UPDATES

വീഡിയോ

ചുവടിളക്കി ജിമിക്കി കമ്മല്‍; ‘മലയാളം ഡെസ്പാസിതോ’ എന്നുവരെ വിശേഷണം

ജിമിക്കി കമ്മല്‍ സൃഷ്ടിച്ചിരിക്കുന്നത് ഒരു വലിയ സുനാമി തന്നെയാണ്

സിനിമകളെക്കാള്‍ ഹിറ്റാവുന്ന സിനിമാഗാനങ്ങളുണ്ട്. മോഹന്‍ലാല്‍-ലാല്‍ ജോസ് ടീമിന്റെ കന്നി ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം ആ തരത്തില്‍ ഒന്നാണ്. ഹിറ്റ് എന്നല്ല, സൂപ്പര്‍ ഹിറ്റ് എന്നു തന്നെ പറയാം. മലയാളം പാട്ടുകള്‍ അതിര്‍ത്തി കടന്നും ഹിറ്റായതു നാം കണ്ടിട്ടുണ്ടെങ്കില്‍ ഇതിപ്പോള്‍ കടലും കടന്നാണ് പോപ്പുലറായിരിക്കുന്നത്. തമിഴര്‍ തൊട്ട് സായിപ്പുവരെ ജിമിക്കി കമ്മലിനു താളം ചവിട്ടുകയാണ്. ആ വഴിയും ചിലര്‍ സോഷ്യല്‍ മീഡിയ സൂപ്പര്‍ താരങ്ങളായി. ചുരുക്കത്തില്‍ ജിമിക്കി കമ്മല്‍ സൃഷ്ടിച്ചിരിക്കുന്നത് ഒരു വലിയ സുനാമി തന്നെയാണ്.

യുവത്വത്തിനിടയില്‍ മാത്രമല്ല ഈ പാട്ട് തരംഗമായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാല്‍ അതു മനസിലാകും. ക്ലാസ് മുറികളിലെ ഇടവേളകളില്‍ ഡസ്‌കില്‍ കൊട്ടിപ്പാടിയ പല വരികളും താളങ്ങളും ഈ പാട്ടിലൂടെ ഓര്‍മ വരുന്നുണ്ട്. കോളേജ് കാലം ആഘോഷമാക്കിയവര്‍ക്ക് ഒരു തിരിച്ച് പോക്ക് കൂടിയാണ് ഈ ഗാനത്തിന്റെ ചിത്രീകരണം.

"</p

ഫെയ്‌സ് ബുക്കില്‍ ഈ ഗാനത്തിനോത്ത് ചുവടുവെക്കുന്ന ചെറുപ്പക്കാരുടെ വീഡിയോകള്‍ക്ക് പുറമേ ഓണക്കാലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം ജിമിക്കി കമ്മലിനു ചുവടു വെക്കുന്ന മുതിര്‍ന്നവരെയും കാണാം. കേരളത്തിന് പുറമേ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും ജിമിക്കി കമ്മല്‍ സൂപ്പര്‍ ഹിറ്റാണ്. Despacito എന്ന സ്പാനിഷ് ആല്‍ബം ഉണ്ടാക്കിയ തരംഗത്തിനു ശേഷം തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടതും സ്വീകരിച്ചതും ജിമിക്കി കമ്മല്‍ ആണെന്നു പറയാം. തമിഴ്‌നാടിന്റെ Despacito എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമായി ഈ ആഘോഷം ഒതുങ്ങിയെന്നു കരതേണ്ടതില്ല. ഇന്ത്യയ്ക്ക് പുറത്തേക്കും ഈ ഗാനത്തിനു ആരാധകര്‍ ഉണ്ടായിരിക്കുന്നു. അതിലും രസകരമായ ഒരു വസ്തുത പാട്ടിന്റെ ആദ്യ വരിയായ ജിമിക്കി കമ്മല്‍ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ ജിമ്മി കിമ്മേലുമായി ഉള്ള താരതമ്യപ്പെടുത്തല്‍ ആണ്.

എന്തുകൊണ്ട് ഈ ഗാനത്തിനു ഇത്ര സ്വീകാര്യത ലഭിച്ചു. മലയാളികള്‍ അല്ലാത്തവര്‍ ഈ ഗാനത്തിന് സ്വീകാര്യത നല്‍കുന്നത് താളത്തിനോടുള്ള പ്രിയം കൊണ്ട് തന്നെയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ യുവാക്കളുടെ പ്രിയ സംഗീത സംവിധായാകനാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, അടി കപ്യാരെ കൂട്ടമണി, ആന്‍ മരിയ കലിപ്പിലാണ്, ആട് ഒരു ഭീകര ജീവിയാണ്, ഗോദ തുടങ്ങി മലയാളത്തില്‍ ചെയ്ത എല്ലാ ഗാനങ്ങളും പ്രേക്ഷക പ്രീതി നേടിയവയാണ്. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലും അദ്ദേഹം സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് ഷാന്‍ ജിമിക്കി കമ്മിലിലൂടെ. കവിയായ അനില്‍ പനച്ചൂരാന്‍ കൂടുതല്‍ ജനകീയനായത് അറബിക്കഥ എന്ന ചിത്രത്തിലെ ശക്തമായ വാക്കുകള്‍ കൊണ്ട് കഥാപാത്രത്തിന്റെ രാഷ്ട്രീയ ചിന്താഗതികളെ പ്രതിഫലിപ്പിക്കുന്ന ചോര വീണ മണ്ണില്‍ എന്ന ഗാനത്തോടെയാണ്. അതിനു ശേഷം കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ വ്യത്യസ്തനായ കവിയെയാണ് നമ്മള്‍ കണ്ടത്. ബാര്‍ബര്‍ ബാലനെ എല്ലാരില്‍ നിന്നും വ്യത്യസ്തനാക്കിയപ്പോള്‍ അവിടെ അനില്‍ പനച്ചൂരനും മറ്റൊരാളായി. എന്നാല്‍ വെളിപാടിന്റെ പുസ്തകത്തില്‍ മറ്റൊരു സമീപനമാണ് പനച്ചൂരാന്റെ വരികളില്‍ കണ്ടത്. പണ്ടെങ്ങോ നമ്മള്‍ പാടിമാറന്ന പാട്ടിന്റെ വരികളോട് സിനിമയിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടി കലര്‍ത്തി താളത്തിനൊത്ത് അനില്‍ എഴുതി. താളവും വരിയും ഒരേപോലെ മലയാളികളില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ ഈ ഗാനത്തിനു കഴിഞ്ഞു. ലാല്‍ ജോസ് ചിത്രങ്ങള്‍ പാട്ടുകള്‍ക്ക് കഥയോടൊപ്പം തന്നെ പ്രാധാന്യം നല്‍കാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ജിമിക്കി കമ്മല്‍ അതിലൊരു ചരിത്രവും സൃഷ്ടിച്ചു.

ഇതിനു മുന്‍പ് ധനുഷ് വരികളെഴുതി പാടി അഭിനയിച്ച ത്രീ എന്ന സിനിമയിലെ വൈ ദിസ് കൊലവറി എന്ന ഗാനമായിരുന്നു രാജ്യത്തിനു പുറത്ത് പോലും ആഘോഷമായത്. സമൂഹ മാധ്യമങ്ങള്‍ തന്നെയാണ് അന്നും ആ ഗാനത്തെ ഇത്ര പ്രശസ്തമാക്കിയതും. അതിനാല്‍ ഇത്തരം മാധ്യമങ്ങളും ഗാനത്തിന്റെ പ്രശസ്തിയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ അതിനിടയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മലയാള ഗാന രംഗത്ത് നമുക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങളുടെ കണക്കെടുത്താല്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മലയാളത്തിനു ലഭിച്ചത് 2015ല്‍ എം. ജയചന്ദ്രനാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി. എന്നാല്‍ പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിനു ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. മഴ എന്ന സിനിമയ്ക്ക് യൂസഫലി കേച്ചേരിക്ക്. 1999ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം കിട്ടിയതിനുശേഷം ആ വിഭാഗത്തിലും മലയാള ചലച്ചിത്രഗാനത്തിന് നിരാശയാണ്. 1988ല്‍ വൈശാലിയില്‍ ചിത്ര മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തില്‍ കൊണ്ടുവന്നശേഷം അവിടെയും മറ്റൊരാളെ കണ്ടിട്ടില്ല. ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു, അതിനെ ആഘോഷമാക്കുന്നു എന്നുള്ളത് ഗാനത്തിന്റെ വിജയം തന്നെയാണ്. എന്നാല്‍ അവ എത്രനാള്‍ പ്രേക്ഷക മനസില്‍ നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണ്.

 

അനില രതീഷ്‌

അനില രതീഷ്‌

മാധ്യമ വിദ്യാര്‍ഥിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍