UPDATES

സിനിമ

നടിമാര്‍ക്ക് ഗോഡ്ഫാദര്‍ വേണ്ടാത്ത കാലം; റിമയുടെ പ്രതീക്ഷ സഫലമാകട്ടെ, പക്ഷേ…

പുറകില്‍ നിന്നും കൂവുന്ന കുക്കൂ പരമേശ്വരന്മാരാണ് എണ്ണത്തില്‍ കൂടുതല്‍, റിമയെ പോലുള്ള എത്രപേര്‍ കാണും?

അങ്ങനെയൊരു കാലം പുലര്‍ന്നാല്‍; വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരിക്കും, പക്ഷേ! അതേ, വലിയൊരു പക്ഷേ ഇപ്പോഴും തടസ്സമായി നില്‍ക്കുകയാണ് റിമ കല്ലിങ്കല്‍ പ്രതീക്ഷിക്കുന്ന നടിമാര്‍ക്ക് ഗോഡ്ഫാദര്‍ വേണ്ടാത്ത കാലത്തിനു മുന്നില്‍. കാരണം, സിനിമയെന്നത് ആണ്‍ അധികാരത്തിന്റെ ഒരു കലയായി ശക്തി പ്രാപിക്കപ്പെട്ടു കഴിഞ്ഞു. ഒരു വൈചിത്ര്യം എന്തെന്നാല്‍ അമ്മ ദൈവങ്ങളില്‍ നിന്നും ആര്യദൈവങ്ങള്‍ അധികാരം പിടിച്ചെടുത്തപോലെയാണ് സ്ത്രീകള്‍ക്ക് മാന്യതയും അവകാശങ്ങളും ഉണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി തികച്ചും പുരുഷപക്ഷമായി തീര്‍ന്നത്. ഉദായയില്‍ ഷീലയ്ക്കും ജയഭാരതിക്കും ശാരദയ്ക്കുമൊക്കെ പ്രത്യേകം മുറികള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അവിടെ നിന്നും, അല്‍പ്പനേരം വിശ്രമിക്കാന്‍ ഒരു കാരവാന്‍ സൗകര്യം ചോദിച്ചാല്‍ നീ അഹങ്കാരിയാണെന്നു വിളിച്ചു പറയുന്നവരിലേക്ക് സിനിമ ‘വളര്‍ന്നു’ കഴിഞ്ഞിടത്താണ് റിമയെപോലുള്ളവരുടെ പ്രതീക്ഷ എത്രത്തോളം സഫലമാകുമെന്ന സംശയം വരുന്നത്; ഒരുപക്ഷേ എന്നെങ്കിലുമത് സാധ്യമാകും എന്നു വിശ്വസിക്കാമെന്നുമാത്രം.

ആരുടെയും ഔദാര്യമില്ലാതെ അവരുടെ കഴിവുമാത്രം പരിഗണിച്ച് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം സ്ത്രീകള്‍ക്കുണ്ടാവണമെന്നാണു റിമ പറയുന്നത്. റിമ ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നടിയാണ്. അവരെ അടുത്തറിയുന്നവര്‍ക്ക് തന്റെ വ്യക്തിത്വം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത ഒരു സ്ത്രീയെ കാണാനാകും. പക്ഷേ റിമയെപ്പോലെ എത്രപേര്‍? അവര്‍ക്ക് പിന്തുണ കൊടുക്കാനെങ്കിലും തയ്യാറാകുന്നവര്‍ എത്രപേര്‍? അങ്ങനെയുള്ളവരെയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ കാണാനാകുന്നത്. പക്ഷേ അതില്‍ പോലും കീഴടങ്ങാന്‍ തയ്യാറാകാത്തവരുടെ എണ്ണം ആകെയുള്ളവരുമായി തുലനം ചെയ്യാന്‍ കഴിയില്ല. കാരണം, ചിലര്‍ക്ക് സിനിമ ഒരു സ്വപ്‌നജീവിതം തന്നെയാണ്. അതിനേക്കാള്‍ ഭീകരമെന്നത് സിനിമയിലെ സ്ത്രീകള്‍ക്കായി ഉണ്ടാക്കിയെന്നു പറയുന്ന കൂട്ടായ്മയില്‍ നിന്നും അകന്നു നില്‍ക്കുന്ന സിനിമയിലെ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നതാണ്. അമ്മയുടെ പ്രസ് മീറ്റില്‍ ഇരിക്കാന്‍ ഒരു ഇടം കിട്ടിയില്ലെങ്കില്‍ പോലും താരനേതാക്കന്മാരുടെ വാക്‌ധോരണികളെ ആവേശത്തോടെ കൂക്കിവിളിച്ച് പിന്തുണച്ച കുക്കു പരമേശ്വരന്മാരും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ന്യായീകരണമെന്ന റിസ്‌ക് എടുക്കാന്‍ തയ്യാറായ ലക്ഷ്മിപ്രിയമാരുമൊക്കെ ഒരുപാടുണ്ട്. അവര്‍ക്കൊന്നും വേണ്ടാത്ത മാറ്റം ഒരു കൂട്ടം സ്ത്രീകള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ക്ക് ഏറെ കഷ്ടപ്പെടാനുണ്ട്; നഷ്ടപ്പെടാനുണ്ട്.

"</p

റിമ പറയുന്നത്, ഞാനാണ് ഈ നടിയെ സിനിമയില്‍ കൊണ്ടുവന്നത് എന്നു പറയാവുന്ന തരത്തിലുള്ള ഗോഡ്ഫാദര്‍മാര്‍ ഉണ്ടാവാത്ത കാലം വരണം എന്നാണ്. അങ്ങനെയൊരു കാലത്തിനായി ആദ്യം മാറേണ്ടത് ആരാണ്? മാറേണ്ടത് സ്ത്രീകള്‍ തന്നെയാണ്. ‘ടു ഇന്‍ വണ്‍’, ‘സഹകരിക്കണം’, ‘ഒന്നു നഷ്ടപ്പെട്ടാലല്ലേ…’ തുടങ്ങിയ കോഡ് വാക്കുകളൊക്കെ ഇപ്പോഴും സിനിമയില്‍ സുഗമമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വസ്തുത രഹസ്യമൊന്നുമല്ല. അതങ്ങനെ തുടരുന്നിടത്തോളം ഈ ഗോഡ്ഫാദര്‍മാര്‍ നിലനില്‍ക്കും. അവര്‍ക്കു വിധേയരാകാന്‍ വിസമ്മതിക്കുന്നവരുടെ എണ്ണം ശൂന്യമാകാത്തിടത്തോളം ഗോഡ്ഫാദര്‍ സംസ്‌കാരം അവസാനിക്കില്ല. ഇപ്പോഴും പ്രമുഖ നടിമാര്‍ പറയുന്നത് കേള്‍ക്കാറുണ്ട്; എനിക്കീ ചാന്‍സ് കിട്ടിയത് അദ്ദേഹം കാരണമാണ്, അദ്ദേഹത്തിന്റെ സപ്പോര്‍ട്ടാണ് ഈ വേഷം ചെയ്യാന്‍ സഹായകമായത്, അദ്ദേഹമെനിക്ക് ചേട്ടനാണ്, ഗുരുവാണ്, എല്ലാമാണ്…’ ഇതാണു വിധേയത്വം. ഇവരില്‍ എത്രപേരെ തിരുത്താന്‍ റിമയെപ്പോലുള്ളവര്‍ക്കാകും?

മൊത്തം സിനിമ ഇന്‍ഡ്രസ്ട്രിയേയും നോക്കാം, അതില്‍ താരങ്ങള്‍ മാത്രമല്ല, സാങ്കേതികപ്രവര്‍ത്തകര്‍ തൊട്ട് തിയേറ്റര്‍ ഉടമകളിലേക്കു വരെ ചെല്ലാം. ഇവിടെയെല്ലാം കാണുന്ന് അണ്‍കോയ്മ തന്നെയാണ്. റിമ പറയുന്ന കാലത്തിനായി മൊത്തത്തില്‍ മാറ്റം വരണം. പഴയകാലം ഒന്നോര്‍ക്കുക. ഒരു നോവല്‍ വായിച്ചോ, കഥ വായിച്ചോ, അല്ലെങ്കില്‍ ഏതെങ്കിലും മറുഭാഷ ചിത്രം കണ്ടോ താത്പര്യം തോന്നുന്ന നിര്‍മാതാവ് ആദ്യം ഇക്കാര്യം ഒരു രചയിതാവിനോടു പങ്കുവച്ച് തിരക്കഥ തയ്യാറാക്കി, പിന്നെയൊരു സംവിധായകനെ സമീപിച്ച് അവരെല്ലാം കൂടി പ്രധാന അഭിനേതാക്കളെ തെരഞ്ഞെടുത്ത്, നിര്‍മാതാവിന്റെ കൈയിലെ പൈസയ്ക്ക് നില്‍ക്കുന്ന തരത്തില്‍ ഒരു സിനിമ എടുക്കുന്നു. ഇന്നത് റിവേഴ്‌സ് ഗിയറിലാണ് കാണേണ്ടത്. സിനിമ കളിക്കേണ്ട തീയേറ്റര്‍ വരെ നായകന്മാര്‍ തീരുമാനിക്കും, സിനിമകള്‍ കളിക്കേണ്ടെന്ന തീരുമാനവും അവരെടുക്കുന്നു. ഇതൊരു സിസ്റ്റമായി തീര്‍ന്നിരിക്കുകയാണ്. അതിനെ നിയന്ത്രിക്കുന്നവര്‍ സ്വയം മാറാന്‍, അതും തങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് മാറാന്‍ തയ്യാറാകും എന്നാണോ?

"</p

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന്റെ ആദ്യദിവസത്തെ ഇന്നസെന്റിന്റെ ഒരു കമന്റ് ശ്രദ്ധിച്ചിരുന്നോ? യോഗ്യയായ ഒരു സ്ത്രീ വന്നാല്‍ അമ്മ പ്രസിഡന്റ് പദം കൈമാറാമെന്ന്. അതൊരു വെല്ലുവിളിയാണ്. അമ്മയുടെ പ്രസിഡന്റ് എന്ന യോഗ്യമായ പദവിയിലേക്ക് വരാന്‍ അര്‍ഹയായ ഒരു സ്ത്രീ ഉണ്ടോ എന്ന വെല്ലുവിളി. സ്ത്രീകളുടെ യോഗ്യതകളെക്കുറിച്ച് അവര്‍ക്കുള്ള ബോധ്യങ്ങള്‍ തകര്‍ക്കാന്‍ കൂടുതല്‍ റിമമാര്‍ മുന്നോട്ടുവരണം, മാര്‍ഗങ്ങള്‍ എങ്ങനെയുമാകട്ടെ…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍