UPDATES

സിനിമാ വാര്‍ത്തകള്‍

വനിതാ സംവിധായകര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാരിന്റെ മൂന്നു കോടിയുടെ ധന സഹായം; ആത്മവിശ്വാസം പകരുന്ന തീരുമാനം എന്ന് സംവിധായികമാര്‍

വ്യക്തമായ പ്ലാനിംഗിലൂടെ കൃത്യമായ ബജറ്റിങ്ങിലൂടെ സിനിമയെടുക്കുകയാണെങ്കില്‍ ഒരു മുഴുനീള ചിത്രം പൂര്‍ത്തീകരിക്കാന്‍ മൂന്നു കോടി രൂപ ധാരാളം മതിയാകുമെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ പുതിയ വനിതാ സംവിധയികരുടെ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വനിതാ സംവിധായികമാരായ അഞ്ജലി മേനോനും സൗമ്യ സദാനന്ദനും

സിനിമയില്‍ ചുവടു വച്ചു വരുന്ന പുതിയ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസം പകരുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അഞ്ജലി മേനോന്‍. മാതൃഭൂമി ഡോട്ട് കോമിനോട് ആയിരുന്നു ഇരുവരുടെയും പ്രതികരണം

ആദ്യ ചിത്രം മഞ്ചാടിക്കുരുവിന്റെ പ്രൊഡക്ഷന്റെ ഭാഗമായി അന്ന് നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹായം തേടിയിരുന്നു. വനിതാ സംവിധായകര്‍ സിനിമയുമായി ബന്ധപ്പെട്ട പല ആവശ്യങ്ങള്‍ക്കും അത് ചെയ്തു പോരുന്നതാണ്. ബജറ്റ് പ്രഖ്യാപനം ശ്രദ്ധിച്ചിരുന്നു. സ്‌പെഷ്യല്‍ സ്‌കീമിലൂടെയാണ് പണം നല്‍കുന്നത്. അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാവും-അഞ്ജലി പറഞ്ഞു.

വ്യക്തമായ പ്ലാനിംഗിലൂടെ കൃത്യമായ ബജറ്റിങ്ങിലൂടെ സിനിമയെടുക്കുകയാണെങ്കില്‍ ഒരു മുഴുനീള ചിത്രം പൂര്‍ത്തീകരിക്കാന്‍ മൂന്നു കോടി രൂപ ധാരാളം മതിയാകുമെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍ അഭിപ്രായപ്പെട്ടു. കേരള കഫേ പോലുള്ള സിനിമകളില്‍ ഒരുപാട് സംവിധായകരും ടെക്‌നീഷ്യന്‍മാരും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ആന്തോളജി വിഭാഗത്തില്‍ ദൈര്‍ഘ്യം കുറച്ച് സിനിമയെടുക്കാന്‍ ഗ്രൂപ്പായി സംവിധായകര്‍ മുന്നോട്ടു വന്നാല്‍ മതി. ബജറ്റ് പരിമിതികള്‍ മനസിലാക്കി മുന്നോട്ടു പോകുന്നുവെങ്കില്‍ അത്തരമൊരു സിനിമയുടെ ചിത്രീകരണം മൂന്നു കോടി കൊണ്ട് ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയും. വിതരണവും റിലീസുമെല്ലാം പിന്നീടാണല്ലോ. അതിനും പരിമിതമായ ചെലവില്‍ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകാന്‍ ഇന്ന് പല മാര്‍ഗങ്ങളുണ്ട്. ഓണ്‍ലൈന്‍ സംരംഭങ്ങളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഉപാധികളുമുണ്ട്. ഗുണത്തിലും ആര്‍ഭാടത്തിലും കൂടുതല്‍ ഉത്കണ്ഠ വച്ചു പുലര്‍ത്താതെ ചെറിയ സബ്ജക്ടുകളില്‍ തുടങ്ങിയാല്‍ അതൊരു വലിയ തുടക്കമായിരിക്കും-സൗമ്യ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍