UPDATES

സിനിമ

വ്യത്യസ്തതകളാണ് ഞാന്‍ തേടുന്നത്; അച്ചായന്‍സ് വന്‍ വിജയം – കണ്ണന്‍ താമരക്കുളം/അഭിമുഖം

പുതിയ തലമുറയിലെ ആര്‍ട്ടിസ്‌ററുകള്‍ ശരിക്കും കണ്ട് പഠിക്കേണ്ടതാണ് പ്രകാശ് രാജ് സാറിനെയൊക്കെ

അനു ചന്ദ്ര

അനു ചന്ദ്ര

കഥാവിഷയത്തിലെ വ്യത്യസ്തതകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കണ്ണന്‍ താമരക്കുളം. അതുകൊണ്ട് തന്നെയാകാം തന്റെ മൂന്ന് സിനിമകളിലെയും കഥാപാത്ര തെരഞ്ഞെടുപ്പുകളില്‍ സൂക്ഷ്മത പുലര്‍ത്താനും ഓംപുരി, പ്രകാശ് രാജ് തുടങ്ങിയ താരനിരകളിലെ വ്യത്യസ്തത നിലനിര്‍ത്താനും അദ്ദേഹത്തിന് സാധിച്ചത്. പുതിയ സിനിമയായ അച്ചായന്‍സ് ശ്രദ്ധിക്കപ്പെട്ടതാകട്ടെ മൂന്ന് സിനിമകളിലായി തുടരെ തുടരെ നിലനിര്‍ത്തി വന്ന ജയറാം-കണ്ണന്‍ താമരക്കുളം കൂട്ട്‌കെട്ടിന്റെ സാന്നിധ്യമായിരുന്നു. പുതിയ സിനിമയായ അച്ചായന്‍സിനെ കുറിച്ചും, ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടിന് പിറകിലെ രഹസ്യത്തെ കുറിച്ചും ഉണ്ണി മുകുന്ദന്‍, അമല പോള്‍, പ്രകാശ് രാജ് തുടങ്ങിയവരൊത്തുള്ള അനുഭവങ്ങളെ കുറിച്ചും സംവിധായകന്‍ കണ്ണന്‍ താമരക്കുളം സംസാരിക്കുകയാണ് മാധ്യമ പ്രവര്‍ത്തക അനു ചന്ദ്രയുമായി.

അനു ചന്ദ്ര: ഏറ്റവും പുതിയ സിനിമയായ അച്ചായന്‍സിന്റെ വിജയത്തെ കുറിച്ച്?

കണ്ണന്‍ താമരക്കുളം: അച്ചായന്‍സ് ഒരു വന്‍ വിജയമായിട്ട് എല്ലാ തീയേറ്ററുകളിലും പൊയ്‌കൊണ്ടിരിക്കുന്നു. ഫാമിലി ഓഡിയന്‍സിനും യൂത്ത് ഓഡിയന്‍സിനുമെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്നുണ്ട്. കൂടാതെ ഞങ്ങളുടെ ടീംസിലെ ജയറാമേട്ടനും ഉണ്ണി മുകുന്ദനുമെല്ലാം പരമാവധി തിയേറററുകളില്‍ വിസിറ്റ് ചെയ്യുന്നുണ്ട്. അവിടെയെല്ലാം നല്ല റെസ്‌പോണ്‍സ് കിട്ടി കൊണ്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രകാശ് രാജ്, അമലാ പോള്‍, ഉണ്ണി മുകുന്ദന്‍  ഇവയുടെയെല്ലാം പെര്‍ഫോമെന്‍സിനെ എടുത്ത് പറയുന്നുണ്ട് ആളുകള്‍.

അനു: തുടരെ ചെയ്ത എല്ലാ സിനിമകളിലും നിലനിര്‍ത്തുന്ന ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടിനെ കുറിച്ച്?

കണ്ണന്‍: അത് വാസ്തവത്തില്‍ യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നാണ്. ജയറാമെന്ന നടനെ വെച്ച് മാത്രമേ സിനിമ എടുക്കൂ എന്നുളള നിര്‍ബന്ധം കാരണം സംഭവിക്കുന്നതൊന്നുമല്ല. ആദ്യ സിനിമയായ തിങ്കള്‍ മുതല്‍ വെള്ളി വരെ ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോള്‍ അതിനകത്ത് ഹൊറര്‍ എലമെന്റുളള സ്വീക്കന്‍സ് ഉണ്ടായിരുന്നു. അത് ഒരു ഹ്യൂമര്‍ ബെയ്‌സ്ഡായിരുന്നു. അത് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജയറാമേട്ടന്‍ എന്നോട് പറയുന്നത്, ‘എനിക്ക് ഹൊറര്‍ സിനിമകള്‍ പണ്ടേ ഇഷ്ടമാണ് ,ഞാന്‍ ഒരുപാട് ഹൊറര്‍ സിനിമകള്‍ കാണും, മലയാളത്തില്‍ നല്ലൊരു ഹൊററിന് പറ്റിയ സാഹചര്യമുണ്ടല്ലൊ’ എന്നൊക്കെ. അങ്ങനെ അതിന്റെ ലൈറ്റ് അപ്പ് ടൈമില് വീണു കിട്ടിയ ഒരു അഞ്ച് മിനിറ്റ് കൊണ്ട് ഞാന്‍ പറയുന്നതാണ് ജയറാമേട്ടനോട് ആടുപുലിയാട്ടത്തിന്റെ ഒരു എലമെന്റ്.

അതന്ന് ഞാനങ്ങനെ പറഞ്ഞു നിര്‍ത്തിയെങ്കിലും പിന്നീട് ജയറാമേട്ടന്‍ തന്നെയാണ് അതിന് വേണ്ടി ഏറെ താല്പര്യത്തോടെ മുന്നിട്ടിറങ്ങുന്നതും ആന്റോ ജോസഫുമൊക്കെയായി സംസാരിക്കുന്നതുമെല്ലാം. ജയറാമേട്ടനാണ് ആടുപുലിയാട്ടം എന്ന പ്രൊജക്ടിലേക്ക് വരാനുളള ഒരു കാരണം. അങ്ങനെയാണ് ജയറാമേട്ടനോടൊത്ത് ആ പ്രൊജക്ട് സംഭവിക്കുന്നത്. പിന്നീട് ആടുപുലിയാട്ടം നടക്കുമ്പോള്‍ ജയറാമേട്ടനാണ് എന്റെ അടുത്ത് റൈറ്റര്‍ സേതുവിനെ കുറിച്ച് സംസാരിക്കുന്നത്. ഒരു രണ്ട് വര്‍ഷം മുമ്പ് സീനിയേര്‍സിന്റെ ഷൂട്ട് നടക്കുമ്പോള്‍ സേതു എന്നോട് ഒരു എലമെന്റ് പറഞ്ഞിരുന്നുവെന്ന് ജയറാമേട്ടന്‍ പറഞ്ഞു. ‘അത് വളരെ രസമുള്ള ഹ്യൂമര്‍, ത്രില്ലര്‍ ഒക്കെയായ ഒരു മള്‍ട്ടിസ്‌ററാര്‍ പടമാണ്. അത് കണ്ണന്റെ കപ്പ് ഓഫ് ടീ ആണെന്നു തോന്നുന്നു, അത് കേട്ട് നോക്കൂ’ എന്ന്. പിറ്റേ ദിവസം ജയറാമേട്ടന്‍ സേതുവിനോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു. അത് കേട്ടപ്പൊ ആദ്യത്തെ രണ്ട് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ എലമെന്റാണെന്ന് തോന്നി, ഇഷ്ടപ്പെട്ടു. ഉണ്ണിക്ക് മുമ്പെ കഥ അറിയാമായിരുന്നു. പിന്നെ ഉണ്ണിയുടെയും ജയറാമേട്ടന്റെയും ഡെയറ്റ് അടുത്ത് വന്നപ്പോള്‍ ബാക്കി എല്ലാം ശരിയാക്കി.അങ്ങനെയാണ് ഈ കൂട്ട്‌കെട്ട് വീണ്ടും വരുന്നത്.

അനു: ജയറാമുമായി സിനിമക്കപ്പുറമുളള സൗഹൃദം എങ്ങനെയാണ്?

കണ്ണന്‍: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയും നടനുമാണ് ജയറാമേട്ടന്‍. ഒരു ഫാമിലിയിലെ അംഗത്തെ പോലെ എന്ത് കാര്യങ്ങള്‍ വേണമെങ്കിലും, എപ്പൊ വേണമെങ്കിലും, ഏത് രാത്രിയിലും തുറന്ന് പറയാനുളള ഒരു സ്‌പെയ്‌സ് ഉണ്ട് ഞങ്ങള്‍ക്കിടയില്‍. ഇനിയിപ്പൊ പുതിയ എന്തെങ്കിലും സബ്ജക്ട് തോന്നിയാല്‍, ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന്, ചേട്ടാ ഇങ്ങനെയൊരു സംഭവമുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് സംസാരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ആത്മബന്ധവും അടുപ്പവുമുണ്ട്.

അനു: അസാമാന്യ പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്ന അഭിനേതാക്കളിലൂടെ സിനിമകളില്‍ വ്യത്യസ്തത പുലര്‍ത്താനുളള ഒരു ശ്രമം ഉണ്ടാകാറില്ലെ?

കണ്ണന്‍: തീര്‍ച്ചയായും. ഒരു പ്രെഡിക്ടബിളായിട്ടുളള ടൈപ്പ് ഓഫ് കാറ്റഗറീസ് മൂവി ചെയ്യാനാഗ്രഹിക്കുന്ന ആളല്ല ഞാന്‍. അത് കൊണ്ട് തന്നെ വ്യത്യസ്തകള്‍ കൊണ്ടു വരാനാഗ്രഹിക്കാറുണ്ട്, കഥകളിലൂടെയും ഫ്രെഷ്‌നസ്സ് ഉളള അഭിനേതാക്കളിലൂടെയുമെല്ലാം. അച്ചായന്‍സിനകത്ത് അമലാ പോള്‍ ഒക്കെ ചെയ്തിരിക്കുന്ന കഥാപാത്രം, എനിക്ക് തോന്നുന്നില്ല മറ്റാര്‍ക്കും ഇത്രയേറെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ പറ്റുമെന്ന്. അമലയുടെ അഭിനയം ഒക്കെ ഇന്നൊരുപാട് റേഞ്ചിലെത്തി, ഡെഡിക്കേഷനിലൊക്കെ എക്‌സ്ട്രീം ആണ്. ഞാന്‍ ചിന്തിക്കുന്ന കഥാപാത്രത്തിന്റെ അകത്ത് കയറി ചിന്തിക്കുന്ന ആളാണ് അവര്‍. ഒരു ജെന്യുവിനായ നായികയായി കഴിഞ്ഞിരിക്കുന്നു അവര്‍.

അനു: ഓംപുരി, പ്രകാശ് രാജ് അസാമാന്യരായ രണ്ട് അഭിനേതാക്കളോടൊപ്പമുളള പ്രവര്‍ത്തനാനുഭവങ്ങള്‍?

കണ്ണന്‍: എനിക്കെപ്പോഴും തോന്നാറുണ്ട് ദൈവാനുഗ്രഹം കൊണ്ടോ പുണ്യം കൊണ്ടോ ഒക്കെയാണ് ഓംപുരി സാറിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതെന്ന്. ഇനി പ്രാദേശിക സിനിമകളിലൊന്നും അഭിനയിക്കുന്നില്ലാ എന്ന തീരുമാനമൊക്കെയെടുത്ത് നില്‍ക്കുമ്പോഴാണ് സാര്‍ എന്തോ ഒരു ഭാഗ്യത്തിന് ആടുപുലിയാട്ടത്തിലഭിനയിക്കാന്‍ വരുന്നത്. അപാരമായ പ്രകടനമായിരുന്നു ആ സിനിമയില്‍. മാത്രമല്ല വളരെ നല്ലൊരു വ്യക്തിത്വവുമായിരുന്നു. വര്‍ക്ക് കഴിഞ്ഞു പോകുന്ന സമയത്ത് മൈക്കിലൂടെ സാര്‍ പറഞ്ഞു ആദ്യം നിങ്ങള്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ മലയാളം സിനിമ അഭിനയിക്കണമോ എന്നാലോചിച്ചു, വന്നില്ലായിരുന്നെങ്കില്‍ വലിയൊരു നഷ്ടമാകുമായിരുന്നു, ഇനിയും വരും, അടുത്ത സിനിമയില്‍ വിളിക്കണമെന്നൊക്കെ. പക്ഷേ അച്ചായന്‍സിന്റെ ഫസ്‌ററ് ഷെഡ്യൂളില്‍ വെച്ചാണ് അദ്ദേഹത്തിനെ വിയോഗമെന്ന വളരെ ദുഃഖകരമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത്.

പിന്നെ പ്രകാശ് രാജ് സാറിനെ കാര്യമാണെങ്കില്‍ പുതിയ തലമുറയിലെ ആര്‍ട്ടിസ്‌ററുകള്‍ ശരിക്കും കണ്ടു പഠിക്കേണ്ടതാണ് അദ്ദേഹത്തെ. അസാധ്യമായ ഡെഡിക്കേഷനുളള ഒരു വ്യക്തിയാണദ്ദേഹം. രാവിലെ ലൊക്കേഷനിലെത്തിയാല്‍ പാക്ക് അപ്പ് പറയുന്നത് വരെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സീന്‍സ് വാങ്ങി നമ്മളെ കൊണ്ട് രണ്ട് മോഡുലേഷനില്‍ പറയിപ്പിച്ച് അതെഴുതിയെടുത്ത് പഠിക്കും. കാരവാനില്‍ പോയിരിക്കുക എന്നൊരു സംഭവമേ അദ്ദേഹത്തിനില്ല. വാസ്തവത്തില്‍ ജയാറാമേട്ടന്‍ വഴിയാണ് ഞാനദ്ദേഹത്തിലെത്തുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, ചെയ്യാമെന്ന് സമ്മതിച്ചു, ഡബിങ്ങൊക്കെ മണിക്കൂറുകള്‍ക്കുളളില്‍ അനായാസമായാണദ്ദേഹം ചെയ്തത്. സാര്‍ വളരെ ഹാപ്പിയായിരുന്നു. പേഴ്‌സണലി എന്നോട് വര്‍ക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മലയാളത്തില്‍ ഇതു വരെയും ഇത്രയും നല്ല ക്യാരക്ടര്‍ കിട്ടിയില്ലെന്നൊക്കെ പറഞ്ഞു. പിന്നെ അച്ചായന്‍സെന്ന സബ്ജക്ടിലുളള എന്റെ കോണ്‍ഫിഡന്റ്‌സ് സാറിന്റെ താല്പര്യം കാരണം വീണ്ടും ഇരട്ടിച്ചു.

അനു: അഭിനയത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന താങ്കള്‍, റിമിടോമിയെ നായികയാക്കി ഒരു സിനിമയെടുത്തപ്പോള്‍ ആശങ്കപ്പെട്ടിരുന്നോ?

കണ്ണന്‍: അത് ഭയങ്കരമായ ഒരു വെല്ലുവിളിയായിരുന്നു. കാരണം റിമി ടെലിവിഷനിലായാലും പാട്ടിലായാലും എല്ലാം പോപ്പുലര്‍ ആണ്. ആ ഒരു ടെലിവിഷന്‍ ഇമേജുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു തിങ്കള്‍ മുതല്‍ വെളളി വരെയിലെ പുഷ്പവല്ലി എന്ന കഥാപാത്രം. വളരെ അഭിനയപ്രാധാന്യവും സാധ്യതകളും എല്ലാ സീനിലും ഹ്യൂമര്‍ ഉളള, പണ്ട് ഉര്‍വശി ചേച്ചി ഒക്കെ ചെയ്തത് പോലുളള കഥാപാത്രം. റിമിക്കാണെങ്കില്‍ ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു. ആദ്യ ദിവസം സീന്‍ പറഞ്ഞു കൊടുക്കുമ്പോ എപ്പോഴും ചിരിച്ചു മാത്രം കാണുന്ന റിമിയുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുകയാണ്, ടെന്‍ഷന്‍ കാരണം. ഞങ്ങളെല്ലാവരും കൂടി അന്ന് കോണ്‍ഫിഡന്‍സ് കൊടുക്കുകയാണ് ചെയ്തത്. സെക്കന്റ് ഡേ ആയപ്പോഴേക്കും റിമിയാളാകെ മാറി, പുഷ്പവല്ലിയിലേക്ക് പൂര്‍ണമായും എത്തിക്കഴിഞ്ഞിരുന്നു.

അനു: ടെലിവിഷന്‍ സീരിയല്‍ സംവിധാനത്തില്‍ നിന്ന് സിനിമാ സംവിധായകനിലേക്കുളള വരവ് എങ്ങനെ സംഭവിച്ചു?

കണ്ണന്‍: വാസ്തവത്തില്‍ ആദ്യം ഞാന്‍ സിനിമയില്‍ തന്നെയായിരുന്നു. സാജന്‍, മോഹന്‍ കുപ്ലേരി ഇവരുടെയൊക്കെ അസോസിയേറ്റായിരുന്നു. ഒരു പതിനഞ്ചു വര്‍ഷം മുമ്പ് പ്രൊഡ്യൂസര്‍ അരോമ മണി സാറിനോട് ഒരു കഥ പറയാനായി ഞാന്‍ പോയി. കഥ പറഞ്ഞു തീരാറായപ്പോഴാണ് അദ്ദേഹത്തിന് ഏഷ്യാനെറ്റില്‍ നിന്നൊരു കോള്‍ വരുന്നത്. സീരിയലിന് അപ്രൂവലായെന്നും പറഞ്ഞ്. അപ്പോള്‍ സാറിന്റെ മുമ്പിലിരിക്കുന്ന സംവിധായകനായ എന്നെ, ഞാനന്ന് പറഞ്ഞ കഥയുടെ തുടക്കം മാത്രം എടുത്ത് കൊണ്ട് സാര്‍ സീരിയല്‍ ചെയ്യാനേല്‍പിച്ചു. അത് മിന്നാരം എന്ന സീരിയലായിരുന്നു. പിന്നീട് തുടരെ തുടരെ സീരിയലുകള്‍ ചെയ്തു. പിന്നെ സ്വാഭാവികമായും ഉണ്ടായ സീരിയല്‍ ഇമേജുകളില്‍ നിന്ന് രക്ഷപ്പെട്ട് സിനിമയില്‍ എത്താന്‍ കുറെ കഷ്ടപ്പെട്ടു.

അനു: മിനി സ്‌ക്രീന്‍ സംവിധായകന്‍, ബിഗ് സ്‌ക്രീന്‍ സംവിധായകന്‍. സ്വയം വിലയിരുത്തല്‍?

കണ്ണന്‍: ക്യാന്‍വാസിന്റെ വ്യത്യാസമാണ് തീര്‍ച്ചയായും ഉളളത്. ടെലിവിഷനില്‍ സംവിധായകന്റെ ക്വാളിററി ഒന്നുമല്ല വേണ്ടത്. പ്രൊഡ്യൂസര്‍ ചോദിക്കും നിങ്ങള്‍ ഒരു ദിവസം എത്ര എപ്പിസോഡ് ഷൂട്ട് ചെയ്യുമെന്ന്. അതില്‍ ഒന്ന്, ഒന്നര, രണ്ട് എന്ന് പറയുമ്പോള്‍ കൂട്ടത്തില്‍ രണ്ട് പറഞ്ഞവനെ പോസ്‌ററ് ചെയ്യുന്നു എന്ന് മാത്രമാണ് സീരിയലിന്റെ ഒരു ഇത്. അതിന് എഴുത്തുകാരനെഴുതിക്കൊണ്ടേയിരിക്കണം, ആര്‍ട്ടിസ്റ്റുകള്‍ ലെങ്ത്തി ഡയലോഗ് പറയണം, പ്രൊഡ്യൂസറിന് ലാഭം വേണം, ചാനലിന് റേറ്റിങും. പക്ഷേ സിനിമ ക്രിയേറ്റീവാണ്. ഇഷ്ടപ്പെട്ട സബ്ജക്ട് അതിനനുസരിച്ച് മുമ്പോട്ട് കൊണ്ട് പോകുന്ന ഒന്ന്; ക്രിയേറ്റര്‍ക്ക് മുമ്പില്‍ സാധ്യതകളുണ്ട്.

അനു: കണ്ണന്‍ താമരക്കുളം എന്ന വ്യക്തിയെ കുറിച്ച്?

കണ്ണന്‍: എന്റെ നാട് ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ്. അച്ഛന്‍, അമ്മ, സഹോദരി ഇതാണ് കുടുംബം. അച്ഛന്‍, അമ്മ ടീച്ചേഴ്‌സാണ്. അമ്മ സുജാത, അച്ഛന്‍ സോമന്‍. ചെറുപ്പത്തില്‍, സ്‌ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ സിനിമകളോടെക്ക വലിയ താല്‍പര്യമായിരുന്നു. അന്നൊക്ക റിലീസാകുന്ന ദിവസം തന്നെ എല്ലാ സിനിമകളും കാണും. പിറ്റേ ദിവസം സ്‌ക്കൂളിലെ കുട്ടികള്‍ക്ക് അഭിനയിച്ച് കൊണ്ട് തന്നെ കഥ പറഞ്ഞു കൊടുക്കും. അതായിരിക്കണം സംവിധായകനിലേക്കുളള തുടക്കം. പിന്നെ നാട്ടില്‍ ഒരു ക്ലബ്ബ് തുടങ്ങി സുഹൃത്തുക്കളെല്ലാവരും കൂടി. അതില്‍ നാടകങ്ങള്‍ ഒക്കെ എഴുതി എല്ലാവരും ചേര്‍ന്ന് അമ്പലത്തില്‍ ഉത്സവത്തിനൊക്കെ ചെയ്യുമായിരുന്നു. ഇനിയിപ്പൊ പുതിയ പ്രൊജക്ട് തുടങ്ങണം. അത് തീര്‍ച്ചയായും ഇത് വരെ ചെയ്തതില്‍ നിന്നെല്ലാം ടോട്ടലി ഡിഫ്രന്റായ ഒന്നാകും. അതിന്റെ ചര്‍ച്ചകളൊക്കെ നടക്കുന്നു ഇപ്പോള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍