UPDATES

സിനിമ

പദ്മരാജന്‍ ഫ്രെയിമുകള്‍ ഒക്കെയുണ്ട്; പക്ഷേ കാറ്റിന് അത്ര വേഗം പോര

സമകാലിക തമിഴ് പരീക്ഷണ സിനിമകളിൽ കാണുന്ന റസ്റ്റിക്ക് റിവഞ്ച് ഡ്രാമ രീതിയിൽ ഉള്ള പരീക്ഷണം മലയാള സിനിമകളിൽ അധികം കാണാറില്ല

അപര്‍ണ്ണ

അപര്‍ണ്ണ

മൂന്നു വർഷത്തിന് ശേഷം അരുൺ കുമാർ അരവിന്ദിന്റെ സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ്, പദ്മരാജൻ കഥകൾക്ക് അദ്ദേഹത്തിൻറെ മകൻ അനന്തപദ്മനാഭന്റെ തിരക്കഥ, 70-കളിലെ ലാൻഡ്സ്കേപിങ്ങും പശ്ചാത്തലവും ഒക്കെയായിരുന്നു കാറ്റിന്റെ പുതുമകൾ.

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ സംവിധായകന്‍ എന്ന രീതിയിൽ ശ്രദ്ധേയനായിരുന്നു അരുൺ കുമാർ അരവിന്ദ്. അദ്ദേഹത്തിൻറെ സിനിമകൾ പല കാരണങ്ങൾ കൊണ്ട് പ്രേക്ഷകർ ചർച്ച ചെയ്തു. അനന്തപദ്മനാഭന് ഓഗസ്റ്റ് ക്ലബിന് ശേഷം ലഭിച്ച വളരെ വെല്ലുവിളി നിറഞ്ഞ തിരക്കഥയാണ് കാറ്റ്. ട്രെയിലറിലും പാട്ടിലും മറ്റു പരസ്യങ്ങളിലും നിറഞ്ഞ സെറ്റിങ് എവിടെയോ പദ്മരാജൻ ടച്ച് ചിലരെയെങ്കിലും അനുഭവിപ്പിച്ചു. ആസിഫ് അലിയുടെ ഇത് വരെ കാണാത്ത ഗെറ്റപ്പും ചർച്ചയായി.

ഒരു കേരള-തമിഴ് നാട് അതിർത്തിയാണ് കാട്ടിലെ സാങ്കല്പിക കഥാപരിസരം. ചെല്ലപ്പൻ (മുരളി ഗോപി) എന്ന ‘തന്നിഷ്ടക്കാരന്റെ’യും സംഘത്തിന്റെയും പടക്ക നിർമാണശാലയിലേക്ക് നിഷ്കളങ്കനായ അരണ എന്ന വിളിപ്പേരുള്ള നൂഹുകണ്ണ് (ആസിഫ് അലി) എത്തുന്നു. ചെല്ലപ്പന്റെ മദ്യപാനവും ആരെയും കൂസാത്ത പ്രകൃതവും സ്ത്രീകളുമായുള്ള ബന്ധവും എല്ലാം നൂഹുകണ്ണിന്നു പുതുമയുള്ള അനുഭവങ്ങൾ ആയിരുന്നു. പന്തയം വെച്ച് സ്ത്രീകൾക്കൊപ്പം പോകുന്നതും മറ്റും അവൻ ആദ്യമായി കാണുന്നത് അവിടെ വച്ചാണ്. എല്ലാവരും കുറച്ചു ബുദ്ധിവൈക്യലം ഉള്ള ആളെപ്പോലെയാണ് കാണുന്നതെങ്കിലും നൂഹുകണ്ണിന് നാട്ടിലെ ബന്ധു കൂടിയായ ഉമ്മുകുൽസുവിനോട് (മാനസ) പ്രണയമുണ്ട്. ഈ പ്രണയവും ചെല്ലപ്പന്റെ സഹവാസവും, അയാളിൽ കണ്ടെത്തുന്ന രക്ഷിതാവിനോടെന്ന പോലെ ഉള്ള അടുപ്പവും ഒക്കെയായി സന്തോഷത്തിൽ പോകുന്ന നൂഹുകണ്ണിനും മറ്റെല്ലാവർക്കും ഇടയിൽ അപ്രതീക്ഷിതമായ ശത്രുതകളും വിള്ളലുകളും സംഭവിക്കുന്നു. ചെല്ലപ്പന്റെ ദുരൂഹതകൾ നിറഞ്ഞ ഭൂതകാലത്തേക്ക് അവർക്കെല്ലാം തിരിഞ്ഞു നടക്കേണ്ടി വരുന്നു. തുടർന്ന്  അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമ.

ഒരുപാട് അടരുകളുള്ള ഒരു കഥയാണ് കാറ്റിനു പുറകിൽ. പദ്മരാജന്റെ ക്രാഫ്റ്റ് വ്യക്തമായി പതിഞ്ഞിരിക്കുന്ന ഒരു കഥ. സിനിമ പ്രാഥമികമായി ഒരു റിവഞ്ച് ഡ്രാമയാണ്. തീവ്രമായ പ്രണയവും അതിതീവ്രമായ  പ്രതികാരവുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. നൂഹുക്കണ്ണും ചെല്ലപ്പനും തമ്മിൽ ഉടലെടുക്കുന്ന ബന്ധം, ചെല്ലപ്പനും ലക്ഷ്മിയും  തമ്മിലുള്ള തീവ്ര  പ്രണയം, നൂഹുകണ്ണിന് ഉമ്മുകുൽസുവിനോടുള്ള പ്രണയം, പോളിയുടെ പ്രണയവും പ്രതികാരവും ഇങ്ങനെ ഒരുപാട് തലങ്ങളിലൂടെ സിനിമ കടന്നു പോകുന്നു.

മിക്കവാറും കഥാപാത്രങ്ങൾക്കെല്ലാം അതിതീവ്രമായ നിരാശയോ ആഗ്രഹമോ ഉണ്ട്. മരണവും പ്രകൃതിയും ഒക്കെ സിനിമയുടെ മറ്റു പശ്ചാത്തലങ്ങൾ ആണ്. ഇതുകൊണ്ട് തന്നെ വളരെ പതിഞ്ഞ താളത്തിലുള്ള സിനിമയുടെ ആദ്യ പകുതി അതിന്റെ മൊത്തം താളത്തിനു ചേരുന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ എടുത്ത സമയം വളരെ കൂടുതലായിരുന്നു. രണ്ടാം പകുതിയിലെ ഏതാണ്ട് പാതിയാറാവുമ്പോഴാണ് സിനിമ അതിന്റെ പ്രധാന കഥാഗതിയിലേക്കു എത്തിച്ചേരുന്നത്. ഒന്നാം പകുതിയിലെ കഥാപാത്രങ്ങളുടെ ബിൽഡ് അപ്പ്, ഇടയ്ക്കു വരുന്ന പാട്ടുകൾ ഒക്കെ ഇഴച്ചിൽ ഉണ്ടാക്കുന്നു. ഒരു വാണിജ്യ നിർമിതി എന്ന രീതിയിൽ ഇത് കാണികളെ അകറ്റുന്നു. ക്രാഫ്റ്റ്  എന്ന രീതിയിലുള്ള സിനിമയുടെ മുന്നോട്ട് പോക്കിനെയും   ഈ പതിഞ്ഞ കഥപറച്ചിൽ ബാധിക്കുന്നുണ്ട്.

സമകാലിക തമിഴ് പരീക്ഷണ സിനിമകളിൽ കാണുന്ന റസ്റ്റിക്ക് റിവഞ്ച് ഡ്രാമ രീതിയിൽ ഉള്ള പരീക്ഷണം മലയാള സിനിമകളിൽ അധികം കാണാറില്ല. അത്തരത്തിൽ ഒരു പുതുമ കാറ്റിന് തീർച്ചയായും അവകാശപ്പെടാം. അഭിനേതാക്കൾ ആ പരീക്ഷണത്തോടു പൂർണ നീതി പുലർത്തി.സിനിമയുടെ റോ അന്തരീക്ഷം ആദ്യാവസാനം നിലനിർത്തുന്നുണ്ട്. കാറ്റ് കൊണ്ട് പോകുന്ന ജീവിതങ്ങൾ എന്ന ഒറ്റ ടാഗ് ലൈനിൽ നിന്നുകൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോയി.

പക്ഷെ പലപ്പോഴും ശരീര കാഴ്ചകൾക്കപ്പുറം സ്ത്രീകഥാപാത്രങ്ങൾക്കു ഇടം ലഭിക്കാത്തത് കൊണ്ടു തന്നെ പ്രണയകഥ എന്ന നിലയിലുള്ള പൂർണത കാറ്റിന് ഇല്ലാതായിപ്പോയി. നീട്ടിപ്പറഞ്ഞ ഒന്നാംപകുതിക്കു ശേഷം ട്വിസ്റ്റുകളും മറ്റും വേഗം പറഞ്ഞു തീർത്തു. മോട്ടീവിലെത്തിക്കാൻ കുറെ നേരമെടുക്കുകയും മോട്ടീവ് പെട്ടന്ന് പറഞ്ഞു നിർത്തിയതും അപൂർണമായി. പല രംഗങ്ങളും കെട്ടുകാഴ്ചകൾ മാത്രമായി. സംവിധായകൻ തന്നെ ഏറ്റെടുത്ത എഡിറ്റിങ് പല സമയത്തും പരാജയപ്പെട്ടു.

പദ്മരാജൻ നറേറ്റിവ് മലയാള സിനിമ  മുഴുവനായി ഏറ്റെടുത്ത ഒന്നാണ്. ഇതാ ഇവിടെ വരെയെയും തകരയെയും ഒക്കെ ഓർമിപ്പിക്കുന്ന പല കാഴ്ചകളും ഫ്രെയിമുകളും കാറ്റിലുമുണ്ട്. പക്ഷെ കാലവും സിനിമയും കാഴ്ചശീലങ്ങളും മാറി. അത്തരം ഒരു വെല്ലുവിളി അലസമായി ഏറ്റെടുക്കാവുന്ന ഒന്നല്ല. ഈ കാലത്ത് പഴയൊരു കഥ തികച്ചും പഴയ രീതിയിൽ പറയുന്ന രീതി കൃത്യമായ ഒരു സമയക്രമം പാലിക്കാതെ കൈവിട്ടു കളഞ്ഞു.

പദ്മരാജൻ തുടർച്ചയിലുള്ള മേക്കിങ് കാണാൻ കൗതുകമുണ്ടാക്കുന്നുവെങ്കിൽ, പരീക്ഷണം എന്ന നിലയിൽ ആ സിനിമ കാണാവുന്നതാണ്. അപൂർണതകൾ ബാധിക്കുന്നേ ഇല്ലെങ്കിൽ, റിവഞ്ച് ഡ്രാമ ആസ്വദിക്കാമെങ്കിൽ കാറ്റിനു കയറാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍