UPDATES

സിനിമ

പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെ കുറിച്ചാണ് ജൂൺ: സംവിധായകൻ അഹമ്മദ് കബീർ/ അഭിമുഖം

കഥയുമായി ഞാൻ കാണാൻ ചെല്ലുന്ന പതിനേഴാമത്തെ പ്രൊഡ്യൂസറാണ് വിജയ് ബാബു

അനു ചന്ദ്ര

അനു ചന്ദ്ര

തുടക്കം മുതല്‍ അവസാനം വരെ ചിത്രത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ജൂൺ എന്ന നായിക കഥാപാത്രത്തെ  ഏൽപ്പിച്ചുകൊണ്ട് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമാണ് ജൂൺ. രജീഷ വിജയൻ നായികയായി എത്തുന്ന, റിലീസ് ചെയ്ത ചിത്രത്തിൻറെ കൂടുതൽ വിശേഷങ്ങൾ സംവിധായകൻ അഹമ്മദ് കബീർ അഴിമുഖവുമായി പങ്കു വയ്ക്കുന്നു.

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് ഫ്രൈഡേ ഫിലിംസുമായി ഒത്തുചേരുന്നത്?

തിരക്കഥ പൂർത്തീകരിച്ച ശേഷം ഞാൻ ആർട്ടിസ്റ്റുകളോടും, പ്രൊഡ്യൂസേഴ്‌സിനോടും കഥ പറഞ്ഞു നടക്കുന്ന സമയം ഉണ്ടായിരുന്നു. ഫീമെയിൽ സബ്ജക്ട് ആയതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് എല്ലാർക്കും ഇഷ്ടപ്പെടുന്നുവെങ്കിൽ കൂടിയും, സ്ത്രീകഥാപാത്രം ലീഡ് ചെയ്യുന്ന കഥ ഏറ്റെടുക്കാന്‍ എല്ലാവരും അല്പം മടി കാണിച്ചു. അങ്ങനെ കഥയുമായി ഞാൻ കാണാൻ ചെല്ലുന്ന പതിനേഴാമത്തെ പ്രൊഡ്യൂസറാണ് വിജയ് ബാബു സർ. ആട് 2 ഹിറ്റായി ആട് 3 യും, കോട്ടയം കുഞ്ഞച്ചനും എല്ലാം ചെയ്യാൻ അനൌണ്‍സ് ചെയ്തു നിൽക്കുന്ന സമയമായിരുന്നു അത്. അതിനിടയിൽ ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെ വിജയ് ബാബു സാറിനോട് ഞാൻ പോയി പറഞ്ഞ കഥയാണ് ജൂണ്. പക്ഷെ ഭാഗ്യവശാൽ അവർ അത് ഏറ്റെടുത്തു. വലിയ രീതിയിൽ ഉള്ള സപ്പോർട്ട് തന്നു. പിന്നെ മറ്റു പ്രൊഡ്യൂസേഴ്സിനെ എല്ലാം നമ്മൾ സമീപിച്ച സമയത്ത് അവരൊക്കെ അതിന്റെ കച്ചവട ലാഭം മാത്രമാണ് നോട്ടമിട്ടത്. പക്ഷെ വിജയ് ബാബു സർ അങ്ങനെയല്ല.

രജീഷ വിജയൻ എന്ന നായികയിലേക്ക് ജൂണ് എന്ന കഥാപാത്രം എത്തുന്നത് എങ്ങനെയായിരുന്നു?

സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോഴും തിരക്കഥ എഴുതുമ്പോഴും എല്ലാം പുതിയ ആളുകളെ വെച്ച് സിനിമ ചെയ്യാമെന്നുള്ള തീരുമാനത്തിലായിരുന്നു ഞങ്ങളെല്ലാം. പക്ഷേ അതിനിടയിൽ അനുരാഗകരിക്കിൻ വെള്ളം കണ്ടപ്പോൾ നമുക്കു മുമ്പിൽ രജിഷ എന്നുള്ള നല്ലൊരു ഓപ്ഷൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് അവരിലേക്ക് എത്തുന്നത്. പിന്നെ നമുക്കറിയാമായിരുന്നു ജൂൺ സിനിമ ചെയ്യുമ്പോൾ തീർച്ചയായും അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്തുമായി ഒരു താരതമ്യപ്പെടുത്തൽ ഉണ്ടാകുമെന്ന്. അതുകൊണ്ട് തന്നെ മാനറിസങ്ങളിൽ സാമ്യം വരാത്ത തരത്തിലാണ് അവർ അഭിനയിച്ചത്.

ജൂണിന്റെ വഴികളിലെല്ലാം കൂട്ടാവുന്ന അച്ഛൻ. ഈയൊരു കഥാപാത്രനിർമിതിയിൽ സ്വന്തം അച്ഛൻ എത്രമാത്രം കടന്നു വന്നിട്ടുണ്ട്?

ഉറപ്പായും എന്റ അച്ഛന്റെ ചില കടന്നുവരവുകൾ ഉണ്ട് ഈ സിനിമയിൽ. പിന്നെ ഒരു അച്ഛൻ മകൻ ബന്ധത്തിനപ്പുറം ഇവിടെ പറയാൻ ശ്രമിക്കുന്നത് ഒരു ഫീമെയിൽ സബ്ജക്ട് ആണ്. അച്ഛൻ മകൾ ബന്ധം ആണ് പറയുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് പെൺ സുഹൃത്തുക്കളുടെ വീട്ടിലെ കാര്യങ്ങൾ, അവർ അവരുടെ അച്ഛൻമാരുമായി ഇടപഴകുന്ന രീതി എല്ലാം തന്നെ ക്ലോസായി ശ്രദ്ധിച്ചു. അതുപോലെ ഇതിലെ ജോജു ചെയ്യുന്ന അച്ഛൻ കഥാപാത്രം ഒരു പലചരക്ക് കടക്കാരൻ ആണ്. എൻറെ അച്ഛനും ഒരു പലചരക്ക് കടക്കാരൻ ആണ്. എൻറെ അച്ഛന്റെ ജീവിതത്തിൽ നിന്നാണ് ആ കഥാപാത്രത്തെ ഞാൻ അത്തരത്തിൽ പകർത്തിയത്.

16-26 വയസ്സ് വരെയുള്ള ജൂണിന് വേണ്ടിയുള്ള രജീഷ വിജയന്റെ മെയ്ക്ക് ഓവറിനെ കുറിച്ച്?

മെയ്ക്ക് ഓവറിന് വേണ്ടി വലിയ രീതിയിൽ അവർ ഒരുപാട് സഹകരിച്ചു. മുടി വെട്ടുന്ന കാര്യത്തിലായിരുന്നു അവർക്ക് വിഷമം ഉണ്ടായിരുന്നത്. അവർ നല്ല എഫര്‍ട്ട് എടുത്ത് തന്നെയാണ് ഈ വർക്ക് ചെയ്തത്. ഷൂട്ടിനു വേണ്ടി മുംബൈയിൽ ഒക്കെ പോകുന്ന സമയത്തു ആകെ പത്തു പേരുടെ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ആർട്ടിസ്റ്റിന് ലഭിക്കേണ്ടുന്ന കാരവാൻ പോലുള്ള സൗകര്യങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ അവർക്ക് അത് വിഷയം ഒന്നുമല്ലായിരുന്നു. മുഴുവൻസമയവും നമ്മളോട് സഹകരിച്ചു.

പ്രധാന നായക കഥാപാത്രമായ നോയലായി എന്തുകൊണ്ട് ഒരു പുതുമുഖ നടനെ കൊണ്ടുവന്നു?

മുൻപ് തന്നെ ഞാൻ പറഞ്ഞല്ലോ എനിക്ക് സിനിമയിൽ തുടക്കത്തിലെ തന്നെ കംപ്ലീറ്റ് പുതുമുഖ താരങ്ങളെ കൊണ്ടുവരാനായിരുന്നു താല്പര്യം. അതിൽ രജിഷയെ മാത്രമാണ് അല്ലാതെ എടുത്തത്. പിന്നെ നോയൽ മാത്രമല്ല നോയലിനൊപ്പം ഉള്ള ക്ലാസ്സ്മേറ്റ്സ് എല്ലാം പുതുമുഖങ്ങൾ ആവണം എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. പിന്നെ നിലവിലുള്ള നടന്മാർ വന്നു കഴിഞ്ഞാൽ തീർച്ചയായും പ്രേക്ഷകർക്ക് കഥയുടെ അവസാനത്തെക്കുറിച്ച്  ചില മുൻവിധികൾ തുടക്കത്തിൽ തന്നെ വന്നു പോകും. അത് കുറക്കാനും ഈ പുതുമുഖങ്ങൾ സഹായിച്ചു.

സത്യം ശിവം സുന്ദരം സിനിമയിലെ നായികയായിരുന്ന അശ്വതിയുടെ തിരിച്ചു വരവ് കൂടി സംഭവിച്ചല്ലോ ഈ സിനിമയിലൂടെ?

ജൂണിന്റ അമ്മ കഥാപാത്രം ആയാണ് അവർ ഇതിൽ അഭിനയിക്കുന്നത്. തുടക്കത്തിൽ ഒന്നും അശ്വതി ചേച്ചിയുടെ പേര് നമ്മുടെ കയ്യിലില്ലായിരുന്നു. പിന്നീട് ഒരുപാട് ആർട്ടിസ്റ്റുകളെ പറ്റി ചിന്തിച്ചു ചിന്തിച്ചു ആണ് നമ്മുടെ ചിന്ത അവരിലേക്ക് എത്തിയത്. പിന്നെ ഒരു ക്രിസ്ത്യൻ ലുക്ക് ഉള്ള അമ്മ ആയിരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെയിരിക്കെ അശ്വതി ചേച്ചിയുടെ ഏതോ ഒരു ഫീച്ചർ കണ്ടിട്ടാണ് നമ്മൾ അവരെ സമീപിക്കുന്നത്.

കമിങ് ഓഫ് ദി ഏജ് സ്റ്റോറിയാണ് ജൂണ്. ആ നിലയ്ക്ക് ഒരു സംവിധായകനെന്ന നിലയിൽ ശ്രദ്ധ കൊടുത്തത് എന്തിലായിരുന്നു?

സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ചില റിലേഷന്‍ഷിപ്പിൽ ഒക്കെ നമ്മൾ പെടാറുണ്ട്. അതിൽ കൂടുതൽ ആണുങ്ങളോടും വിവാഹത്തെക്കുറിച്ചൊക്കെ ചോദിച്ചു കഴിഞ്ഞാൽ ഒരു ജോലിയൊക്കെ സെറ്റ് ചെയ്തിട്ട് ആവാം എന്നുള്ള തീരുമാനത്തിൽ ആവും എത്തിചേരുക. എത്ര വലിയ റിലേഷൻ ആണെങ്കിലും അവർ ആദ്യം തന്നെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കും. എന്നാൽ ഭൂരിഭാഗം പെണ്‍കുട്ടികളും പക്ഷെ നേരെയങ്ങ് വിവാഹത്തിൽ എത്തിപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇവിടെ ഞാൻ പറയാനുദ്ദേശിക്കുന്നത് കല്യാണം എന്നൊക്കെ പറയുന്നത് ഒരു സെക്കന്ററി ഓപ്‌ഷൻ മാത്രമാണ്. അതിനു മുൻപ് നമ്മൾ ചെയ്യേണ്ടത് നമ്മുടെ സ്വപ്നങ്ങൾ കൈയടക്കുക എന്നതാണ്. അതിനുശേഷം ഒക്കെയാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. പെൺകുട്ടികൾക്കും ഉണ്ട് സ്വപ്നങ്ങൾ. അതാണ് നമ്മൾ പറയാൻ നോക്കിയത്.

താങ്കൾ എങ്ങനെയാണ് സിനിമയിൽ എത്തുന്നത്?

ഞാൻ മുൻപ് സിനിമയിൽ ഒന്നും അസിസ്റ്റ് ചെയ്തിട്ടില്ല. ഒരു വർഷം മഴവിൽ മനോരമയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയി വർക്ക് ചെയ്തു.ആ സമയത്താണ് സിനിമ തിരക്കഥ ഒക്കെ ഒരുക്കുന്നത്. അതിനു ശേഷം ജോലി രാജിവെച്ചു അങ്ങനെയാണ് ഈ സിനിമ നടക്കുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍