UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ക്യാമ്പസും പ്രണയവും സമാസമം ചേര്‍ത്ത് ഒരു ‘ദുരന്ത’ കാമുകി

കാമുകി കുറെ ഹിറ്റ് സങ്കൽപ്പങ്ങൾ കൂട്ടി വച്ച് ഹിറ്റ് ആക്കാൻ ശ്രമിച്ച സിനിമയാണ്. പേരിലെ പ്രണയം സിനിമയിൽ എവിടെയും അനുഭവപ്പെടാൻ സാധ്യതയില്ല.

അപര്‍ണ്ണ

അപർണ ബാലമുരളി ടൈറ്റിൽ റോളിൽ എത്തിയ സിനിമയാണ് കാമുകി. ഇതിഹാസക്കും സ്റ്റൈലിനും ശേഷം ബിനു സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഒരു ക്യാമ്പസ് പശ്ചാത്തലം അവകാശപ്പെടുന്ന സിനിമകളിൽ ഉള്ള ഉത്സവാഘോഷ൦ അവധിക്കാലത്ത് തീയറ്ററുകളിൽ ഓളമുണ്ടാക്കു൦ എന്ന പ്രതീക്ഷയിലാണ് സിനിമ തീയറ്ററുകളിൽ എത്തിയത്. ഹാസ്യവും ഉത്സവാഘോഷവും മുഖമുദ്ര ആക്കിയ സിനിമകൾക്ക് എല്ലാ വിഭാഗം പ്രേക്ഷകരും നൽകുന്ന പ്രതീക്ഷ ആണ് കാമുകിക്ക് പിന്നിലും ഉണ്ടായിരുന്നത്. ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാവുന്ന സിനിമയിൽ ബൈജുവും കാവ്യാ സുരേഷും ഒക്കെ മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നു. കാലടിയിലെ ശ്രീ ശങ്കര കോളേജ് ആണ് കഥാ പരിസരം. അവിടെ ജീവിച്ചിരുന്ന സംവിധായകന് പരിചയമുള്ള രണ്ടു പേരുടെ കഥയാണ് കാമുകി എന്ന് അപർണ ബാലമുരളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അച്ചാമ്മ വർഗീസ് ചെറുപ്പം മുതലേ കുസൃതികളും കുറുമ്പുകളും നിറഞ്ഞ പെൺകുട്ടിയാണ്. അവളുടെ കുറുമ്പുകൾ കൊണ്ട് പൊറുതി മുട്ടിയ അച്ഛൻ അച്ചാമ്മയോട് അവളുടെ ചേച്ചിയെ പോലെ ആകാൻ ഉപദേശിച്ചിരുന്നു. എന്നാൽ അച്ചാമ്മയുടെ കൗമാര കാലത്ത് ചേച്ചി സ്വന്തം ഇഷ്ടത്തിന് ഒരാളെ പ്രണയിച്ചു വിവാഹം ചെയ്തതോടെ അച്ചാമ്മക്കു വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ വന്നു. ഇതിൽ നിന്ന് പുറത്തു ചാടാനും സ്വതന്ത്ര ജീവിതം ആസ്വദിക്കാനും അച്ചാമ്മ കാലടി ശ്രീ ശങ്കര കോളേജിൽ എം എസ് ഡബ്ള്യൂവിനു ചേരുന്നു. ഈ കോഴ്സിന്റെ അനന്ത സാധ്യതകൾ പറഞ്ഞു വീട്ടുകാരെ ഭ്രമിപ്പിച്ചാണ് അവൾ കാമ്പസിലേക്ക് വരുന്നത്. പഠനത്തിൽ ഉഴപ്പി ക്യാമ്പസിന്റെ നിറങ്ങൾ ആസ്വദിച്ചു അവൾ അവിടെ ജീവിച്ചു തുടങ്ങുന്നു. ഇതിനിടയിൽ യാദൃശ്ചികമായാണ് അവൾ ഹരിയെ കാണുന്നത്. ആദ്യം ഒരു വഴക്കിൽ തുടങ്ങിയ അവരുടെ ബന്ധം പിന്നീട് സൗഹൃദമാകുന്നു. ഇതിനിടയിൽ എപ്പോഴോ അവൾക്കു ഹരിയോട് പ്രണയം തോന്നുന്നു. കോളേജിലെ ഓണാഘോഷ ദിവസം അവൾ ഹരിയോട് തന്റെ പ്രണയം പറയുന്നു. പിന്നീടുണ്ടാവുന്ന സംഭവങ്ങളിലാണ് കാമുകിയുടെ കഥ വികസിക്കുന്നത്.

പ്രേമത്തിന് കണ്ണില്ല സ്നേഹിതാ എന്ന ടാഗ് ലൈൻ ഉള്ള സിനിമയിൽ ക്യാമ്പസും പ്രണയവും ആണ് പ്രധാന ചേരുവകൾ എന്ന സൂചനകൾ തരുന്നുണ്ട് സിനിമയുടെ പരസ്യങ്ങളും പ്രമോഷനും. ഇത് രണ്ടും സമം ചേർത്തിറക്കുന്ന സിനിമകൾക്ക് വിജയ സാധ്യത ഉണ്ടെന്ന വിശ്വാസത്തിലാണ് അത്തരം ഒരു വാഗ്ദാനം. എന്നാൽ ഇവ രണ്ടിന്റെയും സാധ്യതകളെ ഉപയോഗിക്കാൻ പരാജയപ്പെട്ട ഒരു സിനിമയാണ് കാമുകി. ശ്രീ ശങ്കര കോളേജിന്റെയും കാലടിയുടെയും സാന്നിധ്യം പരസ്യത്തിൽ മാത്രം ഒതുങ്ങി. സിനിമയുടെ ക്യാമ്പസ് കാഴ്ചകൾക്ക് ഒട്ടും ആത്മാവില്ല. കുറെ തമാശകൾ എന്ന് തോന്നുന്ന രംഗങ്ങളും ആഘോഷ രംഗങ്ങളും കുത്തി നിറച്ച എന്തോ ആവണം ക്യാമ്പസ് എന്ന ബോധത്തിൽ നിന്നും ഏച്ചുകെട്ടി ഉണ്ടാക്കിയതാണ് സിനിമയിലെ ക്യാമ്പസ് രംഗങ്ങൾ. ഒന്നിനപ്പുറം മറ്റൊന്നായി യാതൊരു ബന്ധവുമില്ലാതെ ഇവ കടന്നു വരുന്നു. കഥാപാത്രങ്ങളുടെ സ്വഭാവത്തിനോ ചിന്തകൾക്കോ ഒന്നും ഒരു തുടർച്ചയുമില്ല. ഒരു രംഗത്തിൽ പറഞ്ഞതിന്റെ നേർ വിപരീതമായി അവർ അടുത്ത രംഗത്തിൽ പറയുന്നു, ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. കുറെ തേപ്പു കഥകളും ദ്വയാർത്ഥ ഹാസ്യവും ഒക്കെ ചേർന്ന് തട്ടിക്കൂട്ടിയാൽ ക്യാമ്പസ് ആണെങ്കിലും കയ്യടി വാങ്ങും എന്നൊക്കെയുള്ള ധാരണയിൽ നിന്നാണ് കുറെ രംഗങ്ങൾ കടന്നു വരുന്നത്. രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇങ്ങനെ പരസ്പര ബന്ധമില്ലാതെ കടന്നു വരുന്നവയാണ്.

വളരെ സന്തോഷത്തോടെ ജീവിതത്തെ കണ്ട ഒരു പെൺകുട്ടി പ്രണയ നിരാസത്തിന്റെ വാശിയിൽ അവനു വേണ്ടി നന്മകൾ ചെയ്തു തുടങ്ങുന്ന കാഴ്ചയൊക്കെ സിനിമയിൽ കടന്നു വരുന്നു. നന്നായി സംസാരിക്കുകയും ഇടപെടുകയും ജീവിതം ആഘോഷിക്കുകയും ചെയ്തു വരുന്ന ഒരുവൾ അതോടെ സിനിമയുടെ മൊത്തക്കച്ചവടക്കാരി ആകാൻ തീരുമാനിക്കുന്നു. ഒറ്റ ദിവസം കൊണ്ട് അവൾ നന്മകൾ ചെയ്തു തുടങ്ങുന്നു. കാലില്ലാത്ത ആൾക്ക് ചായക്കട ഇട്ടു കൊടുക്കുന്നു, അലഞ്ഞു തിരിയുന്നവർക്കു ഭക്ഷണം കൊടുക്കുന്നു, അവസാനം അങ്ങനെ വളരെ പ്രശസ്ത ആകുന്നു. നായകന്‍റെ അഞ്ചു മിനിറ്റ് ലക്ഷ്യബോധത്തെ കുറിച്ചുള്ള ക്‌ളാസ്സിന്റെ പെട്ടന്നുണ്ടായ ഫലമാണ് ഇത്രയും. ഒരാളെ ആകർഷിക്കാൻ പല വഴികളും പയറ്റി നോക്കുന്നവരെ പറ്റി കേട്ടിട്ടുണ്ട്. പക്ഷെ നന്മ പരീക്ഷിക്കുന്നത് കുറച്ചു കടന്ന കയ്യായി. ലക്ഷ്യ ബോധത്തെ പറ്റിയൊക്കെ സംസാരിക്കുന്ന നമ്മുടെ ഹീറോ പക്ഷെ സാഹചര്യങ്ങൾക്കനുസരിച്ചു ഇവളുടെ പ്രണയം വേണോ വേണ്ടയോ എന്ന കാര്യത്തിൽ പോലും തീരുമാനം എടുക്കാനാവാതെ കഷ്ടപ്പെടുന്നവൻ ആണ്. പക്വതയും കാര്യ ഗൗരവവും ആർജിച്ചവർ നന്നായി സംസാരിക്കുന്ന, ജീവിതത്തിലെ കുഞ്ഞു കാര്യങ്ങൾ ആഘോഷമാക്കുന്ന സ്വഭാവമൊക്കെ വെടിഞ്ഞു നിരാശാ ഭാവത്തിൽ ലോകത്തെ നോക്കി കാണണം എന്നൊക്കെ ഈ സിനിമക്ക് പിന്നിൽ ഉള്ളവർ വിശ്വസിച്ചു എന്ന് തോന്നുന്നു.

കോളേജിലെ ‘ചരക്ക്’ ടീച്ചറും തന്റെ മാറിടം വളരാൻ ഡോക്റ്ററെ വരെ കാണുന്ന പതിനേഴുകാരിയും പോലുള്ള തുണ്ടുകഥ ഭാവനകളും സിനിമയിൽ സമൃദ്ധമാണ്. മാറിട റെഫറൻസിലെ ഹോണടി ശബ്ദം കൂടി ആകുമ്പോൾ പൂർത്തിയായി. ഇതൊക്കെ കണ്ടു കൊണ്ടാവാം പ്രേക്ഷകർ നിർവികാരതയോടെ ആണ് കുറച്ചു കഴിഞ്ഞാൽ ഈ രംഗങ്ങളെ സ്വീകരിക്കുന്നത്. സ്കിറ്റ് സ്വഭാവമുള്ള ഹാസ്യങ്ങളും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. സമകാലീന മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ മോഹൻലാൽ അനുകരണം, പുകഴ്ത്തൽ, വിഗ്രഹവത്കരണം തുടങ്ങിയവ ഈ സിനിമയിലും മാറ്റമൊന്നുമില്ലാതെ തുടരുന്നുണ്ട്. കണ്ണിനെയും ഉൾക്കണ്ണിനെയും കുറിച്ചൊക്കെ ഉപദേശി ഡയലോഗുകൾ നിറഞ്ഞ സിനിമയിലെ സംസ്കൃതം പഠിപ്പിക്കുന്ന “ചാന്തുപൊട്ട്” മാഷ് പോലുള്ള സ്റ്റീരിയോ ടൈപ്പുകളുടെ സംസ്ഥാന സമ്മേളനമാണ് സിനിമ. ബംഗളൂരുവിൽ ജോലിക്കു പോകും വരെ അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി ജീൻസിട്ടു മുടി നീട്ടി വളർത്തിയ കാമുകന്റെ കൂടെ തിരിച്ചു വരുന്നത് പോലുള്ള രംഗങ്ങൾ ഹാസ്യമല്ല പൊതുബോധത്തിന്റെ മനസിന്റെ ചെറുപ്പത്തിന്റെ നേർ കാഴ്ചകളാണ്. അപർണ ബാലമുരളിയുടെ സ്ക്രീൻ പ്രെസെൻസ് കണ്ടിരിക്കാൻ ചില രംഗങ്ങളിൽ എങ്കിലും രസമുണ്ട്.

കാമുകി കുറെ ഹിറ്റ് സങ്കൽപ്പങ്ങൾ കൂട്ടി വച്ച് ഹിറ്റ് ആക്കാൻ ശ്രമിച്ച സിനിമയാണ്. പേരിലെ പ്രണയം സിനിമയിൽ എവിടെയും അനുഭവപ്പെടാൻ സാധ്യതയില്ല. സ്കിറ്റ് ഹാസ്യങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ ഇഷ്ടമുള്ളവർക്ക് ചിലപ്പോൾ രസിച്ചേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍