UPDATES

സിനിമാ വാര്‍ത്തകള്‍

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രം; മഹാപ്രളയ കാലത്തിന്റെ പശ്ചാത്തലത്തിൽ ‘രൗദ്രം 2018’

കേരളം ഒന്നടങ്കം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ സിനിമയൊരുക്കാൻ സംവിധായകൻ ജയരാജ്. ‘രൗദ്രം 2018’ എന്ന് പേരിൽ ഒരുങ്ങുന്ന ചിത്രം പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളുടെ അടിസ്ഥനത്തിലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രമാണ് ‘രൗദ്രം 2018’. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമെ വരികൾ എഴുതിയിരിക്കുന്നതും ജയരാജ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

പ്രകൃതിയുടെ സംഹാരരൗദ്ര താളത്തിനുമുന്നില്‍ നിസഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടോവിനോ കുറിച്ചു. പ്രളയത്തിന്റെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന് നിലയില്‍, യാതനകള്‍ക്കിടയിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും ഈ അവസരത്തില്‍ താന്‍ അഭിനന്ദിക്കുകയാണെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.

രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് രൗദ്രം 2018ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൃദ്ധ ദമ്പതികളുടെ വേഷത്തിലാണ് ഇരുവരും എത്തുക. ജയരാജിന്റെ കഴിഞ്ഞ ചിത്രമായ ഭയാനകത്തിലും രണ്‍ജി പണിക്കര്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

നേരത്തെ നിപ്പ രോഗ ബാധയെ ആസ്പദമാക്കി രൗദ്രം ഒരുക്കാനായിരുന്നു ജയരാജ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ആഷിക്ക് അബു ഇതേ പ്രമേയത്തിൽ ൈവറസ് എന്ന ചിത്രം ആരംഭിച്ചതോടെ ജയരാജ് പിന്മാറുകയായിരുന്നു. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.

ജയരാജിന്റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് നിരവധി ദേശിയ അന്തർദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍