UPDATES

സിനിമ

ഐവി ശശി; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ‘ആണാ’ക്കിയ സംവിധായകന്‍

90കളിലെ മമ്മൂട്ടി-മോഹന്‍ലാല്‍ താര യുദ്ധത്തിന് അരങ്ങൊരുക്കിയത് ഐ വി ശശി

1980 മലയാള സിനിമ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ മലയാളി പ്രേക്ഷകര്‍ ആദ്യമായി കണ്ടു. അതേ വര്‍ഷം തന്നെ ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായകനായി മോഹന്‍ലാലും പ്രത്യക്ഷപ്പെട്ടു. ആ വര്‍ഷം മൂന്നു തമിഴ് ചിത്രങ്ങളും ഒരു ഹിന്ദി സിനിമയും ഉള്‍പ്പെടെ ഐ വി ശശി സംവിധാനം ചെയ്തത് 11 ചിത്രങ്ങളാണ്. 1975ല്‍ തുടങ്ങിയ തന്റെ സംവിധായക ജീവിതത്തില്‍ അപ്പോഴേക്കും 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ ഉള്‍പ്പെടെ 34 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു ഐ വി ശശി.

മമ്മൂട്ടിയും മോഹന്‍ലാലും താര രാജാക്കന്‍മാരായത് എം ടി വാസുദേവന്‍ നായരും ഐ വി ശശിയും പത്മരാജനും കെ ജി ജോര്‍ജ്ജും ഭരതനുമൊക്കെ ചേര്‍ന്ന് ഉഴുതുമറിച്ച മണ്ണിലാണ്. ഒരേ സമയം താരങ്ങളായും മികച്ച അഭിനേതാക്കളായും ഇവര്‍ മലയാള സിനിമയില്‍ കളം നിറഞ്ഞാടി.

എം ടി തിരക്കഥ എഴുതിയ തൃഷ്ണ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ ഐ വി ശശി ചിത്രം. തുടര്‍ന്ന് ഐ വി ശശി-ടി ദാമോദരന്‍ കൂട്ടുകെട്ടില്‍ അര ഡസനോളം ചിത്രത്തില്‍ തുടര്‍ച്ചയായി മമ്മൂട്ടി അഭിനയിച്ചു. അഹിംസ, ഈ നാട്, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍ തുടങ്ങി മമ്മൂട്ടിയുടെ പരുക്കന്‍ ആണ്‍ ഭാവങ്ങള്‍ പുറത്തെടുത്ത ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഒപ്പം എം ടിയുടെ തിരക്കഥയില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, അക്ഷരങ്ങള്‍, ഇടനിലങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും പത്മരാജന്റെ തിരക്കഥയില്‍ കരിമ്പിന്‍ പൂവിനക്കരെയും ലോഹിതദാസിന്റെ തിരക്കഥയില്‍ മൃഗയയും ‘കുട്ടി പെട്ടി മമ്മൂട്ടി’ ഫോര്‍മുല ചിത്രങ്ങളില്‍ നിന്നും മമ്മൂട്ടിയെയും പ്രേക്ഷകരെയും ഒരുപോലെ രക്ഷിച്ചു. പൌരുഷമുള്ള വീരയോദ്ധാവ് എന്ന പദവിയിലേക്ക് മമ്മൂട്ടിയെ പ്രതിഷ്ഠിച്ച സിനിമകളില്‍ എണ്ണം പറഞ്ഞവ സംവിധാനം ചെയ്തത് ഐ വി ശശിയായിരുന്നു. മൃഗയയിലെ വാറുണ്ണി, 1921 ലെ ഖാദര്‍, ഇന്‍സ്പെക്ടര്‍ ബലറാമിലെ പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവ അവയില്‍ ചിലത് മാത്രം. ടി ദാമോദരന്റെ തിരക്കഥയില്‍ ഒരുങ്ങിയ 1921 കേരള ചരിത്രത്തിലെ മുസ്ലീം സാമുദായികതയെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായി മാറി.

മോഹന്‍ലാല്‍ ഐ വി ശശി സിനിമകളിലേക്ക് വരുന്നത് തന്റെ അഭിനയ ജീവിതത്തിന്റെ രണ്ടാംവര്‍ഷം അഹിംസയിലൂടെ ആണ്. പിന്നീട് എം ടി തിരക്കഥ എഴുതിയ ഉയരങ്ങളില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച ആന്‍റി ഹീറോ കഥാപാത്രങ്ങളില്‍ ഒന്നായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, രംഗം, അനുബന്ധം, ഇടനിലങ്ങള്‍, കരിമ്പിന്‍പൂവിനക്കരെ തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകളില്‍ മോഹന്‍ലാല്‍ നായകനായെത്തി. എം ടി, പത്മരാജന്‍, ടി ദാമോദരന്‍ തുടങ്ങിയവരുടെ തിരക്കഥകളായിരുന്നു ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സാമൂഹ്യ ഹാസ്യ ചിത്രങ്ങളും ഫാസില്‍, സിബിമലയില്‍ തുടങ്ങിയവരുടെ കുടുംബകണ്ണീര്‍ പടങ്ങളിലും മുങ്ങിക്കിടക്കുകയായിരുന്ന മോഹന്‍ലാലിനെ വീരപൌരുഷ വേഷം നല്കിയത് ഐ വി ശശിയാണ്. 90കളുടെ തുടക്കത്തില്‍ ഇറങ്ങിയ ദേവാസുരം മോഹന്‍ലാലിന്റെ മീശ പിരി സവര്‍ണ്ണ ആണ്‍ സിനിമകള്‍ക്ക് തുടക്കം കുറിച്ചു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു ഡസന്‍ ചിത്രങ്ങള്‍ എങ്കിലും ഐ വി ശശിയുടേതായി പുറത്തിറങ്ങി. അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, കരിമ്പിന്‍പൂവിനക്കരെ, വാര്‍ത്ത, അടിമകള്‍ ഉടമകള്‍ ഇങ്ങനെ പോകുന്നു ആ പട്ടിക. 90കളിലെ മമ്മൂട്ടി-മോഹന്‍ലാല്‍ താര യുദ്ധത്തിന് അരങ്ങൊരുക്കിയത് ഐ വി ശശിയാണെന്ന് പറയാം. മറ്റ് സംവിധായകര്‍ക്ക് ഈ രണ്ടു താരങ്ങളെയും ഒന്നിപ്പിക്കുക എന്നത് വിഷമകരമായിരുന്ന കാലത്താണ് ഐ വി ശശി സിനിമകളില്‍ ഈ രണ്ടു താരങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടത്.

സിനിമയിലും മലയാളിയുടെ സാമൂഹിക ജീവിതത്തിലും ആണധികാരം അതിന്റെ അപ്രമാദിത്യ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതില്‍ ഐ വി ശശി സിനിമകള്‍ വഹിച്ച പങ്ക് വലുതാണ്. മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ പുരുഷന്‍ എന്ന കരുത്തിനെ അരക്കിട്ടുറപ്പിക്കുകയായിരുന്നു മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ ഐ വി ശശി. ഇന്‍സ്പെക്ടര്‍ ബലറാമും മംഗലശ്ശേരി നീലകണ്ഠനുമൊക്കെ കൊടി പറത്തി മലയാളിയുടെ തിരക്കാഴ്ചയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍