UPDATES

സിനിമ

സത്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിക്ക് എന്താണ് പണി?

ലോകത്തെ ഫെസ്റ്റിവലുകളിലെല്ലാം പ്രാദേശിക സിനിമകളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയോ, അതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇവിടെ അതുണ്ടാവുന്നില്ല?

കഴിഞ്ഞ പതിനാല് വര്‍ഷമായി സ്വതന്ത്രമായി നിന്ന് ഡോക്യുമെന്ററികള്‍ ചെയ്യുന്നയാളാണ് ഞാന്‍. ഒട്ടനേകം പ്രതിസന്ധികളെ മറികടന്ന്, ഫണ്ടിംഗ് പോലുമില്ലാതെ, പാഷന്റെ പുറത്ത് വര്‍ക്ക് ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ക്കായി കേരളത്തിലെ ചലച്ചിത്ര അക്കാദമി എന്താണ് ചെയ്യുന്നത്? അക്കാദമിക്ക് ഞങ്ങളോട് എന്താണ് പറയാനുള്ളത്?” ചോദിക്കുന്നത് ഷൈനി ജേക്കബ് ബഞ്ചമിനാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി നിരന്തരം ഡോക്യുമെന്ററി ചിത്രങ്ങള്‍ എടുക്കുന്ന, ഡോക്യുമെന്ററി സിനിമാ മേഖലയിലെ ചുരുക്കം സ്ത്രീകളില്‍ ഒരാളായ ഷൈനിയുടെ ചോദ്യം സംസ്ഥാന ചലച്ചിത്ര അക്കാദമിയോടാണ്.

യഥാര്‍ത്ഥത്തില്‍ കേരള ചലച്ചിത്ര അക്കാദമി എന്താണ് ചെയ്യുന്നത്? വര്‍ഷാവര്‍ഷം ചലച്ചിത്ര മേളകള്‍ നടക്കുന്നുണ്ട്, കോടികള്‍ മുടക്കി ആഘോഷപൂര്‍വം തന്നെ. ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിക്കുന്നു. ഇതുകൊണ്ട് തീരുന്നതാണോ ചലച്ചിത്ര അക്കാദമിയുടെ ഉത്തരവാദിത്തങ്ങള്‍? കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) നടത്തിപ്പാണ് അക്കാദമി തങ്ങളുടെ പ്രവര്‍ത്തന മികവായി പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിനപ്പുറം കേരളത്തില്‍ നിന്നുണ്ടാവുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കാനും പുറത്തെത്തിക്കാനും എന്താണ് അക്കാദമി ഇക്കാലത്തിനിടയില്‍ ചെയ്തിട്ടുള്ളത്? ഫലവത്തായ ഒന്നും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഷൈനിയെപ്പോലുള്ള ഡോക്യുമെന്ററി സംവിധായകര്‍ പറയുന്നത്.

അക്കാദമി നടത്തുന്ന ചലച്ചിത്ര മേളകളുടെ കാര്യം എടുക്കാം. രണ്ട് ചലച്ചിത്ര മേളകളുടെ സംഘാടകരാണ് അക്കാദമി. ഒന്ന് കൊട്ടിഘോഷിച്ചുകൊണ്ട്, വന്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തുന്ന ഐഎഫ്എഫ്‌കെ തന്നെ. മറ്റൊന്നാണ് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം മേള (ഐഡിഎസ്എഫ്എഫ്‌കെ). ഐഡിഎസ്എഫ്എഫ്‌കെയുടെ പതിനൊന്നാമത് എഡിഷനാണ് ജൂലായ് അവസാന വാരം തിരുവനന്തപുരത്ത് നടക്കാനിരിക്കുന്നത്. പതിനൊന്ന് വര്‍ഷമായി മേള നടക്കുമ്പോഴും ഐഎഫ്എഫ്‌കെയുടെ തണലില്‍ നിന്ന് ഐഡിഎസ്എഫ്എഫ്‌കെയെ മാറ്റി നിര്‍ത്തി മറ്റൊന്നായി പരിഗണിക്കാന്‍ എത്രത്തോളം ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്? ഐഎഫ്എഫ്‌കെയിലുള്ളത് പോലെ കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രാതിനിധ്യം എത്രകണ്ട് ഐഡിഎസ്എഫ്എഫ്‌കെയില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്? ഇവയൊന്നും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ഉത്തരം.

ഷൈനി ജേക്കബ് ബെഞ്ചമിന്‍ തുടരുന്നു: “കഴിഞ്ഞ വര്‍ഷം ഞാന്‍ ഐഡിഎസ്എഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് സമര്‍പ്പിച്ച ഡോക്യുമെന്ററി മറ്റ് പല പുരസ്‌കാരങ്ങളും നേടിയതായിരുന്നു. എന്നാല്‍ അത് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ ‘ഫോക്കസ്’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതിന് താത്പര്യമില്ലാത്തതിനാല്‍ മേളയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയും ചെയ്തു. ഇത്തവണയും എന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല. എനിക്ക്‌
പുരസ്‌കാരങ്ങള്‍ നല്‍കിയ സംസ്ഥാന, ദേശീയ ജൂറികള്‍ക്ക്, വേണ്ട യോഗ്യതയില്ലാത്തത് കൊണ്ടാണോ ഇതെന്ന് പോലും ചിന്തിക്കേണ്ടി വരും!  പക്ഷെ ഇതൊന്നും സംസാരിക്കാതിരുന്നതിന് കാരണം ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നു എന്നതുകൊണ്ടാണ്. അവാര്‍ഡ് കിട്ടാത്തതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. പുറത്ത് ക്വാളിറ്റിയുള്ളതും കേരളത്തിലെ മേളയിലെത്തുമ്പോള്‍ അതിന് ക്വാളിറ്റിയില്ലാതെ പോവുന്നതും എന്തുകൊണ്ടാണെന്ന് ഇതേവരെ മനസ്സിലായിട്ടില്ല. മറ്റൊന്ന്, ഇവിടെ ഡോക്യുമെന്ററികള്‍ മത്സരിക്കുന്നത് ടെലിവിഷന്‍ പ്രൊഡക്ഷനോടും ടെലിവിഷന്‍ മാര്‍ക്കറ്റിനോടുമാണ്. ഫീച്ചര്‍ സിനിമകള്‍ മാത്രമാണോ കേരളത്തില്‍ നിന്നുള്ള വിഷ്വല്‍ എന്ന രീതിയില്‍ പ്രൊഡ്യൂസ് ചെയ്യപ്പെടേണ്ടത് എന്നാണോ? 20 വര്‍ഷമായി ഈ മേഖലയില്‍ നില്‍ക്കുന്നയാളാണ് ഞാന്‍. ഇതിനോടകം 14 ഡോക്യുമെന്ററികള്‍ എടുക്കുകയും നാഷണല്‍ അവാര്‍ഡുകളും സ്‌റ്റേറ്റ് അവാര്‍ഡുകളും വാങ്ങുകയും ചെയ്തതാണ്. എന്നിട്ടും ഇതെല്ലാമാണ് അക്കാദമിയുടെ സമീപനമെങ്കില്‍ അത് സങ്കടകരമാണ്. പ്രൊഡ്യൂസര്‍മാരെപ്പോലും ലഭിക്കാതെ പാഷന്റെ പുറകെ മാത്രം പോയി വര്‍ക്ക് ചെയ്യുന്നവരാണ് ഞാനുള്‍പ്പെടെയുള്ളവര്‍. അങ്ങനെയുള്ള കേരളത്തിലെ ഫിലിം മേക്കേഴ്‌സിനെ പരിഗണിക്കാത്ത അക്കാദമിയുടെ അനീതിയോട് കടുത്ത വിയോജിപ്പുണ്ട്. മെറ്റീരിയല്‍ ബെനിഫിറ്റ് ഒന്നുമില്ലാതെ ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സിനിമകള്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ മേളയില്‍ കൊള്ളാവുന്ന ഇടമെങ്കിലും നല്‍കേണ്ടതല്ലേ? എന്നാല്‍ അത്തരത്തിലൊന്നും നല്‍കാതെ അക്കാദമി മാറി നില്‍ക്കുകയാണ്.”


ഫിലിം ഫെസ്റ്റിവലിലേക്കെത്തുന്നത്
2008-ലാണ് ചലച്ചിത്ര അക്കാദമി ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമായി ഐഡിഎസ്എഫ്എഫ്‌കെ ആംരഭിക്കുന്നത്. അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എംഎ ബേബിയുടെ പ്രത്യേക താത്പര്യത്തില്‍ തുടങ്ങിയ ഒന്നായിരുന്നു അത്. അതിനും മുമ്പ് 2005-ലാണ് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിന്റെ ആഭിമുഖ്യത്തില്‍ ‘സൈന്‍സ്’ ആരംഭിക്കുന്നത്. ‘സൈന്‍സ്’ ആണ് നോണ്‍-ഫീച്ചര്‍ ചിത്രങ്ങള്‍ക്കായി മേള തുടങ്ങണം എന്ന ചിന്തയിലേക്ക് സര്‍ക്കാരിനെ (സൈന്‍സിന്റെ രക്ഷാധികാരിയായിരുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയെ) എത്തിച്ചത്. 2008ല്‍ മന്ത്രി ബേബിയുടെ ഇടപെടല്‍ മൂലം ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ ഇതിനായി അമ്പത് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. അതുവരെ നോണ്‍-ഫീച്ചര്‍ സിനിമകളുടെ മേളയെക്കുറിച്ച് ആലോചന പോലുമില്ലായിരുന്ന ചലച്ചിത്ര അക്കാദമിയെ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ ചുമതല ഏല്‍പ്പിക്കുന്നത് അതോടെയാണ്; ഒരു തരത്തില്‍ ‘അടിച്ചേല്‍പ്പിക്കല്‍’.

അന്നുമുതല്‍ ഐഡിഎസ്എഫ്എഫ്‌കെ വര്‍ഷാവര്‍ഷം ഒരു ആചാരം പോലെ നടന്നുവരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും ഡോക്യുമെന്ററികള്‍ എടുക്കുന്ന എത്ര ചലച്ചിത്ര സൃഷ്ടാക്കള്‍ക്കാണ് മേള അവസരം നല്‍കിയതെന്ന് പരിശോധിച്ചാല്‍ വിരലില്‍ എണ്ണാവുന്നത്ര പോലും ഇല്ല എന്ന തിരിച്ചറിവ് ലഭിക്കും. മുഴുവന്‍ മേളകള്‍ പരിശോധിച്ചാലും ഒരു ഡസന്‍ ചിത്രങ്ങള്‍ പോലും ലോങ് ഡോക്യുമെന്ററി മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന്‌ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

നിരവധി ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കുകയും സംസ്ഥാന, ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ക്കര്‍ഹനാവുകയും ചെയ്തിട്ടുള്ള ബാബു കമ്പ്രത്ത് അഭിപ്രായപ്പെടുന്നതിങ്ങനെ: “മലയാളത്തിലെ ഡോക്യുമെന്ററി നിര്‍മ്മാതാക്കളെ രക്ഷപെടുത്താന്‍ ചലച്ചിത്ര അക്കാദമി ഇതേവരെ ഒന്നും ചെയ്തിട്ടില്ല. ഒരേയൊരു തവണ  എന്റെ ‘കാനം’ എന്ന ചിത്രം മാത്രമാണ്, ഐഡിഎസ്എഫ്എഫ്‌കെയില്‍ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായത്. പിന്നീട് ദേശീയപുരസ്‌കാരങ്ങള്‍ കിട്ടുകയും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടുകയും ചെയ്ത ചിത്രങ്ങള്‍ പോലും ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയില്‍ സ്ഥാനം നേടിയില്ല. കഴിഞ്ഞവര്‍ഷം മത്സരവിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്തില്‍ എട്ട് ചിത്രങ്ങളും ഏജന്‍സികള്‍ ഫണ്ട് ചെയ്ത ചിത്രങ്ങളാണ്. ഇങ്ങനെ ഫണ്ട് ചെയ്തല്ലാതെ സ്വതന്ത്രരായി വര്‍ക്ക് ചെയ്യുന്നവരെയല്ലേ യഥാര്‍ഥത്തില്‍ അക്കാദമി പ്രോത്സാഹിപ്പിക്കേണ്ടത്? ഫണ്ട് വാങ്ങി സിനിമയെടുക്കുന്നവരുടെ മാത്രം ചിത്രങ്ങള്‍ മേളയിലെത്തുകയും സ്വതന്ത്രരായി സിനിമ നിര്‍മ്മിക്കുന്നവരുടെ സിനിമകള്‍ മേളയില്‍ കുറയുകയും ചെയ്യുന്നു. സ്വന്തം കയ്യില്‍ നിന്ന് പണം കണ്ടെത്തി കാലങ്ങളോളം പരിശ്രമിച്ച് ഡോക്യുമെന്ററി എടുക്കുന്നു, എന്നാല്‍ അത് പരമാവധി പ്രേക്ഷകരിലേക്കെത്തിക്കാനുള്ള സാധ്യത അക്കാദമി തന്നെ അടയ്ക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ അക്കാദമിയുടെയും മേളയുടേയും പ്രസക്തി എന്താണ്? സ്വതന്ത്ര ചലച്ചിത്ര സൃഷ്ടാക്കള്‍ക്കുള്ള ഇടങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം അത് അടയ്ക്കുകയാണ് അക്കാദമി ചെയ്യുന്നത്.

പ്രമോട്ടര്‍മാരില്ലാത്ത സിനിമ അക്കാദമിയില്‍ വരുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പ്രമോട്ടര്‍മാര്‍ തീരുമാനിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് മേളകളില്‍ നിന്ന് മേളകളിലേക്ക് പോവുന്നതും പ്രദര്‍ശിപ്പിക്കുന്നതും. ഐഎഫ്എഫ്‌കെയോ ഐഡിഎഫ്എഫ്‌കെയോ കൊണ്ട് ഒരു മലയാള സിനിമയും രക്ഷപെട്ട് പോയതായി അറിവില്ല. സിനിമകള്‍ക്ക് ഇവിടെ നിന്ന് പുറത്ത് നടക്കുന്ന മേളകളിലേക്ക് പോവാനുള്ള ഒരു സാധ്യതയും അതുണ്ടാക്കുന്നുമില്ല. പലരും അവരവരുടെ താത്പര്യങ്ങളും പരിശ്രമങ്ങളും കൊണ്ട് മാത്രമാണ് വിദേശങ്ങളില്‍ നടക്കുന്ന മേളകളിലേക്ക് സിനിമയുമായി പോവുന്നത്. സ്വതന്ത്രരായി സിനിമ ചെയ്യുന്നവരുടെ അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരില്ല. കടംവാങ്ങിയും കയ്യിലുള്ള പണമെടുത്തും സിനിമ ചെയ്യും. അത് പ്രദര്‍ശിപ്പിക്കാനുള്ള ഇടം കിട്ടുന്നില്ല എന്നതുകൊണ്ട് അക്കാദമിയോടൊന്നും യുദ്ധംവെട്ടാനുള്ള ശക്തിയോ സമയമോ ഇല്ലാത്തവരാണ് നോണ്‍-ഫീച്ചര്‍ സിനിമയെടുക്കുന്നവരില്‍ പലരും. വളരെ ചുരുക്കം പേര്‍ മാത്രമാണ് സ്ഥിരമായി ഡോക്യുമെന്ററികള്‍ ചെയ്യുകയും ഈ മേഖലയില്‍ തുടരുകയും ചെയ്യുന്നവര്‍. അവര്‍ പോലും ഉണ്ടാവേണ്ടതില്ല എന്നാണ് അക്കാദമിയുടെ സമീപനം എന്ന് തോന്നും. അക്കാദമിയുടെ ടാര്‍ജറ്റഡ് ഗ്രൂപ്പല്ല ഞങ്ങള്‍. പിന്നെന്തിനാണ് വിരോധവും വിവേചനവും?

ജൂറി തിരഞ്ഞെടുപ്പിലുമുണ്ട് അപാകതകള്‍. ‘മെട്രോ ഫിലിം മേക്കിങ്ങ്’ കണ്ട് ആകൃഷ്ടരാവുകയും അത്ഭുതപ്പെടുകയും ചെയ്യുന്ന ജൂറി അംഗങ്ങളാണ് പലപ്പോഴും മേളയുടെ തിരഞ്ഞെടുപ്പിനെത്തുന്നത്. ‘മെട്രോ ഫിലിം മേക്കിങ്ങ്’ താരതമ്യേന പരിശ്രമം കുറവ് വേണ്ടുന്ന ഒന്നാണ്. ഫണ്ട് ഉണ്ടാവും, ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി. ശരിയാണ്, ശബ്ദസംവിധാനത്തിലും ഛായാഗ്രഹണത്തിലുമെല്ലാം അത് മികവ് പുലര്‍ത്തിയെന്നിരിക്കും. പക്ഷെ കണ്ടന്റ് നോക്കുമ്പോള്‍ അതില്‍ പലപ്പോഴും ഒന്നുമുണ്ടാവണമെന്നില്ല.  കേരളത്തിലുള്ള ഡോക്യുമെന്ററികള്‍ക്ക് കണ്ടന്റ് ഉണ്ടായിട്ടു കൂടി മെട്രോഫിലിമുകള്‍ കണ്ട് അത്ഭുതപ്പെടുന്ന ജൂറി അംഗങ്ങള്‍ അവയാണ് മേളയിലേക്ക് തിരഞ്ഞെടുക്കുന്നത്. പുതിയ അന്വേഷണവും സാധ്യതകളും അന്വേഷിക്കുന്നവരോ അറിയാവുന്നവരോ പലപ്പോഴും സെലക്ഷന്‍ ജൂറി അംഗങ്ങളായി പോലും വരുന്നില്ല. അങ്ങനെയുള്ളവരെ എന്തുകൊണ്ട് അക്കാദമി അതിന് നിയോഗിക്കുന്നില്ല? ആദ്യവര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നു എന്ന് പറയാമെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ അത് കുറയുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ലോങ് ഡോക്യുമെന്ററി മത്സരവിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ഒരെണ്ണം പോലും ഉള്‍പ്പെട്ടിട്ടില്ല.”

‘നിലവാരമില്ലായ്മ’

ഐഡിഎസ്എസ്എഫ്‌കെയില്‍ എന്തുകൊണ്ട് കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രാതിനിധ്യം കുറയുന്നു എന്ന കാര്യം അക്കാദമി വൈസ് ചെയര്‍പേഴ്‌സണായ ബീനാപോളിനോടും മറ്റ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളോടും ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം ‘നിലവാരമില്ലായ്മ’യുമായി ബന്ധപ്പെട്ടതാണ്. ജനറല്‍ കൗണ്‍സിലിലുള്ള നീലന്‍, സണ്ണി ജോസഫ്, വി.കെ.ജോസഫ് എന്നിവരും ബീനാപോളും മലയാള ചിത്രങ്ങള്‍ മത്സരവിഭാഗത്തിലുള്‍പ്പെടാത്തതിന് ന്യായീകരണമായി പറഞ്ഞതും കേരളത്തില്‍ നിന്നുള്ള ഡോക്യുമെന്ററി ചിത്രങ്ങളുടെ നിലവാരത്തകര്‍ച്ചയാണ്. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയായതിനാല്‍ നിലവാരമില്ലാത്ത ചിത്രങ്ങള്‍ തള്ളിപ്പോവുക എന്നത് സാധാരണമാണെന്നും അവര്‍ പൊതുവായി അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തില്‍ നിന്നുണ്ടാകുന്ന ഡോക്യുമെന്ററികളുടെ നിലവാരമില്ലായ്മയെക്കുറിച്ച് നിരന്തരം പറയുക എന്നതിലുപരി നിലവാരം വര്‍ധിപ്പിക്കാനായി എന്ത് സഹായവും സഹകരണവുമാണ് ചലച്ചിത്ര അക്കാദമി ചെയ്യുന്നത് എന്ന ചോദ്യത്തില്‍ ഇവരെല്ലാം മൗനം പാലിച്ചു.

കരപ്രമാണി ചമയലാണോ ചലച്ചിത്ര അക്കാദമിയുടെ പണി? വര്‍ക്ക് ഓഫ് ഫയര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ആര്‍ക്കാണ് വാശി?

ഡോക്യുമെന്ററി, സിനിമാ സംവിധായകനായ കെ.ആര്‍ മനോജ് പറയുന്നു: “സ്വതന്ത്ര കലാസൃഷ്ടികള്‍ ചെയ്യുന്ന ഞങ്ങളെപോലുള്ളവര്‍ എന്തിനാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് എന്നൊരു ചോദ്യം പലപ്പോഴും നേരിടാറുണ്ട്. സത്യത്തില്‍ ഞങ്ങളുടെയൊക്കെ സിനിമകള്‍ എത്രകണ്ട് സ്വതന്ത്രമാണെന്നുള്ളത് എനിക്ക് സംശയമാണ്. അതിനപ്പുറം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് എന്തിനാണ്? ഒരു ഏജന്‍സിയും ഇല്ലാതിരിക്കുന്ന കാലത്തെപ്പോലെയല്ല ചലച്ചിത്ര സംസ്‌കാരത്തിനായി നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു സ്ഥാപനം പ്രവര്‍ത്തിക്കുമ്പോഴുള്ള അവസ്ഥ. ഇവിടുത്തെ ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര സംസ്‌കാരത്തെ അഭിസംബോധന ചെയ്യേണ്ട ബാധ്യതയുള്ള സ്ഥാപനമാണ് അക്കാദമി.  നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഇറാന്‍ സിനിമ എണ്‍പതുകള്‍ക്ക് മുമ്പ് എന്തായിരുന്നു? സ്റ്റേറ്റ് ഇടപെടലിന് ശേഷം അത് എങ്ങനെ മാറി? ഐഎഫ്എഫ്‌കെയോടൊപ്പം തുടങ്ങിയ ബുസാന്‍ ഫെസ്റ്റിവല്‍ കൊറിയന്‍ സിനിമയ്ക്ക് എന്ത് സംഭാവനയാണ് നല്‍കിയത്? നിലവാരമില്ലായ്മ എന്ന ഒറ്റ ഉത്തരംകൊണ്ട് ഓട്ടയടയ്ക്കാവുന്നതല്ല ഇവിടുത്തെ പ്രശ്‌നങ്ങള്‍. അക്കാദമിക്ക് ഇവിടെയൊരു ചലച്ചിത്ര സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനാവും. അവര്‍ വെറും മേള നടത്തിപ്പുകാരും അവാര്‍ഡ് ഉത്സവക്കമ്മറ്റിക്കാരും മാത്രമാവേണ്ടവരല്ല. അതിനപ്പുറം തദ്ദേശീയമായ ചലച്ചിത്രസംസ്‌കാരത്തോട് ചില പ്രതിബദ്ധതകള്‍ അവര്‍ക്കുണ്ടാവേണ്ടതാണ്. ആ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കേണ്ടവരാണ്. അല്ലാതെ മാറിനിന്ന് നിലവാരത്തകര്‍ച്ച എന്ന ഒഴിവുകഴിവ് പറയേണ്ടവരല്ല.”

ലോകരാജ്യങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവലുകളിലെല്ലാം പ്രാദേശിക സിനിമകളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയോ, അതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇവിടെ അതുണ്ടാവുന്നില്ല എന്ന ചോദ്യമാണ് ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്നത്. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി കെ ജോസഫും ജി പി രാമചന്ദ്രനും ഈ വിഷയത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മലയാള സിനിമകളുടെ, പ്രത്യേകിച്ച് ലോങ് ഡോക്യുമെന്ററികളുടെ പ്രാതിനിധ്യം മേളയില്‍ ഉറപ്പാക്കാന്‍ നിയമങ്ങളിലെ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഐഎഫ്എഫ്‌കെയില്‍ രണ്ട് മലയാള ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിബന്ധനയുള്ളപ്പോള്‍ ഐഡിഎസ്എഫ്എഫ്‌കെയില്‍ എന്തുകൊണ്ട് ഈ നയം പിന്തുടരുന്നില്ല എന്നും ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ ചോദിക്കുന്നു. വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുക, ഡോക്യുമെന്ററികളെ ‘നിലവാരത്തി’ലേക്കെത്തിക്കാനുള്ള പ്രൊഡക്ടീവ് ആയ കാര്യങ്ങള്‍ ചെയ്യുക, തുടങ്ങിയ അനവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ധാര്‍മ്മികവും സാമൂഹികവും സാംസ്‌കാരികവുമായ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം എന്തുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല എന്നതും ചിന്തിക്കേണ്ട കാര്യമായി ചലച്ചിത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

കൗണ്‍സില്‍ അംഗം ജി.പി.രാമചന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ഫണ്ട് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഡോക്യുമെന്ററി സിനിമകളെടുക്കുന്നവര്‍ക്ക് എല്ലാവിധ സഹായ, സഹകരണങ്ങളും നല്‍കുക തന്നെയാണ് വേണ്ടത്. ബര്‍ലിനിലും റോട്ടര്‍ഡാമിലുമെല്ലാം മേളകള്‍ മാത്രമല്ല, ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കായുള്ള ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ഇവിടെയും അത് വേണ്ടതാണ്. അതിനായി അക്കാദമിയില്‍ തുറന്ന ചര്‍ച്ച തന്നെ ആവശ്യമാണ്.”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍