UPDATES

സിനിമ

സെല്‍വി: പാ രഞ്ജിത്തിന്റെ സ്ത്രീകള്‍, ദളിത്‌ കുടുംബങ്ങള്‍

സെൽവി എന്ന കഥാപാത്രം സൂപ്പർ സ്റ്റാറിന്റെ ഭാര്യയായി നിന്നുകൊണ്ട് തന്നെ പലരിലും പലരുടെയും ഓർമ്മകൾ ഉണർത്തി എന്നതു തന്നെയാണ് വിജയം

റെജി ദേവ്

റെജി ദേവ്

കാലയിലെ കാമുകി വെളുത്തുപോയി എന്ന് ഒരു പക്ഷം, കാലയുടെ ഭാര്യയെ സ്റ്റീരിയോടൈപ്പ്‌ ചെയ്തെന്ന് മറ്റൊരു പക്ഷം. പാ രഞ്ജിത്തിന്റെ സിനിമകളും സിനിമകളിലെ രാഷ്ട്രീയവും സിംബോളിസവും ഒക്കെ 2012 മുതൽ ഫോളോ ചെയ്യുന്ന ആളെന്ന നിലയ്ക്ക് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അദ്ദേഹത്തിന്റെ മുൻ സിനിമകളിൽ നിന്ന് കിട്ടും എന്ന് തന്നെയാണ് വിശ്വാസം.

വ്യക്തിപരമായി മദ്രാസ് തന്നെയാണ് ഇപ്പോഴും പാ രഞ്ജിത്തിന്റെ ഫേവ് തമിഴ് കൊമേർഷ്യൽ സിനിമ. ചില ഉത്തരങ്ങൾ കിട്ടാൻ കൊമേർഷ്യൽ മെയിൻ സ്ട്രീം തമിഴ് സിനിമ എന്ന് തന്നെ പറയുകയും താൻ എന്തുകൊണ്ടാണ് കൊമേഴ്സ്യല്‍ സിനിമകൾ തന്നെ എടുക്കുന്നത് എന്ന് പാ രഞ്ജിത്ത് പറയുന്നതു കേൾക്കുകയും വേണം . അട്ടകത്തിയിൽ അംബേദ്കറിന്റെ ഫോട്ടോ ഒരു സീനിൽ കാണിക്കുന്നത് നിർമ്മാതാവിന്റെ എതിർപ്പ് കാരണം മാത്രം മാറ്റേണ്ടി വന്നിട്ടുണ്ട് രഞ്ജിത്തിന്. കാലയെക്കാളും പുരുഷാധിപത്യ വ്യവസ്ഥിതിയെ പിന്താങ്ങുന്ന സിനിമ കൂടിയാണ് അട്ടകത്തി എന്നോർക്കണം. ന്യൂസ്‌ റൂമുകളിലെയും പത്രങ്ങളിലെയും ദളിത്‌ അസാന്നിധ്യത്തിലും, അധികാരരാഹിത്യത്തിലും അതിനുള്ളിൽ നിന്ന് തന്നെയാണ് പോരാടേണ്ടത് എന്ന നിലപാട് – ലാഭം മാത്രം കണക്കിലെടുക്കുന്ന, തമിഴ് ദേശീയത ബോധം ശക്തമായി നിലനിൽക്കുന്ന, വെളുത്ത നായികയെ ഹിമാചൽ പ്രദേശിൽ നിന്ന് വരെ കൊണ്ടുവരുന്ന ശീലമുള്ള തമിഴ് വ്യാവസായിക സിനിമയിൽ പ്രവർത്തിക്കുന്ന പാ രഞ്ജിത്തിന് നൽകണം എന്നും, രാഷ്ട്രീയ ശരികളുടെ അന്തിമവാക്കായി അദ്ദേഹത്തിന്റെ കൊമേഴ്സ്യല്‍ സിനിമകളെ കാണുന്നത് അദ്ദേഹം പോലും ചിരിച്ചു തള്ളുമെന്നുമാണ് എന്റെ അഭിപ്രായം.

അട്ടകത്തി മുതൽ അദ്ദേഹം സ്വീകരിച്ചു വരുന്ന രീതികൾ പൊതുവെയുള്ള തമിഴ് സിനിമകളിൽ നിന്നും വ്യത്യസ്തമാണ്. ചേരിയിലെ വില്ലനായി കറുത്ത വിജയ് സേതുപതി വരുന്ന ‘വിക്രം വേദാ’ എന്ന തമിഴ് ഹിറ്റ്‌ സിനിമയും കാർത്തി നായകനായി വരുന്ന രഞ്ജിത്തിന്റെ ‘മദ്രാസ്’ സിനിമയും കണ്ടാൽ മതി അതു മനസ്സിലാക്കാൻ. മറ്റു കൊമേഴ്സ്യല്‍ ഹിറ്റ്‌ സിനിമകളെ പോലെ പുറമെ വ്യക്തമായി കഥാപാത്രങ്ങൾ ജാതി പറയുന്നില്ലെങ്കിൽ കൂടി നായകൻ ദളിത്‌ ആണെന്ന വ്യക്തമായ വിശ്വാസത്തോടെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകൾ കാണേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. ചെന്നൈയിൽ ഗുണ്ടകളുടെ ഏരിയ എന്ന് ചാപ്പകുത്തിയ നോർത്ത് ചെന്നൈയിലെ ജീവിതങ്ങളെയും അവിടെ നിന്ന് അവർ കണ്ടെത്തുന്ന കഥാപാത്രങ്ങളെയും മറ്റു സംവിധായകർ എങ്ങനെ കാണുന്നുവെന്നും അവരിൽ നിന്ന് വ്യത്യസ്തമായി പാ രഞ്ജിത്ത് എങ്ങനെ കാണുന്നുവെന്നും ആ രണ്ടു സിനിമകളും നമുക്ക് വ്യക്തമാക്കിത്തരും. (രണ്ടും കൊമേഴ്സ്യല്‍ ഹിറ്റ്‌ ആണ്). We are not just your thesis subjects എന്ന് ദളിത്‌ ഇന്റലക്ച്വല്‍സ്,  സവർണ അക്കാദമീഷ്യൻസിനോട് പറയുന്നതിന്റെ ഒരു ചെറിയ വകഭേദം പോലെ. ചെന്നൈയിൽ വര്ഷങ്ങളോളം പഠിച്ച കൂട്ടുകാർ പോലും നോർത്ത് ചെന്നൈയിൽ അധികം പോയിട്ടില്ല എന്നോർക്കണം. രഞ്ജിത്ത് ചെയ്യുന്ന സിനിമകൾ ലോകോത്തരം ആണെന്ന ഒരു തോന്നലുമില്ല.

ഇനി സെൽവിയുടെ കാര്യം. സ്റ്റീരിയോടൈപിംഗ് വാദം അംഗീകരിക്കുന്നു എന്ന് ആദ്യമേ പറയട്ടെ.

1. സെൽവി എന്നല്ല കാലയോടു ചേർത്ത് നിർത്താതെ ഒരു കഥാപാത്രത്തെയും ഈ സിനിമയിൽ വായിക്കാൻ പറ്റില്ല. കാരണം കാലയായി വരുന്നത് രജനികാന്ത് ആണ്. ഇത് ഒരു പാ രഞ്ജിത്ത് സിനിമ പോലെ തന്നെ ഒരു രജനികാന്ത് സിനിമ കൂടെയാണ്. (എത്രതന്നെ പറയാണ്ടിരുന്നാലും). രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിന് ഇരുനിറമുള്ള ഭാര്യമാരെ കിട്ടിയത് തന്നെ രഞ്ജിത്ത് സിനിമകളിൽ ആണെന്ന് നാമോർക്കണം. പടയപ്പയിലെ രജനിയോട് എതിരിട്ടു നിൽക്കുന്ന രമ്യ കൃഷ്ണൻ അല്ലാതെ ‘സൂപ്പർ സ്റ്റാറി’ന്റെ സിനിമകളിൽ നായികയ്ക്ക് വലിയ അഭിനയ പ്രാധാന്യം പോലും നൽകിയതായി ഓർക്കുന്നില്ല. ആകാശത്തു നിന്നും രജനികാന്തിനെ മണ്ണിലേക്കിറക്കിയ സിനിമ കൂടിയാണ് കാലാ. (ഞാൻ ഒരു കടുത്ത ഓണ്‍സ്ക്രീന്‍ രജനി ആരാധകനാണ്). കാലയുടെ മരുമകൾ വെളുത്ത നിറമുള്ള യുവതിയാണ് (May be ranjith meant an inter-caste marriage). സൂപ്പർ സ്റ്റാറിനോട് തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ആർജ്ജവമുള്ള യുവതിയുണ്ട് ശക്തമായ കഥാപാത്രമായി.

സെൽവിക്ക് കാലയെ പോലെ അധികാരം കയ്യാളാൻ കഴിയുന്ന കഥാപാത്രമാകാൻ കഴിയാതിരുന്നതിനു പിന്നിൽ രജനികാന്ത് എന്ന സൂപ്പർ സ്റ്റാറാണ്. പക്ഷെ രാമനെയും, വിഷ്ണുവിനെയും കൊന്നിട്ടും, ബ്രാഹ്മണിക് അധികാര ബോധ്യങ്ങളെ നിറങ്ങളും, ചിഹ്നങ്ങളും, സംഭാഷണങ്ങളും കൊണ്ട് എതിരിട്ടിട്ടും സെന്‍സര്‍ ബോര്‍ഡ് മൗനവൃതം അനുഷ്ഠിക്കുന്നുണ്ടെങ്കിൽ അതിനു കാരണവും സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്. അതുകൊണ്ട് തന്നെയാണ് ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖയും സെക്സി ദുർഗയും വിവാദങ്ങളിലാക്കി ബാഹുബലിക്ക് നാഷണൽ അവാർഡ് നൽകുന്ന, പ്രിയങ്ക ചോപ്രയെ അധിക്ഷേപിച്ച് കൊണ്ടിരിക്കുന്ന അധികാര വ്യവസ്ഥിതി ഒരക്ഷരം മിണ്ടാതെ രാമന്റെ കൊലപാതകത്തിൽ കോപമടക്കി നിലകൊള്ളുന്നതെന്നും നാമോർക്കണം.

2. കാല പലപ്പോഴും സെൽവിയെ തീറ്റുന്ന സീനിനു കാരണവും ഇതാണ്. അട്ടകത്തി എന്ന സിനിമയിൽ നായകനു യാത്രയ്ക്ക് കാശ് കൊടുക്കുന്നതും, കുടുംബം നടത്താൻ പാടുപെടുന്നതും, എന്തിന്, മദ്യപിച്ചു വരുന്ന ഭർത്താവിനെ തെറി പറഞ്ഞുകൊണ്ട് ഭക്ഷണം വാരി നൽകുന്നതും ഭാര്യയാണ്.

3. സെൽവി, തന്റെ മകൻ വീട് വിട്ടു പോകുമ്പോൾ സെന്റി അടിക്കാതെ പോയി നല്ല സ്ഥലത്തു നിൽക്കണം എന്ന് സർക്കാസ്സിക്കുന്ന സ്ത്രീയാണ്. ധാരാവി വിട്ടു പുറത്തു പോകണം എന്ന് പറയുമ്പോൾ മക്കളോട് കാലയേക്കാൾ അധികം രോഷം രോഷം കൊള്ളുന്ന സ്ത്രീയാണ്. വെങ്കയ്യന്റെ കൊലപാതകത്തിൽ പ്രതികാരദാഹിയായി നിന്ന കാലയെ തിരിച്ചു കൊണ്ടുവന്ന സ്ത്രീയാണ്. സ്ത്രീപക്ഷവാദിയായ മകന്റെ കൂട്ടുകാരിയെ കലർപ്പുകളില്ലാതെ അംഗീകരിക്കുന്ന, സ്നേഹിക്കുന്ന ഓള്‍ഡ്‌ ജനറേഷൻ ആണ്. അവിടെ സെൽവി നമ്മൾ പഴയ ആൾക്കാരാണെന്ന് പറയുന്നില്ല.

അതായത് സെൽവി എന്ന കഥാപാത്രം സൂപ്പർ സ്റ്റാറിന്റെ ഭാര്യയായി നിന്നുകൊണ്ട് തന്നെ പലരിലും പലരുടെയും ഓർമ്മകൾ ഉണർത്തി എന്നതു തന്നെയാണ് വിജയം.

4. ഭർത്താവിനോടുള്ള സീരിയസ് സംസാരം സെൽവിക്ക് തമാശയാകുന്നത് അതു നഷ്ടങ്ങളെ മറന്ന് അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയുടെ കഥ ആയതുകൊണ്ടാകാം. സൂപ്പർ സ്റ്റാർ നായകൻ ആയതു കൊണ്ട് തുല്യത നൽകാനോ എന്നാൽ സ്വന്തം സിനിമ ആയതു കൊണ്ട് വെറും തൊട്ടാവാടി ആക്കാനോ കഴിയാത്ത സംവധായകൻ പാ രഞ്ജിത്ത് നൽകിയ രൂപഭാവമാവാം (compromisation). സെൽവിയുടെ മരണം നടന്നിട്ട് കൂട്ടക്കരച്ചിലുകൾ കാണിക്കാതെ വളരെ പെട്ടെന്ന് മീറ്റിംഗിലേക്കും, ghaana പാട്ടുകളിലേക്കും സംവിധായകൻ രംഗങ്ങൾ രംഗങ്ങൾ മാറ്റിയതും അതിനാലാകാം.

രഞ്ജിത്തിന്റെ സിനിമകൾ എല്ലാം കാണാനും അതിൽ ഓരോന്നിലും അദ്ദേഹം ദളിത്‌ കുടുംബങ്ങളെ ചിത്രീകരിച്ചിരിക്കുന്ന രീതിയും സംവാദത്തിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. ദളിത്‌ കുടുംബങ്ങളിലെ സ്ത്രീ പുരുഷ സമത്വതേക്കാൾ ഉപരി ദളിത്‌ ബഹുജൻ കുടുംബങ്ങളിലെ സ്ത്രീ പുരുഷന്മാരും അവരുടെ ജീവിതങ്ങളും അടയാളങ്ങളും ചിഹ്നങ്ങളും സൂപ്പർ ഹിറ്റ്‌ സിനിമകളിൽ ഇടം കണ്ടെത്തുന്നു എന്നുള്ളതാണ് പാ രഞ്ജിത്തിന്റെ വിജയം എന്നെനിക്കു തോന്നുന്നു. കൂടുതൽ രാഷ്ട്രീയ ശരികളുമായി അടുത്ത കൊമേഴ്സ്യല്‍ സിനിമ ചെയ്യാൻ അദ്ദേഹത്തിന് പിന്തുണയായി നിർമാതാക്കൾ മുന്നോട്ടു വരട്ടെ എന്ന് നമുക്കാശിക്കാം.

സെറിൻ, സീത ആകാമെന്നുള്ള ഒരു തിയറി ഉള്ളത് കൊണ്ട് ആ കഥാപാത്രത്തിന് നൽകിയ ശാക്തീകരണത്തെ പറ്റി കൂടുതൽ പറയുന്നില്ല.

ലെനിന്റെ പക്ഷമാണ് കൂടുതൽ ശരിയെന്നും രജനീകാന്തിനുള്ളത് കമ്മട്ടിപ്പാടത്തിലെ ദുൽഖർ സൽമാനെക്കാളും രക്ഷാകർതൃത്വം ആണെന്നുമാണ് കണ്ട മറ്റൊരു വാദം. കാല സിനിമയിൽ രഞ്ജിത്ത് സൃഷ്‌ടിച്ച മറ്റൊരു കഥാപാത്രമുണ്ട് – ‘പെരുമാൾ’. ലെനിനോടോപ്പം പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ലെനിൻ നിൽക്കുമ്പോൾ കസേരയിലിരുന്ന് ബോധവത്കരണം നടത്തുകയും, എന്നാൽ വിഷ്ണുവിനോട് കൂട്ട് കൂടുകയും, ‘മനു’ ബിൽഡേഴ്സിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യുന്ന പെരുമാൾ. ഒടുവിൽ ലെനിന്റെ അമ്മയും സഹോദരിയും കൊല്ലപ്പെടുമ്പോൾ പോലും ‘മനു’വിനു വേണ്ടി വാദിക്കുന്ന പെരുമാൾ. മനുവിനെ തകർക്കാൻ ഹാപ്പി എന്‍ഡിംഗ് ക്ലൈമാക്സിൽ നീലയ്ക്കൊപ്പം ചുവപ്പ് നിറം വാരി വിതറുമ്പോഴും, പെരുമാൾ ഒരു ചോദ്യചിഹ്നമാണ് – സ്വത്വവാദത്തിന്റെ അതിപ്രസരം ആരോപിക്കുന്നവരിൽ, ജനതയെ സംഘടിപ്പിച്ചു പോരാട്ടം നടത്തിയ ലെനിൻ ആണ് ശരി എന്ന് പറയുന്നവരോട്, നിങ്ങൾ ലെനിനെ എത്ര കാലം പുറത്തു നിർത്തി പെരുമാളിനു ഇരിക്കാൻ കസേര നൽകുമെന്നാണ് ചോദ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കയ്യടി പാ രഞ്ജിത്തിനാണ്; ആ സ്ത്രീകളെ തന്നതിന്, രജനിയെ തുറന്നു കാണിച്ചതിന്

റെജി ദേവ്

റെജി ദേവ്

ഡല്‍ഹിയില്‍ ഡോക്ടറായി ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍