UPDATES

സിനിമാ വാര്‍ത്തകള്‍

രാമലീല; ജിപി രാമചന്ദ്രന്റേത് വിധ്വംസക പ്രവര്‍ത്തനം, അപമാനം തോന്നുന്നുവെന്നു കമല്‍

ചലച്ചിത്ര അക്കാദമി അംഗമായ രാമചന്ദ്രനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമല്‍

നടന്‍ ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ കാമ്പയിന്‍ നടത്തിയ ചലച്ചിത്ര നിരൂപകന്‍ ജിപി രാമചന്ദ്രനെതിരേ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ രംഗത്ത്. ജിപി രാമചന്ദ്രന്റെ പ്രവര്‍ത്തികള്‍ അപമാനകരമാണെന്നാണ് കമല്‍ കുറ്റപ്പെടുത്തുന്നതെന്നു സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചലച്ചിത്ര അക്കാദമി അംഗം കൂടിയായ രാമചന്ദ്രനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കമല്‍ പറയുന്നത്.

രാമലീല ബിഷ്‌കരിക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അടിച്ചു തകര്‍ക്കണമെന്നും രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. രാമലീലയെ ഒരു അശ്ലീലചിത്രമെന്ന് ആക്ഷേപിക്കാനും രാമചന്ദ്രന്‍ തയ്യാറായിരുന്നു. ചിത്രത്തിനെതിരേ പൈറസി ആക്രമണം ഉണ്ടാകണമെന്ന ധ്വനിയില്‍ ആഹ്വാനം നടത്തുകയും ചെയ്തു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയെന്ന പേരില്‍ ദിലീപ് ചിത്രത്തിനെതിരേ പ്രസ്താവനകളുമായി രംഗത്തുവന്ന രാമചന്ദ്രന് അനുകൂലമായും പ്രതികൂലമായും നിരവധിപേര്‍ രംഗത്തു വന്നിരുന്നു. ഇതിനിടയില്‍ രാമചന്ദ്രനെതിരേ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട് ചേരിതിരിഞ്ഞുള്ള വാഗ്‌വാദങ്ങള്‍ മുറുകുമ്പോഴാണ് ചിത്രത്തിന് അനുകൂലമായും രാമചന്ദ്രനെ വിമര്‍ശിച്ചും കമല്‍ എത്തിയിരിക്കുന്നത്. നൂറ് ശതമാനവും അപലപനീയമായ ജി.പി. രാമചന്ദ്രന്റെ ആ വിധ്വംസക ‘ പോസ്റ്റില്‍ ‘ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും പോലെ എന്റെ പ്രതിഷേധവും ,അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്നാണ് കമല്‍ പറഞ്ഞത്. അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആ ജനറല്‍ കൗണ്‍സിലില്‍ അയാളും അംഗമാണ് എന്നത് തീര്‍ത്തും അപമാനകരമാണെന്ന് തന്നെ ഞാന്‍ കരുതുന്നതായും കമല്‍ കുറ്റപ്പെടുത്തി. ഈ കാര്യങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കമല്‍ അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായി അയാളെ നിശ്ചയിച്ചത് താനല്ലെന്നും സര്‍ക്കാരാണെന്നും അതിനാല്‍ രാമചന്ദ്രനെ പുറത്താക്കാനുള്ള അധികാരം തനിക്കില്ല, സര്‍ക്കാരിനാണ് സര്‍ക്കാര്‍ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാമെന്നും കമല്‍ വ്യക്തമാക്കുന്നു. ഫെഫ്കയും, ഫിലിം ചേംബറും രാമചന്ദ്രനെതിരായി മന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞെന്നും അതില്‍ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസമെന്നും കമല്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍