UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ആദം ജോആന്‍: ഡാര്‍ക്ക് ത്രില്ലറിന്റെ ബ്രില്യന്‍സ്

സാങ്കേതികത്തികവും ഫോട്ടോഗ്രാഫിക്ക് ഫ്രെയിമുകളും സ്റ്റെയിലിഷ് ഹീറോയും ഒക്കെ കാണാനിഷ്ടമുള്ളവർക്ക് പ്രിയപ്പെട്ട മലയാള സിനിമാ അനുഭവമാകും ആദം ജോൺ

അപര്‍ണ്ണ

വ്യത്യസ്തമായ ഡാർക്ക് ത്രില്ലർ മോഡിലുള്ള ട്രെയിലറും മറ്റു പരസ്യങ്ങളും ആദം ജോആനെ യുവതലമുറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫെസ്റ്റിവൽ റിലീസ് ആക്കി മാറ്റിയിരുന്നു. സ്കോട്ട്ലാന്‍ഡിന്റെ ലാന്‍ഡ്സ്കേപ്പ്, പൃഥ്വിരാജിന്റെ ലുക്ക് ഒക്കെ സജീവ ചർച്ചയായി. ഓൺലൈൻ പ്രമോഷൻ സാധ്യതകളെ അത്രകണ്ട് ഉപയോഗിക്കാതെയാണ് ഇത്രയും സാങ്കേതികത്തികവുള്ള ഒരു  സിനിമ പ്രേക്ഷകരിലെത്തിയത്.

ആദം (പൃഥ്വിരാജ്) ഒരു പ്ലാന്ററാണ്. ഭൂമിയിലൊരു ഏദൻ തോട്ടം നിർമിച്ച് സ്വർഗമാക്കുക എന്നതിനപ്പുറം  മറ്റു താത്പര്യങ്ങളൊന്നും അയാൾക്കുണ്ടായിരുന്നില്ല. യാദൃശ്ചികമായി പള്ളിയിലെ ക്വയർ ഗായിക എമിയെ (മിഷ്ടി) അയാൾ കാണുന്നു. അവർ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. തുടർന്ന് മധുവിധുവിനായി  അമ്മയും സഹോദരനും ഭാര്യയും താമസിക്കുന്ന സ്കോട്ട്ലാന്റിൽ  എത്തുന്നു. പിന്നീട് അയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നു. ഒരു സാധാരണ പ്ലാന്ററിൽ നിന്നും ജീവൻ പോലും പണയപ്പെടുത്തിയ സാഹസികമായ ഒരു ലക്ഷ്യത്തിനു പുറകേ പോകേണ്ടി വരുന്ന ഒരാളായി ആദത്തിനു മാറേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന ആകാംക്ഷാഭരിതമായ സംഭവങ്ങളാണ് ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ സിനിമ.

ടെക്നിക്കൽ ബ്രില്യൻസ് കൊണ്ട് ഇത്രയും അമ്പരിപ്പിച്ച മലയാള സിനിമ ഈയടുത്ത് കണ്ടിട്ടില്ല. എങ്കിലും സിനിമയുടെ ഏറ്റവും ദുർബല ഘടകമായി തിരക്കഥ മാറുന്നു. ഏതാണ്ട് മൂന്നു മണിക്കൂറോളം പ്രേക്ഷകരെ കാഴ്ചകൾ കൊണ്ട് മാത്രം അമ്പരിപ്പിക്കാനുള്ള ശ്രമമായി ചിലയിടങ്ങളിൽ സിനിമ മാറുന്നുണ്ട്. അവസാനത്തെ ഫൈറ്റും ചില പരിണാമ ഗുപ്തികളും വല്ലാത്ത അതിശയോക്തി ഉണ്ടാക്കുന്നുണ്ട്. കുത്തിയ കത്തി വലിച്ചൂരി തിരിച്ചു കുത്തുന്നതു പോലെയുള്ള രംഗങ്ങൾ ആദം ജോആന്റെ മൊത്തം മൂഡിനോ പശ്ചാത്തലത്തിനോ ചേർന്നതല്ല. ഹാർലി ഡേവിസണിലേക്കും വില കൂടിയ ജാക്കറ്റുകളിലേക്കുമുള്ള അമിത ഫോക്കസ് ചിലപ്പോഴൊക്കെ ആ സാങ്കേതികത്തികവിനെ വെറുമൊരു മലയാള സൂപ്പർ സ്റ്റാർ സിനിമ മാത്രമാക്കി ചുരുക്കുന്നു. ഇത്രയുമൊക്കെ കഠിനാധ്വാനം ചെയ്ത് പുറത്തു വന്ന ഒരു സിനിമയെ അത് ദുർബലമാക്കാം.

നായിക എന്നാൽ നായകന്റെ പ്രണയിനി/ഭാര്യ ആണ് എന്ന സങ്കൽപ്പത്തെ ഈ സിനിമ യാദൃശ്ചികമായോ അല്ലാതെയോ പൊളിച്ചെഴുതുന്നുണ്ട്. ഭാവനയുടെ ശ്വേത, ആദം ജോആന്റെ സഹോദര ഭാര്യയാണ്. ഒരുപാടു സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണിത്. പ്രിത്വിരാജിന്റെ സ്റ്റൈലിഷ് ടൈറ്റിൽ ക്യാരക്ടർ കൈയ്യടി നേടുന്നുണ്ട്. നരേന്‍ അവതരിപ്പിക്കുന്ന സിറിയക് ഏറെ കാലത്തിനു ശേഷം അയാൾക്കു ലഭിച്ച മുഴുനീള കഥാപാത്രമാണ്. എല്ലാ താരങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ റിഥം അറിഞ്ഞ് അതിനോട് ചേർന്നു നിൽക്കുന്നു.

സിനിമ ഏറ്റവുമധികം പ്രേക്ഷകരിലേക്കു പടർത്തിയ കൗതുകം ലാന്റ് സ്കേപ്പിങ്ങിന്റെതാണ്. സ്വപ്നാത്മകവും ഭ്രമാത്മകവുമായ ഭൂമികയെ വളരെ ഭംഗിയായി സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സാധാരണ ഗാനരംഗങ്ങൾ കൊഴുപ്പിക്കാനോ പൊങ്ങച്ചം പറയാനോ ഉപയോഗിക്കുന്ന വിദേശ ലൊക്കേഷൻ സാധ്യതകളേ, മലയാള സിനിമകൾക്കും പൊതുവെ ഇന്ത്യൻ സിനിമകൾക്കു തന്നെയും ഉണ്ടാകാറുള്ളൂ. സിനിമയുടെ മൂഡിനോട് ചേർത്താണ് ആദം ജോആന്‍ സ്കോട്ട്ലാന്റിനെ ഉപയോഗിച്ചിട്ടുള്ളത്. കൗണ്ടി റോഡുകളും അൾത്താരകളും ശവകുടീരങ്ങളും ചതുപ്പുകളുമൊക്കെ മലയാള സിനിമാ കാഴ്ചകൾക്കു പുതുതാണ്. ആ ദൃശ്യങ്ങളുടെ കൗതുകം കൂടി പേറിയാണ് സിനിമ ഓരോ രംഗത്തും സംസാരിക്കുന്നത്. ജിത്തു ദാമോദറിന്റെ ക്യാമറയും സിനിമയുടെ കളർ ഗ്രേഡിങ്ങും എല്ലാം ചേർന്ന് സിനിമ ആവശ്യപ്പെടുന്ന മിസ്റ്റിക്ക് അന്തരീക്ഷം തുടക്കം മുതൽ അവസാന ഫ്രെയിം വരെ നിലനിര്‍ത്തുന്നുണ്ട്.

സിനിമയുടെ ത്രെഡും മലയാള സിനിമ അധികമൊന്നും പരീക്ഷിക്കാത്തതാണ്. ഹൊറർ, ത്രില്ലർ ഗണങ്ങളെ പരിക്കുകളില്ലാതെ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് മാജിക്കും സാത്താൻ സേവയും സമാന സംഭവങ്ങളും ക്രിസ്തീയ പശ്ചാത്തലത്തിൽ മലയാള സിനിമ പരീക്ഷിച്ചു തുടങ്ങുന്നതേയുള്ളൂ. പണ്ട് വിദൂരതയിൽ നിന്നും കേട്ട, വാർത്ത പോലുമല്ലാതിരുന്ന ഇത്തരം വിചിത്ര ക്രൂര ആചാരങ്ങൾ നമ്മുടെ നാട്ടിലും പ്രചരിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. ഈയൊരു തീമിന്റെ പുതുമയും സിനിമയുടെ ഹൈലൈറ്റാണ്. അപരിചിതത്വം നിറഞ്ഞ കാഴ്ചകൾ പ്രേക്ഷകരിൽ പലപ്പോഴും ആകാംക്ഷയും കൗതുകവുമുണ്ടാക്കും. ദുരൂഹത നിറഞ്ഞ ഒരന്തരീക്ഷം പൂർണ്ണമായി നിലനിർത്താൻ ഈ പശ്ചാത്തലവും സഹായിച്ചിട്ടുണ്ട്. എസ്രയും ജൂതരും പക്ഷെ ചിലയിടത്തെങ്കിലും ഓർമവരും എന്നതും വസ്തുതയാണ്.

സാങ്കേതികത്തികവും ഫോട്ടോഗ്രാഫിക്ക് ഫ്രെയിമുകളും സ്റ്റെയിലിഷ് ഹീറോയും ഒക്കെ കാണാനിഷ്ടമുള്ളവർക്ക്, ഹോളിവുഡിലെ ഡാർക്ക് ത്രില്ലറുകൾ ആസ്വദിക്കുന്നവർക്ക് പ്രിയപ്പെട്ട മലയാള സിനിമാ അനുഭവമാകും ആദം ജോആന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍