UPDATES

സിനിമാ വാര്‍ത്തകള്‍

27-ാമനായി ലൂസിഫറിൽ പൃഥ്വിയും; സസ്പെൻസ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

26 കഥാപാത്രങ്ങളെ കൂടാതെ പ്രധാനപ്പെട്ടതായ നിരവധി കഥാപാത്രങ്ങൾ വേറെയും ഉണ്ടെന്നു മാത്രമായിരുന്നു സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് പറഞ്ഞിരുന്നത്

ലൂസിഫറിലെ സസ്പെൻസ് താരത്തെ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരധകർ. ചിത്രത്തിലെ 27ാം ക്യാരക്ടർ പോസ്റ്ററിലൂടെയാണ് ആ സസ്പെൻസ് പുറത്തു വിട്ടിരിക്കുന്നത്. സയിദ് മസൂദ് എന്ന കഥാപാത്രവുമായി പൃഥ്വിരാജും ലൂസിഫറിൽ വേഷമിടുന്നു എന്ന വിവരമാണ് ഈ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. ലൂസിഫറിൽ പൃഥ്വിരാജ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ് 27-ാമനായി ലൂസിഫറിൽ പൃഥ്വിയുടെ വരവ്.

സിനിമയുടെ പ്രമോഷൻ പരിപാടികളിലും മറ്റും പൃഥ്വിരാജ് അഭിനയിക്കുന്നതായി പറഞ്ഞിരുന്നില്ല. 26 കഥാപാത്രങ്ങളെ കൂടാതെ പ്രധാനപ്പെട്ടതായ നിരവധി കഥാപാത്രങ്ങൾ വേറെയും ഉണ്ടെന്നു മാത്രമായിരുന്നു സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിലെ ഒരു രംഗത്തിൽ പൃഥ്വിരാജ് നെ കാണിക്കുന്നതായി ചില ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ അന്റണി പെരിമ്പാവൂർ ആണ് ലൂസിഫര്‍ നിർമ്മിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 28 ന് തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍