UPDATES

സിനിമ

ലീല/അഭിമുഖം: കരിന്തണ്ടന് ജീവന്‍ വയ്പ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ അതെന്റെ ഉത്തരവാദിത്തമാണ്

കരിന്തണ്ടന്‍ ഒരു മിത്താണ്. ആര്‍ക്കും ഏതു തരത്തില്‍ വേണമെങ്കിലും ചിന്തിക്കാം, അതിനെക്കുറിച്ച് സിനിമ എഴുതാം, നാടകം എഴുതാം അങ്ങനെ എന്തുമാകാം.

അനു ചന്ദ്ര

അനു ചന്ദ്ര

കേരളത്തില്‍  ആദിവാസി സമൂഹത്തില്‍ നിന്ന് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്ത ആദ്യ സ്ത്രീയായ ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിന്തണ്ടന്‍. കളക്ടീവ് ഫേസ് വണ്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ ‘ബ്രിട്ടീഷുകാര് വയനാട്ടിലേക്കു വന്ത കാലത്തു അവരക്കു മലെമ്പെ കേറുവുള എളുപ്പ വയികാട്ടി കൊടുത്ത കരിന്തണ്ടനെ വഞ്ചികെത’ എന്ന് പോസ്റ്ററില്‍ പറഞ്ഞുകൊണ്ട് ചരിത്രത്തിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകാന്‍ ഒരുങ്ങുകയാണ് ലീല. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് ലീലയുമായി അനു ചന്ദ്ര സംസാരിക്കുന്നു

‘ഞങ്ങളുടെ കഥ ഞങ്ങള് പറയാം’ എന്ന ഈ ആത്മവിശ്വാസത്തിന്റെ പ്രചോദനം?

കനവ് എന്ന പ്രസ്ഥാനത്തില്‍ നിന്നാണ് എന്റെ തുടക്കം. അവിടെ നിന്നുമാണ് സിനിമ ജീവിതത്തിന്റ ഭാഗമായി തീരുന്നതും. ആദിവാസികളുടെ ഗദ്ദിക എന്ന നാടന്‍ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുവാനായി കെ ജെ ബേബി പനമരത്ത് 1994-ല്‍ ആരംഭിച്ച സംഘടനയാണിത്. കുട്ടികളുടെ ഉള്ളിലെ സര്‍ഗാത്മകമായ കഴിവുകള്‍ കണ്ടെത്തി അതിനെ പരിപോഷിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ ശുദ്ധിയോടെ തുടങ്ങി വച്ച ഒരു സംഘടന അതാണ് കനവ്. സിനിമയെന്ന താല്‍പ്പര്യം വളരുന്നത് അവിടെ നിന്നാണ്. പിന്നീട് കെ ജെ ബേബി സാറിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ഗുഡ എന്ന ഒരു ഷോട്ട് ഫിലിമില്‍ സഹസംവിധായകയായി പ്രവര്‍ത്തിച്ചു. പിന്നീട് ഡോകുമെന്ററി, സിനിമാ എന്നിങ്ങനെയുള്ള മധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് തനെയാണ് സജീവമാകുന്നതും. ഇപ്പോള്‍ നാലഞ്ച് വര്‍ഷമായി കരിന്തണ്ടന്‍ എന്ന സിനിമക്ക് പിറകെ നടക്കുന്നു.

ബ്രിട്ടീഷുകാര്‍ക്ക് വയനാടന്‍ ചുരം നിര്‍മ്മിക്കാനുള്ള പാത കാണിച്ചുകൊടുത്തത് കരിന്തണ്ടനായിരുന്നു. പണിയ സമുദായത്തിന്റെ മൂപ്പനായിരുന്ന കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ കഥ കണ്ടെത്തുക എന്ന കാര്യം എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നല്ല. എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഞങ്ങള്‍ക്കിടയില്‍ കരിന്തണ്ടന്റെ സാന്നിധ്യം പല പല കഥകളിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഞങ്ങളുടെ സമൂഹം ഇന്നും ജീവിക്കുന്നത് കരിന്തണ്ടനൊപ്പം തന്നെയാണ്. പക്ഷെ കരിന്തണ്ടന് ജീവന്‍ വെയ്പ്പിക്കുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ അതുമായി ബന്ധപ്പെട്ട് ചരിത്രപരമായ ഒരുപാട് ആലോചനകളിലൂടെയാണ് ഈ പ്രോജക്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

കരിന്തണ്ടനുമായി ലീല ചുരമിറങ്ങി വരുന്നത് ഒരു വലിയ സിനിമാ കൂട്ടായ്മയിലേക്കാണ്. കൃത്യമായ ഇടത്ത് എങ്ങനെ എത്തിച്ചേര്‍ന്നു?

സ്‌ക്രിപ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്തത്. പിന്നീട് എനിക്ക് തൃപ്തികരമെന്ന് തോന്നിയ നിമിഷം രാജീവ് രവി സാറിന്റെ നമ്പര്‍ കണ്ടെത്തി അദ്ദേഹവുമായി സംസാരിച്ചു. അങ്ങനെ സര്‍ നേരിട്ട് സ്‌ക്രിപ്റ്റ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ ആ രീതിയില്‍ മുന്‍പോട്ട് പോയി. സ്‌ക്രിപ്റ്റ് വായിച്ച സര്‍ പ്രോജക്ട് ചെയ്യാന്‍ താല്‍പര്യപ്പെടുകയുണ്ടായി. അങ്ങനെയാണ് കളക്റ്റീവ് ഫേസ് വണ്‍ എന്ന കൂട്ടായ്മയില്‍ എത്തിച്ചേരുന്നത്.

ആദിവാസി സമൂഹത്തില്‍ നിന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ ഇന്‍ഡസ്ട്രിക്കകത്ത് എന്തെങ്കിലും വിധത്തിലുള്ള മാറ്റി നിര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?

ഇല്ല. ഒന്നാമത്തെ പക്ഷം ഞാന്‍ ഇപ്പോള്‍ സിനിമയുടെ ഉള്ളിലേക് കടന്നു വരുന്നേ ഒള്ളു. എന്നാല്‍ അത്തരമൊരു വലിയ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല വാസ്തവത്തില്‍. പിന്നെ മുന്‍പ് ചെയ്ത വര്‍ക്കുകളില്‍ കൂടെ വര്‍ക്ക് ചെയ്യുന്നവരുടെ ചില നോട്ടങ്ങള്‍, ചില ഒഴിച്ചുനിര്‍ത്തലുകള്‍ നിറഞ്ഞ പെരുമാറ്റങ്ങള്‍ അതൊക്കെ ചെറിയ തോതില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും എന്തുചെയ്താലും ഞാനെന്റെ വഴിയില്‍ തന്നെയാണ്. കാരണം മുള്ള് വെട്ടി തെളിച്ചാലല്ലേ ഭൂമി ഉണ്ടാവൂ… … അതു പോലെ നമ്മള്‍ വെട്ടിത്തെളിച്ചു മുന്‍പോട്ട് പോവുകയാണ്.

കലാഭവന്‍ മണിയില്‍ നിന്നും വിനായകനിലേക്ക്?

ചരിത്ര ദൗത്യമായ ഈ സിനിമയെ പറ്റി കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിന്തയില്‍ എന്റെ മനസ്സിലെത്തിയ കരിന്തണ്ടന്റെ രൂപം വിനായകന്റേതായിരുന്നില്ല വാസ്തവത്തില്‍. അത് കലാഭവന്‍ മണിയുടേതായിരുന്നു. ‘ശരീര പ്രകൃതവും സാദൃശ്യവും വച്ച് നോക്കിയാല്‍ മണിച്ചേട്ടനായിരുന്നു അതിന് ഏറ്റവും യോജിച്ച ആള്‍ എന്നെനിക്ക് തോന്നിയിരുന്നു. അന്ന് വിനായകന്‍ ഇത്രമാത്രം പ്രേക്ഷപ്രീതി നേടിയ നടനായിരുന്നില്ല. പിന്നീട് മണിചേട്ടന്‍ മരിക്കുന്നു, കമ്മട്ടിപാടം വരുന്നു. കമ്മട്ടിപ്പാടത്തിലൂടെ അദ്ദേഹം (വിനായകന്‍) പോപ്പുലര്‍ ആയി മാറി. അങ്ങനെ കമ്മട്ടി പടത്തിനു ശേഷമാണ് വിനായകന്റെ രൂപം മനസ്സിലേക്ക് എത്തിയത്. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ എന്റെ കഥാപാത്രമായ കരിന്തണ്ടന്‍ ചെയ്യാന്‍ എന്തുകൊണ്ടും ഏറ്റവും മികച്ച നടന്‍ വിനായകന്‍ തന്നെയാണ്. എന്റെ കരിന്തണ്ടനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിനായകനെ കഴിയൂ. ആ പ്രതീക്ഷയും രാജീവ് സാറിന്റെ നിര്‍ദ്ദേശവും കൂടിയായപ്പോള്‍ ഞാന്‍ വിനായകനുമായി സംസാരിച്ചു. അങ്ങനെയാണ് അത് സംഭവിക്കുന്നത്.

വിനായകനുമായുള്ള ഇടപെടലുകള്‍?

സമയപരിമിതി മൂലം ആദ്യ കൂടിക്കാഴ്ചയില്‍ അദ്ദേഹവുമായി ദീര്‍ഘസമയം സംസാരിക്കാന്‍ എനിക്ക് സാധിച്ചില്ല. എങ്കില്‍ കൂടിയും അദ്ദേഹം പരമാവധി പൊസിറ്റിവ് ആയി സംസാരിച്ചു. പിന്നീട് പോയപ്പോള്‍ നമുക്ക് എന്തായാലും ഈ സിനിമ ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു അദ്ദേഹം സംസാരിച്ചത്.

കരിന്തണ്ടന്റെ കാര്യത്തിലെ ഗോപകുമാറിന്റെ പ്രസ്താവനയും, അതിനെ തുടര്‍ന്നുള്ള വിവാദത്തെ കുറിച്ചും താങ്കള്‍ എന്ത് പറയുന്നു?

അക്കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല. പിന്നെയുള്ള ഒരു കാര്യം എന്താണെന്നു വച്ചാല്‍ കരിന്തണ്ടന്‍ ചെയ്യുക എന്നത് എന്റെ ഒരു ഉത്തരവാദിത്തമാണ് എന്ന ബോധ്യം തീര്‍ച്ചയായും എനിക്കുണ്ട്. എന്റെ ജീനില്‍ പെട്ടയാളാണ് കരിന്തണ്ടന്‍. അതുകൊണ്ടുതന്നെ കരിന്തണ്ടനെക്കുറിച്ച് പുറംലോകം അറിയണമെന്നുള്ളത് എന്റെ ഉത്തരവാദിത്വം തന്നെയാണ്. ഓരോ സംവിധായകര്‍ക്കും അവരുടെതായ ഇമാജിനേഷന്‍സ് ഉണ്ടായിരിക്കും. ക്രിസ്തുവിനെക്കുറിച്ച് ആവട്ടെ ബുദ്ധനെക്കുറിച്ച് ആവട്ടെ, ഓരോ ആളുകള്‍ക്കും ഓരോ തരത്തിലായിരിക്കും ചിന്തകള്‍. അതുപോലെതന്നെ കരിന്തണ്ടന്‍ ഒരു മിത്താണ്. ആര്‍ക്കും ഏതു തരത്തില്‍ വേണമെങ്കിലും ചിന്തിക്കാം, അതിനെക്കുറിച്ച് സിനിമ എഴുതാം, നാടകം എഴുതാം അങ്ങനെ എന്തുമാകാം. അത് ഒരു കലാകാരന്റെ അവകാശമാണ്. അദ്ദേഹം ആ സിനിമ ചെയ്യുകയാണെങ്കില്‍ അത് നല്ല കാര്യമാണ്. ആ പ്രോജക്ടുമായി അദ്ദേഹം മുന്നോട്ട് പോകട്ടെ. കലാപരമായി ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. മറ്റു കാര്യങ്ങള്‍ ഒന്നും ഇതില്‍ പറയാന്‍ ഇല്ല.


സ്ത്രീ സംവിധായക, ആദിവാസി സംവിധായിക- ഇത്തരം വിശേഷണങ്ങളിലൂടെ വാസ്തവത്തില്‍ ഒരു മാറ്റിനിര്‍ത്തല്‍ കൂടി അല്ലേ സംഭവിക്കുന്നത്?

ഞാന്‍ ആദിവാസിയാണ്. അതു ഞാന്‍ മുന്‍പേ വ്യക്തമാക്കിയ കാര്യവുമാണ്. പിന്നെ അത് വീണ്ടും വീണ്ടും എടുത്തു പറഞ്ഞു കേള്‍ക്കുമ്പോള്‍ എനിക്ക് മാനസികമായ പ്രശ്‌നമൊന്നുമില്ല. പക്ഷെ നിങ്ങള്‍ അതിങ്ങനെ എടുത്തു പറയുമ്പോള്‍ ആദിവാസി എന്നത് നിങ്ങളുടെ മനോഭാവമാണ് എന്നതാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ് ഞാന്‍ ആദിവാസി ആണെന്ന്.

ആദിവാസി സമൂഹത്തിനകത്ത് സിനിമയുമായി ബന്ധപ്പെട്ട് എത്തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്?

ഒരുപാട് പിന്തുണ ലഭിക്കുന്നുണ്ട്. നമ്മളുടെ ഇടയില്‍ നിന്ന് ആരു ചെയ്താലും ഭാവിയില്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം എന്നെ ഉള്ളു.

ഇന്‍ഡസ്ട്രിക്കത്ത് സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലത്ത് ഒരു തുടക്കക്കാരി എന്ന നിലയില്‍ താങ്കള്‍ ഏതു സംഘടനയോട് ആയിരിക്കും അനുഭാവം വച്ചു പുലര്‍ത്തുക?

ഞാന്‍ അതിനെ പറ്റി ചിന്തിച്ചിട്ടില്ല. വ്യക്ത്യധിഷ്ഠിതമായി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, താത്പര്യപ്പെടുന്ന ഒരാളാണ് ഞാന്‍. വ്യക്തിപരമായ തീരുമാനങ്ങള്‍ക്കനുസരിച്ച് ആണ് നിലകൊള്ളുന്നത്. ഇനി അത്തരമൊരു സാഹചര്യം വന്നു കഴിഞ്ഞാല്‍ സത്യമേതോ അതിനോടൊപ്പമേ ഞാന്‍ നില്‍ക്കൂ.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍