UPDATES

സിനിമ

മസില്‍ മാനില്‍ നിന്നും പെണ്‍വേഷത്തിലേക്ക്; മെയ്ക്കപ്പിനു ഒരു പരിധിയുമില്ല: ഉണ്ണിമുകുന്ദന്‍/അഭിമുഖം

തൽക്കാലം വിവാഹവുമില്ല, പ്രണയവുമില്ല. നല്ല കഥാപാത്രങ്ങൾ ചെയുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.

അനു ചന്ദ്ര

അനു ചന്ദ്ര

അച്ചായൻസിന് ശേഷം ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യ തന്ത്രം ഉണ്ണിയുടെ മാസ്സ് ഗെറ്റപ്പിൽ ഉള്ള സ്റ്റൈലിഷ് പോസ്റ്ററിലൂടെ തന്നെ തുടക്കത്തിലെ ശ്രദ്ധ നേടിയ ഒന്നാണ്. ശത്രു പക്ഷങ്ങളെ നിമിഷങ്ങൾക്കൊണ്ട് തോൽപ്പിക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന ഉണ്ണിയുടെ പ്രകടനവുമായി ചാണക്യ തന്ത്രം ഇന്നലെ റിലീസ് ചെയ്തു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്നു.

ഏറ്റവും പുതിയ സിനിമയായ ചാണക്യതന്ത്രത്തെ കുറിച്ച്?

ഒരുപാട് എഫർട്ട് എടുത്ത് ചെയ്ത സിനിമയായിരുന്നു ചാണക്യതന്ത്രം. അതുപോലെ തന്നെ നല്ല പ്രതീക്ഷ ഉള്ള സിനിമ കൂടിയായിരുന്നു ഇത്. പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കുക എന്നതിനപ്പുറത്തേക്ക് ഒരു സോഷ്യൽ ഇഷ്യൂ കൈകാര്യം ചെയ്യാനുള്ള ശ്രമം ഈ സിനിമയിൽ നടത്തിയിട്ടുണ്ട്. അത്തരം ചില അഭിപ്രായങ്ങൾ ഒരു കൊമേഴ്സ്യല്‍ സിനിമയിലൂടെ പറയുമ്പോൾ ഒരു എന്റർടെയിൻമെന്റ് എന്നതിനപ്പുറത്തേക്ക് പ്രേക്ഷകരിലേക്ക് ഒരു ഉപദേശം എത്തിക്കുക എന്നത് കുറച്ചുകൂടി എളുപ്പമാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്തരത്തിൽ ഈ സിനിമയിലെ എല്ലാ ചേരുവകളും കൂടി ഒന്നിച്ചു ചേരുമ്പോൾ തന്നെ എന്നിലെ നടനെ സംബന്ധിച്ചിടത്തോളം അഭിനയത്തിലുള്ള സാധ്യതയും ഈ സിനിമയിൽ ഉണ്ടെന്നത് വളരെയധികം സന്തോഷം നൽകുന്നു. റിവ്യൂസ് ആണെങ്കിലും ഓൺലൈൻ പോർട്ടലുകൾ ആണെങ്കിലും ഇതിലെ എന്റെ അഭിനയത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറയുന്നതുതന്നെ വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇത് തീർച്ചയായും നല്ലൊരു സിനിമയാണ്.

അച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം- ഉണ്ണിമുകുന്ദൻ കൂട്ടുകെട്ട് വീണ്ടും സംഭവിച്ചത് എങ്ങനെയാണ്?

അച്ചായൻസ് എന്ന സിനിമയിൽ വെച്ചുതന്നെ തന്നെ ഞങ്ങൾക്കിടയിൽ നല്ലൊരു സുഹൃദ് ബന്ധം ഉണ്ടായിരുന്നു. അതിന്റെ ഒരു തുടർച്ചയെന്നോളം വ്യത്യസ്തമായൊരു കഥാപാത്രവുമായാണ് അദ്ദേഹം ഈ കഥയുമായി എന്നെ സമീപിക്കുന്നത്. ഞങ്ങൾക്കിടയിലെ ആ ഒരു സൗഹൃദം തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് എത്തിക്കുന്നത്.

തുടക്കം മുതൽക്കുതന്നെ പ്രേക്ഷകരെ കൗതുകത്തിലാഴ്ത്തിയ ഒന്നായിരുന്നു ചാണക്യതന്ത്രത്തിൽ താങ്കൾ ചെയ്ത സ്ത്രീ വേഷം. അതിനെ കുറിച്ച്?

ഈ സിനിമയ്ക്കകത്തെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നതുതന്നെ ഈയൊരു ഗെറ്റപ്പായിരുന്നു. മറ്റുള്ളതെല്ലാം തന്നെ ഞാനൊരു ആണായതുകൊണ്ട് കുറച്ചുകൂടി അനായാസം ചെയ്യാൻ സാധിക്കുമായിരുന്നു. ഞാൻ ഫിസിക്കലി ഫിറ്റ് ആയതുകൊണ്ടുതന്നെ എന്റെ ശരീര പ്രകൃതി എന്നു പറയുന്നത് അത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാൻ അനുയോജ്യം ആകുമോ എന്നതിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഈ സിനിമ റിലീസ് ആയതിനു ശേഷം മെയ്ക്കപ്പിന് ഒരു പരിധിയുമില്ലേ എന്നു ചോദിക്കുന്നവരോട് വളരെയധികം ആത്മവിശ്വാസത്തോടു കൂടിത്തന്നെ ഞാൻ പറയും മെയ്ക്കപ്പിന് ഒരു പരിധിയുമില്ല എന്ന്. കാരണം എന്നെപോലെ ഒരാളെ സുന്ദരിയായ ഒരു പെണ്‍കുട്ടിയായി മെയ്ക്കപ്പ് മാറ്റി എന്നതുതന്നെ. ഒരുപാട് നടന്മാർ സ്ത്രീകൾ ആയിട്ട് വേഷമിട്ടിട്ടുണ്ടെങ്കിലും അവരിൽ പലർക്കും മസിൽമാൻ ഇമേജ് ഇല്ലായിരുന്നു. നമ്മുടെ ഒരു ബുദ്ധിമുട്ട് എന്നു പറയുന്നത് അത്തരത്തിലുള്ള ഒരു ഇമേജാണ്. കേരളത്തിൽ ഫിറ്റ്നസ്സ് എന്നു പറയുന്നത് ഒരു ട്രെൻഡ് അല്ലാത്തതുകൊണ്ട് തന്നെ അതൊരു ബുദ്ധിമുട്ടായി തന്നെ പലരും എന്നോട് പറഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു ഇമേജുള്ള ഒരാളെ പെൺവേഷം കെട്ടിക്കുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്ത സംവിധായകനും മറ്റു പ്രവർത്തകർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

ചാണക്യതന്ത്രം: നായകന്‍ വലിയ കളരി ആയിരിക്കും; പക്ഷേ, അത് പ്രേക്ഷകരുടെ നെഞ്ചത്താകരുത്

ഒരു പുരുഷൻ സ്ത്രീവേഷത്തിൽ എത്തുമ്പോൾ സ്വാഭാവികമായും ലൊക്കേഷനിൽ ചില കൗതുകങ്ങൾ ഉണർത്തില്ലേ?

തീർച്ചയായും. എന്റെകൂടെ എത്രയോ വർക്കുകൾ ചെയ്ത ചിലർക്കു പോലും ഞാൻ സ്ത്രീ വേഷം കെട്ടി ലിഫ്റ്റിൽ നിന്ന് ഇറങ്ങി വന്നപ്പോൾ എന്നെ തിരിച്ചറിയാൻ സാധിച്ചില്ല. ഞാൻ തലകുനിച്ചാണ് തുടക്കത്തിൽ നിന്നത്. നല്ല ഹൈറ്റും വെയ്റ്റും ഉള്ള ഒരു സ്ത്രീക്ക് കിട്ടുന്ന പ്രതീതിയാണ് എനിക്ക് ലഭിച്ചത്. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ തൊട്ടടുത്ത നിന്ന എന്നെ തിരിച്ചറിയാൻ സാധിക്കാതെ ഒരു സ്ത്രീക്ക് നൽകുന്ന ബഹുമാനത്തോടുകൂടി തന്നെ എന്‍റെ അടുത്തു നിന്നു. പിന്നീട് മറ്റുള്ളവർ പറഞ്ഞാണ് അത് ഞാനാണെന്ന് പുള്ളി തിരിച്ചറിഞ്ഞത്. ഞാൻ ആണ് അത് എന്നറിഞ്ഞപ്പോൾ പുള്ളി അത്രമാത്രം ആശ്ചര്യപ്പെടുകയുമുണ്ടായി. പോസ്റ്റർ ക്ലിക്ക് ആയതിനു ശേഷം അടുത്ത ചോദ്യം സ്ക്രീനിൽ പ്രകടനം എങ്ങനെയായിരിക്കും എന്നായിരുന്നു. എന്നാൽ ചിത്രം കണ്ട എല്ലാവർക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഞാൻ ചെയ്ത ആ സ്ത്രീ കഥാപാത്രമായിരുന്നു.

അടുത്തകാലത്തായി താങ്കൾ ചെയുന്ന കഥാപാത്രങ്ങളെല്ലാം ഒരു മാസ്സ് ഇമേജിൽ നിൽക്കുന്നതാണ്. അത് സ്വാഭാവികമായും സംഭവിക്കുന്നതാണോ?

എനിക്ക് തോന്നുന്നത് മല്ലുസിംഗ് എന്ന സിനിമക്ക് തൊട്ടുമുമ്പ് വരെ ഒരു സമയം ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ എന്ന നടന് മലയാള സിനിമയിൽ ഉണ്ടോന്നു ചോദിച്ചു കൃത്യമായ മറുപടി നൽകാൻ ആളുകൾക്ക് അറിയാതിരുന്ന ഒരു കാലം. ആ കാലത്ത് എന്നെ വെച്ച് മല്ലുസിംഗ് പോലെ ഒരു സിനിമ ചെയ്യാൻ വൈശാഖൻ എടുത്ത ധൈര്യം നിസ്സാരമല്ല. അതിനുശേഷമാണ് ഇത്തരം സിനിമകളിലേക്ക് മാറുന്നത്. എനിക്ക് തോന്നുന്നത് എന്നെ വെച്ച് സിനിമയെടുക്കുന്ന സംവിധായകർക്ക് ഉള്ളിന്റെയുള്ളിൽ ഒരു തോന്നൽ ഉണ്ടായിരിക്കാം ചില സ്പാർക്കുകൾ എന്നിലൂടെ അവതരിപ്പിക്കാൻ സാധിക്കുമെന്ന്. അതുകൊണ്ട് ആയിരിക്കാം അത്തരം ഹീറോയിസം ഉള്ള കഥാപാത്രങ്ങൾ എന്നെ തേടി വരുന്നത്. പിന്നെ ഓരോ സിനിമകളും പല സമയങ്ങളിലായി ഷൂട്ട് ചെയ്തതായിരുന്നു. പക്ഷേ സിനിമ റിലീസ് ചെയ്തു വന്നപ്പോൾ എല്ലാം ഒരുമിച്ച് ആയി എന്നുമാത്രം. ഇനിയും വരാനിരിക്കുന്നുണ്ട് മറ്റു സിനിമകൾ.

പ്രണയം, വിവാഹം?

തൽക്കാലം വിവാഹവുമില്ല, പ്രണയവുമില്ല. നല്ല കഥാപാത്രങ്ങൾ ചെയുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍