UPDATES

സിനിമാ വാര്‍ത്തകള്‍

കണ്ണീര്‍ പൂവോ? നാല് ഡ്യൂയറ്റുണ്ട്, വേഗം പോയി ഡാന്‍സ് കോസ്റ്റ്യൂം ഇട്ടുവരൂ; കിരീടം തെലുങ്കിലെത്തിയപ്പോഴത്തെ അവസ്ഥ

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റാണ് മോഹന്‍ലാല്‍-സിബിമലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിന്റെ കിരീടം. ഓരോ പ്രേക്ഷകനും സ്വകാര്യ ദുഃഖംപോലെയാണ് ഈ സിനിമ മനസില്‍ കൊണ്ടുനടക്കുന്നത്. കിരീടം നാല് ഇതരഭാഷകളിലേക്ക് റിമേക്ക് ചെയ്തിരുന്നു. 1990 ല്‍ റൗഡിസം നസിഞ്ചാലി എന്ന പേരില്‍ തെലുങ്കിലും 1991 ല്‍ മൊഡാദ മരെയള്ളി എന്ന പേരില്‍ കന്നഡയിലും ഗര്‍ദിഷ് എന്ന പേരില്‍ 1993 ല്‍ ഹിന്ദിയിലും എത്തപ്പെട്ട കിരീടം 2007 ല്‍ കിരീടം എന്ന പേരില്‍ തന്നെ തമിഴിലും പുനര്‍നിര്‍മിക്കപ്പെട്ടു.

നാലുഭാഷകളിലും സിനിമ ഹിറ്റായെങ്കിലും യഥാര്‍ത്ഥ കിരീടത്തോട് ഒരു തരത്തിലും നീതി പുലര്‍ത്താത്തവയായിരുന്നു അവയെല്ലാമെന്നാണ് ഓരോ മലയാളി പ്രേക്ഷകനും ഉറച്ചു വിശ്വസിക്കുന്നത്.

കിരീടം ഇന്നും ഓര്‍ത്തിരിക്കുന്നതില്‍ അതിന്റെ കഥയും അഭിനേതാക്കളുടെ പ്രകടനവും മാത്രമല്ല, കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ എം ജി ശ്രീ കുമാര്‍ ആലപിച്ച കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനവും ഒരു പ്രധാന കാരണമാണ്. അത്രമേല്‍ ഹൃദയഹാരിയായ ആ ഗാനം സിനിമയുടെ മൊത്തം ആത്മാംശവും അടങ്ങിയതാണ്. ബാലഗോപാലന്‍ തമ്പി പാടിയ മേടപൊന്നോടം എന്ന ഗാനവും സിനിമയ്ക്കായി ചിട്ടപ്പെടുത്തിയിരുന്നെങ്കിലും കണ്ണീര്‍ പൂ മാത്രമാണ് ഉപയോഗിച്ചത്.

ഇപ്പോള്‍ ഇതേക്കുറിച്ച് പറയാന്‍ കാരണം, വാണി വിശ്വനാഥ് പഴയൊരു ഓര്‍മ പങ്കുവച്ചപ്പോഴാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്ലാമര്‍ നായികയായി മാറുന്നതെങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടിയില്‍ കിരീടത്തിന്റെ തെലുങ്ക് പതിപ്പിനെ കുറിച്ച് വാണി ഓര്‍ക്കുന്നുണ്ട്. വാണിയുടെ വാക്കുകളിലൂടെ തന്നെ ആ കാര്യം കേള്‍ക്കാം; കിരീടം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പില്‍ പാര്‍വതിയുടെ റോള്‍ അഭിനയിച്ചത് ഞാനാണ്. ഷൂട്ടിംഗിനായി ലൊക്കേഷനിലെത്തിയപ്പോള്‍ ആദ്യം തന്നെ സോങ് ഷൂട്ട് ചെയ്യുകയാണ്. ‘കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി…’ ആണോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, ‘സിനിമയുടെ ഫസ്റ്റ് പാര്‍ട്ടില്‍ തന്നെ നാലു ഡ്യൂയറ്റുണ്ട്. വേഗം ഡാന്‍സിന്റെ കോസ്റ്റിയൂം ഇട്ടുവരൂ’. ആ പടത്തില്‍ തന്നെ നാല് ഡാന്‍സ് സോങ് ചെയ്തപ്പോള്‍ മറ്റു ഗ്ലാമര്‍ റോളുകളുടെ കാര്യം പറയണോ?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍