UPDATES

സിനിമാ വാര്‍ത്തകള്‍

‘അരയാക്കടവിലേക്ക്’ ചിത്രത്തില്‍ നായകനും നിര്‍മ്മാതാവും ചെങ്കല്‍ത്തൊഴിലാളിയായ കുഞ്ഞിരാമനാണ്

സ്വന്തം അധ്വാനത്തിന്റെ ഏറിയ പങ്കും കുഞ്ഞിരാന്‍ ചെലവിട്ടത് നാടകത്തിനും ഇപ്പോള്‍ സിനിമയ്ക്കുംവേണ്ടിയാണ്.

കയ്യൂരിന്റെ സമരചരിത്രം പറയുന്ന ‘അരയാക്കടവിലേക്ക്’ ചിത്രം തിയറ്ററുകളില്‍ എത്തി കഴിഞ്ഞു. ചിത്രത്തിന് പിന്നില്‍ പ്രശസ്ത നാടക കലാകാരനായ കണ്ണങ്കൈ കുഞ്ഞിരാമന്‍ കല്ലുകെട്ട് തൊഴിലിലൂടെ സ്വരൂപിച്ച സമ്പാദ്യമാണ്. സിനിമയിലെ നായകന്‍ ചെങ്കല്‍ത്തൊഴിലാളിയായ കുഞ്ഞിരാമന്‍ തന്നെയാണ്. മുപ്പതോളം നാടകം നിര്‍മിച്ച് അരങ്ങിലെത്തിച്ചശേഷമാണ് ഇദ്ദേഹം സിനിമയില്‍ എത്തിയിരിക്കുന്നത്. ഉപജീവനത്തിനായി ചെങ്കല്‍ത്തൊഴിലാളിയുടെയും, വാര്‍പ്പ് മേസ്തിരിയുടെയും വേഷമിട്ട കുഞ്ഞിരാമന്റെ അഭിനയമോഹമാണ് ശ്രദ്ധിക്കപ്പെടുന്നത്. കയ്യൂരിലെ നാല് യുവാക്കളുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുന്നതിന്റെ തലേദിവസം ആ നാട് അനുഭവിച്ച വേദനയാണ് സിനിമയുടെ പ്രമേയം. കണ്ണങ്കൈ കുഞ്ഞിരാമന്‍ അവതരിപ്പിക്കുന്ന ചമ്മിണിയന്‍ എന്ന കഥാപാത്രത്തിന്റെ ഓര്‍മകളിലൂടെയാണ് സിനിമ മുന്നേറുന്നത്. പി വി കെ പനയാലിന്റെ ‘ഖനിജം’ നോവലിലെ ഒരുഭാഗമാണ് സിനിമയിലെ പ്രമേയം. സംവിധാനം ഗോപി കുറ്റിക്കോല്‍.

സ്വന്തം അധ്വാനത്തിന്റെ ഏറിയ പങ്കും കുഞ്ഞിരാന്‍ ചെലവിട്ടത് നാടകത്തിനും ഇപ്പോള്‍ സിനിമയ്ക്കുംവേണ്ടിയാണ്. പതിനാലാം വയസ്സിലാണ് അപ്രതീക്ഷിതമായി നാടകക്കാരനാകുന്നത്. മുപ്പതോളം നാടകങ്ങള്‍ രചിച്ചു മിക്കതും അമച്വര്‍ നാടകങ്ങള്‍. അതുകൊണ്ടുതന്നെ സമ്പാദ്യം അനുഭവങ്ങള്‍ മാത്രവും. ഒടുവില്‍ നാല് ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ചപ്പോള്‍ വലിയ സ്‌ക്രീനില്‍ ചിത്രം നിര്‍മിക്കണമെന്നായി മോഹം.

പുലര്‍ച്ചെ നാടകം കഴിഞ്ഞുവന്നാല്‍ കുളിച്ച് നേരെ ചെങ്കല്‍പ്പണിക്കുപോകുന്നതാണ് പതിവ്. പണിയെടുത്തില്ലെങ്കില്‍ നാടകം കളിക്കാനാകാത്ത അവസ്ഥ. ഒരൊറ്റ ഷര്‍ട്ടിട്ട് രാവിലെമുതല്‍ വൈകിട്ടുവരെ കല്‍പ്പണിയെടുത്ത് വൈകിട്ട് അതേ ഷര്‍ട്ട് അലക്കി വീണ്ടുമെടുത്തിട്ട് നാടകം കളിക്കാന്‍ പോയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടേതടക്കം മികച്ച നടനുള്ള പുരസ്‌കാരം ഇതുവരെ 37 തവണ കുഞ്ഞിരാമനെ തേടിവന്നിട്ടുണ്ട്.

തന്റെ സിനിമയ്ക്കായി ചെറുവത്തൂരിലെ കണ്ണായ സ്ഥലത്തുള്ള 28 സെന്റ് സ്ഥലം വിറ്റു. പല ചിട്ടികള്‍ നഷ്ടത്തിന് വിളിച്ചെടുത്തും സുഹൃത്തുക്കളുടെ സഹായവുമൊക്കെയായി ഒന്നേകാല്‍ കോടി സിനിമയ്ക്കായി കുഞ്ഞിരാമന്‍ ചെലവാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍