UPDATES

സിനിമ

മോശക്കാരികളായ സ്ത്രീകള്‍ കിടക്ക പങ്കിടാന്‍ വിളിച്ചാല്‍ ആണുങ്ങളെന്തു ചെയ്യും കര്‍ത്താവേ!

ഞാന്‍ നിങ്ങള്‍ക്ക് കിടന്നുതരാം, എനിക്കൊരു അവസരം തരൂ എന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി താരത്തിന്റെയോ സംവിധായകന്റെയോ നിര്‍മാതാവിന്റെയോ എഴുത്തുകാരന്റെയോ കതകില്‍ മുട്ടുന്നുണ്ടോ?

സംസാരിച്ചു തുടങ്ങിയാല്‍ ആവേശം നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു നടന്‍, കോസ്റ്റ്യൂം ഡിസൈനിംഗ് മേഖലയിലേക്ക് പുതുതായി എത്തിയ ഒരു പെണ്‍കുട്ടിയെ ഒരു ചാനല്‍ പരിപാടിക്കിടയില്‍ പരിചയപ്പെട്ടു. ഫോണ്‍ നമ്പറും വാങ്ങി. രാവെന്നും പകലെന്നുമില്ലാതെ കിട്ടുന്ന ഒഴിവുസമയങ്ങളിലൊക്കെ നടന്റെ മെസേജും കോളുകളും പെണ്‍കുട്ടിക്ക് കിട്ടിക്കൊണ്ടേയിരുന്നു. അറിയപ്പെടുന്ന നടന്‍ തന്നെ ഇങ്ങോട്ടു വിളിക്കുന്നതും മെസേജ് അയക്കുന്നതുമൊക്കെ ആദ്യമൊക്കെ വല്യ കാര്യമായാണ് പെണ്‍കുട്ടിയെടുത്തത്. പക്ഷേ നടന്റെ തമാശകളുടെ സ്വഭാവം മാറിമാറി വന്നതോടെ പെണ്‍കുട്ടി അപകടം മണക്കുകയും നടന്‍ നിരാശപ്പെടുകയേയുള്ളൂവെന്ന് താക്കീതും നല്‍കി. അതിനുള്ള നടന്റെ മറുപടി ഡയലോഗ് ഇതായിരുന്നു: “അതെന്നാ നിങ്ങള് ചെറുപ്പക്കാര്‍ക്കേ കൊടുക്കത്തുള്ളോ?”

ഇങ്ങനെ ‘കൊടുക്കുന്നത്’ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഒത്തിരിയുള്ളപ്പോഴാണ് എംപിയും നടനും സര്‍വോപരി അമ്മ എന്ന സംഘടനയുടെ പ്രസിഡന്റുമായ ഇന്നസെന്റ് പറയുന്നത്; സിനിമയില്‍ ആ കാലമൊക്കെ പോയെന്ന്.

കൊച്ചിയില്‍ ജോലി ചെയ്യുന്ന കാലത്ത് സാക്ഷിയായ ഒരു സംഭവം ഓര്‍ക്കുന്നു. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പരിസരത്തായി ലൈംഗിക തൊഴില്‍ ചെയ്തു ജീവിക്കുന്ന ഏതാനും പേരെ (സ്ത്രീ-പുരുഷന്മാര്‍) രാത്രി സമയത്ത് കാണാം. ജോലിക്കിടയില്‍ ചായകുടിക്കാനും മറ്റുമായി സ്റ്റാന്‍ഡിനകത്തെ കടകളിലേക്കു വരുമ്പോള്‍ ഇവരെ സ്ഥിരമായി കാണാറുണ്ട്. അവര്‍ ആരുടെമേലും ചാടി വീഴാറൊന്നുമില്ല. ഒരു ദിവസം പതിവുപോലെ സഹപ്രവര്‍ത്തകരുമായി ചായകുടിക്കാന്‍ എത്തിയനേരം സ്റ്റാന്‍ഡിനു പുറത്ത് പൊലീസും വേറെ ഒന്നുരണ്ടുപേരും കൂടിനില്‍ക്കുന്നു. എത്തിനോക്കാതിരിക്കാന്‍ കഴിയില്ലല്ലോ, ജോലി അതല്ലേ. എന്റെ കൈയീന്ന് കാശു തട്ടിപ്പറിക്കാന്‍ ദേ ഇവള് നോക്കണെന്ന് ഒരു ചേട്ടന്‍ പൊലീസിനോടു പരാതി പറയുകയാണ്. ഇവളെന്ന് ചൂണ്ടിക്കാണിക്കുന്നത് ഒരു ലൈംഗിക തൊഴിലാളിയെയാണ്. അവരാണെങ്കില്‍ താന്‍ ആരുടെയും പണം അനാവശ്യമായി തട്ടിപ്പറിക്കാന്‍ നോക്കിയില്ലെന്ന വാദത്തിലും. ചെയ്ത ജോലിക്ക് കൂലി ചോദിച്ചു അത്രമാത്രം. പക്ഷേ ചേട്ടന്‍ സമ്മതിക്കുന്നില്ല. പൊലീസിന്റെ ചോദ്യം; എവിടെവച്ചാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്? ദാ, ആ ലോഡ്ജിന്റെ പിറകില്; ചേട്ടന്റെ മറുപടി. താന്‍ എന്തിനാ അവിടെ പോയത്? പൊലീസ്. അതിത്തിരി മുള്ളാനാണെന്നു ചേട്ടന്‍. ഈ പാതിരാത്രിക്ക് വെട്ടോം വെളിച്ചോം ഇല്ലാതെ കാടും പിടിച്ച് കിടക്കണിടത്ത് തന്നെ നിനക്ക് മുള്ളണമല്ലേടാ എന്ന് ഒരു പൊലീസുകാരന്റെ വിരട്ടല്‍. അപ്പോ നീ മുള്ളിയിട്ട് കാശുകൊടുക്കാത്തതാണ് പ്രശ്‌നമെന്ന് മറ്റൊരു പൊലീസുകാരന്‍… പൊലീസ് ആ പ്രശ്‌നം എങ്ങനെ പരിഹരിച്ചു എന്നറിയാന്‍ നില്‍ക്കാതെ ഞങ്ങള്‍ തിരിച്ചു നടന്നു. മുള്ളിയാല്‍ കാശുകൊടുത്തിട്ടു പോടാ… എന്നൊരു ദ്വയാര്‍ത്ഥപ്രയോഗം അന്നുതൊട്ട് ഉപയോഗിക്കാറുണ്ട്. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഇന്നസെന്റിന്റെ തമാശ കേട്ടതുകൊണ്ടാണ്. മോശക്കാരികളായ സ്ത്രീകള്‍ കിടക്ക പങ്കിടാന്‍ വിളിച്ചാല്‍ ആണുങ്ങളെന്തു ചെയ്യും കര്‍ത്താവേ എന്ന മാതിരി നിഷ്‌കളങ്കത തുളുമ്പിയ ഇന്നച്ചന്റെ മുഖം ആ പഴയ മുള്ളാന്‍ പോയ ചേട്ടനെ ഓര്‍മിപ്പിച്ചു.

ഭാഗ്യലക്ഷ്മിയും ഊര്‍മിള ഉണ്ണിയുമൊക്കെ ആവര്‍ത്തിക്കുന്നതുപോലെ പീഢനവും വിവാഹമോചനവും അടക്കമുള്ള കാര്യങ്ങളൊന്നും സിനിമലോകത്ത് മാത്രം നടക്കുന്നതല്ല. തൊഴിലിടത്തെ പീഢനങ്ങള്‍ സിനിമയില്‍ മാത്രമുള്ളോ എന്നു ചോദിച്ചാല്‍ അംബുജാക്ഷനും ഭാഗ്യചേച്ചിയേയും ഊര്‍മിള ചേച്ചിയുമൊക്കെ പിന്‍താങ്ങും. മാധ്യമമേഖലയില്‍ ഇല്ലേ? ഐടി മേഖലയില്‍ ഇല്ലേ? എന്തിനേറെ സര്‍ക്കാര്‍ ഓഫിസുകളില്‍ നടക്കാറില്ലേ? അതിനൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് സിനിമയില്‍ ഉള്ളതെന്ന സെലിബ്രിറ്റി ചോദ്യങ്ങള്‍ തികച്ചും ന്യായമല്ലേ…

ആണ്. എന്നാല്‍ അങ്ങനെയൊന്നും നടക്കാത്ത, സ്ത്രീകള്‍ക്ക് അവളുടെ തൊഴിലിടത്തിലും സമൂഹത്തിലും വീട്ടിലുമെല്ലാം സര്‍വതന്ത്രസ്വതന്ത്രരും തുല്യരും ആയി നിലകൊള്ളാന്‍ കഴിയുന്നൊരു പുലരിക്കുവേണ്ടിയാണ് കുറഞ്ഞത് സ്ത്രീകളെങ്കിലും ആഗ്രഹിക്കുന്നത്. ഇന്നസെന്റ് പറയുന്നത് ആ പുലരി എന്നേ മലയാള സിനിമയില്‍ പുലര്‍ന്നു കഴിഞ്ഞെന്നാണ്… സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്കാണ് കിട്ടിയതെങ്കിലും ആരുമത് അറിയാതെ പോയിരുന്നില്ല, പക്ഷേ ഇതിപ്പോള്‍ എങ്ങനെയാ വിശ്വസിക്കുക?

"</p

ഇന്നസെന്റ് പറഞ്ഞ് നാവ് വായിലിടും മുന്നേ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും അതുകൊണ്ടാണ്. കണ്ണടച്ചിരുട്ടാക്കാന്‍ നോക്കല്ലേ പ്രസിഡന്റേ എന്നാണവര്‍ പറഞ്ഞത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടശേഷം സമാനമായ രീതിയില്‍ മുന്‍കാലങ്ങളില്‍ തങ്ങള്‍ നേരിട്ടിട്ടുള്ള ഉപദ്രവങ്ങള്‍ ചില നടികള്‍ തുറന്നു പറയാന്‍ തയ്യാറായിരുന്നു. പാര്‍വതി, ലക്ഷ്മി റായി തുടങ്ങിയവര്‍ കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുള്ള കാര്യം പറഞ്ഞു. ഇതൊന്നും ഇന്നസെന്റ് അറിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷേ ഈ നടിമാരൊക്കെ അവരുടെ പരാതികള്‍ ചാനല്‍ സ്റ്റുഡിയോയിലും മറ്റുമിരുന്ന് പറഞ്ഞതായിരിക്കും പ്രശ്‌നം. അമ്മയുടെ പ്രസിഡന്റിനോടോ, ജനറല്‍ സെക്രട്ടറിയോടോ, എന്തിന് ഇടവേള ബാബുവിനോടുപോലും ഒന്നുമവര്‍ പറഞ്ഞില്ല. അതുകൊണ്ട് തന്റെ പെണ്‍മക്കള്‍ അപമാനിക്കപ്പെട്ട കാര്യം അമ്മ അറിയാതെ പോയിക്കാണും. തനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് ഇന്നസെന്റ് എന്തു പറയാന്‍?

ഇനിയഥവ ഇന്നസെന്റോ അമ്മയിലെ മറ്റ് അങ്ങളമാരോ അറിയാതെ എന്തെങ്കിലുമൊക്കെ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്ത്രീകള്‍ക്ക് മാത്രമാണെന്ന് മുന്‍പേ പറഞ്ഞിട്ടുള്ളതാണ്. ആ നടി ആക്രമിക്കപ്പെട്ട് കഴിഞ്ഞപ്പോള്‍ ആദ്യം നല്‍കിയ ഉപദേശം നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, രാത്രി യാത്ര അരുത് എന്നൊക്കെയാണ്. അതിലും പക്ഷേ കുറ്റം കണ്ടുപിടിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ പീഢിപ്പിക്കപ്പെടും. അതുപോലെയാണ് മോശമായ സ്ത്രീകള്‍ കിടക്കപങ്കിടാന്‍ തയ്യാറാകുന്നതും. എന്നിട്ട് ഇതിന്റെയെല്ലാം നാണക്കേട് പേറുന്നതും ഇന്നസെന്റിന്റെ പോലുള്ളവര്‍, മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ മാപ്പ് പറയേണ്ടതും ഇന്നസെന്റിനെ പോലുള്ളവര്‍. പക്ഷേ അത്രകണ്ടങ്ങ് ഇന്നസെന്റാകാന്‍ ഒരു ഇന്നസെന്റിനും കഴിയില്ല. അദ്ദേഹം പറയുന്ന കിനാശ്ശേരിയല്ല മലയാള സിനിമയെന്ന് അദ്ദേഹത്തിനു തന്നെ നന്നായി അറിയാം. പിന്നെ ആരെ പൊട്ടനാക്കാനാണ് ഈ സത്യസന്ധന്‍ കളി?

പണ്ട് മദ്രാസിലെ സ്റ്റുഡിയോ കാലം തൊട്ട് ഇന്ന് കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ചുരുങ്ങിയപ്പോഴും മലയാള സിനിമയില്‍ മാറാതെ നില്‍ക്കുന്ന ഒരേയൊരു ആചാരമേയുള്ളൂ; അത് കാസ്റ്റിംഗ് കൗച്ചാണ് (മലയാളത്തില്‍ ഈ പദം ഉപയോഗിക്കാറില്ല, നാട്ടുഭാഷ വളരെ അരോചകമായി പോകുമെന്നുകൊണ്ട് മാത്രം ഉപയോഗിച്ചതാണ്). അങ്ങനെ പറയുമ്പോള്‍ ഇപ്പോഴുള്ള എല്ലാ നടിമാരും വഴങ്ങിക്കൊടുത്ത് വന്നവരാണോ എന്ന മറുചോദ്യം വരുമെന്നറിയാം. തന്റെ മുന്നില്‍ വരുന്ന എല്ലാ സ്ത്രീകളില്‍ നിന്നും അതാഗ്രഹിച്ചിട്ടുള്ളവര്‍ തന്നെയാണ് സിനിമയിലെ ഒട്ടുമിക്ക ആണുങ്ങളും. സിനിമ ഒരു പ്രലോഭനമാണ്; പണത്തിന്റെ അംഗീകരത്തിന്റെ, പ്രശസ്തിയുടെ… പഴയ ഉമ്മര്‍ ഡയലോഗ് പോലെ, സഹകരിച്ചാല്‍ നിനക്കും എനിക്കും കൊള്ളാം എന്ന പറഞ്ഞുനോക്കാത്ത സിനിമാക്കാര്‍ തീരെ കുറവായിരിക്കും.

അടുത്തകാലത്ത് പഴയകാല നായികയും ഇപ്പോള്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്തുപോരുന്നതുമായ ഒരു നടി തന്റെ അനുഭവം പങ്കുവച്ചിരുന്നു. കുറച്ചു ചെറുപ്പക്കാര്‍ അവരുടെ സിനിമയിലേക്ക് ക്ഷണിക്കാന്‍ വന്നിരുന്നു. ഡേറ്റ് വാങ്ങിയശേഷം അവര്‍ അടുത്ത ആവശ്യം അറിയിച്ചു; കഥാപാത്രത്തെ കുറിച്ച് സംസാരിക്കാന്‍ അവരുടെ ഫ്ലാറ്റില്‍ വരെ ചെല്ലണമെന്ന്. ഇന്നസെന്റ് പറയുന്നതുപോലെ ഒരു മോശം സ്ത്രീ ആല്ലാതിരുന്നതിനാല്‍ ആ ചെറുപ്പക്കാരുടെ സിനിമയില്‍ നടിക്ക് അഭിനയിക്കേണ്ടി വന്നില്ല.

വലിയ ഹിറ്റായി മാറിയ ഒരു കാമ്പസ് ചിത്രത്തിന്റെ സംവിധായകന്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളുടെ അടുത്തേക്ക് ഞാനൊരു വെജിറ്റേറിയന്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേയെന്നു പറയാന്‍ തന്റെ അസിസ്റ്റന്റിനെ പറഞ്ഞുവിട്ട കഥ ഈ രംഗത്തിനു സാക്ഷിയായ ഒരാള്‍ പിന്നീടു പറഞ്ഞു കേട്ടിട്ടുണ്ട്.

ഇന്നസെന്റിന് വളരെ അടുത്ത് പരിചയമുള്ളൊരു നടനുമായി ബന്ധപ്പെട്ടൊരു സംഭവം (ഇത്തരം സംഭവങ്ങളുടെ കാര്യത്തില്‍ ഒരു മഹാസംഭവം തന്നെയാണദ്ദേഹം) ഇങ്ങനെയാണ്; നടന്‍ തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹോട്ടലില്‍ താമസിക്കുന്നു. ഇതേ ഹോട്ടലില്‍ ഒരു ചിത്രത്തില്‍ മാത്രം അഭിനിച്ച് പ്രേക്ഷശ്രദ്ധ നേടിയ നടിയും കുടുംബവും താമസിക്കാന്‍ എത്തുന്നു. നടന് ഈ നടിയെ പരിചയമൊന്നുമില്ല. നടന്റെ ചില ഫോട്ടോകള്‍ക്കായി ഹോട്ടലില്‍ എത്തിയ ഒരു പത്രഫോട്ടോഗ്രാഫര്‍ ഈ നടിയെ അവിടെവച്ചു കണ്ടു. പ്രമുഖ നടന്റെയൊപ്പം ആ കുട്ടിയേക്കൂടി ചേര്‍ത്തു നിര്‍ത്തി ഒരു ഫോട്ടോ എടുത്ത് ചെറിയൊരു റൈറ്റ്അപ്പും ചേര്‍ത്തു കൊടുത്താല്‍ ഞായറാഴ്ച്ചത്തെ കാര്യം കുശാലെന്നു കരുതി ഫോട്ടോഗ്രാഫര്‍ അതിനുള്ള നീക്കം നടത്തി. നടന്റെ സമ്മതത്തോടെ ഫോട്ടോയെടുപ്പ് നടന്നു. നടിക്കാണെങ്കില്‍ അവിചാരിതമായി കിട്ടിയ ഭാഗ്യമോര്‍ത്ത് വലിയ സന്തോഷം. ആ സന്തോഷത്തോടെ മുറിക്കുള്ളില്‍ ഇരിക്കുമ്പോഴാണ് വാതിലില്‍ മുട്ടുകേള്‍ക്കുന്നത്. തുറന്നു നോക്കുമ്പോള്‍ സാക്ഷാല്‍ നടന്‍. കുട്ടിയെ ഇഷ്ടമായ നടന്‍ തന്റെ അടുത്ത പൊലീസ് സിനിമയില്‍ ആദ്യം കാസ്റ്റ് ചെയ്ത നായികയെ മാറ്റി ഈ കുട്ടിക്ക് അവസരം നല്‍കി. പിന്നീടൊരിക്കല്‍ ഈ നടി പറഞ്ഞത് ആ സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധമെന്നാണ്. ഇങ്ങനെയുള്ള ‘സഹായങ്ങള്‍’ എത്രയത്ര പറയാനുണ്ട്. ഗോസിപ്പോ, മഞ്ഞക്കഥകളോ അല്ല.

പെണ്ണ് കിടന്നുകൊടുക്കാന്‍ തയ്യാറിയട്ടല്ലേ ഇതൊക്കെ നടന്നതെന്ന് ഇന്നസെന്റ് ശൈലിയില്‍ ചോദിക്കാം. പക്ഷേ നടന്റെ കഴിവും നടിയുടെ കഴിവും രണ്ടുതരത്തില്‍ അളക്കാന്‍ തയ്യാറാകുന്നതെന്തിനാണ്? ഞാന്‍ നിങ്ങള്‍ക്ക് കിടന്നുതരാം, എനിക്കൊരു അവസരം തരൂ എന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി താരത്തിന്റെയോ സംവിധായകന്റെയോ നിര്‍മാതാവിന്റെയോ എഴുത്തുകാരന്റെയോ കതകില്‍ മുട്ടുന്നുണ്ടോ? അവരെ തങ്ങളുടെ മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയാണ്. എന്നിട്ടും മലയാള സിനിമയില്‍ മോശക്കാരായ ആണുങ്ങള്‍ ഉണ്ടെന്ന് ആരും പറയുന്നില്ല. എല്ലാത്തിനും ഉത്തരവാദി പെണ്ണ് മാത്രമാകുന്നു. ഇന്നസെന്റിനെ പോലുള്ളവര്‍ അതുപറഞ്ഞുറപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍