UPDATES

സിനിമ

എന്റെ നെഞ്ചില്‍ നിരന്തരം വേദനിപ്പിക്കുന്ന അഗാധ ഗര്‍ത്തം; ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

‘ഞാനെപ്പോഴും നിറഞ്ഞ സന്തോഷത്തിലാണെന്ന് കൂട്ടുകാര്‍ പറയാറുണ്ട്, അതിന്റെ കാരണം നീയായിരുന്നെന്ന് ഇപ്പോള്‍ എനിക്കറിയാം.’

ഇന്ത്യന്‍ സിനിമയിലെ ഐതിഹാസികതാരം ശ്രീദേവിയുടെ അകാലമൃത്യു സിനിമാകുടുംബത്തില്‍ ഉണ്ടാക്കിയ ശൂന്യത വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നതല്ല. അവരുടെ മകള്‍ ജാന്‍വി കപൂര്‍ ഹൃദയസ്പര്‍ശിയായി പറഞ്ഞതുപോലെ “നിരന്തരം വേദനിപ്പിക്കുന്ന അഗാധ ഗര്‍ത്തം”. ഫെബ്രുവരി 24ന് ദുബായില്‍ വെച്ചു അന്തരിച്ച ശ്രീദേവിയെ കുറിച്ച് മകള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരെയും പൊള്ളിക്കും. അതിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

എന്റെ നെഞ്ചില്‍ നിരന്തരം വേദനയുണ്ടാക്കുന്ന ഒരു അഗാധ ഗര്‍ത്തം ഉണ്ട്. അതുമായി ഇനിയെങ്ങനെ ജീവിക്കണമെന്ന് പഠിക്കേണ്ടേതുണ്ടെന്ന് എനിക്കറിയാം. ഈ എല്ലാ ശൂന്യതയിലും എനിക്ക് നിന്റെ സ്നേഹം അനുഭവിക്കാനാവുന്നുണ്ട്. ദു:ഖത്തില്‍നിന്നും വേദനയില്‍നിന്നും നീ എന്നെ രക്ഷിക്കുന്നതായി അറിയുന്നുണ്ട്. ഓരോ തവണ കണ്ണടക്കുമ്പോഴും നല്ല കാര്യങ്ങള്‍ മാത്രമേ ഓര്‍മ്മവരുന്നുള്ളൂ. നീയാണത് ചെയ്യുന്നതെന്ന് എനിക്കറിയാം. നീ ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു. നീയുണ്ടായിരുന്നത്രയും കാലം ഞങ്ങളോടു കൂടെ ഉണ്ടായിരുന്നു എന്നതിനാല്‍ത്തന്നെ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പക്ഷേ നീ ഈ ലോകത്തിനുവേണ്ടി ഉണ്ടായവളല്ല. വളരെ നല്ലതും വളരെ ശുദ്ധവും ഏറെ സ്നേഹം നിറഞ്ഞവളുമായിരുന്നു നീ. അതുകൊണ്ടാണ് അവന്‍ നിന്നെ തിരിച്ചുവിളിച്ചത്. കുറച്ചുകാലത്തേക്കെങ്കിലും നിന്നെ ഞങ്ങള്‍ക്ക് കിട്ടി.

ഞാനെപ്പോഴും നിറഞ്ഞ സന്തോഷത്തിലാണെന്ന് കൂട്ടുകാര്‍ പറയാറുണ്ട്, അതിന്റെ കാരണം നീയായിരുന്നെന്ന് ഇപ്പോള്‍ എനിക്കറിയാം. ആരെന്തു പറഞ്ഞാലും സാരമില്ലായിരുന്നു, ഒരു പ്രശ്നവും ഏറെ വലുതല്ലായിരുന്നു, ഒരു ദിവസവും തീരെ മോശമല്ലായിരുന്നു, കാരണം എനിക്ക് നീയുണ്ടായിരുന്നു, നീയെന്നെ സ്നേഹിക്കുകയും ചെയ്തു. എനിക്കാവശ്യമുള്ള ഒരേയൊരാള്‍ നീയായിരുന്നതിനാല്‍ മറ്റൊരാളെയും, മറ്റൊന്നിനെയും എനിക്ക് ആശ്രയിക്കേണ്ടി വന്നില്ല. നീയെന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിത. എന്റെ എല്ലാത്തിനും കാരണക്കാരി. ജീവിതം മുഴുവന്‍ നീ കൊടുത്തുകൊണ്ടേയിരുന്നു, അതുതന്നെ നിനക്കുവേണ്ടിയും എനിക്ക് ചെയ്യണം മമ്മാ.. നീ ഒത്തിരി അഭിമാനിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിച്ചതുപോലെ നീ എന്നെക്കുറിച്ചും അഭിമാനിക്കുമെന്ന് പ്രതീക്ഷിക്കുക മാത്രമായിരുന്നു ഓരോ പ്രഭാതത്തിലും ഞാന്‍ ചെയ്തിരുന്നത്. ഞാന്‍ വാക്കുതരുന്നു, അതേ ചിന്തകളോടെത്തന്നെ ഇനിയുള്ള ഓരോ ദിവസവും ഞാന്‍ ഉണര്‍ന്നെണീക്കും. കാരണം നീയിവിടെയുണ്ട്, എനിക്കത് അറിയാനാവുന്നുണ്ട്. നീ എന്നിലും ഖുശിയിലും പപ്പയിലും ഉണ്ട്. ഞങ്ങളില്‍ നീ പതിപ്പിച്ച മുദ്ര അത്ര ശക്തമാണ്. ഞങ്ങളെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കാന്‍ പാകത്തിന് ശക്തം. പക്ഷേ, മുഴുവനായും പൂര്‍ണ്ണരാവാന്‍ പാകത്തിനില്ലതാനും.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ സര്‍വ്വസ്വമേ..

നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല; ബോണി കപൂറിന്റെ വികാരോഷ്മളമായ അനുസ്മരണ കുറിപ്പ്

അവളുടെ ഫോളോവേഴ്സിനോട് രക്ഷിതാക്കളെ സ്നേഹിക്കാന്‍ അപേക്ഷിക്കുന്നതും അമ്മയുടെ ആരാധകര്‍ അമ്മക്കുമേല്‍ ചൊരിഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയും അറിയിച്ചുകൊണ്ട് ഒരു കുറിപ്പും ഈ പോസ്റ്റിന് താങ്ങായി ചേര്‍ത്തു.

എന്റെ ജന്മദിനത്തില്‍, നിങ്ങളോട് ഞാന്‍ ആകെ ആവശ്യപ്പെടുന്നത് രക്ഷിതാക്കളെ സ്നേഹിക്കുവാനാണ്. അവരെ വിലപ്പെട്ടതായി കരുതുക,നിങ്ങളുടെ സ്നേഹം അവര്‍ക്ക് അനുഭവിക്കാന്‍ പാകത്തിന് സ്വയം സമര്‍പ്പിക്കുക. അവരാണ് നിങ്ങളെ ഉണ്ടാക്കിയത്. എന്റെ അമ്മയെ സ്നേഹത്തോടെ ഓര്‍ക്കാനും അവരുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കുവാന്‍ പ്രാര്‍ത്ഥിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.നിങ്ങള്‍ അവരുടെ മേല്‍ ചൊരിഞ്ഞ സ്തുതിവചനങ്ങളും സ്നേഹവും ഇനിയും തുടരട്ടെ. എന്റെ അമ്മയുടെ ഏറ്റവും വലിയ ഭാഗം അവര്‍ എന്റെ പപ്പയുമായി പങ്കുവെച്ച സ്നേഹമാണെന്ന് നിങ്ങള്‍ അറിയണം. അവരുടെ സ്നേഹം അനശ്വരമാണ്, കാരണം ഈ ലോകത്ത് അതുപോലെ മറ്റൊന്നുമില്ല. അത്രയും സന്തോഷഭരിതവും ശുദ്ധവും ആയി മറ്റൊന്നില്ല, കാരണം അവര്‍ പരസ്പരം സമര്‍പ്പിച്ചപോലെ മറ്റാരും ചെയ്തിട്ടില്ല. അതിനെ ദയവായി ബഹുമാനിക്കുക. കാരണം അതിനെ ദുഷിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നു എന്ന ചിന്തതന്നെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. അവരുടെ വിശുദ്ധിയെ സംരക്ഷിക്കുക എന്നത് എന്റെ അമ്മക്ക് എല്ലാമാണ്. അമ്മക്കു മാത്രമല്ല, അവര്‍ക്കു ചുറ്റും മുഴുവന്‍ ജീവനവും കറങ്ങിയ ഒരു മനുഷ്യനും,അവരുടെ സ്നേഹത്തില്‍ ഇനി അവശേഷിച്ച രണ്ടു മക്കള്‍ക്കും. എനിക്കും ഖുശിക്കും നഷ്ടമായത് അമ്മയെയാണ്, പക്ഷേ, പപ്പക്ക് നഷ്ടമായത് അദ്ദേഹത്തിന്റെ “ജീവന്‍” ആണ്. വെറുമൊരു നടിയോ അമ്മയോ ഭാര്യയോ മാത്രമായിരുന്നില്ല അവര്‍. ഈ കര്‍ത്തവ്യങ്ങളിലെല്ലാം ആത്യന്തികവും ഏറ്റവും മികച്ചതുമായിരുന്നു അവര്‍. സ്നേഹം കൊടുക്കുകയും കിട്ടുകയും ചെയ്യുക എന്നത് അവര്‍ക്ക് വലിയ കാര്യമായിരുന്നു. ആള്‍ക്കാരോട് നല്ലരീതിയിലും സൌമ്യമായും അനുകമ്പയോടെയും പ‌െരുമാറിയിരുന്നു. നിരാശയോ വിദ്വേഷമോ അസൂയയോ അവര്‍ക്ക് മനസ്സിലായിരുന്നേയില്ല. നമുക്കും അങ്ങനെയാവാം. നമുക്ക് പൂര്‍ണ്ണമായും നന്മമാത്രമുള്ളവരാകാം, സ്നേഹം മാത്രം നല്കാം. മരണത്തില്‍പ്പോലും നിങ്ങള്‍ക്ക് എന്തെങ്കിലും തന്നു എന്നറിയുമ്പോള്‍ അതവരെ സന്തോഷിപ്പിക്കും. സ്നേഹംകൊണ്ടു മാത്രം നിങ്ങളെ നിറയ്ക്കാനും ഏതു രീതിയിലും രൂപത്തിലുമുള്ള പാരുഷ്യത്തില്‍നിന്ന് വിട്ടുപോരാനുമുള്ള ധൈര്യവും പ്രചോദനവും. അതിനുവേണ്ടിയാണ് അവര്‍ നിലകൊണ്ടത്. അന്തസ്സ്, ധൈര്യം, നിഷ്ക്കളങ്കത. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങള്‍ നല്കിയ സ്നേഹത്തിലും പിന്തുണക്കും നന്ദി. അത് ഞങ്ങള്‍ക്ക് പ്രതീക്ഷയും ധൈര്യവും തന്നു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയുമില്ല.

ശ്രീദേവിക്കുമാത്രമല്ല, വാര്‍ത്തകള്‍ക്കും വേണം ശ്രദ്ധാഞ്ജലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍