UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ശിക്കാരി ശംഭു: ഒരു പ്രകൃതി രമണീയ ക്‌ളീഷേ

കുറേ കരി വാരി തേച്ചു അരയിൽ വെട്ടുകത്തിയുമായി എല്ലാവരെയും ദേഷ്യത്തിൽ ഓർക്കുന്ന സ്ഥിരം ‘ബോൾഡ്നെസ്സ്’ ഓവർലോഡഡ് കഥാപാത്രമാണ് നായിക

അപര്‍ണ്ണ

സുഗീത്-കുഞ്ചാക്കോ ബോബൻ ടീമിന്റെ ശിക്കാരി ശംഭു പൂര്‍ണ്ണമായും തീയറ്ററിൽ എത്തി ചിരിച്ചാസ്വദിച്ചു സിനിമ കാണാൻ ലക്ഷ്യമിടുന്ന കാണികളെ ലക്‌ഷ്യം വച്ച് ഇറങ്ങിയതാണ്. ആദ്യ ചിത്രമായ ഓർഡിനറിയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സുഗീത്. ഗവി എന്ന പ്രദേശം ടൂറിസ്റ്റ് ഭൂപടത്തിൽ പ്രത്യേക ഇടം നേടാൻ വരെ സഹായിച്ച ഓർഡിനറി ബിജു മേനോൻ എന്ന നടന്റെ കരിയറിലെ വലിയൊരു ഹിറ്റ് ആയിരുന്നു. മുഷിപ്പിക്കാതെ കാണികളെ ഇരുത്തുക എന്നതാണ് സുഗീതിന്റെ ലക്‌ഷ്യം. ഒരു പ്രത്യേക വിഭാഗം കാണികൾക്ക് സുഗീത് സിനിമകൾ ഇഷ്ടവുമാണ്.

പീലി എന്ന് വിളിപ്പേരുള്ള ഫിലിപ്പോസ് (കുഞ്ചാക്കോ ബോബൻ) കൂട്ടുകാരായ അച്ചുവും (വിഷ്ണു ഉണ്ണികൃഷ്ണൻ) ഷാജിയും (ഹരീഷ് പെരുമണ്ണ) തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവരാണ്. യാദൃശ്ചികമായി കുരുതിമലക്കുന്ന് എന്ന കാടിനോട് ചേർന്ന പ്രദേശത്ത് പുലിയെ നേരിടാൻ വേട്ടക്കാരെ ആവശ്യമുണ്ടെന്നറിയുന്നു. അവിടെ എത്തി തട്ടിയും മുട്ടിയും എന്തെങ്കിലും തട്ടിപ്പു നടത്തി പണം വാങ്ങാം എന്ന ഉദ്ദേശവുമായി അവർ കുരുതിമലക്കുന്നിൽ എത്തുന്നു. പക്ഷെ ആ നാട്ടിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. പിന്നീട് അവർ ആ നാട്ടിൽ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളും തുടർന്നുള്ള സംഭവങ്ങളും ഒക്കെയാണ് സിനിമ. ശിവദ നായികയാവുന്ന ഈ സിനിമയിൽ മണിയൻപിള്ള രാജു, സ്‌ഫടികം ജോർജ്, സലിം കുമാർ, കൃഷ്ണകുമാർ, സാദിക്ക് എന്നിവർ അടങ്ങിയ താര നിര സിനിമയിലുണ്ട്. കാടും പ്രകൃതിയും ഒക്കെ അടങ്ങിയ കാഴ്ചകൾ പകർത്തിയത് ഫൈസൽ അലിയാണ്. സിനിമയിൽ മനുഷ്യരോളം സ്പേസ് അവയ്ക്കും ഉണ്ട്.

ഓരോ സിനിമയും അത് പരസ്യം ചെയ്യുന്നത് എന്തോ അത് തരാൻ ഉള്ള ശ്രമം ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ശിക്കാരി ശംഭുവിൽ എവിടെയും അത്തരം ഒരു ശ്രമത്തെ കാണാൻ പറ്റിയില്ല. ഓർഡിനറിയെയും ഇടക്കിറങ്ങിയ റോമൻസിനെയും പിന്നെ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഈയടുത്ത് അഭിനയിച്ച കുറെ സിനിമകളുടെയും അതെ പ്ലോട്ട് സ്ഥലകാല വ്യത്യാസങ്ങളോടെ പുനരവതരിപ്പിക്കുക മാത്രമാണ് ശിക്കാരി ശംഭു ചെയ്യുന്നത്. സുഗീതിന്റെ തന്നെ ഓർഡിനറിയിലും മധുരനാരങ്ങയിലും കണ്ട പോലെ അപരിചിതമായ ഒരു നാട്ടിൽ മുഖ്യകഥാപാത്രങ്ങൾ എത്തുന്നതും അവിടെ ഉള്ള ജീവിതത്തിന്റെ ഭാഗമാകുന്നതും ദുരൂഹതകൾ പരിഹരിക്കാൻ ശ്രമിക്കുന്നതും ഒക്കെ തന്നെയാണ് ശിക്കാരി ശംഭുവിലും. കഥാപാത്രങ്ങൾക്കും ഏതാണ്ട് ഒരേ ശീലങ്ങളാണ്. ഒരു തരത്തിലും കാണികൾക്ക് പുതുമകൾ നൽകാത്ത കഥാഗതിയും കഥാഗതിക്കപ്പുറം ഒന്നും പറയാൻ ഇല്ലാത്തതും ഒക്കെ ശിക്കാരി ശംഭുവിന്റെ പാളിച്ചകളാണ്.

കോമഡി സിനിമ എന്ന അവകാശ വാദത്തെ എവിടെയും സിനിമയിലൂടെ ന്യായീകരിക്കാൻ സിനിമക്കായിട്ടില്ല. തട്ടിപ്പ്, വെട്ടിപ്പ്, കൌണ്ടർ അങ്ങനെ പോകുന്ന സ്ഥിരം പാറ്റേൺ ഹാസ്യം ആരെയെങ്കിലും ചിരിപ്പിക്കുമോ എന്നറിയില്ല. ഇടക്ക് വരുന്ന പ്രണയവും പാട്ടുകളും ഒക്കെ അരോചകമാണ്. വെടിവെപ്പ്, വാറുണ്ണി, പുലിമുരുകൻ ഒക്കെ വരുന്ന സ്ഥിരം ഫോർമുല കാണാൻ യാതൊരു കൗതുകവും ഇല്ല. ഹാസ്യം എന്നാൽ കോമഡി സ്കിറ്റുകളിൽ കാണുന്ന തരം കൗണ്ടറുകൾ ആണ് എന്ന ധാരണ മലയാള സിനിമയിൽ പലർക്കുമുണ്ട്, അതിനോട് പ്രേക്ഷകർ തീയറ്ററിൽ പ്രതികരിക്കുന്ന രീതിയെ പറ്റി ഇവർക്കൊന്നും യാതൊരു ബോധവുമില്ലേ എന്ന് തോന്നും പല രംഗങ്ങളും കണ്ടാൽ. ഹരീഷിന്റെ രണ്ടോ മൂന്നോ കൗണ്ടറുകൾ ഒഴിച്ചാൽ സിനിമയിലെ ഹാസ്യം മുഴുവനായും മടുപ്പുണ്ടാക്കുന്നുണ്ട്. സിനിമയിൽ ഒരു സസ്പെൻസ് ഉണ്ട് എന്ന് ഊഹിക്കാൻ പോലും കഴിവില്ലാത്തവരാണ് പ്രേക്ഷകർ എന്ന തെറ്റിധാരണയും പല സിനിമക്കാർക്കും ഉണ്ട്.

വെറുതെ കാണാനുള്ളതല്ല, പഠിക്കാനുള്ള സിനിമയാണ് കാര്‍ബണ്‍

സസ്പെൻസിനടുത്ത കുറച്ചു ഭാഗങ്ങൾ മടുപ്പിക്കുന്നില്ല. പക്ഷെ സസ്പെൻസ് മോഡിലേക്ക് സിനിമയെ എത്തിക്കാൻ ഉള്ള യാതൊരു ശ്രമവും സിനിമയിൽ ഉണ്ടായില്ല. ഓരോ കഥാപാത്രങ്ങളും പൂർവ മാതൃകകളിൽ നിന്നും ക്‌ളീഷേകളിൽ നിന്നും പുനരുത്പാദിപ്പിച്ചതാണ്. കുഞ്ചാക്കോ ബോബന്റെ ഫിലിപ്പോസ് മുതൽ ഒറ്റ രംഗത്തിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ വരെ. ശിവദയുടെ അനിത ഇത്തരം ക്‌ളീഷേ കഥാപാത്ര നിർമിതിയുടെ ഉത്തമോദാഹരണമാണ്. കുറേ കരി വാരി തേച്ചു അരയിൽ വെട്ടുകത്തിയുമായി എല്ലാവരെയും ദേഷ്യത്തിൽ ഓർക്കുന്ന സ്ഥിരം ‘ബോൾഡ്നെസ്സ്’ ഓവർലോഡഡ് കഥാപാത്രമാണ്. നന്മ നിറഞ്ഞ കള്ളനും മണ്ടന്മാരായ കൂട്ടുകാരും ഒക്കെ മലയാള സിനിമയിൽ വന്നു പോകാൻ തുടങ്ങിയിട്ട് കാലങ്ങളായി. അതിൽ പുതമയൊന്നും പറയാൻ ഇല്ലാതെ വരുന്ന സിനിമകൾ ഇത്തരം മുഷിച്ചിലുകൾ ഉണ്ടാക്കും.

പെണ്‍കുട്ടികള്‍ ഉറക്കെ കൂവിയാലെന്താ? കൈയ്യടിക്കാവുന്ന സിനിമയാണ് ക്വീന്‍

എന്തൊക്കെയോ വിജയ ഫോർമുല ആവർത്തിച്ചത് കൊണ്ടും പശ്ചാത്തലത്തിലെ പുതുമ കൊണ്ടും വിജയിച്ച സിനിമയാണ് ഓർഡിനറി. അതെ ഫോർമുലകൾ മറ്റൊരു കാട്ടിൽ കൊണ്ട് പോയി പുനഃസൃഷ്ടിച്ച പോലെയാണ് ശിക്കാരി ശംഭു കണ്ടാൽ തോന്നുക. മലയാള സിനിമയിലെ പല ക്‌ളീഷേകളെയും കൂടെ കൂടിയുണ്ട്. ഒറ്റവാക്കിൽ ഒരു പ്രകൃതി രമണീയ ക്‌ളീഷേ..!

എളുപ്പമായിരുന്നില്ല അരുവിയായുള്ള ജീവിതം; അദിതി ബാലന്‍/അഭിമുഖം

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍