UPDATES

സിനിമ

കരിന്തണ്ടൻ; ഒരു കനവ്‌ ചുരമിറങ്ങി വരുന്നുണ്ട്, ചരിത്രമാകാന്‍

വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി 2010-ല്‍ സംവിധാനം ചെയ്ത ‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്

പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രഹാമണ്ഡചിത്രം കാലാ ഇവിടുത്തെ ദളിത് ജീവിതങ്ങളുടെ ഉയർച്ചയും പോരാട്ടവും ഉല്ലേഖനം ചെയ്തപ്പോള്‍ അത് ഇന്ത്യയിലുടനീളമുള്ള ദലിതന്‍റെ ആത്മാഭിമാനത്തിന്‍റെ വിഷയം കൂടെ ആയിത്തീര്‍ന്നിരുന്നു. മലയാളത്തില്‍ നിന്നും സമാനമായൊരു ചിത്രം വരാന്‍ പോവുകയാണ്. ആദ്യത്തെ ആദിവാസി സംവിധായികയായ ലീല സന്തോഷ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം കരിന്തണ്ടൻ മൂപ്പന്‍റെ ചരിത്രമാണ് സിനിമയാക്കുന്നത്. വയനാട്ടിലെ പശ്ചിമഘട്ട മലനിരകള്‍ക്കിടയിലൂടെ ഒമ്പത്‌ കൊടിയ ഹെയർപിൻ വളവുകൾ വെട്ടി റോഡ്‌ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് എൻജിനീയർമാർക്ക് വഴി കാണിച്ചുകൊടുത്ത ആദിവാസി മൂപ്പനായ കരിന്തണ്ടന്‍റെ ഉയർച്ചയും പോരാട്ടവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

വയനാട്ടിലെ പണിയ സമുദായത്തിലെ തലവനായിരുന്ന കരിന്തണ്ടന്‍ 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. കരിന്തണ്ടന്‍റെ കഥ കേവലമൊരു ഐതിഹ്യമാണെന്നും അല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. വയനാടന്‍ കാടിന്‍റെ ഒരോ മുക്കും മൂലയും അറിയാമായിരുന്നു അദ്ദേഹത്തിന്. ബ്രിട്ടീഷുകാര്‍ക്ക് ഇടതൂർന്ന വനത്തിനുള്ളിലൂടെ ലക്കിടിയിലേക്കുള്ള വഴി കാണിച്ചു കൊടുത്തത് കരിന്തണ്ടനാണ്. കാനന പാത നിര്‍മ്മിക്കുന്നവര്‍ക്ക് ബ്രിട്ടീഷ് വൈസ്രോയി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിഫലവും പ്രശസ്തിയും നേടാന്‍ വേണ്ടി കരിന്തണ്ടനെ കൊല്ലാൻ എൻജിനീയർ പദ്ധതിയിട്ടു. അവനെ ഒരു കുന്നിന്‍റെ മുകളിലേക്ക് കൊണ്ടുപോയി വെടിവച്ചു കൊന്നു. എന്നിരുന്നാലും വയനാട്ടുകാര്‍ കരിന്തണ്ടൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നു.

2016-ൽ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് കരസ്ഥമാക്കിയ വിനായകനാണ് കരിന്തണ്ടനെ അവതരിപ്പിക്കുന്നത്. തന്‍റെ സ്വപ്ന പദ്ധതിയാണ് കരിന്തണ്ടനെന്ന് ‘അഴിമുഖത്തിന്’ അനുവദിച്ച അഭിമുഖത്തില്‍ ലീല പറയുന്നു. ‘കഴിഞ്ഞ മൂന്നു വർഷത്തോളം ഗൃഹപാഠം ചെയ്തു. നൂറുകണക്കിനു ആളുകളുമായി സംസാരിച്ചു. കരിന്തണ്ടനെക്കുറിച്ച് കൂടുതൽ അറിയാൻ നൂറുകണക്കിന് കഥകൾ വായിക്കുകയും കാണുകയും ചെയ്തു. ഒടുവില്‍, എന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോവുകയാണ്’ തികഞ്ഞ ആത്മവിശ്വാസത്തോടെ ലീല പറഞ്ഞു.

ആദിവാസികള്‍ അല്ലാത്തവര്‍ പറയുന്നതുപോലെ കരിന്തണ്ടനെന്നാല്‍ വൈദേശികര്‍ക്ക് വഴി കാണിച്ചുകൊടുത്ത ഒരാള്‍ മാത്രമല്ല. ഒരിതിഹാസമാണ്. അദ്ദേഹത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തില്‍ നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമിക്കുമെന്നും ലീല പറയുന്നു. മരണശേഷം കരിന്തണ്ടന്‍റെ ആത്മാവ് അതുവഴിയുള്ള യാത്രികര്‍ക്ക് മുന്‍പില്‍ തടസ്സം സൃഷ്ടിക്കാന്‍ തുടങ്ങിയെന്നും, നിരവധി അപകടങ്ങൾ സംഭവിച്ചുവെന്നും ഒരു കഥയുണ്ട്. തത്ഫലമായി, നാട്ടുകാര്‍ പ്രശസ്തനായ തന്ത്രിയെ കൊണ്ടുവന്ന് കരിന്തണ്ടന്‍റെ ആത്മാവിനെ ഒരു വലിയ ആല്‍മരത്തില്‍ ചങ്ങലകൊണ്ട് ബന്ധിച്ചു. ഈ വൃക്ഷം ‘ചങ്ങല മരം’ എന്ന പേരില്‍ അറിയപ്പെടുന്നു. വയനാട്ടിലെ ലക്കിടിയിൽ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ കാഴ്ചയാണിത്.

റസൂൽ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വൺ ആണ് ചിത്രം നിർമിക്കുന്നത്. 2014 മുതൽ കിസ്മത്ത്, ഞൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ചിത്രങ്ങള്‍ ഇതേ ബാനറില്‍ പുറത്തിറങ്ങിയിരുന്നു. ഡിസംബറിൽ നിർമാണം തുടങ്ങുമെന്നും, അതിനു മുന്‍പ് ചില മിനുക്കുപണികള്‍കൂടെ ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്നും സംവിധായിക പറയുന്നു. ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നതില്‍ വിനായകനും ഏറെ സന്തോഷവാനാണ്.

എന്തുകൊണ്ടാണ് ഇത്തരം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ലീല പറഞ്ഞത് സ്വന്തം കമ്യൂണിറ്റിയില്‍ നിന്നുള്ള നേതാവിന്‍റെ കഥ പറയുക എന്നത് തന്‍റെ വലിയൊരു ആഗ്രഹമായിരുന്നുവെന്നാണ്. ‘കാഴ്ച്ചക്കാരുടെ സൗകര്യാര്‍ത്ഥം ഗോത്രഭാഷയും ആധുനിക ഭാഷയും സംയോജിപ്പിച്ചുകൊണ്ട് കഥ പറയാനാണ് ശ്രമിക്കുന്നത്. വസ്തുതകൾ നഷ്ടമാകാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതേ സമയം കുറച്ച് ഫിക്ഷൻ ചേരുവകളും ഉണ്ടാകും’ ഔപചാരികമായി ചലച്ചിത്ര പഠനം നടത്താത്ത ലീല പറയുന്നു.

വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി 2010-ല്‍ സംവിധാനം ചെയ്ത ‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. ആദിവാസി കുട്ടികളുടെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും ആദിവാസി സംസ്കാരത്തെ സംരക്ഷിക്കാനും 1994-ല്‍ കെ.ജെ ബേബി പനമരത്ത് ആരംഭിച്ച കനവ് എന്ന ഗുരുകുലത്തില്‍ നിന്നാണ് ലീല ബദല്‍ വിദ്യഭ്യാസം നേടിയത്. കനവ് എന്നാല്‍ സ്വപ്നം എന്നര്‍ത്ഥം. ഇതിലൂടെയാണ് ലീല സന്തോഷ് സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. ഒരു കനവ്‌ ചുരമിറങ്ങി വരുന്നുണ്ട്, ചരിത്രമാകാന്‍.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍