴും പലരും പ്രകടനപരതയിലെക്ക്  പോവുന്നത്. എനിക്ക് ഡിസിപ്ലിന്‍ ഉള്ളൊരു ജീവിതമാണ് പറ്റുക. എനിക്കതാണ് വര്‍ക്ക് ചെയ്യുന്നത്. എല്ലാത്തിനും എന്ന പോലെ എഴുത്തിനും  സാധകം ആവശ്യമാണല്ലോ. കുറേ കള്ളുകുടിച്ചു നടന്നാല്‍ പെട്ടെന്ന് ഒരു ദിവസം എഴുതാം എന്ന് വിചാരിക്കാന്‍ മാത്രം മണ്ടനല്ല. എല്ലാ ദിവസവും ഹാര്‍ഡ് വര്‍ക്ക് ചെയ്‌താല്‍ മാത്രമേ അതിനു സാധിക്കൂ.

അമല്‍: പാമുക്ക് പറയാറുണ്ട്‌, കൃത്യമായി ധാരണയുണ്ട് അദ്ദേഹത്തിന് എഴുതാന്‍ പോകുന്നതിനെ കുറിച്ചെന്ന്. അങ്ങനെയൊരു എഴുത്ത് രീതിയാണോ അങ്ങേക്കുള്ളത്?

പി എഫ്: ചാവുനിലമെഴുതുമ്പോള്‍ ഞാന്‍ കരുതിയുന്നത് എനിക്ക് എല്ലാം അറിയാം എന്നാണ്. ആ തോന്നലില്‍ നിന്ന് എഴുതി തുടങ്ങി ഇരുപത് പേജുള്ള നോവല്ല പൂര്‍ത്തിയാക്കി. പക്ഷെ അത് അവസാനിക്കുന്നുണ്ടായിരുന്നില്ല. തീര്‍ന്നില്ല എന്ന് തോന്നലുണ്ടായിരുന്നു. സര്‍വൈവലിന്‍റെ ആ സമയത്ത് എന്നെ പിടിച്ചു നിര്‍ത്തിയത് ഈ എഴുത്തായിരുന്നു. എഴുത്തില്‍ എന്നെ നയിച്ച നോവലാണ്‌ ചാവുനിലം.

ചിലപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ തന്നെ എഴുതിയതാണോ എന്ന് സംശയം തോന്നുന്ന സമയങ്ങളുണ്ടാവാം. അന്നത്തെ എനിക്കേ അത് എഴുതാന്‍  കഴിയുള്ളൂ. അന്നത്തെ മുഹൂര്‍ത്തങ്ങള്‍ ആണ് അത് എഴുതിപ്പിച്ചത്. അങ്ങനെ ഒക്കെ ചില വിചിത്രമായ കാര്യങ്ങള്‍ എഴുത്തിനിടയില്‍ സംഭവിക്കുന്നുണ്ട് എന്നത് സത്യമാണ് അമലേ. പക്ഷെ പണി എടുക്കാതെ സംഭവിക്കുകയുമില്ല (ചിരിക്കുന്നു) .

അമല്‍: അടുത്ത നോവലിന്‍റെ പണിപ്പുരയിലാണോ?

പി എഫ്: വര്‍ക്ക് തുടങ്ങിയിട്ടില്ല. തുടങ്ങണം.

അമല്‍: അവസാനമായി ഒരു ചോദ്യം കൂടി, സാധാരണമായ ജീവിതങ്ങളെയാണ് നോവലിലായാലും കഥകളിലായാലും കാണാന്‍ കഴിഞ്ഞിട്ടുള്ളത്‌. എന്നാല്‍ അതില്‍ ഒക്കെ തന്നെ അസാധാരണമായ ചില മുഹൂര്‍ത്തങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ.മ.യൗവിലും അത് പ്രതീക്ഷിക്കാം?

പി എഫ്: വളരെ സാധാരണമെന്നു തോന്നുന്ന ചിലയിടങ്ങളില്‍, ചില മുഹൂര്‍ത്തങ്ങളില്‍ അതിന്‍റെ അപ്പുറത്തേക്ക് കടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ കാണുന്ന സാധാരണമായ ജീവിതങ്ങളില്‍, അതിന്‍റെ ചില മുഹൂര്‍ത്തങ്ങളില്‍ അസാധാരണമായ ചില കാര്യങ്ങള്‍ ഉണ്ട്. അത് കാണുന്നവര്‍ക്ക് കൂടി തോന്നണം (ചിരി). നമ്മള്‍ അതിനു വേണ്ടി വര്‍ക്ക് ചെയ്തിട്ടുണ്ട്.

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍