UPDATES

സിനിമ

നടിയെ അധിക്ഷേപിച്ചവന് ദുബായിൽ ജോലിയാണ് ഓഫറെങ്കിൽ റേപ്പ് ചെയ്തവന് അമേരിക്കയിൽ തോട്ടവും വീടും ആകുമോ പാരിതോഷികം..?

പെണ്ണിന്‍റെ അരക്കെട്ട് പിടിച്ചു കുലുക്കുന്ന വീരത്വം കാണാൻ ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറുന്നവരുടെ എണ്ണം വരുംനാളുകളിൽ കൂടുതൽ ചുരുങ്ങും

മഴയിൽ കുളിച്ച് മുറിയിലേക്ക് ഓടിക്കയറുന്ന നായകനും നായികയും. നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ. മുറിയുടെ മൂലയിലേക്ക് മാറി നിന്ന് വസ്ത്രം മാറുന്ന നായിക. ബ്ളൗസ് ഊരിമാറ്റുന്നതിനിടെ ഉയരുന്ന നഗ്നമായ കൈത്തണ്ടകളുടെ ക്ളോസപ്പ്. വികാരപരവശനാകുന്ന നായകൻ. പൊടുന്നനെ മഴ കനക്കുന്നു, പിറകെ കാറ്റും ഇടിമിന്നലും. ഭയചകിതയായി അരികിലേക്ക് ഓടിയെത്തി നായകന്‍റെ മാറിൽ അഭയം തേടുന്ന നായിക. അവളുടെ മുടിയിഴകളിലൂടെ പടരുന്ന അവന്‍റെ വിരലുകൾ, പരസ്പരം പുണരുമ്പോൾ മേശവിളക്കിലേക്കോ മുകളിൽ കറങ്ങുന്ന ഫാനിലേക്കോ വഴിമാറുന്ന ദൃശ്യം, തൊട്ടുപിറകെ പൊട്ടിവിടരുന്ന പ്രഭാതവും. എത്രയോ കണ്ടിരിക്കുന്നു മലയാള സിനിമ ഇതെല്ലാം.

പിന്നെയുമുണ്ട്, കോളേജ് വരാന്തയിലൂടെ പുസ്തകക്കെട്ടും മാറത്തടുക്കി നടന്നു നീങ്ങുന്ന നായിക. തിടുക്കത്തിൽ പോകുന്ന നായകന്‍റെ കൈതട്ടി താഴെ വീണ് ചിതറുന്ന പുസ്തകങ്ങൾ. ക്ഷമാപണം നടത്തുന്ന നായകന്‍റെ നേർക്ക് അവളുടെ കാതരമായ നോട്ടം. പിന്നെ, ഗാനരംഗമാണ്. സ്ക്രീനിന്‍റെ ഇടത്തും വലത്തും നിന്നുമായി അൽപ്പവസ്ത്രധാരിണികളായ കുറേപേർ ഓടിയെത്തും. മരം ചുറ്റിയാടുന്ന നായികക്കും നായകനും ചുറ്റിലും നിന്ന് അവരും ആടും, തനനം തനനം എന്നോ ഓഹോ ഓഹോ എന്നോ ചുണ്ടനക്കും. ഇതും കണ്ടിട്ടുണ്ട് കുറെ.

നായകന്‍റെ ഹീറോയിസത്തിന് വേദിയാകാൻ വില്ലന്മാരാൽ അപമാനിക്കപ്പെടുന്നവൾ, സാരി അഴിച്ചുമാറ്റവെ വാതിൽ തകർത്ത് അകത്തു കടന്ന് വില്ലനെ ഇടിച്ച് മലർത്തുന്ന നായകനെ നോക്കി കൈകൂപ്പി നിൽക്കുന്നവൾ, ഇങ്ങിനെയും കടന്നുപോയി ഏറെക്കാലം. ഇതിനിടയിൽ സർവ്വംസഹയായ അമ്മ രൂപങ്ങളെയും ജീവിത യാഥാർത്ഥ്യങ്ങളോട് ഒറ്റക്ക് പടവെട്ടുന്നവളായി തെറ്റിദ്ധരിപ്പിക്കുന്ന, എന്നാൽ നായകന്‍റെ ആശ്ളേഷത്തിൽ എല്ലാം മറക്കുന്ന ഉരുകിയൊലിച്ച മെഴുകുതിരികളെയും കണ്ടു. കരുത്തുറ്റ പെണ്ണ് എന്ന് കന്മദം പോലുള്ള ചിത്രങ്ങൾ കഥാപാത്രത്തിന് അടിക്കുറിപ്പിട്ടപ്പോൾ സ്ത്രീശാക്തീകരണത്തിന്‍റെയോ സ്ത്രീ പുരുഷ സമത്വത്തിന്‍റേയോ ഏഴയലത്തൊന്നും മലയാള സിനിമാ ചരിത്രത്തിൽ ഇവ അടയാളപ്പെടുത്താതെ പോയത് ആഴമില്ലാത്ത കഥാപാത്ര നിർമ്മിതികൾ കൊണ്ടാണ്. കയ്യിൽ വെട്ടുകത്തി ഉള്ളതു കൊണ്ടുമാത്രം നായിക കരുത്തുറ്റവൾ ആകണം എന്നില്ലല്ലോ. കവിളിലെ കാണാനിലാവിൽ കനവിന്‍റെ കസ്തൂരി ചാർത്താം എന്ന് നായകൻ പറയുമ്പോഴേക്കും കത്തി താഴെയിട്ട് അവന്‍റെ മാറിൽ കുഴഞ്ഞു വീഴുന്ന കരുത്തേ കണ്ടിട്ടുള്ളൂ എന്നും മലയാളം. എന്തിന് സിനിമയെ പഴിക്കണം, മലയാളിക്ക് എന്നും ആവശ്യവും ആഗ്രഹവും ഇതുമാത്രമായിരുന്നു. വാണിജ്യ വിജയത്തിനും ആരാധകക്കൂട്ടങ്ങളുടെ ആർപ്പുവിളികൾക്കും മീതെ മംഗലശ്ശേരി നീലകണ്ഠന്മാർ കുടിച്ച് കൂത്താടിയത് കാലം ആഘോഷിച്ചപ്പോൾ കാൽച്ചിലങ്ക ഊരിയെറിഞ്ഞ ഭാനുമതിമാർ അവഗണിക്കപ്പെട്ടു.

ഫാന്‍സിന്റെ കലിപ്പ് തീരുന്നില്ല: പൃഥ്വിരാജ് – പാര്‍വതി ചിത്രം മൈ സ്റ്റോറിയ്‌ക്കെതിരെ ഡിസ്‌ലൈക്ക് കാംപെയിന്‍

ഇതിനിടയിൽ രോമാഞ്ചത്തോടെ ഓർക്കാൻ ഒരു ക്ളാര പിറന്നു എന്ന വാഴ്ത്തൽ ഇപ്പോഴും കേൾക്കാം. മണ്ണാർത്തൊടി ജയകൃഷ്ണന്‍റെ ആ തോൽവി മാത്രം മലയാളത്തെ പുളകം കൊള്ളിച്ചു. പ്രണയവും രതിയും കരകവിഞ്ഞൊഴുകിയ രാത്രിയിൽ തിരയും മണലും പോൽ തീരത്ത് ജയകൃഷ്ണനും ക്ളാരയും പരസ്പരം പുണർന്നപ്പോൾ നെറ്റി ചുളിച്ച സദാചാരത്തിന് മീതെ ആസക്തിയുടെ തീ കോരിയിട്ടു. ജയകൃഷ്ണനെ മടിയിൽ കിടത്തിയുള്ള ക്ളാരയുടെ തടി കോൺട്രാക്ടറേ എന്ന വിളി യൂ ട്യൂബിൽ വീണ്ടും വീണ്ടും കേട്ട് മലയാളി ധൃതംഗപുളകിതനാകുന്നു എങ്കിൽ അതിന് ഒരു കാരണം സുമലതയുടെ അനന്യമായ ഉടലഴക് കൂടിയാണ്. വൈശാലിയുടെ പൊക്കിളിന്‍റെ വലിപ്പവും വയറിന്‍റെ വിസ്തൃതിയും നോക്കി നെടുവീർപ്പിട്ട മലയാള സിനിമ എന്നും അഭിരമിച്ചത് നായികയുടെ ഉടലളവും അഴകും പകർന്ന വിപിനകാന്തിയിൽ മാത്രമെന്ന് ചുരുക്കം. മീൻകറി നല്ല സ്റ്റൈലായി വെക്കണം എന്ന് പാതിയടഞ്ഞ വാതിൽ ചാരി നിൽക്കുന്ന ശോഭനയോട് നാടോടിക്കാറ്റില്‍ ലാലേട്ടൻ പറയുന്നത് ഓർമ്മയുണ്ടല്ലോ. അന്നുമിന്നും സ്റ്റൈലായി മീൻകറി വെക്കുന്ന പെണ്ണിന് മാത്രമാണ് കയ്യടി, സിനിമയിലും നിത്യ ജീവിതത്തിലും. കസബയിലെ കഥാപാത്രം അരക്കെട്ട് പിടിച്ച് കുലുക്കിയതും എതിരിടാൻ ആരും വരില്ലെന്ന ആ ധൈര്യത്തിൽ തന്നെ. ആ തന്‍റേടവും ധിക്കാരവും പൊളിച്ചടുക്കിയതിന്‍റെ അസഹിഷ്ണുതയാണ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവന് ദുബായിൽ ജോലി ഓഫർ ചെയ്ത് തീർക്കുന്നത്. 

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം

സൂപ്പർതാര കഥാപാത്രത്തെ വിമർശിച്ച നടിയെ അധിക്ഷേപിച്ചവന് ദുബായിൽ ജോലിയാണ് ഓഫറെങ്കിൽ റേപ്പ് ചെയ്തവന് അമേരിക്കയിൽ തോട്ടവും വീടും ആകുമോ പാരിതോഷികം..? സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചോ, അതിലേർപ്പെടുന്നവർക്ക് നൽകുന്ന പിന്തുണ പോലും കുറ്റമാണെന്ന അറിവ് ഇല്ലാത്തതോ ആകില്ല, ഒരാളെ ഇത്തരം പ്രതികരണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. താൻ നിർമ്മിച്ച ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പ്രവൃത്തി വിമർശിക്കപ്പെട്ടു എന്നതുമല്ല. സിനിമയിൽ സ്ത്രീ വിരുദ്ധത ഇനിയും ആവോളമാകാം, അതിനെ വിമർശിക്കാൻ ഇന്നലെ വന്ന ഇവളാര് എന്ന ചിന്ത തന്നെയാണ് കുറ്റവാളിയെ താലോലിക്കാനുള്ള മനസ്സിന് പിറകിലും. 

സൈബര്‍ ചാവേറുകളെ മുന്നില്‍ നിര്‍ത്തി സിംഹാസനം ഉറപ്പിക്കാമെന്ന് കരുതരുത്; കണ്ടംവഴി ഓടേണ്ടി വരും

ആരാധകരുടെ കൊലവിളി അമിത വൈകാരികതയായി കരുതാം. എന്നാൽ, അതിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തലപ്പത്തുള്ളവരെ എന്ത് വേണം..? ഏത് കുറ്റകൃത്യത്തിനും തെളിവ് ശേഷിപ്പിക്കുന്ന ഏക ഇടം കൂടിയാണ് സൈബർ ലോകം എന്നറിയുക. ഒരാളെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റിട്ട മറ്റൊരാൾക്ക് നിങ്ങൾ നൽകുന്ന ലൈക്ക് പോലും കുറ്റകരമാണ് എന്നിരിക്കെ, കുറ്റവാളിക്ക് തൊഴിൽ വാഗ്ദാനം ചെയ്ത കസബയുടെ നിർമ്മാതാവ് സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്..?

പാര്‍വതിയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം; അറസ്റ്റിലായ ആള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മാതാവ്

ആവർത്തിക്കാൻ പാടില്ലാത്ത സ്ത്രീ വിരുദ്ധതയുടെ ആപൽക്കരമായ ഇടമായി മലയാള ചലച്ചിത്ര മേഖലയെ മാറ്റുന്നതിൽ നിർമ്മാതാക്കളും സംവിധായകരും കൂടി ഇടപെടുന്നത് സങ്കടകരമാണ്. സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ഡയലോഗ് നിങ്ങൾക്ക് കൂടി കേൾക്കാനുള്ളതാണ്. അതുയർന്നതും സിനിമയിൽ നിന്നുതന്നെ. പറഞ്ഞത് നായകനല്ല, നായികയാണെന്നും അറിയുക. മീൻകറി സ്റ്റൈലായി വെക്കാൻ ആഹ്വാനം ചെയ്യുന്ന നായകനിൽ നിന്നും മാറി നടക്കുകയാണ് മലയാള സിനിമ. ഒരു ഉമ്മ തരട്ടേ എന്ന ചോദ്യത്തിന് വരട്ടെ, ആയിട്ടില്ല എന്ന നായികയുടെ നിരാസത്തിലേക്ക് കാലം മാറിയത് നിങ്ങൾ അറിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. പെണ്ണിന്‍റെ അരക്കെട്ട് പിടിച്ചു കുലുക്കുന്ന വീരത്വം കാണാൻ ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറുന്നവരുടെ എണ്ണം വരുംനാളുകളിൽ കൂടുതൽ ചുരുങ്ങുമെന്ന് ചുരുക്കം.

അവരിനിയും പറയും, ‘നല്ല വടിവൊത്ത അരയാകണം’ എന്ന്; അനുസരിക്കരുത്

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

പ്രശ്‌നം മമ്മൂട്ടിയും കസബയുമല്ല, മലയാള സിനിമയുടെ സ്ത്രീവിരുദ്ധ സംസ്‌കാരമാണ്: പാര്‍വതി

മമ്മൂട്ടിക്കൊക്കെ ഇപ്പോഴും ഫാന്‍സ് ഉണ്ടെന്നതും നിര്‍മാതാക്കളെ കിട്ടുന്നതും അത്ഭുതം തന്നെ

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍