UPDATES

സിനിമ

താരങ്ങളേ, ഇളകിയാര്‍ക്കുന്ന ഈ ഭക്തസംഘത്തെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

താരവല്‍ക്കരണം, അധികാര കേന്ദ്രീകരണം, മാര്‍ക്കറ്റ് തന്ത്രങ്ങള്‍ ഇതൊക്കെയും ചേര്‍ന്നാണ് അതി വിധേയത്വബോധം പേറുന്ന കട്ടപ്പ മോഡല്‍ ഫാന്‍സുകളെ സൃഷ്ടിക്കുന്നത്

ഐ എഫ് എഫ് കെ വേദിയില്‍ മമ്മൂട്ടിയുടെ കസബ ചിത്രത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്കെതിരെയുള്ള ഫാന്‍സിന്റെ പൊങ്കാല തുടരുകയാണ്. ഇതുവരേക്കും കാഞ്ചനമാലയും ടെസയും സമീറയുമൊക്കെയായി പ്രേക്ഷകരുടെ ജനപ്രീതി നേടിയ നായിക കസബയിലെ കഥാപാത്രത്തെ വിമര്‍ശിച്ചതോടെ സൈബര്‍ ലോകത്ത് ആള്‍ക്കൂട്ട ആക്രമണം നേരിടുകയാണ്. ഇങ്ങനെ പ്രകോപിതരാവാന്‍ മാത്രമുള്ള എന്താണ് പാര്‍വതിയുടെ വിമര്‍ശനത്തിലുള്ളത്? കസബയെന്ന സിനിമ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകയായിരുന്നില്ലേ എന്ന് ചോദിച്ചാല്‍, ആയിരുന്നു എന്ന് തന്നെ ആണ് ഉത്തരം.

ഈ പശ്ചാത്തലത്തിലുയരുന്ന നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. പാര്‍വതി എന്തിന് കസബ മാത്രം വിഷയമാക്കുന്നു. മമ്മൂട്ടിയെ മാത്രം ഉദാഹരിക്കുന്നു എന്നതാണ് അതില്‍ ആദ്യത്തേത്. സന്ദര്‍ഭോചിതമായി ആരെ പരാമര്‍ശിക്കണമെന്നോ ഉദാഹരിക്കണമെന്നോ അഭിപ്രായപ്പെടുന്നവരാണ് തീരുമാനിക്കുക. മുന്‍പ് സംവിധായകന്‍ രഞ്ജിത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ രഞ്ജിത്ത് മാത്രമാണോ എന്നാണ് പലരും ന്യായമായി തിരിച്ച് ചോദിച്ചത്. X എന്നയാളെ ഉദാഹരിച്ചാല്‍ എന്തേ Y യെക്കുറിച്ച് പറയാത്തതെന്നും Yയെ പരാമര്‍ശിച്ചാല്‍ Z എവിടെ എന്നതുമായ വാദങ്ങള്‍ ബാലിശമാണ്. കസബ മാത്രമെന്നോ മമ്മൂട്ടിയുടെ കഥാപാത്രം മാത്രമെന്നോ അവര്‍ പറഞ്ഞിട്ടില്ല. ഒരു ഉദാഹരണം അവര്‍ക്ക് എടുത്തുകാട്ടണമെങ്കില്‍ അതേത് വേണമെന്ന ചോയിസ് അവരുടേതാണ്.

അപ്പോള്‍ സിനിമയില്‍ സദ്ഗുണ സമ്പന്നന്‍മാരായ കഥാപാത്രങ്ങള്‍ മാത്രം മതിയോ എന്ന ചോദ്യമുയര്‍ന്നേക്കാം. അത്തരമൊരു ആവശ്യമല്ല ഈ വിമര്‍ശനങ്ങളുടെ കാതല്‍. സ്ത്രീവിരുദ്ധത ആഘോഷമാക്കി മാറ്റുന്നിടത്താണ് വിയോജിപ്പുള്ളത്. ഈ വിരുദ്ധതകളെയാകെ നായകന്റെ ഹീറോയിസത്തിന് മാറ്റ് കൂട്ടുന്നതാണെന്ന തരം പക്ഷം ചേരലുകളോടാണ് വിമര്‍ശനമുള്ളത്. മേലുദ്യോഗസ്ഥയുടെ മടിക്കുത്തിന് പിടിക്കുന്ന നായകന്റെ ഹീറോയിസത്തിന് കയ്യടിപ്പിക്കുന്ന ജനപ്രിയ സിനിമാ തന്ത്രങ്ങളോടാണ് കലഹം.

സ്ത്രീവിരുദ്ധത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഉടലെടുക്കുന്ന സൃഷ്ടി എന്ന നിലയില്‍ സ്ത്രീവിരുദ്ധത അന്തര്‍ലീനമായിരിക്കാന്‍ ഇടയില്ലേയെന്നതും അത് സ്വാഭാവികമല്ലേയെന്നതുമാണ് അടുത്ത സംശയം. സ്ത്രീവിരുദ്ധത നിലനില്‍ക്കുന്ന സമൂഹത്തിലെ സൃഷ്ടി എന്ന നിലയില്‍ ഇതൊക്കെ സിനിമയില്‍ വന്നേക്കാം. പക്ഷേ സിനിമ സമൂഹത്തോട് സംവദിക്കുന്നത് ഇങ്ങനെ മൂല്യബോധങ്ങളെ സ്വീകരിച്ചു കൊണ്ടു മാത്രമല്ല. നിരന്തരമായി ചോദ്യം ചെയ്യുകയും പുതുക്കി പണിയുകയും ചെയ്തു കൊണ്ടു കൂടെയാണ്. കൊടുക്കല്‍ വാങ്ങലുകള്‍ രണ്ട് ദിശയിലേക്കും നടക്കുന്ന ഒരു ചാനല്‍ സിനിമയ്ക്കും സമൂഹത്തിനുമിടയിലുണ്ട്. ആയതിനാല്‍ സിനിമയിലെ സ്ത്രീവിരുദ്ധത ഗൗരവമേറിയ ഒരു വിഷയം തന്നെയാണ്.

ഇനി ഇതൊക്കെ സിനിമ മാത്രമല്ലേ ജീവിതം വേറെയല്ലേ എന്ന ചോദ്യം. എല്ലാ വീടുകളും സിനിമാശാലകളായതില്‍ പിന്നെ നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ നിരന്തരം സിനിമ ഇടപെടുന്നുണ്ട്.. ഫാന്‍സ് തെറി വിളിക്കാന്‍ ‘നീയൊരു വെറും പെണ്ണാകുന്നു’ എന്ന് ജോസഫ് അലക്‌സ് മോഡലില്‍ അലറി വിളിക്കുന്നത് യാദൃശ്ചികതയാണോ? ‘പ്രേമം’ സിനിമയിലെ നായകനെ ആവര്‍ത്തിച്ച ക്യാമ്പസ് ഓണാഘോഷങ്ങളെത്ര നടന്നു? ക്ലാസ് മേറ്റ്‌സ് സിനിമയ്ക്കു ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങളെത്ര നടന്നു? നമ്മുടെയൊക്കെ നിത്യജീവിതത്തിലെ ചടങ്ങുകളില്‍, സംഭവങ്ങളില്‍, പ്രണയ സങ്കല്പങ്ങളില്‍, ശരീരഭാഷയില്‍, ഒക്കെയും മറ്റേത് കലയും സ്വാധീനിച്ചതിനേക്കാള്‍ വലിയ സ്വാധീനം സിനിമയ്ക്കുണ്ട്. അതുകൊണ്ട് തന്നെ കലാസൃഷ്ടിയുടെ സാമൂഹിക ഉത്തരവാദിത്തം എന്ന ആശയത്തിന് മറ്റേത് കലയിലേതിനേക്കാള്‍ സിനിമയ്ക്ക് പ്രസക്തി കൂടുതലാണ്. സിനിമ വേറെ ജീവിതം വേറെ എന്ന എക്‌സ്‌ക്ലൂസിവിറ്റി ഭൂരിഭാഗം മനുഷ്യരിലും നിലവിലില്ലാത്തതിനാല്‍ പ്രത്യേകിച്ചും. ആയതിനാല്‍ വിമര്‍ശനങ്ങളുണ്ടാവും, ഉണ്ടാവണം.

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

നിലവില്‍ പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പോലെ ഫാന്‍സ് അതിരുവിടുന്ന ആദ്യത്തെ അവസരമല്ലയിത്. ആസിഫലിയുടെ സിനിമയെ വിമര്‍ശിച്ചെന്ന പേരില്‍ രണ്ട് പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കയ്യൂക്കിന്റെ പേരാണ് ഫാന്‍സ്. സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന് അറസ്റ്റിലായ നടനെ വരവേല്‍ക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ട അശ്ലീലത്തിന്റെ പേരാണ് ഫാന്‍സ്. ലാലങ്കിളെന്ന് പരാമര്‍ശിച്ചത് അപരാധമെന്നും പറഞ്ഞ് വിനീത് ശ്രീനിവാസനെതിരെ അലമുറയിട്ട ആള്‍ക്കൂട്ട അപസ്മാരത്തിന്റെ പേരാണ് ഫാന്‍സ്. പുലിമുരുകന്‍ സിനിമയെ വിമര്‍ശിച്ചെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകയായ ഷാനിയെ പിറകെ നടന്നലറി വിളിച്ച അസഹിഷ്ണുതയുടെ പേരാണ് ഫാന്‍സ്. മമ്മൂട്ടി അച്ഛനായി അഭിനയിക്കട്ടേയെന്ന് ഏതോ തമാശപ്പരിപാടിക്കിടയില്‍ പറഞ്ഞു പോയതിന് അന്നാ രാജന്‍ എന്ന നടിയെക്കൊണ്ട് മാപ്പ് പറയിക്കുകയും അതിലഭിമാനിക്കുകയും ചെയ്ത ആഘോഷക്കമ്മറ്റിക്കാരുടെ പേരാണ് ഫാന്‍സ്. അന്നും സ്വകാര്യമായി വിളിച്ച് ആശ്വസിപ്പിക്കാനല്ലാതെ പരസ്യമായി തളളിപ്പറയാന്‍ മമ്മൂട്ടിയും തയ്യാറായില്ലെന്നോര്‍ക്കണം. തൊട്ടപ്പുറത്ത് വിജയ്, അജിത്ത് തുടങ്ങിയ നടന്‍മാരൊക്കെ ഫാന്‍സിന്റെ പ്രവൃത്തികള്‍ പരസ്യമായി അപലപിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഇവിടുത്തെ താര ദൈവങ്ങള്‍ക്ക് ഭക്തജനങ്ങളെ അടക്കി നിര്‍ത്താന്‍ വലിയ താല്‍പര്യമൊന്നുമില്ല. പലപ്പോഴും തങ്ങള്‍ക്കിഷ്ടമില്ലാത്ത പടത്തിന്റെ ഡി- പ്രമോഷനും ഇഷ്ടമില്ലാത്ത സഹപ്രവര്‍ത്തകരെ അടക്കി നിര്‍ത്താനും കരി ഓയില്‍ പ്രയോഗത്തിനും തിയേറ്ററില്‍ ആളെയിറക്കി കൂക്കിവിളിക്കാനുമൊക്കെ ഉള്ള സൗകര്യമായി താരങ്ങള്‍ ഇതിനെയൊക്കെ ഉപയോഗിക്കുകയാണ് എന്ന വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്തു തന്നെ ആയാലും പ്രകടമായോ അല്ലാതെയോ ഉള്ള താരങ്ങളുടെ മൗനാനുവാദമാണ് ഫാന്‍സിന്റെ ഈ അഴിഞ്ഞാട്ടത്തിന് ഒരു കാരണം.

താരവല്‍ക്കരണം, അധികാര കേന്ദ്രീകരണം, മാര്‍ക്കറ്റ് തന്ത്രങ്ങള്‍ ഇതൊക്കെയും ചേര്‍ന്നാണ് അതി വിധേയത്വബോധം പേറുന്ന കട്ടപ്പ മോഡല്‍ ഫാന്‍സുകളെ സൃഷ്ടിക്കുന്നത്. കാളയെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാന്‍ അവരെ ശീലിപ്പിക്കുന്നതില്‍ ഈ താരസങ്കല്പ നിര്‍മിതികള്‍ക്ക് വലിയ പങ്കുണ്ട്. ഒട്ടും ജനാധിപത്യ പരമല്ലാത്ത, ബഹുസ്വരത അനുവദിക്കാത്ത സിനിമാ സംസ്‌കാരമാണിവിടെയെന്ന് അത് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. മത, ജാതി, ലിംഗ പദവികളും സാമ്പത്തിക സ്ഥാനങ്ങളും ഗതി നിര്‍ണയിക്കുന്ന ഒരു വ്യവസായത്തിന്റെ പേര് മാത്രമാകരുത് സിനിമയെങ്കില്‍ ഈ അധികാര വ്യവസ്ഥകള്‍ പൊളിച്ചെഴുതപ്പെടണം. അതിനുള്ളിലെ ജനാധിപത്യ സമരങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് ഈ താരങ്ങള്‍ക്ക് ബോധമുണ്ടെങ്കില്‍, ബോധ്യം വരികയാണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ഈ ഭക്തജനങ്ങളെ അടക്കി നിര്‍ത്തലാണ്, പറ്റുമെങ്കില്‍ പിരിച്ചു വിടലാണ്. അതു വരേക്കുമുള്ള ഈ നടന്‍മാരുടെ മൗനത്തെ കുറ്റകരമെന്ന് വിളിക്കാതെ നിവൃത്തിയില്ല.

ജിപ്സ പുതുപ്പണം

ജിപ്സ പുതുപ്പണം

എഞ്ചിനീയറിംഗ് ബിരുദധാരി, സാമൂഹ്യ നിരീക്ഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍