UPDATES

സിനിമ

‘ആദി’ കണ്ട മോഹന്‍ലാലിന്റെ പ്രതികരണം ഇതായിരുന്നു; ജീത്തു ജോസഫ്/അഭിമുഖം

ആദി പ്രണവിന് വേണ്ടി ഉണ്ടാക്കിയ കഥയല്ല. കഥ മുമ്പേ ഉണ്ടായിരുന്നു

Avatar

വീണ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രം ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 26 ന് തീയേറ്ററുകളിലെത്തും. 200 തീയേറ്ററുകളിലായി ചിത്രം പ്രദശനത്തിനെത്തുമ്പോള്‍ ഇതുവരെ ഒരു പുതുമുഖ ചിത്രത്തിനും ലഭിക്കാത്ത അവസരമാണ് പ്രണവ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. താര കുടുംബത്തില്‍ നിന്ന് ഒരു നായകന്‍ കൂടി അഭ്രപാളിയിലെത്തുമ്പോള്‍ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ചിത്രത്തിന്റെ വിശേഷങ്ങളും പ്രണവിനെ കുറിച്ചും സംവിധായകന്‍ ജീത്തു ജോസഫ്.

 വീണ: പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആദി. ആദിയെ കുറിച്ച് സംവിധായകന് പറയാനുള്ളത്?

ജീത്തു ജോസഫ്: ആദി, പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. പിന്നെ ഒറ്റ ലൈനില്‍ നമുക്ക് ആ കഥ പറയാനാവില്ല. വലിയൊരു സ്റ്റോറിയൊന്നും അല്ല. ആദിയെന്ന ചെറുപ്പക്കാരന്‍ നേരിടുന്ന കുറച്ച് പ്രതിസന്ധികളും അതിനെ ആദിയെങ്ങനെ തരണം ചെയ്യുന്നു എന്നുമാണ് ചിത്രം പറയുന്നത്. ഒന്നോ രണ്ടോ വാചകങ്ങളില്‍ ആ കഥയുടെ സസ്‌പെന്‍സ് പോകും. അതുകൊണ്ട് ഒരു എന്റര്‍ടെയ്‌നറാണ് എന്നതില്‍ അപ്പുറം ഇപ്പോള്‍ ഒന്നും പറയാനാകില്ല. പക്ഷെ പ്രേക്ഷകരെ നിരാശരാക്കില്ല എന്നാണ് വിശ്വാസം.

ആദി പ്രണവിന് വേണ്ടി ഉണ്ടാക്കിയ കഥയാണോ? അതോ ആദിയെന്ന കഥയിലേക്ക് പ്രണവ് എത്തുകയായിരുന്നോ?

ആദി പ്രണവിന് വേണ്ടി ഉണ്ടാക്കിയ കഥയല്ല. കഥ മുമ്പേ ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ട ഒരാളെ കണ്ടെത്തിയിരുന്നില്ല. എന്നെങ്കിലും ആ രീതിയില്‍ ഒരാളെ കണ്ടെത്തിയാല്‍ ചെയ്യാമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് പ്രണവിന്റെ കാര്യം വരുന്നത്. അപ്പോള്‍ ഞാന്‍ ഈ കഥ പറഞ്ഞു. അപ്പോള്‍ എല്ലാര്‍ക്കും ഇഷ്ടമായി അങ്ങനെയാണ് അപ്പു (പ്രണവ്) ഇതില്‍ അഭിനയിക്കുന്നത്.

പ്രേക്ഷകര്‍ കാത്തിരുന്ന ഒന്നാണ് പ്രണവിന്റെ അഭിനയത്തിലേക്കുള്ള വരവ്. അത് തന്റെ ചിത്രത്തിലൂടെയാകുമ്പോള്‍ ജീത്തു ജോസഫ് എന്ന സംവിധായകന്റെ മനസില്‍ ഉണ്ടായിരുന്നത് എന്താണ്?

എല്ലാ ചിത്രങ്ങളിലും നമ്മുക്ക് ഒരു വെല്ലുവിളിയുണ്ട്. കാരണം ഓരോ ചിത്രവും വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ചിത്രവും പ്രേക്ഷകന് ഇഷ്ടപ്പെടുന്നതായിരിക്കുക അല്ലെങ്കില്‍ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്നതായിരിക്കുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. പക്ഷെ പ്രണവിന്റെ കാര്യത്തില്‍ കുറച്ച് ഉത്തരവാദിത്വം കൂടിയുണ്ട്. ലാലേട്ടനും സുചി ചേച്ചിയും അവനെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത് കൊണ്ട് കുറച്ച് ടെന്‍ഷനും ഉണ്ടായിരുന്നു. പ്രണവിന്റെ ആദ്യ ചിത്രമാണ് അതുകൊണ്ട് തന്നെ അത് നന്നായിരിക്കണം, മാത്രമല്ല പ്രണവിന് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സിനിമയാവണം. അതായിരുന്നു ആദിയില്‍ എനിക്ക് ഏറ്റവും വെല്ലുവിളിയായി തോന്നിയത്. സിനിമ പൂര്‍ത്തിയായി. മോഹന്‍ലാലും സുചിത്രയും ചിത്രം കണ്ടു. അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ ആ കടമ്പ കടന്നു. പക്ഷെ ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

അസിസ്റ്റന്‍റായിരുന്ന പ്രണവും നായകനായ പ്രണവും?

അപ്പു വളരെ സിംപിളാണ്. നടനാകുമ്പോള്‍ അയാള്‍ 100 ശതമാനം സംവിധായകന്‍ ആവശ്യപ്പെടുന്ന നടനാണ്. അസിസ്റ്റന്‍റാകുമ്പോഴും അങ്ങനെ തന്നെ.

മോഹന്‍ലാലിനും പ്രണവിനും ഒപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ഇരുവരെയും വിലയിരുത്തുമ്പോള്‍?

ലാളിത്യം തന്നെയാണ് രണ്ടു പേരുടെയും പ്രത്യേകത. സംവിധായകനെന്ന നിലയില്‍ സിനിമയുടെ കാഴ്ചപ്പാടില്‍ പറയുകയാണെങ്കില്‍ രണ്ടുപേരും പ്രൊഫഷണല്‍ ആണ്. ഡയറക്ടേഴ്‌സ് ആക്ടര്‍ എന്ന രീതിയാണ് രണ്ട് പേര്‍ക്കും. സംവിധായകനെ ബുദ്ധിമുട്ടിക്കാതെ, വിശ്വസിച്ച് കൂടെ നില്‍ക്കുന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന അഭിനേതാക്കള്‍. അതാണ് ഇരുവരുടേയും ക്വാളിറ്റി എന്ന് പറയുന്നത്.

ഒരു പ്രതിഭയെ ആദ്യം അടുത്തറിയാനാവുക ആദ്യ ചിത്രത്തിന്റെ സംവിധായകന് തന്നെയാകും. ആ രീതിയില്‍ മലയാള സിനിമയില്‍ പ്രണവ് മോഹന്‍ലാലിന്റെ ഭാവി?

പ്രണവ് പ്രതിഭയുള്ള കലാകാരനാണ്. പക്ഷെ പ്രണവ് എത്ര സിനിമ ചെയ്യുമെന്നോ സിനിമയില്‍ ഉണ്ടാകുമോയെന്നോ എനിക്ക് ഇപ്പോള്‍ പറയനാകില്ല. കാരണം പ്രണവ് വേറെ കുറെ താത്പര്യങ്ങളുള്ള ആളാണ്. പക്ഷെ പ്രണവ് മലയാള സിനിമയില്‍ തുടരുകയാണെങ്കില്‍ നല്ലൊരു സ്ഥാനമുണ്ടാകും. അതിനുള്ള കഴിവുള്ള ആളാണ് പ്രണവ്.

മോഹന്‍ലാലിന് പകരം വെയ്ക്കാനാകുന്ന പ്രതിഭയാണോ പ്രണവ്?

പലരും ചോദിക്കുന്നുണ്ട് ഈ ചോദ്യം. പക്ഷെ എനിക്ക് ഇതൊരു സ്റ്റുപിഡ് ചോദ്യം ആയിട്ടാണ് തോന്നിയിട്ടുള്ളത്. അതെങ്ങനെയാണ് പ്രണവ്, മോഹന്‍ലാലിന് പകരമാവുക. പ്രണവ് മോഹന്‍ലാലിന് പകരം വെയ്ക്കാവുന്ന ആളല്ല. അങ്ങനെ ആകാന്‍ പാടില്ല. ഇപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നു; രണ്ടു പേര്‍ക്കും അവരുടേതായ ഐഡന്റിന്റ്‌റി ഉണ്ട്. പ്രണവിനും സ്വന്തമായി ഒരു സ്‌പെയ്‌സ് ഉണ്ടാവണം, ഐഡന്റിറ്റി ഉണ്ടാവണം. അതിനാണ് പ്രധാന്യം. അത് പ്രണവിനും നന്നായി അറിയാം. ഇങ്ങനെ താരതമ്യം ചെയ്യുന്നത് മോശമാണ്.

മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ ആ രീതിയില്‍ കൂടി പ്രതീക്ഷയുണ്ടാകില്ലേ?

വളരെ വലിയ ഒരു ആക്ടറിന്റെ മകനെന്ന നിലയില്‍ പ്രണവിന് അഭിനയിക്കാന്‍ കഴിവുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ല. അതല്ലാതെ മോഹന്‍ലാലിന് പകരമാകുമോ എന്ന് ചോദിക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. പ്രണവ് നല്ല കഴിവുള്ള നടനാണ്.

മുമ്പുള്ള ചിത്രങ്ങളെ അപേക്ഷിച്ച് ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ വലിയ കാലതാമസം നേരിടാന്‍ കാരണം?

കാലതാമസം നേരിട്ടുവെന്നത് ശരിയാണ്. അത് ആദിയുടെ കഥ ആവശ്യപ്പെടുന്ന ഒരു കാലതാമസം ആയിരുന്നു.

ആദിയില്‍ പ്രേക്ഷകന് പ്രതീക്ഷിക്കാനുള്ളത്?

ഞാനൊരുക്കുന്നതെല്ലാം എന്റര്‍ടെയ്‌നറാണ്. ആദിയും അങ്ങനെയുള്ള ഒരു സിനിമയാണ്. തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ രസിപ്പിക്കുന്ന എന്നതിനാണ് ഞാന്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. പക്ഷെ ആദി ആക്ഷന്‍ സ്വീകന്‍സൊക്കെ ഉള്‍പ്പെടുത്തി എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

ചിത്രം 26 ന് തീയേറ്ററിലെത്തുമ്പോള്‍ സംവിധായകന് പറയാനുള്ളത്?

ചിത്രം എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണം. ആദിയെയും പ്രണവിനെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍