UPDATES

സിനിമ

ഇത് തോറ്റുപോയ ഒരാളുടെ കഥയാണ്; വിജയിച്ച ‘ക്യാപ്റ്റ’ന്റെ സംവിധായകന്‍ പ്രജേഷ് സെന്‍/അഭിമുഖം

മരിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും എല്ലാവരുടേയും മനസില്‍ മകനുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ അമ്മയ്ക്കുണ്ടായ സന്തോഷം തന്നെയാണ് വലിയ പ്രതിഫലം.

Avatar

വീണ

സിനിമ പലരുടേയും സ്വപ്നമാണ്. അതിലേക്ക് എത്തുക എന്നത് വളരെ ശ്രമകരവും. ബയോ പിക് ആണെങ്കിലോ, ഉയർത്തുന്ന വെല്ലുവിളി ചെറുതുമല്ല. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങൾ ഇത്രയേറെ സജീവമായ ഈ കാലത്ത്. ഏതായാലും ആദ്യ പരീക്ഷയും പരീക്ഷണവും വിജയിച്ച സന്തോഷത്തിലാണ ക്യാപ്റ്റന്‍റെ സംവിധായകൻ പ്രജേഷ് സെൻ. ചിത്രത്തിന്റെ വിശേഷങ്ങളും അനുഭവങ്ങളും അഴിമുഖവുമായി പങ്കുവെയ്ക്കുകയാണ് സംവിധായകൻ.

ക്യാപ്റ്റൻ പ്രേക്ഷകർ ഇരും കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണല്ലോ. എന്തു തോന്നുന്നു?

ചിത്രം വിജയിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ അതിനേക്കാളേറെ സന്തോഷം തരുന്നത്, കേരളം അഭിനന്ദിക്കാൻ മറന്ന, കൈയ്യടിക്കാൻ മറന്ന ജനം അദ്ദേഹത്തെ ഏറ്റെടുത്തതിലാണ്. ആ കായിക പ്രതിഭയെ വീണ്ടും ഓർമ്മിപ്പിക്കാനായി എന്നത് തന്നെയാണ് സിനിമയുടെ നേട്ടം.

ആദ്യ സിനിമ തന്നെ ബയോപിക് ആകുന്നു. ആ തെരഞ്ഞെടുപ്പിന് പിന്നിൽ?

ബയോപിക് ചെയ്യണമെന്ന് ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഞാൻ ഒരു മാധ്യമപ്രവർത്തകനായിരുന്നു. ജോലിയുടെ ഭാഗമായി വി.പി സത്യനെ കുറിച്ച് അറിയാൻ അദ്ദേഹത്തിന്റെ ഭാര്യയെ പരിചയപ്പെട്ടു. ചേച്ചിയിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ വെച്ച് ഒരു ഫീച്ചർ ചെയ്തു. പക്ഷെ ആ ഫീച്ചർ വായിച്ച ഒരുപാട് പേര് ഇത് വളരെ ചെറുതായി പോയി, കുറച്ചു കൂടി വലുതാകാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. അത് കേട്ടപ്പോൾ വി.പി സത്യനെ കുറിച്ച് ആൾക്കാർക്ക് അറിയാൻ താത്പര്യമുണ്ടെന്ന് മനസിലായി, അങ്ങനെ ഒരു ബുക്ക് എഴുതിയാലോ എന്ന ആലോചനയിലെത്തി. അതിന് വേണ്ടി നാലഞ്ച് വർഷം നടന്ന് എഴുതി എഴുതി ഒരു തിരക്കഥയായി; അങ്ങനെ ആ സിനിമ സംഭവിക്കുകയായിരുന്നു. അതല്ലാതെ ഒരു ബയോപിക് എന്നൊരു തീരുമാനമേ ഇല്ലായിരുന്നു. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും.

ഒരു കായിക താരത്തെ കുറിച്ചുളള ചിത്രത്തിലേക്ക് ജയസൂര്യയെ തെരഞ്ഞെടുക്കാനുള്ള കാരണം?

പ്രധാനപ്പെട്ട കാരണം കഥാപാത്രത്തിന് വേണ്ടി ഇത്രയധികം ഡെഡിക്കേറ്റ് ചെയ്യുന്ന, കഠിനാധ്വാനം ചെയ്യുന്ന അഭിനേതാക്കൾ വളരെ കുറവാണ്. നടനാകട്ടെ, പാട്ടുകാരനാവട്ടെ എന്തും ഏറെ ആത്മാർത്ഥയോടെ ചെയ്യാൻ ശ്രമിക്കുന്നയാളാണ് ജയസൂര്യ. എനിക്ക് ജയസൂര്യയെ നേരിട്ട് അറിയാമെന്നതും ഒരു കാരണമായി. ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹം വളരെ താത്പര്യത്തോട് കൂടി ചെയ്യാമെന്ന് പറയുകയായിരുന്നു.

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

കഥയെഴുതുമ്പോൾ മറ്റാരെങ്കിലും മനസിൽ ഉണ്ടായിരുന്നോ?

ഒരുപാട് പേര് ഉണ്ടായിരുന്നു. പക്ഷെ കായികമായി മാത്രം രൂപമുള്ള ഒരാളെ തെരഞ്ഞെടുത്തിട്ട് കാര്യമില്ല. കാരണം ഫിസിക്കൽ അപ്പിയറൻസ് മാത്രമല്ല ഒട്ടേറെ പ്രതിസന്ധികളും ഇമോഷണൽ അവസ്ഥകളുമുള്ള ഒരു കഥാപാത്രമാണ് സത്യന്റേത്. അപ്പോൾ അത് ചെയ്ത് ഫലിപ്പിക്കാൻ പറ്റുന്ന ഒരാളായിരുന്നു വേണ്ടത്. ഒക്കെ ചിന്തിച്ചപ്പോൾ സംഭവിച്ചു പോവുകയായിരുന്നു എല്ലാം. അങ്ങനെ വേണം പറയാൻ. പക്ഷെ ഈ കഥയുമായി നാലഞ്ച് വർഷം നടന്നപ്പോഴൊന്നും ജയസൂര്യ മനസിൽ ഉണ്ടായിരുന്നുമില്ല.

ഒരുപാട് ഹോം വർക്ക് വേണ്ട ചിത്രങ്ങളാണ് ബയോപിക്കുകൾ, കാരണം ആ കഥാപാത്രങ്ങൾ ഒരുപാട് പേർക്ക് പരിചയമുള്ളവരാണ്, വേണ്ടപ്പെട്ടവരാണ്. ക്യാപ്റ്റന് വേണ്ടിയുള്ള ഹോം വർക്കുകൾ എങ്ങനെയായിരുന്നു?

വളരെയധികം ഹോം വർക്ക് വേണ്ട സിനിമ തന്നെയായിരുന്നു ക്യാപ്റ്റൻ. കാരണം ജീവിച്ചിരുന്ന എല്ലാവരും അറിയുന്ന ഒരാളെ പുന:സൃഷ്ടിക്കുക വലിയ വെല്ലുവിളിയാണ്. മാത്രമല്ല വി.പി സത്യൻ ഒഴികെ എല്ലാവരും ജീവിച്ചിരിപ്പുണ്ട്. അവരോട് നീതി പുലർത്തികൊണ്ട് മാത്രമേ എനിക്ക് ഈ ചിത്രം എടുക്കാനാകുമായിരുന്നുള്ളു. അതുകൊണ്ട് അദ്ദേഹം സഞ്ചരിച്ച വഴികളിലെല്ലാം സഞ്ചരിച്ചു. കളിക്കളത്തിൽ, വീട്ടിൽ, അദ്ദേഹത്തിന്റെ പെരുമാറ്റം, സ്വഭാവം എല്ലാം മനസിലാക്കാൻ ശ്രമിച്ചു. അത് പഠിക്കാൻ തന്നെ രണ്ട് വർഷമെടുത്തു. അങ്ങനെ വളരെ പണിപ്പെട്ട ഒരു പണി തന്നെയായിരുന്നു. എങ്കിലും ആസ്വദിച്ച് ചെയ്തു.

അനിത ചേച്ചി തന്ന ധൈര്യമാണ് ആ കഥാപാത്രമാകാന്‍ എനിക്ക് കരുത്തായത്; അനു സിത്താര/ അഭിമുഖം

നവാഗത സംവിധായകര്‍ക്ക് ഒരു പ്ലാറ്റ് ഫോം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പൊതുവേ എല്ലാവരും പറയുന്നതാണ്. എന്താണ് താങ്കളുടെ അനുഭവം?

എന്നെ സംബന്ധിച്ച് ഈ സിനിമ വിജയിപ്പിക്കണമായിരുന്നു. കാരണം ഞാന്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച് സിനിമ ചെയ്യാന്‍ വന്ന ആളാണ്. 10 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകനായിരുന്നു. അത് ഉപേക്ഷിച്ചാണ് സിനിമയ്ക്ക് വേണ്ടി നിന്നത്. അപ്പോള്‍, കാലുറപ്പിച്ച് നില്‍ക്കാന്‍ ഇനി ഒരിടം ബാക്കി ഇല്ലാത്ത അവസ്ഥയിലാണ് സിനിമയെടുക്കുന്നത്. പിന്നെ നവാഗത സംവിധായകര്‍ നേരിടുന്ന വെല്ലുവിളി, ഈ ചിത്രത്തെ സംബന്ധിച്ച് ആദ്യം പലരും നെറ്റി ചുളിച്ചു. കാരണം ഇതൊരു തോറ്റു പോയ ആളുടെ കഥയാണ്; ആര്‍ക്കാണ് താല്‍പര്യം; വിജയിക്കാത്ത ആഘോഷിക്കപ്പെടാത്ത ഒന്നിനേയും, ആരെയും നമ്മള്‍ക്ക് അംഗീകരിച്ച് ശീലമില്ല. അതുകൊണ്ട് പലരും കഥ ഏറ്റെടുത്തില്ല. പക്ഷെ ഇതിലെ ചില കാര്യങ്ങള്‍ ഒക്കെ ഇഷ്ടപ്പെട്ടാണ് ജോബി ജോര്‍ജ് ഈ ചിത്രം ചെയ്യാനായി മുന്നോട്ട് വന്നത്.

വി.പി സത്യന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ച പിന്തുണ?

അനിത ചേച്ചി (സത്യന്റെ ഭാര്യ) ചിത്രം കണ്ട ശേഷം എന്നോട് പറഞ്ഞത് ഞാന്‍ എന്റെ ജീവിതം ടി വി സ്‌ക്രീനില്‍ കണ്ടപോലെ തോന്നി എന്നാണ്. അതാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. അദ്ദേഹം ഒരു കളി ജയിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഒരു ആഘോഷമായിരുന്നു ചിത്രം കണ്ട ശേഷം വീട്ടിലെന്നാണ് സത്യേട്ടന്റെ അമ്മ പറഞ്ഞത്. ഒരുപാട് പേര് വിളിച്ചു. മകന്‍ മരിച്ച് 12 വര്‍ഷമായിട്ടും ഇപ്പോഴും എല്ലാവരുടേയും മനസില്‍ ഉണ്ടെന്ന് അറിയുമ്പോള്‍ ആ അമ്മയ്ക്കുണ്ടായ സന്തോഷം തന്നെയാണ് എനിക്ക് ലഭിക്കുന്ന പ്രതിഫലം.

ആമിയും ഒരു ബയോ പിക് ആണ്. ആ സിനിമയെ കുറിച്ച്?

ആമി ഇഷ്ടപ്പെട്ടു. കമല്‍ സാറൊക്കെ ഗംഭീര സിനിമയൊക്കെ ചെയ്ത് ഞെട്ടിച്ച സംവിധായകനാണ്.

രണ്ടാമത്തെ ചിത്രമാണ് പ്രതിഭയെ രേഖപ്പെടുത്തുക എന്നാണ് പറയുക… അടുത്ത ചിത്രം?

വളരെ ആലോചിച്ച് ചെയ്യേണ്ട ഒന്നാണ് രണ്ടാമത്തെ ചിത്രം. കാരണം ഇപ്പോള്‍ ഉത്തരവാദിത്വം കൂടിയിട്ടുണ്ട്. ആലോചനകള്‍ നടക്കുന്നുണ്ട്.

ഞാന്‍ സത്യേട്ടനെ വീണ്ടും കാണാന്‍ പോവുകയാണ്, അതിന്റെ ആകാംക്ഷയാണ്; അനിത സത്യന്‍/അഭിമുഖം

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍