നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതും ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞ വർഷം ദിലീപ് എന്ന നടന്റെ ഈ ഇഷ്ട ദിനത്തിലൂടെയാണ് കടന്ന് പോയത്
മിമിക്രിയിലൂടെ മലയാള സിനിമയിൽ എത്തി തന്റേതായ സ്ഥാനം കരസ്ഥമാക്കിയ നടനാണ് ദിലീപ്. സഹ നടനായി വന്ന് നായകനായി മാറുകയും പിന്നീട് ജനപ്രിയ നായകനാവുകയും ചെയ്‌ത താരമാണ് ദിലീപ്. വളരെ പെട്ടന്നായിരുന്നു ദിലീപ് എന്ന നടൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടനായനായി മാറിയത്. എന്നാല്‍ ആരും അറിയാതെ ദിലീപ് എന്ന നടന്റെ ഒരു ഇഷ്ട ദിനം കടന്ന് പോവുകയാണ്.
ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഭാഗ്യ ദിവസം ഉണ്ടായിട്ടുണ്ടാവും. ജനപ്രിയ നടന്‍ ദിലീപിന് അത് ജൂലൈ 4 ആണ്. താരത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നത് ജൂലൈ 4 നായിരുന്നു. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളെല്ലാം ഇറങ്ങിയത് ഒരേ ദിവസം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതും ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞ വർഷം ദിലീപ് എന്ന നടന്റെ ഈ ഇഷ്ട ദിനത്തിലൂടെയാണ് കടന്ന് പോയത്.
ജൂലൈ നാലിന് എത്തിയ ദിലീപ് ചിത്രങ്ങൾ ;
ഈ പറക്കും തളിക
ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു ഈ പറക്കും തളിക. 2001 ജൂലൈ 4 നായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. വിആര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം താഹയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ദിലീപിന്റെ നായികയായി നിത്യ ദാസ് അഭിനയിച്ചപ്പോള്‍. കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മച്ചാന്‍ വര്‍ഗീസ്, തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. എക്കാലത്തും മലയാളികളെ ചിരിപ്പിക്കുന്ന മികച്ച കോമഡി ചിത്രമായിരുന്നു ഈ പറക്കും തളിക.
മീശമാധവന്‍
ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമ 2002 ലായിരുന്നു റിലീസ് ചെയ്തിരുന്നത്.ഈ പറക്കും തളികയ്ക്ക് ശേഷം നാലോളം സിനിമകള്‍ റിലീസിനെത്തിയിരുന്നു. എല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണെങ്കിലും ദിലീപ് കാവ്യ മാധവന്‍ ജോഡികളുടെ മീശമാധവന്‍ ആയിരുന്നു ജൂലൈ നാലിന് എത്തിയ മറ്റൊരു സിനിമ. റോമാന്റിക് കോമഡി ചിത്രമായിരുന്ന മീശമാധവനില്‍ ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍ , ഇന്ദ്രജിത്ത്, ജഗതി, കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ മിന്നുന്ന പ്രകടനം കൊണ്ടും ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രമായി നിലനിർത്തുന്നു. ചിത്രം അക്കാലത്തെ ഒരു ഇൻഡസ്ടറി ഹിറ്റായി മാറുകയും ചെയ്‌തിരുന്നു.
സിഐഡി മൂസ
2003 ജൂലൈ നാലിനായിരുന്നു സിഐഡി മൂസ റിലീസിനെത്തിയത്.
ദിലീപിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത സിനിമയില്‍ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി, ഭാവന എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കോമഡി മൂവിയായി തിയറ്ററുകളിലേക്ക് എത്തിയ സിഐഡി മൂസ ജോണി ആന്റണിയായിരുന്നു നിര്‍മ്മിച്ചിരുന്നത്.
പാണ്ടിപ്പട
റാഫി മെക്കര്‍ട്ടിന്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച സിനിമയായിരുന്നു പാണ്ടിപ്പട. ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, നവ്യ നായര്‍, കൊച്ചിന്‍ ഹനീഫ, പ്രകാശ് രാജ്, രാജന്‍ പി ദേവ്, സലീം കുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2005 ജൂലൈ നാലിനായിരുന്നു പാണ്ടിപ്പട റിലീസ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലെ കഥ പറഞ്ഞിരുന്ന സിനിമയും കോമഡിയായിരുന്നു ഇതിവൃത്തമാക്കിയിരുന്നത്.
ജൂലൈ 4
ദിലീപിന്റെ ഭാഗ്യ ദിനമായ ‘ജൂലൈ നാല്’ എന്ന പേരിലും ഒരു ചിത്രം റിലീസ് ചെയ്‌തിരുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും റോമയുമായിരുന്നു നായിക നായകന്മാര്‍. സിനിമയുടെ പേരില്‍ ഭാഗ്യം ഉണ്ടായിരുന്നെങ്കിലും 2007 ജൂലൈ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. എന്നാല്‍ പ്രതീക്ഷിച്ച പോലെ വിജയിക്കാതെ ജൂലൈ നാല് തിയറ്ററുകളില്‍ പരാജയമായി മാറുകയായിരുന്നു.
പിന്നീട് 2014 ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ അവതാരം എന്ന ചിത്രവും ജൂലൈ നാലിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് അഗസ്റ്റിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിന് ശേഷം ഒരു ദിലീപ് ചിത്രവും ജൂലൈ നാലിന് റിലീസ് ചെയ്തിട്ടില്ല. മറ്റൊരു ജൂലൈ മാസം കൂടി കടന്ന് പോകുമ്പോൾ മറ്റൊരു ദിലീപ് ചിത്രവും റിലീസിന് തയാറെടുക്കുകയാണ്.
വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’ എന്ന ചിത്രം ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ മുഹമ്മദ് എന്ന കഥാപാത്രമായി സിദ്ദിഖും കൃഷ്ണൻ എന്ന കഥാപാത്രമായി ദിലീപും അഭിനയിക്കുന്നു.നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.